സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

2023-24 പഞ്ചസാര സീസണില്‍ കരിമ്പ് കര്‍ഷകര്‍ക്ക് പഞ്ചസാര മില്ലുകള്‍ നല്‍കേണ്ട ന്യായവും ലാഭകരവുമായ വില ഗവണ്‍മെന്റ് അംഗീകരിച്ചു


കരിമ്പ് കര്‍ഷകര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ന്യായവും ലാഭകരവുമായ വിലയായ ക്വിന്റലിന് 315 രൂപ അംഗീകരിച്ചു

കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്

5 കോടി കരിമ്പ് കര്‍ഷകര്‍ക്കും (ഗണ്ണകിസാന്‍) അവരുടെ ആശ്രിതര്‍ക്കും പഞ്ചസാര മില്ലുകളില്‍ ജോലി ചെയ്യുന്നവരും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമായ 5 ലക്ഷം തൊഴിലാളികള്‍ക്കും തീരുമാനം ഗുണം ചെയ്യും

Posted On: 28 JUN 2023 3:52PM by PIB Thiruvananthpuram

കരിമ്പ് കര്‍ഷകരുടെ  താല്‍പര്യം കണക്കിലെടുത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 2023-24 (ഒകേ്ടാബര്‍ - സെപ്റ്റംബര്‍) പഞ്ചസാര സീസണിലെ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വിലയ്ക്ക് (എഫ്.ആര്‍.പി) അംഗീകാരം നല്‍കി. 10.25% അടിസ്ഥാന വീണ്ടെടുക്കല്‍ നിരക്കില്‍ ക്വിന്റലിന് 315രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 10.25%ന് മുകളിലുള്ള വീണ്ടെടുക്കലിലെ ഓരോ 0.1% വര്‍ദ്ധനയ്ക്കും ക്വിന്റലിന് 3.07 രൂപയുടെ പ്രീമിയം നല്‍കുന്നതിനും ഓരോ 0.1%ന്റെ കുറവിനും എഫ്.ആര്‍.പിയില്‍ നിന്ന് ക്വിന്റലിന് 3.07 രൂപ കുറയ്ക്കുന്നതിനും അംഗീകാരം നല്‍കി.

അതിനുപുറമെ, കരിമ്പ് കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി, വീണ്ടെടുക്കല്‍ നിരക്ക് 9.5% ല്‍ താഴെയുള്ള പഞ്ചസാര മില്ലുകളുടെ കാര്യത്തില്‍ ഒരു കിഴിവും വേണ്ടെന്നും ഗവണ്‍മെന്റ് തീരുമാനിച്ചു. അത്തരം കര്‍ഷകര്‍ക്ക് 2022-23 പഞ്ചസാര സീസണിലെ ക്വിന്റലിന് 282.125രൂപ എന്നതിന് പകരം തുടര്‍ന്നുവരുന്ന 2023-24 പഞ്ചസാര സീസണില്‍ കരിമ്പിന് ക്വിന്റലിന് 291.975രൂപ ലഭിക്കും.

2023-24 പഞ്ചസാര സീസണില്‍ കരിമ്പിന്റെ ഉല്‍പാദനച്ചെലവ് ക്വിന്റലിന് 157രൂപയാണ്. 10.25% വീണ്ടെടുക്കല്‍ നിരക്കോടെ ക്വിന്റലിന് 315രൂപ എന്ന ഈ എഫ്.ആര്‍.പി ഉല്‍പ്പാദന ചെലവിനെക്കാള്‍ 100.6% കൂടുതലാണ്. 2023-24 ലെ പഞ്ചസാര സീസണിലെ എഫ്.ആര്‍.പി നിലവിലെ പഞ്ചസാര സീസണ്‍ 2022-23 നേക്കാള്‍ 3.28% കൂടുതലുമാണ്.

2023-24 പഞ്ചസാര സീസണില്‍ (2023 ഒകേ്ടാബര്‍ 1 മുതല്‍ തുടങ്ങുന്ന) പഞ്ചസാര മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന കരിമ്പിനും അംഗീകരിച്ച ഈ എഫ്.ആര്‍.പി. ബാധകമാണ്. 5 കോടി കരിമ്പ് കര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും പഞ്ചസാരമില്ലുകളില്‍ നേരിട്ട് ജോലിചെയ്യുന്ന 5 ലക്ഷത്തോളം തൊഴിലാളികളുടെയും അതിനുപുറമെ പാടത്തും ഗതാഗതത്തിലും പണിയെടുക്കുന്നതുള്‍പ്പെടെയുള്ള വിവിധ അനുബന്ധമേഖലകളിലുള്ള തൊഴിലാളികളുടെയും ഉപജീവനത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചസാര മേഖല.

കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസ് (സി.എ.സി.പി)യുടെ ശിപാര്‍ശകളുടെയും സംസ്ഥാന ഗവണ്‍മെന്റുകളുമായും മറ്റ് ഓഹരിപങ്കാളികളുമായും നടത്തിയ കൂടിയാലോചനകള്‍ക്കും ശേഷമാണ് എഫ്.ആര്‍.പി നിശ്ചയിച്ചിരിക്കുന്നത്. 2013-14 പഞ്ചസാര സീസണ്‍ മുതല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച എഫ്.ആര്‍.പിയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:

 

പശ്ചാത്തലം:

നിലവിലെ പഞ്ചസാര സീസണായ 2022-23 ല്‍, 1,11,366 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,353 ലക്ഷം ടണ്‍ കരിമ്പ് പഞ്ചസാര മില്ലുകള്‍ വാങ്ങിയിട്ടുണ്ട്. മിനിമം താങ്ങുവിലയില്‍ നെല്ല് സംഭരണത്തിന് പിന്നില്‍ രണ്ടാമത്തെ ഉയര്‍ന്ന സംഭരണമാണിത്. കര്‍ഷക അനുകൂലമായ നടപടികളിലൂടെ കരിമ്പ് കര്‍ഷകര്‍ക്ക് യഥാസമയം അവരുടെ കുടിശ്ശിക ലഭിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കും.

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ജൈവ ഇന്ധന മേഖലയെന്ന നിലയില്‍ എഥനോളിന്റെ വളര്‍ച്ച കരിമ്പ് കര്‍ഷകരെയും പഞ്ചസാര മേഖലയെയും വളരെയധികം പിന്തുണച്ചിട്ടുണ്ട്. കരിമ്പ്/പഞ്ചസാര എന്നിവയെ എഥനോളിലേക്ക് വഴിതിരിച്ചുവിട്ടത് വേഗത്തിലുള്ള പണമടയ്ക്കല്‍, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ കുറയ്ക്കല്‍, മില്ലുകളില്‍ പഞ്ചാര കുറവായതുകൊണ്ട് ഫണ്ട് തടസ്സപ്പെടുന്നത് കുറയ്ക്കല്‍ എന്നിവയിലൂടെ പഞ്ചസാര മില്ലുകളെ മികച്ച സാമ്പത്തിക സ്ഥിതിയിലേക്ക് നയിച്ചു. അതുവഴി കര്‍ഷകരുടെ കരിമ്പ് കുടിശ്ശിക സമയബന്ധിതമായി അടയ്ക്കാന്‍ അവരെ പ്രാപ്തരാക്കി. 2021-22 കാലയളവില്‍, ്എണ്ണകമ്പനികള്‍ക്ക് (ഒ.എം.സികള്‍) എഥനോള്‍ വിറ്റതിലൂടെ പഞ്ചസാര മില്ലുകള്‍/ഡിസ്റ്റിലറികള്‍ക്ക് ഏകദേശം 20,500 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാനാകുകയും അത് കര്‍ഷകരില്‍ നിന്ന് കരിമ്പ് വാങ്ങിയതിലെ കുടിശ്ശിക തീര്‍ക്കാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്തു.

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (ഇ.ബി.പി) പരിപാടി വിദേശനാണ്യം ലാഭിക്കുകയും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും അതുവഴി പെട്രോളിയം മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തു. 2025 ഓടെ, 60 ലക്ഷം മെട്രിക് ടണ്‍ (എല്‍.എം.ടി) അധിക പഞ്ചസാരയെ എഥനോളായി പരിവര്‍ത്തനപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു, ഇത് പഞ്ചസാരയുടെ ഉയര്‍ന്ന ശേഖരത്തിന്റെ പ്രശ്‌നം പരിഹരിക്കുകയും മില്ലുകളുടെ പണലഭ്യത മെച്ചപ്പെടുത്തുകയും അതുവഴി കര്‍ഷകരില്‍ നിന്ന് കരിമ്പ് വാങ്ങിയതിന്റെ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാന്‍ സഹായിക്കുകയും ഗ്രാമീണമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പെട്രോളിനൊപ്പം എഥനോള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മലിനീകരണം കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

ഗവണ്‍മെന്റിന്റെ സജീവവും കര്‍ഷക സൗഹൃദ നയങ്ങളും കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും പഞ്ചസാര മേഖലയിലെ തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുകയും 5 കോടിയിലധികം ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നേരിട്ടും പഞ്ചസാരയുടെ വില താങ്ങാനാവുന്ന നിലയില്‍ എത്തിച്ചതിലൂടെ എല്ലാ ഉപഭോക്താക്കളുടെയൂം മെച്ചപ്പെടുത്തി. ഗവണ്‍മെന്റിന്റെ സജീവമായ നയങ്ങളുടെ ഫലമായി പഞ്ചസാര മേഖല ഇപ്പോള്‍ സ്വയം സുസ്ഥിരമായി മാറി.

ലോകത്തെ രണ്ടാമത്തെഏറ്റവും വലിയ പഞ്ചസാര കയറ്റുമതിരാജ്യം എന്ന നിലയില്‍ ഇപ്പോള്‍ ആഗോള പഞ്ചസാര സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കുന്നു. 2021-22 പഞ്ചസാര സീസണില്‍ , ഇന്ത്യ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദകരായി മാറുകയും ചെയ്തു. 2025-26 ഓടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എഥനോള്‍ ഉല്‍പ്പാദന രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

--ND--



(Release ID: 1935943) Visitor Counter : 188