ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സമൂഹത്തിന്റെ പരിവർത്തനത്തിനും പുരോഗതിക്കും ഏറ്റവും ഫലപ്രദമായ ഉപകരണമാണ് വിദ്യാഭ്യാസം - ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ

Posted On: 03 MAY 2023 2:04PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 3, 2023

സമൂഹത്തിൽ സമത്വവും പുരോഗതിയും കൈവരുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പരിവർത്തനാത്മകവുമായ സംവിധാനമാണ് വിദ്യാഭ്യാസമെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ.

ഇന്ന് അസമിലെ ദിബ്രുഗഡ് സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിനെ  അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി വിദ്യാർത്ഥികളോട് “മാറ്റത്തിന്റെ ഏജന്റുമാരാകാനും” സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കാനും അഭ്യർത്ഥിച്ചു. മത്സരത്തെ മികച്ച ഗുരുവായും ഭയത്തെ ഏറ്റവും വലിയ ശത്രുവായും വിശേഷിപ്പിച്ച ശ്രീ ധൻഖർ, വലിയ സ്വപ്‌നങ്ങൾ കാണാനും ഒരിക്കലും സമ്മർദ്ദത്തിൽ പെടാതിരിക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ "അഷ്ട ലക്ഷ്മികൾ" എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അവയുടെ വളർച്ചയും സംഭാവനയും ഇല്ലെങ്കിൽ ഇന്ത്യയുടെ വളർച്ച അപൂർണ്ണമായി തുടരുമെന്ന് അഭിപ്രായപ്പെട്ടു. പ്രദേശത്തിന്റെ ഭാഷാ വൈവിധ്യവും സാഹിത്യ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ദിബ്രുഗഡ് സർവകലാശാലയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

അമൃത് കാലിലെ ഇന്ത്യയുടെ മുഖ്യധാരാ വിവരണത്തിൽ വടക്ക് കിഴക്കൻ മേഖലയെ ഉൾപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, നമ്മുടെ ചരിത്രത്തിലും സ്വാതന്ത്ര്യസമരത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾ എടുത്തുകാട്ടിയതിന് NCERTയെയും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിനെയും (ICHR) പ്രശംസിച്ചു.

മേഖലയിലെ ഭൗതിക-സാമൂഹിക-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗവൺമെന്റിന്റെ ശ്രദ്ധയെ അഭിനന്ദിച്ച ശ്രീ ധൻഖർ, വടക്കുകിഴക്കൻ മേഖല അവസരങ്ങളുടെ നാടായി മാറുകയാണെന്ന് പറഞ്ഞു. 375 റോഡ് പദ്ധതികൾ, എയർപോർട്ട് ശൃംഖല 9-ൽ നിന്ന് 17-ലേക്ക് ഉയർത്തൽ, വടക്ക് കിഴക്കൻ മേഖലയിൽ 190 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കൽ എന്നിങ്ങനെ വിവിധ പദ്ധതികളെ പരാമർശിച്ച ഉപരാഷ്ട്രപതി, യുവാക്കൾക്ക് അവരുടെ ഊർജം പകരാൻ പുതിയ വഴികളും അവസരങ്ങളും ഇപ്പോൾ ലഭ്യമാണെന്ന് പറഞ്ഞു.

 

ഇന്ത്യയുടെ വളർച്ചയുടെ കഥ 'തടയാൻ പറ്റാത്തത്' എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 99.9% ഇന്ത്യക്കാർക്ക് ഡിജിറ്റൽ ഐഡി (ആധാർ) നൽകൽ, ജാം ട്രിനിറ്റി, മുദ്ര, പിഎം കിസാൻ സമ്മാൻ നിധി തുടങ്ങിയ നിരവധി നേട്ടങ്ങളെ അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ലോകോത്തര ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തെ പ്രശംസിക്കുകയും ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്ന് ഐഎംഎഫ് പോലും അഭിപ്രായപ്പെടുകയും ചെയ്തു എന്ന ഉപരാഷ്ട്രപതി പറഞ്ഞു.
 
 
RRTN
******************************

(Release ID: 1921631)