പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


വടക്ക് - തെക്ക് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോയുടെ ഭാഗ്യചിഹ്നം, ഗ്രാഫിക് നോവൽ - മ്യൂസിയത്തിലെ ഒരു ദിനം, ഇന്ത്യൻ മ്യൂസിയങ്ങളുടെ ഡയറക്ടറി, കർത്തവ്യ പാതയുടെ പോക്കറ്റ് ഭൂപടം, മ്യൂസിയം കാർഡുകൾ എന്നിവ അനാച്ഛാദനം ചെയ്തു

"ഭൂതകാലത്തിൽനിന്നു പ്രചോദനമേകുന്ന മ്യൂസിയം ഭാവിയോടുള്ള കർത്തവ്യബോധവും നൽകുന്നു"

"രാജ്യത്തു പുതിയ സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നു"

"എല്ലാ സംസ്ഥാനങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൈതൃകത്തോടൊപ്പം പ്രാദേശിക - ഗ്രാമീണ മ്യൂസിയങ്ങൾ സംരക്ഷിക്കുന്നതിനായി ഗവണ്മെന്റ് പ്രത്യേക യജ്ഞം നടത്തുന്നു"

"തലമുറകളായി സംരക്ഷിക്കപ്പെട്ട ശ്രീബുദ്ധന്റെ വിശുദ്ധശേഷിപ്പുകൾ ഇപ്പോൾ ലോകമെമ്പാടുമുള്ള ബുദ്ധഭഗവാന്റെ അനുയായികളെ ഒന്നിപ്പിക്കുന്നു"

"നമ്മുടെ പൈതൃകത്തിന് ലോക ഐക്യത്തിന്റെ തുടക്കമാകാനാകും"

"ചരിത്രപ്രാധാന്യമുള്ള കാര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കണം"

"കുടുംബങ്ങൾക്കും സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നഗരങ്ങൾക്കും സ്വന്തമായി മ്യൂസിയങ്ങൾ ഉണ്ടാകണം"

"യുവത്വത്തിന് ആഗോള സാംസ്കാരികപ്രവർത്തനത്തിന്റെ മാധ്യമായി മാറാനാകും"

"അധാർമികമായ രീതിയിൽ എത്തിച്ചേർന്ന കലാസൃഷ്ടികൾ ഏതൊരു രാജ്യത്തും ഏതൊരു മ്യൂസിയത്തി‌ലും ഉണ്ടാകാൻ പാടില്ല; എല്ലാ മ്യൂസിയങ്ങൾക്കും നാം ഇതൊരു ധാർമിക പ്രതിബദ്ധതയാക്കി മാറ്റണം"

"നാം നമ്മുടെ പൈതൃകം സംരക്ഷിക്കുകയും പുതിയ പൈതൃകം സൃഷ്ടിക്കുകയും ചെയ്യും"


Posted On: 18 MAY 2023 12:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 ഉദ്ഘാടനം ചെയ്തു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടെക്നോ മേള, കൺസർവേഷൻ ലാബ്, പ്രദർശനങ്ങൾ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു. 'മ്യൂസിയങ്ങൾ, സുസ്ഥിരതയും ക്ഷേമവും' എന്ന വിഷയത്തിൽ 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ സംഘടിപ്പിക്കുന്നത്.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുമ്പോൾ, അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോയ‌ിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതോടെ ചരിത്രത്തിന്റെ വിവിധ അധ്യായങ്ങൾ സജീവമാകുകയാണെന്ന്, ഈ അവസരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. നാമൊരു മ്യൂസിയത്തിൽ പ്രവേശിക്കുമ്പോൾ നാം ഭൂതകാലവുമായി ഇടപഴകുകയും, മ്യൂസിയം വസ്തുതകളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള യാഥാർഥ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. അത് ഭൂതകാലത്തിൽനിന്നു പ്രചോദനമേകുകയും ഭാവിയോടുള്ള കർത്തവ്യബോധം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സുസ്ഥിരതയും ക്ഷേമവും' എന്ന ഇന്നത്തെ പ്രമേയം ഇന്നത്തെ ലോകത്തിന്റെ മുൻഗണനകളെ ഉയർത്തിക്കാട്ടുകയും പരിപാടിയെ കൂടുതൽ പ്രസക്തമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പ്രയത്നങ്ങൾ യുവതലമുറയെ അവരുടെ പൈതൃകത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നത്തെ പരിപാടിയുടെ വേദിയിൽ എത്തുന്നതിന് മുമ്പ് മ്യൂസിയം സന്ദർശിച്ചതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, സന്ദർശകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്താൻ സഹായിച്ച ആസൂത്രണത്തെയും നിർവഹണത്തെയും പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയിലെ മ്യൂസിയങ്ങളുടെ ലോകത്തിന് ഈ സന്ദർഭം വലിയ വഴിത്തിരിവായിരിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പുരാതന കൈയെഴുത്തുപ്രതികളും ഗ്രന്ഥശാലകളും കത്തിച്ചുകളഞ്ഞ, നൂറുകണക്കിന് വർഷങ്ങൾ നീണ്ടുനിന്ന, അടിമത്തത്തിന്റെ കാലത്ത് നാടിന്റെ പൈതൃകം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇത് ഇന്ത്യക്കു മാത്രമല്ല,  ലോകത്തിന്റെയാകെ പൈതൃകത്തിനാണ് നഷ്ടമെന്നു വ്യക്തമാക്കി. ദീർഘകാലം നാടിനു നഷ്ടപ്പെട്ട പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പൗരന്മാർക്ക് അവബോധം സൃഷ്ടിക്കുന്നതിൽ സ്വാതന്ത്ര്യാനന്തര കാലത്തു ശ്രമങ്ങൾ നടത്താത്തത് കൂടുതൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.  'ആസാദി കാ അമൃത് കാലി'ൽ രാജ്യം കൈക്കൊണ്ട ‘പഞ്ച് പ്രാൺ’ അഥവാ അഞ്ച് പ്രമേയങ്ങൾ അനുസ്മരിച്ച അദ്ദേഹം, ‘നമ്മുടെ പൈതൃകത്തിൽ അഭിമാനം കൊള്ളുക’ എന്നതിന് ഊന്നൽ നൽകി. രാജ്യത്തിന്റെ പുതിയ സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ശ്രമങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ആയിരം വർഷം പഴക്കമുള്ള പൈതൃകവും കണ്ടെത്താൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ സംസ്ഥാനത്തിന്റെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൈതൃകത്തോടൊപ്പം പ്രാദേശിക -  ഗ്രാമീണ മ്യൂസിയങ്ങൾ സംരക്ഷിക്കുന്നതിന് ഗവണ്മെന്റ് പ്രത്യേക യജ്ഞം നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രസമൂഹങ്ങളുടെ സംഭാവനകൾ അനശ്വരമാക്കുന്നതിനു പത്ത് പ്രത്യേക മ്യൂസിയങ്ങൾ വികസിപ്പിക്കുകയാണെന്നും ഗോത്ര വൈവിധ്യത്തിന്റെ നേർക്കാഴ്ച നൽകുന്ന ലോകത്തിലെ ഏറ്റവും സവിശേഷമായ സംരംഭങ്ങളിൽ ഒന്നായിരിക്കും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഉദാഹരണങ്ങൾ നിരത്തിയ പ്രധാനമന്ത്രി, ഉപ്പുസത്യഗ്രഹത്തിനിടെ മഹാത്മാഗാന്ധി സഞ്ചരിച്ച ദണ്ഡി പാതയെക്കുറിച്ചും ഉപ്പുനിയമം ലംഘിച്ച സ്ഥലത്ത് നിർമിച്ച സ്മാരകത്തെക്കുറിച്ചും പരാമർശിച്ചു. ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ സ്ഥലം ഡൽഹിയിലെ അലിപൂർ റോഡ് 5-ൽ ദേശീയ സ്മാരകമായി പുനർവികസിപ്പിച്ചു. അദ്ദേഹം ജനിച്ച മോ, ജീവിച്ച ലണ്ടൻ, ദീക്ഷ സ്വീകരിച്ച നാഗ്പുർ, അദ്ദേഹത്തിന്റെ സമാധി ഇന്ന് നിലനിൽക്കുന്ന മുംബൈയിലെ ചൈത്യഭൂമി എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പഞ്ചതീർഥത്തിന്റെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. സർദാർ പട്ടേലിന്റെ ഏകതാപ്രതിമയിലെ മ്യൂസിയം, പഞ്ചാബിലെ ജാലിയൻ വാലാബാഗ്, ഗുജറാത്തിലെ ഗോവിന്ദ് ഗുരുജിയുടെ സ്മാരകം, വാരാണസിയിലെ മാൻ മഹൽ മ്യൂസിയം, ഗോവയിലെ ക്രിസ്ത്യൻ ആർട് മ്യൂസിയം എന്നിവയും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ മുൻ പ്രധാനമന്ത്രിമാരുടെയും യാത്രകൾക്കും സംഭാവനകൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയെക്കുറിച്ച്  പരാമർശിച്ച അദ്ദേഹം അതിഥികളോട് ഈ മ്യൂസിയം സന്ദർശിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.

ഒരു രാജ്യം അതിന്റെ പൈതൃകം സംരക്ഷിക്കാൻ തുടങ്ങുമ്പോൾ അത് മറ്റ് രാജ്യങ്ങളുമായുള്ള അടുപ്പത്തിനും കാരണമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. തലമുറകളായി സംരക്ഷിക്കപ്പെടുകയും ഇപ്പോൾ ലോകമെമ്പാടുമുള്ള ബുദ്ധന്റെ അനുയായികളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന ബുദ്ധന്റെ വിശുദ്ധശേഷിപ്പുകളുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. ശ്രീലങ്കയിൽ നിന്ന് കുശിനഗറിലേക്കുള്ള വിശുദ്ധശേഷിപ്പുകൾ എത്തിയ കഴിഞ്ഞ ബുദ്ധപൂർണിമയിൽ മംഗോളിയയിലേക്ക് നാല് വിശുദ്ധശേഷിപ്പുകൾ അയച്ചതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതുപോലെ, ഗോവയിലെ വിശുദ്ധ കേതേവന്റെ പൈതൃകം ഇന്ത്യയിൽ സുരക്ഷിതമാണ്. കൂടാതെ തിരുശേഷിപ്പുകൾ അയച്ചപ്പോൾ ജോർജിയയിൽ ഉണ്ടായ ആവേശം അദ്ദേഹം അനുസ്മരിച്ചു. “നമ്മുടെ പൈതൃകം ലോക ഐക്യത്തിന്റെ തുടക്കമായി മാറുന്നു” - അദ്ദേഹം പറഞ്ഞു.

വരുംതലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ മ്യൂസിയങ്ങൾ സജീവ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ഭൂമി അഭിമുഖീകരിച്ച നിരവധി ദുരന്തങ്ങളുടെ അടയാളങ്ങൾ സംരക്ഷിക്കാനും അവതരിപ്പിക്കാനും മ്യൂസിയങ്ങൾക്ക് കഴിയുമെന്നും ഭൂമിയുടെ മാറുന്ന മുഖത്തിന്റെ അവതരണം നടത്താമെന്നും അദ്ദേഹം നിർദേശിച്ചു.

പ്രദർശനത്തിലെ ഗ്യാസ്ട്രോണമിക് വിഭാഗത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ശ്രമങ്ങൾമൂലം ആയുർവേദത്തിന്റെയും ശ്രീ അന്ന ചെറുധാന്യങ്ങളുടെയും വർധിച്ചുവരുന്ന സ്വത്വത്തെക്കുറിച്ചും സംസാരിച്ചു. ശ്രീ അന്നയുടെയും മറ്റ് ധാന്യങ്ങളുടെയും യാത്രയെക്കുറിച്ചുള്ള പുതിയ മ്യൂസിയങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു.

ചരിത്രപ്രാധാന്യമുള്ള കാര്യങ്ങൾ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സ്വഭാവമാകുമ്പോൾ ഇതെല്ലാം സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് എങ്ങനെ നേടാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ കുടുംബവും സ്വന്തം കുടുംബത്തിന്റെ കുടുംബ മ്യൂസിയം ഉണ്ടാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇന്നത്തെ ലളിതമായ കാര്യങ്ങൾ വരും തലമുറകൾക്ക് വൈകാരിക സ്വത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും സ്വന്തമായി മ്യൂസിയങ്ങൾ നിർമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നഗരമ്യൂസിയങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം നഗരങ്ങളോട് ആവശ്യപ്പെട്ടു. ഇത് ഭാവിതലമുറയ്ക്ക് വലിയ ചരിത്ര സമ്പത്ത് സൃഷ്ടിക്കും.

