പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷയില്‍ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 18 MAY 2023 2:41PM by PIB Thiruvananthpuram

 

ജയ് ജഗന്നാഥ്!

ഒഡീഷ ഗവര്‍ണര്‍ ശ്രീ ഗണേശി ലാല്‍ ജി, മുഖ്യമന്ത്രിയും  എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്‌നായിക് ജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ അശ്വിനി വൈഷ്ണവ് ജി, ധര്‍മേന്ദ്ര പ്രധാന്‍ ജി, ബിശ്വേശ്വര്‍ ടുഡു ജി, മറ്റു പ്രമുഖരേ, പശ്ചിമ ബംഗാളില്‍ നിന്നും ഒഡീഷയില്‍ നിന്നുമുള്ള എന്റെ മുഴുവന്‍ സഹോദരീസഹോദരന്മാരേ,

ഇന്ന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങള്‍ വന്ദേ ഭാരത് ട്രെയിനിന്റെ സമ്മാനം സ്വീകരിക്കുകയാണ്. വന്ദേ ഭാരത് ട്രെയിന്‍ ആധുനിക ഇന്ത്യയുടെയും അതുപോലെ വികസനാഭിലാഷമുള്ള ഇന്ത്യന്‍ പൗരന്റെയും ഒരു പ്രതീകമായി മാറുകയാണ്. ഇന്ന്, വന്ദേ ഭാരത് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുമ്പോള്‍, അത് ഇന്ത്യയുടെ വേഗതയെയും പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നു.

ഇപ്പോള്‍ വന്ദേ ഭാരതിന്റെ ഈ വേഗതയും പുരോഗതിയും ബംഗാളിന്റെയും ഒഡീഷയുടെയും വാതിലുകളില്‍ മുട്ടാന്‍ പോകുന്നു. ഇത് റെയില്‍ യാത്രയുടെ അനുഭവം മാറ്റുക മാത്രമല്ല വികസനത്തിന് പുതിയ അര്‍ത്ഥം നല്‍കുകയും ചെയ്യും. ഇനി ആരെങ്കിലും കൊല്‍ക്കത്തയില്‍ നിന്ന് പുരിയിലേക്ക് ദര്‍ശനത്തിന് പോയാലും പുരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് എന്തെങ്കിലും ജോലിക്ക് പോയാലും ഈ യാത്രയ്ക്ക് 6.5 മണിക്കൂര്‍ മാത്രമേ എടുക്കൂ. ഇത് സമയം ലാഭിക്കും; വ്യാപാരവും വ്യവസായവും വികസിപ്പിക്കാനും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുകയും ചെയ്യും. അതിന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ആരെങ്കിലും തന്റെ കുടുംബത്തോടൊപ്പം ദൂരെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍, അവരുടെ ആദ്യ തിരഞ്ഞെടുപ്പും മുന്‍ഗണനയും റെയില്‍വേയാണ്. ഇന്ന്, ഒഡീഷയുടെ റെയില്‍ വികസനത്തിനായി മറ്റ് നിരവധി പ്രധാന ജോലികള്‍ ചെയ്തിട്ടുണ്ട്, പുരി, കട്ടക്ക് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് തറക്കല്ലിടല്‍, റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കല്‍, അല്ലെങ്കില്‍ ഒഡീഷയിലെ റെയില്‍വേ ലൈനുകളുടെ 100% വൈദ്യുതീകരണം തുടങ്ങി ഈ പദ്ധതികള്‍ക്കെല്ലാം ഒഡീഷയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇതാണ് ' സ്വാതന്ത്ര്യത്തിന്റെ അമൃതകാലം'. ഇന്ത്യയുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സമയമാണിത്. ഐക്യം കൂടുന്തോറും ഇന്ത്യയുടെ കൂട്ടായ കരുത്തും ശക്തമാകും. ഈ വന്ദേഭാരത് ട്രെയിനുകളും ഈ ഊര്‍ജ്ജത്തിന്റെ പ്രതിഫലനമാണ്. ഈ 'അമൃത്കാല'ത്തില്‍, വന്ദേ ഭാരത് ട്രെയിനുകള്‍ വികസനത്തിന്റെ എഞ്ചിനായി മാറുക മാത്രമല്ല, 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ ചൈതന്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

ഇന്ത്യന്‍ റെയില്‍വേ എല്ലാവരേയും ബന്ധിപ്പിക്കുകയും ഒരു നൂലില്‍ കോര്‍ക്കുകയും ചെയ്യുന്നു. വന്ദേ ഭാരത് ട്രെയിനുകളും ഈ പ്രവണത മുന്നോട്ട് കൊണ്ടുപോകും. ഈ വന്ദേഭാരതം, ഹൗറയ്ക്കും പുരിക്കും ഇടയിലുള്ള, ബംഗാളിനും ഒഡീഷയ്ക്കും ഇടയിലുള്ള ആത്മീയവും സാംസ്‌കാരികവുമായ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇന്ന് അത്തരത്തിലുള്ള പതിനഞ്ചോളം വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഓടുന്നുണ്ട്. ഈ ആധുനിക ട്രെയിനുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഉത്തേജനം നല്‍കുന്നു.

സുഹൃത്തുക്കളേ,

വര്‍ഷങ്ങളായി, ഏറ്റവും പ്രയാസകരമായ ആഗോള സാഹചര്യങ്ങളിലും ഇന്ത്യ അതിന്റെ വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തി. ഇതിന് പിന്നില്‍ ഒരു പ്രധാന കാരണമുണ്ട്. അതായത്, ഓരോ സംസ്ഥാനവും ഈ വികസന യാത്രയില്‍ പങ്കുചേരുന്നു, ഓരോ സംസ്ഥാനത്തെയും ഒപ്പം കൂട്ടിക്കൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഏതെങ്കിലും പുതിയ സാങ്കേതിക വിദ്യയോ പുതിയ സൗകര്യങ്ങളോ ഡല്‍ഹിയിലോ ചില പ്രധാന നഗരങ്ങളിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യ ഈ പഴയ ചിന്തയെ ഉപേക്ഷിച്ച് മുന്നേറുകയാണ്.

ഇന്നത്തെ പുതിയ ഇന്ത്യ പുതിയ സാങ്കേതികവിദ്യകള്‍ സ്വയം സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും അതിവേഗം പുതിയ സൗകര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ഇന്ത്യ സ്വന്തമായി വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിച്ചു. ഇന്ന്, ഇന്ത്യ സ്വന്തമായി 5G സാങ്കേതികവിദ്യ വികസിപ്പിക്കുകയും അത് രാജ്യത്തിന്റെ വിദൂര മേഖലകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.

കൊറോണ പോലെയുള്ള ഒരു മഹാമാരിക്ക് ഒരു തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ എല്ലാ ശ്രമങ്ങളിലെയും പൊതുവായ കാര്യം, ഈ സൗകര്യങ്ങളെല്ലാം ഒരു നഗരത്തിലോ ഒരു സംസ്ഥാനത്തിലോ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല എന്നതാണ്. ഈ സൗകര്യങ്ങള്‍ എല്ലാവരിലും എത്തുകയും വേഗത്തില്‍ എത്തിച്ചേരുകയും ചെയ്തു. നമ്മുടെ വന്ദേ ഭാരത് ട്രെയിനുകളും ഇപ്പോള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും വടക്ക് നിന്ന് തെക്കോട്ടും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും സ്പര്‍ശിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

' എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്' എന്ന ഈ നയത്തിന്റെ പരമാവധി നേട്ടം, വികസനത്തിനായുള്ള ഓട്ടത്തില്‍ നേരത്തെ പിന്തള്ളപ്പെട്ട രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കാണ്. കഴിഞ്ഞ 8-9 വര്‍ഷത്തിനിടെ ഒഡീഷയിലെ റെയില്‍ പദ്ധതികള്‍ക്കായുള്ള ബജറ്റില്‍ ഗണ്യമായ വര്‍ധനയുണ്ടായി. 2014-ന് മുമ്പുള്ള ആദ്യ 10 വര്‍ഷങ്ങളില്‍, ഓരോ വര്‍ഷവും ശരാശരി 20 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ മാത്രമാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. 2022-23 വര്‍ഷത്തില്‍, അതായത് ഒരു വര്‍ഷത്തിനുള്ളില്‍, ഏകദേശം 120 കിലോമീറ്റര്‍ പുതിയ റെയില്‍ പാതകള്‍ ഇവിടെ സ്ഥാപിച്ചു.

2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ ഒഡീഷയില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ 20 കിലോമീറ്ററില്‍ താഴെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 300 കിലോമീറ്ററായി വര്‍ധിച്ചു. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖുര്‍ധ-ബോലാംഗീര്‍ പദ്ധതി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കാര്യം ഒഡീഷയിലെ ജനങ്ങള്‍ക്ക് അറിയാം. ഇന്ന് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടക്കുന്നു. പുതിയ ' ഹരിദാസ്പൂര്‍-പാരാഡിപ്' റെയില്‍വേ ലൈനായാലും ടിറ്റ്ലഗഡ്-റായ്പൂര്‍ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ആയാലും ഒഡീഷയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഈ പദ്ധതികളെല്ലാം ഇപ്പോള്‍ പൂര്‍ത്തിയാകുകയാണ്.

ഇന്ന്, റെയില്‍ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കുന്നു ഒഡീഷ. പശ്ചിമ ബംഗാളിലും 100 ശതമാനം വൈദ്യുതീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. തല്‍ഫലമായി, ട്രെയിനുകളുടെ വേഗത വര്‍ദ്ധിക്കുകയും ചരക്ക് ട്രെയിനുകള്‍ എടുക്കുന്ന സമയം കുറയുകയും ചെയ്തു. ഇത്രയും വലിയ ധാതു സമ്പത്തിന്റെ സംഭരണിയായ ഒഡീഷ പോലെയുള്ള ഒരു സംസ്ഥാനത്തിന് റെയില്‍വേയുടെ വൈദ്യുതീകരണത്തില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും. ഇതിന്റെ ഫലമായി വ്യാവസായിക വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ഡീസല്‍ മൂലമുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നുള്ള മുക്തിയും ഉണ്ടാകും.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യ വികസനത്തിന്റെ മറ്റൊരു വശം സാധാരണയായി അധികം പറയാറില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുക മാത്രമല്ല, സമൂഹത്തെ ശാക്തീകരിക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തിടത്ത് ജനങ്ങളുടെ വികസനവും പിന്നോട്ടാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉള്ളിടത്ത് ജനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനവും ഉണ്ട്.

പ്രധാനമന്ത്രി സൗഭാഗ്യ യോജനയ്ക്ക് കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് 2.5 കോടിയിലധികം കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിയാം. ഒഡീഷയിലെ 25 ലക്ഷം വീടുകളും ബംഗാളില്‍ 7.25 ലക്ഷം വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇനി സങ്കല്‍പ്പിക്കുക, ഈ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍, എന്തായിരിക്കും സംഭവിക്കുക? ഇന്നും 21-ാം നൂറ്റാണ്ടില്‍ 2.5 കോടി കുടുംബങ്ങളിലെ കുട്ടികള്‍ ഇരുട്ടില്‍ പഠിക്കാനും ഇരുട്ടില്‍ ജീവിക്കാനും നിര്‍ബന്ധിതരാകും. ആധുനിക കണക്റ്റിവിറ്റിയില്‍ നിന്നും വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളില്‍ നിന്നും ആ കുടുംബങ്ങള്‍ വിച്ഛേദിക്കപ്പെടും.

സുഹൃത്തുക്കളേ,

ഇന്ന് നമ്മള്‍ വിമാനത്താവളങ്ങളുടെ എണ്ണം 75 ല്‍ നിന്ന് 150 ആയി ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് ഇന്ത്യയുടെ വലിയ നേട്ടമാണ്, എന്നാല്‍ ഇതിന് പിന്നിലെ ചിന്ത അതിനെ കൂടുതല്‍ വലുതാക്കുന്നു. ഒരുകാലത്ത് സ്വപ്‌നം കാണുകമാത്രം ചെയ്തിരുന്ന ഒരു വിമാനത്തില്‍ ഇന്ന് ആ വ്യക്തിക്ക് പോലും യാത്ര ചെയ്യാം. രാജ്യത്തെ സാധാരണ പൗരന്മാര്‍ വിമാനത്താവളത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഇത്തരം നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മകനോ മകളോ ആദ്യമായി ഒരു വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴുള്ള സന്തോഷവുമായി മറ്റൊന്നിനും താരതമ്യം ചെയ്യാന്‍ കഴിയില്ല.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നേട്ടങ്ങളും ഇന്ന് ഗവേഷണ വിഷയമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി നീക്കിവെക്കുമ്പോള്‍ അത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. റെയില്‍വേയും ഹൈവേയും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ഒരു പ്രദേശത്തെ ബന്ധിപ്പിക്കുമ്പോള്‍, അതിന്റെ ആഘാതം യാത്രാ സൗകര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഇത് കര്‍ഷകരെയും സംരംഭകരെയും പുതിയ വിപണികളുമായി ബന്ധിപ്പിക്കുന്നു; ഇത് വിനോദസഞ്ചാരികളെ വിനോദസഞ്ചാര സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു; ഇത് വിദ്യാര്‍ത്ഥികളെ അവര്‍ ഇഷ്ടപ്പെടുന്ന കോളേജുമായി ബന്ധിപ്പിക്കുന്നു. ഈ ചിന്തയോടെ ഇന്ത്യ ഇന്ന് ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ റെക്കോര്‍ഡ് നിക്ഷേപം നടത്തുകയാണ്.

