പ്രധാനമന്ത്രിയുടെ ഓഫീസ്
ഏകഭൂമി ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
"ആഗോള മഹാമാരികൾ ഇല്ലാതിരുന്നപ്പോഴും ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സാർവത്രികമായിരുന്നു"
"ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമമാണ് ഇന്ത്യയുടെ ലക്ഷ്യം"
"സംസ്കാരം, കാലാവസ്ഥ, സാമൂഹിക ചലനാത്മകത എന്നിവയിൽ ഇന്ത്യയ്ക്ക് വളരെയധികം വൈവിധ്യമുണ്ട്"
“യഥാർത്ഥ പുരോഗതി ജന കേന്ദ്രീകൃതമാണ്. വൈദ്യശാസ്ത്രത്തിൽ എത്ര പുരോഗമിച്ചാലും, അവസാന മൈലിലെ അവസാനത്തെ വ്യക്തിക്കും പ്രവേശനം ഉറപ്പാക്കണം"
"ആധുനിക ലോകത്തിന് പ്രാചീന ഭാരതം നൽകിയ സമ്മാനങ്ങളാണ് യോഗയും ധ്യാനവും. അവ ഇപ്പോൾ ആഗോള പ്രസ്ഥാനങ്ങളായി മാറിയിരിക്കുന്നു"
"ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ സമ്മർദത്തിനും ജീവിതശൈലി രോഗങ്ങൾക്കും ധാരാളം പ്രതിവിധികളേകുന്നു"
"നമ്മുടെ പൗരന്മാർക്ക് മാത്രമല്ല, ലോകമെമ്പാടും ആരോഗ്യ സംരക്ഷണം പ്രാപ്യവും താങ്ങാനാവുന്നതുമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം"
Posted On:
26 APR 2023 3:54PM by PIB Thiruvananthpuram
'ഏകഭൂമി ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തില്‍ നടന്ന ചടങ്ങ് വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പശ്ചിമേഷ്യ, സാര്‍ക്ക്, ആസിയാന്‍, ആഫ്രിക്കന്‍ മേഖലകളിലെ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യമന്ത്രിമാരെയും പ്രതിനിധികളെയും സ്വാഗതം ചെയ്തു. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും അസുഖങ്ങളില്‍ നിന്ന് മുക്തരായും ഇരിക്കട്ടേയെന്നും ആര്‍ക്കും യാതൊരു വ്യാകുലതകളും ഉണ്ടാകാതിരിക്കട്ടേയെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. ആരോഗ്യകാര്യങ്ങളിലെ ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, മഹാമാരികളുടെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ആരോഗ്യരംഗത്ത് ഇന്ത്യയുടെ ദര്‍ശനങ്ങളും കാഴ്ചപ്പാടും സാർവത്രികമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഏക ലോകം ഏകാരോഗ്യം എന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നത് ഇതേ കാഴ്ചപ്പാടാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 'മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയുടെ കാഴ്ചപ്പാട്. മറിച്ച്, അത് മൊത്തം ആവാസ വ്യവസ്ഥയെ ആസ്പദമാക്കിയുള്ളതാണ്. ചെടികളും മൃഗങ്ങളും മണ്ണും നദികളുമുള്‍പ്പെടെ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്നതെല്ലാം ആരോഗ്യത്തോടെയിരിക്കണം. അപ്പോള്‍ മാത്രമേ നമ്മളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പറയാന്‍ കഴിയുകയുള്ളൂ' - അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ആരോഗ്യമുള്ള അവസ്ഥയെന്ന് പറയുന്നത് അസുഖങ്ങള്‍ ദൂരീകരിക്കപ്പെട്ട അവസ്ഥയ്ക്കാണ്. എന്നാല്‍ ഇന്ത്യുടെ ലക്ഷ്യം അസുഖങ്ങളില്ലാത്ത ഒരു സമൂഹം മാത്രമല്ല. എല്ലാവരും സന്തോഷത്തോടെയും ക്ഷേമത്തോടെയുമിയിരിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കകയെന്നതിലാണ്. ഭൗതികവും മാനസികവും സാമൂഹികവുമായ ക്ഷേമാമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ ആപ്തവാക്യമായ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഒരു ഗ്രഹത്തിന് മെഡിക്കൽ വാല്യൂ ട്രാവലും ആരോഗ്യപ്രവർത്തകരുടെ ചലനാത്മകതയും പ്രധാന ഘടകങ്ങളാണെന്നും ഇന്നത്തെ പരിപാടി ