പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുഎസ്എ, ഈജിപ്ത് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

Posted On: 20 JUN 2023 7:15AM by PIB Thiruvananthpuram


പ്രസിഡന്റ് ജോസഫ് ബൈഡന്‍, പ്രഥമ വനിത ഡോക്ടര്‍ ജില്‍ ബൈഡന്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. ഈ പ്രത്യേക ക്ഷണം നമ്മുടെ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്തിന്റെയും ചൈതന്യത്തിന്റേയും പ്രതിഫലനമാണ്.

ഞാന്‍ ന്യൂയോര്‍ക്കില്‍ എന്റെ സന്ദര്‍ശനം ആരംഭിക്കും. അവിടെ ജൂണ്‍ 21 ന് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യുഎന്‍ നേതൃത്വത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഒപ്പം ഞാന്‍ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കും. 2014 ഡിസംബറില്‍ അന്താരാഷ്ട്ര യോഗാ ദിനം അംഗീകരിക്കണമെന്ന ഇന്ത്യയുടെ നിർദേശത്തെ പിന്തുണച്ച സ്ഥലത്ത് തന്നെ ഈ പ്രത്യേക ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്.

അതിന് ശേഷം ഞാന്‍ വാഷിങ്ടണ്‍ ഡിസിയിലേക്ക് പോകും. സെപ്റ്റംബര്‍ 2021ലെ അമേരിക്കയിലേക്കുള്ള എന്റെ അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം പ്രസിഡന്റ് ബൈഡനും ഞാനും പല തവണ പരസ്പരം കണ്ടുമുട്ടിയിരുന്നു. ഈ സന്ദര്‍ശനം നമ്മുടെ പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കാനുള്ള അവസരമായിരിക്കും.

വിവിധ മേഖലകളിലുടനീളമുള്ള ആഴത്തിലുള്ള ഇടപെടലുകള്‍ കാരണം ഇന്ത്യ-യുഎസ് ബന്ധം ബഹുമുഖമാണ്. ചരക്കു കയറ്റുമതിയിലും സേവനങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്എ. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, സുരക്ഷാ  തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.ക്രിട്ടിക്കല്‍ & എമര്‍ജിംഗ് ടെക്‌നോളജീസ് എന്ന സംരംഭം പ്രതിരോധ വ്യാവസായിക സഹകരണം, ബഹിരാകാശം, ടെലികോം, ക്വാണ്ടം, നിർമിത ബുദ്ധി, ബയോടെക് മേഖലകളില്‍ പുതിയ മാനങ്ങളും വിശാല സഹകരണവും സാധ്യമാക്കി. സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് എന്ന യോജിച്ച കാഴ്ചപ്പാട് സാധ്യമാക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

പ്രസിഡന്റ് ബൈഡനുമായും മറ്റ് മുതിര്‍ന്ന അമേരിക്കൻ നേതാക്കളുമായും ഞാന്‍ നടത്തുന്ന ചര്‍ച്ചകള്‍ നമ്മുടെ ഉഭയകക്ഷി സഹകരണവും ഒപ്പംതന്നെ  ജി20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്ട്ര വേദികളിലും ഏകീകരിക്കുന്നതിനുള്ള അവസരമായി മാറും.

പ്രസിഡന്റ് ബൈഡന്‍, പ്രഥമ വനിത ഡോ. ജില്‍ ബൈഡന്‍ എന്നിവരോടൊപ്പം നിരവധി പ്രമുഖരുമായി വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലും എനിക്ക് വളരെ സന്തോഷമുണ്ട്.

ഇന്ത്യ-യുഎസ് ബന്ധത്തിന് യുഎസ് കോണ്‍ഗ്രസ് എല്ലായ്പ്പോഴും ശക്തമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്ഷണപ്രകാരം ഞാന്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ഇന്ത്യ- യുഎസ് പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് സഹായകമായിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ നേരില്‍ക്കാണുന്നതിനേയും ഞാന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അതോടൊപ്പം തന്നെ വ്യാപാര-നിക്ഷേപ ബന്ധം ഉയര്‍ത്തുന്നതിനും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഞാന്‍ പ്രമുഖ സിഇഒമാരെയും നേരില്‍ കാണും.

യുഎസ് സന്ദര്‍ശനം ജനാധിപത്യം, വൈവിധ്യം, സ്വാതന്ത്ര്യം എന്നിവയുടെമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആഗോളതലത്തിലുള്ള വെല്ലുവിളികളെ നേരിടുന്നതില്‍ ഞങ്ങള്‍ ഒരുമിച്ച് ശക്തമായി നിലകൊള്ളുന്നു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണപ്രകാരം ഞാന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് കെയ്റോയിലേക്ക് പോകും. ഏറെ അടുപ്പമുള്ളതും സൗഹൃദപരവുമായ രാജ്യത്തേക്ക് ആദ്യമായി സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.

ഈ വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് സിസിയെ മുഖ്യാതിഥിയായി സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഈ രണ്ട് സന്ദര്‍ശനങ്ങളും ഈജിപ്തുമായുള്ള ഇന്ത്യയുടെ വളരെ വേഗത്തില്‍ വികസിക്കുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനം കൂടിയാണ്. പ്രസിഡന്റ് സിസിയുടെ സന്ദര്‍ശന വേളയില്‍ ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഈ സഹകരണം ഉയര്‍ന്നു.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബഹുമുഖവ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ പ്രസിഡന്റ് സിസിയുമായും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിലെ മുതിര്‍ന്ന അംഗങ്ങളുമായും ഞാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈജിപ്തിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാനും എനിക്ക് അവസരം ലഭിക്കും.

 

-ND-(Release ID: 1933541) Visitor Counter : 155