സുഹൃത്തുക്കളേ,

'ജന്‍സേവാ ഹെ പ്രഭു സേവ' അല്ലെങ്കില്‍ പൊതുസേവനമാണ് ദൈവസേവനം എന്ന സാംസ്‌കാരിക ആശയവുമായി ഇന്ന് രാജ്യം മുന്നേറുകയാണ്. ഇവിടുത്തെ നമ്മുടെ ആത്മീയാ പ്രവര്‍ത്തനം നൂറ്റാണ്ടുകളായി ഈ ആശയത്തെ പരിപോഷിപ്പിക്കുന്നു. പുരി പോലുള്ള തീര്‍ത്ഥാടനങ്ങളും ജഗന്നാഥ ക്ഷേത്രം പോലുള്ള പുണ്യസ്ഥലങ്ങളും അതിന്റെ കേന്ദ്രങ്ങളാണ്. നൂറ്റാണ്ടുകളായി ഭഗവാന്‍ ജഗന്നാഥന്റെ മഹാപ്രസാദത്തില്‍ നിന്ന് നിരവധി പാവപ്പെട്ട ആളുകള്‍ ഭക്ഷണം സ്വീകരിക്കുന്നു.

ഈ മനോഭാവത്തിന് അനുസൃതമായി, ഇന്ന് രാജ്യം 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നടത്തുന്നു. ഇന്ന് പാവപ്പെട്ട ഒരാള്‍ക്ക് ചികിത്സ ആവശ്യമാണെങ്കില്‍ ആയുഷ്മാന്‍ കാര്‍ഡ് വഴി അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ കോടിക്കണക്കിന് പാവങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ ലഭിച്ചു. വീട്ടിലെ ഉജ്ജ്വല ഗ്യാസ് സിലിണ്ടറോ ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള ജലവിതരണമോ ആകട്ടെ, പാവപ്പെട്ടവര്‍ക്കും ഇന്ന് ആ അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭിക്കുന്നു. മുമ്പ് ഇതിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നിരുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന്, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സന്തുലിത വികസനം ഒരുപോലെ ആവശ്യമാണ്. വിഭവങ്ങളുടെ അഭാവം മൂലം ഒരു സംസ്ഥാനവും വികസനത്തിന്റെ ഓട്ടത്തില്‍ പിന്നാക്കം പോകരുതെന്ന് ഉറപ്പാക്കാനാണ് ഇന്ന് രാജ്യം ശ്രമിക്കുന്നത്. അതുകൊണ്ടാണ് 15-ാം ധനകാര്യ കമ്മീഷനില്‍ ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മുമ്പത്തേതിനേക്കാള്‍ ഉയര്‍ന്ന ബജറ്റ് ശുപാര്‍ശ ചെയ്തത്. ഒഡീഷ പോലൊരു സംസ്ഥാനവും ഇത്രയും വലിയ പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ്. പക്ഷേ, നേരത്തെ തെറ്റായ നയങ്ങള്‍ കാരണം സംസ്ഥാനങ്ങള്‍ക്ക് സ്വന്തം വിഭവങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു.

ധാതു സമ്പത്ത് കണക്കിലെടുത്ത് ഞങ്ങള്‍ ഖനന നയം പരിഷ്‌കരിച്ചു. ഇതുമൂലം ധാതുസമ്പത്തുള്ള എല്ലാ സംസ്ഥാനങ്ങളുടെയും വരുമാനം ഗണ്യമായി വര്‍ധിച്ചു. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം നികുതി വരുമാനത്തിലും വന്‍ വര്‍ധനയുണ്ടായി. ഇന്ന് ഈ വിഭവങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിനും പാവപ്പെട്ടവരുടെയും ഗ്രാമീണരുടെയും സേവനത്തിനായി ഉപയോഗിക്കുന്നു. പ്രകൃതിക്ഷോഭങ്ങളെ വിജയകരമായി നേരിടാന്‍ ഒഡീഷയ്ക്ക് കഴിയുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ ശ്രദ്ധ ചെലുത്തുന്നുണ്ട്. ദുരന്തനിവാരണത്തിനും എന്‍ഡിആര്‍എഫിനുമായി ഒഡീഷയ്ക്ക് 8000 കോടിയിലധികം രൂപ നമ്മുടെ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് സമയത്ത് ആളുകളെയും സമ്പത്തിനെയും സംരക്ഷിക്കാന്‍ ഇത് സഹായിച്ചു.

സുഹൃത്തുക്കളേ,

ഒഡീഷയിലും ബംഗാളിലും രാജ്യമൊട്ടാകെയുമുള്ള വികസനത്തിന്റെ ഈ വേഗത വരും കാലങ്ങളില്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭഗവാന്‍ ജഗന്നാഥന്റെയും  കാളീ മാതാവിന്റെയും കൃപയാല്‍ നാം തീര്‍ച്ചയായും ഒരു പുതിയ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്തും. ഈ ആഗ്രഹത്തോടൊപ്പം, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ജയ് ജഗന്നാഥ്!
-ND-



(Release ID: 1925848) Visitor Counter : 100