മ്യൂസിയങ്ങൾ യുവാക്കളുടെ തൊഴിൽ അവസരമായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുവാക്കളെ കേവലം മ്യൂസിയം തൊഴിലാളികളായി കാണാതെ, ആഗോള സാംസ്കാരിക പ്രവർത്തനത്തിന്റെ മാധ്യമമായി മാറാവുന്ന ചരിത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട യുവാക്കളായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ പൈതൃകം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും അവരിൽ നിന്ന് അവരുടെ ഭൂതകാലത്തെക്കുറിച്ച് പഠിക്കുന്നതിനും ഈ യുവാക്കൾ വളരെ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പുരാവസ്തുക്കളുടെ കള്ളക്കടത്തിന്റേയും കൈവശപ്പെടുത്തലിന്റേയും കൂട്ടായ വെല്ലുവിളികൾ പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയെപ്പോലുള്ള പുരാതന സംസ്കാരങ്ങളുള്ള രാജ്യങ്ങൾ നൂറുകണക്കിന് വർഷങ്ങളായി ഇതിനെതിരെ പോരാടുകയാണെന്നും പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അധാർമ‌‌ികമായ രീതിയിൽ നിരവധി പുരാവസ്തുക്കൾ രാജ്യത്തു നിന്ന് പുറത്തേക്ക് കടത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ലോകത്തിൽ ഇന്ത്യയുടെ പ്രശസ്തി വർധിച്ചുകൊണ്ടിരിക്കെ, വിവിധ രാജ്യങ്ങൾ ഇന്ത്യയുടെ പൈതൃകം തിരികെ നൽകാൻ തുടങ്ങിയതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ബനാറസിൽ നിന്ന് മോഷ്ടിച്ച അന്നപൂർണ മാതാവിന്റെ പ്രതിമ, ഗുജറാത്തിൽ നിന്ന് മോഷ്ടിച്ച മഹിഷാസുരമർദിനിയുടെ പ്രതിമ, ചോള സാമ്രാജ്യകാലത്ത് നിർമിച്ച നടരാജ വിഗ്രഹങ്ങൾ, ഗുരു ഹർഗോവിന്ദ് സിങ് ജിയുടെ നാമം കൊണ്ട് അലങ്കരിച്ച വാൾ എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 240 ഓളം പുരാതന കരകൗശലവസ്തുക്കൾ വീണ്ടെടുത്തതായും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതായും പ്രധാനമന്ത്രി അറിയിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നിരവധി പതിറ്റാണ്ടുകളിൽ ഇത് 20-ൽ താഴെയായിരുന്നു. ഈ ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള സാംസ്കാരിക വസ്തുക്കൾ കടത്തുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള കലാസ്വാദകരോട്, പ്രത്യേകിച്ച് മ്യൂസിയങ്ങളുമായി ബന്ധപ്പെട്ടവരോട്, ഈ മേഖലയിലെ സഹകരണം കൂടുതൽ വർധിപ്പിക്കാൻ ശ്രീ മോദി അഭ്യർഥിച്ചു. "അധാർമികമായ രീതിയിൽ എത്തിച്ചേർന്ന കലാസൃഷ്ടികൾ ഏതൊരു രാജ്യത്തും ഏതൊരു മ്യൂസിയത്തി‌ലും  ഉണ്ടാകാൻ പാടില്ല. എല്ലാ മ്യൂസിയങ്ങൾക്കും നാം ഇതൊരു ധാർമിക പ്രതിബദ്ധതയാക്കി മാറ്റണം" - പ്രധാനമന്ത്രി പറഞ്ഞു. "നാം നമ്മുടെ പൈതൃകം സംരക്ഷിക്കുകയും പുതിയ പൈതൃകം സൃഷ്ടിക്കുകയും ചെയ്യും" എന്നു പറഞ്ഞാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, കേന്ദ്ര സാംസ്കാരിക സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്‌വാൾ, ശ്രീമതി മീനാക്ഷി ലേഖി, ലൂവർ അബുദാബി ഡയറക്ടർ മാനുവൽ റബാറ്റെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം :

'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം  ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം  സംഘടിപ്പിക്കുന്നത്. 'മ്യൂസിയങ്ങള്‍, സുസ്ഥിരതയും, ക്ഷേമവും' എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം. ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തില്‍ നിർണായക പങ്ക് വഹിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി പരിണമിക്കാൻ പ്രാപ്തരാക്കുന്നതിനായി, മ്യൂസിയം പ്രൊഫഷണലുകളുമായി മ്യൂസിയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ആശയവിനിമയം ആരംഭിക്കുന്നതിനാണ് മ്യൂസിയം എക്സ്‌പോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളില്‍ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വര്‍ത്തമാനകാല രൂപീകരണത്തിന് സംഭാവന നല്‍കിയ ഇന്ത്യയുടെ ഭൂതകാലവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങള്‍, വ്യക്തിത്വങ്ങള്‍, ആശയങ്ങള്‍, നേട്ടങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സമഗ്രമായ പരിശ്രമമാണ് ഈ മ്യൂസിയം.

അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോയുടെ ഭാഗ്യ ചിഹ്‌നം, മ്യൂസിയത്തിലെ ഒരു ദിനം എന്ന ഗ്രാഫിക് നോവല്‍, ഇന്ത്യന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറി, കര്‍ത്തവ്യ പാതയുടെ പോക്കറ്റ് ഭൂപടം, മ്യൂസിയം കാര്‍ഡുകള്‍ എന്നിവ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ചെന്നപട്ടണം കലാശൈലിയില്‍ മരം കൊണ്ട് നിർമിച്ച നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ സമകാലിക പതിപ്പാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോയുടെ ഭാഗ്യചിഹ്‌നം. ദേശീയ മ്യൂസിയം സന്ദര്‍ശിക്കുന്ന ഒരു കൂട്ടം കുട്ടികളെ മ്യൂസിയത്തില്‍ ലഭ്യമായ വിവിധ തൊഴില്‍ അവസരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് ചിത്രീകരിക്കുന്നതാണ് ഗ്രാഫിക് നോവല്‍. ഇന്ത്യന്‍ മ്യൂസിയങ്ങളുടെ സമഗ്രമായ സര്‍വേയാണ് ‌ഇന്ത്യൻ മ്യൂസിയങ്ങളുടെ ഡയറക്ടറി. വിവിധ സാംസ്കാരിക ഇടങ്ങളെയും സ്ഥാപനങ്ങളെയും ഉയര്‍ത്തികാണിക്കുന്നതും അതോടൊപ്പം ഈ ഐതിഹാസിക പാതകളുടെ ചരിത്രത്തിന്റെ രൂപരേഖയുമുള്ളതാണ് കര്‍ത്തവ്യപാതയുടെ പോക്കറ്റ് ഭൂപടം. രാജ്യത്തുടനീളമുള്ള ഐതിഹാസിക മ്യൂസിയങ്ങളുടെ മുഖചിത്രങ്ങളുള്ള 75 കാര്‍ഡുകളുടെ കൂട്ടമാണ് മ്യൂസിയം കാര്‍ഡുകള്‍. ഓരോ കാര്‍ഡിലും മ്യൂസിയങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ളവർക്കും മ്യൂസിയങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള നൂതനാശയ മാര്‍ഗ്ഗമാണിത്.

ലോകമെമ്പാടുമുള്ള സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നുമുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

 

 

Addressing the International Museum Expo 2023. It is a wonderful platform to showcase our heritage and vibrant culture. https://t.co/Tmg9HHNozY

— Narendra Modi (@narendramodi) May 18, 2023

Museum में जो दिखता है, वो तथ्यों के आधार पर होता है, प्रत्यक्ष होता है, Evidence Based होता है। pic.twitter.com/mcMNVdkOVU

— PMO India (@PMOIndia) May 18, 2023

गुलामी के सैकड़ों वर्षों के लंबे कालखंड ने भारत का एक नुकसान ये भी किया कि हमारी लिखित-अलिखित बहुत सारी धरोहर नष्ट कर दी गई।

ये सिर्फ भारत का नुकसान नहीं हुआ है, ये पूरी दुनिया का नुकसान हुआ है। pic.twitter.com/VvplbtFyMf

— PMO India (@PMOIndia) May 18, 2023

आज़ादी के अमृतकाल में भारत ने जिन ‘पंच-प्राणों’ की घोषणा की है, उनमें प्रमुख है- अपनी विरासत पर गर्व! pic.twitter.com/x4WaE8da6D

— PMO India (@PMOIndia) May 18, 2023

हम स्वाधीनता संग्राम में अपनी tribal community के योगदान को अमर बनाने के लिए 10 विशेष museums बना रहे हैं। pic.twitter.com/BQsFwgmV2N

— PMO India (@PMOIndia) May 18, 2023

आज पूरे देश से लोग आकर पीएम म्यूज़ियम में, आज़ादी के बाद की भारत की विकास यात्रा के साक्षी बन रहे हैं। pic.twitter.com/tALsc0MEXW

— PMO India (@PMOIndia) May 18, 2023

हमारी विरासत, वैश्विक एकता-World Unity का भी सूत्रधार बनती है। pic.twitter.com/y1hulvabGK

— PMO India (@PMOIndia) May 18, 2023

हमें पूरी पृथ्वी को एक परिवार मानकर अपने संसाधनों को बचाना है। pic.twitter.com/NbQNYWHNnB

— PMO India (@PMOIndia) May 18, 2023

आज दुनियाभर में भारत की बढ़ती साख के बीच, अब विभिन्न देश, भारत को उसकी धरोहरें लौटाने लगे हैं। pic.twitter.com/WuGiHJGawh

— PMO India (@PMOIndia) May 18, 2023

*****

ND


(Release ID: 1925154) Visitor Counter : 189