പ്രധാനമന്ത്രിയുടെ ഓഫീസ്‌

G7 ഉച്ചകോടിയുടെ ഒമ്പതാം പ്രവർത്തകയോഗത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണരൂപം



പ്രവർത്തകയോഗം 9: സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ലോകത്തിലേക്ക്

Posted On: 21 MAY 2023 10:20AM by PIB Thiruvananthpuram

ബഹുമാന്യരേ,

നാം ഇന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ വാക്കുകൾ കേൾക്കുകയുണ്ടായി. ഞാൻ അദ്ദേഹവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം രാഷ്ട്രീയത്തിന്റെയോ സമ്പദ്‌വ്യവസ്ഥയുടെയോ പ്രശ്നമാണെന്നു ഞാൻ കരുതുന്നില്ല. ഇത് മനുഷ്യത്വത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും വിഷയമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചർച്ചയും നയതന്ത്രവുമാണ് ഒരേയൊരു മാർഗമെന്ന് ഞങ്ങൾ തുടക്കം മുതൽ  നിലപാട് കൈക്കൊണ്ടിരുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിനായുള്ള എല്ലാ സാധ്യമായ നടപടികളും, ഇന്ത്യയ്ക്ക് സാധ്യമായ ഏത് മാർഗത്തിലൂടെയും സംഭാവന ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.

ബഹുമാന്യരേ,

ആഗോള സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയാണ് നമ്മുടെ പൊതുലക്ഷ്യം. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത്, ഏതെങ്കിലും ഒരു മേഖലയിലെ പ്രതിസന്ധികൾ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. കൂടാതെ, പരിമിതമായ പുനഃസ്ഥാപനശേഷിയുള്ള വികസ്വരരാജ്യങ്ങൾ ഏറ്റവും മോശമായ രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ, ഈ രാജ്യങ്ങൾ ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധിയുടെ കാര്യത്തിൽ പരമാവധി ആഴത്തിലുള്ള ആഘാതമാണ് നേരിടുന്നത്.

ബഹുമാന്യരേ,

സമാധാനത്തിന്റെയും സുസ്ഥിരതയുടെയും വിഷയങ്ങൾ വ്യത്യസ്ത വേദികളിൽ ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെ നാം അഭിമുഖീകരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഇത് ഉയർത്തുന്നുണ്ട്. സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഐക്യരാഷ്ട്രസഭ (യുഎൻ) എന്തുകൊണ്ട് ഇന്നത്തെ സംഘർഷങ്ങളെ തടയുന്നതിൽ പരാജയപ്പെടുന്നു? ഭീകരവാദത്തിന്റെ വ്യാഖ്യാനം തന്നെ എന്തുകൊണ്ട് ഐക്യരാഷ്ട്രസഭയിൽ ഇതുവരെ സ്വീകരിക്കപ്പെട്ടില്ല? ആത്മപരിശോധന നടത്തിയാൽ ഒരു കാര്യം വ്യക്തമാകും. കഴിഞ്ഞ നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വ്യവസ്ഥകൾക്ക് അനുയോജ്യമായി പ്രവർത്തിക്കുന്നവയല്ല. വർത്തമാനകാലത്തെ യാഥാർഥ്യങ്ങളെ അവ പ്രതിഫലിപ്പിക്കുന്നില്ല. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ പോലെയുള്ള വലിയ സ്ഥാപനങ്ങളിൽ പൂർണാർഥത്തിലുള്ള പരിഷ്കാരങ്ങൾ ആവശ്യമായിരിക്കുന്നത്. അത് ഗ്ലോബൽ സൗത്തിന്റെ ശബ്ദം കൂടി ആകേണ്ടതായുണ്ട്. അല്ലാത്തപക്ഷം നാം സംഘർഷം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചചെയ്തുകൊണ്ടേയിരിക്കും. ഐക്യരാഷ്ട്രസഭയും സുരക്ഷാ സമിതിയും ഒരു സംസാരവേദി മാത്രമായി മാറും.

ബഹുമാന്യരെ,

യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, എല്ലാ രാജ്യങ്ങളുടെയും പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയെ എല്ലാ രാജ്യങ്ങളും ബഹുമാനിക്കേണ്ടത് ആവശ്യമാണ്. തൽസ്ഥിതിയിൽ നിന്ന് മാറ്റം വരുത്താനുള്ള എല്ലാ ഏകപക്ഷീയ ശ്രമങ്ങൾക്കെതിരെയും നാം ശബ്ദമുയർത്തേണ്ടതുണ്ട്. സംഭാഷണത്തിലൂടെയും സമാധാനത്തിലൂടെയും എല്ലാ തർക്കങ്ങളെയും, സംഘർഷങ്ങളെയും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. നിയമപരമായ ഒരു പരിഹാരം ഉണ്ടെങ്കിൽ അത് സ്വീകരിക്കേണ്ടതുമാണ്. ഈയൊരു മനോഭാവത്താലാണ് ബംഗ്ലാദേശമായുള്ള കര-സമുദ്ര അതിർത്തി തർക്കം ഇന്ത്യ പരിഹരിച്ചത്.

ബഹുമാന്യരേ,

ഇന്ത്യയിലും, ഇവിടെ ജപ്പാനിലും, ബുദ്ധ ഭഗവാനെ ആയിരക്കണക്കിന് വർഷങ്ങളായി ആരാധിച്ചു പോരുന്നു. ആധുനിക കാലത്തെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം, ബുദ്ധ സന്ദേശങ്ങളിൽ ലഭ്യമാണ്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന യുദ്ധങ്ങൾക്കും അശാന്തിക്കും അസ്ഥിരതയ്ക്കും നൂറ്റാണ്ടുകൾക്കുമുമ്പ് ബുദ്ധഭഗവാൻ പരിഹാരം നൽകിയിരുന്നു.

ഭഗവാൻ ബുദ്ധൻ പറഞ്ഞതിങ്ങനെ:

नहि वेरेन् वेरानी,

सम्मन तीध उदासन्,

अवेरेन च सम्मन्ति,

एस धम्मो सन्नतन।

അതായത്, ശത്രുത ശത്രുതയെ ശാന്തമാക്കുന്നില്ല. അടുപ്പം കൊണ്ട് ശത്രുത ശമിപ്പിക്കപ്പെടുന്നു.

ഈ മനോഭാവത്തിലാണ് നാം എല്ലാവരുമായും ഒരുമിച്ച് മുന്നേറേണ്ടത്.

നന്ദി.

ND



(Release ID: 1926106) Visitor Counter : 114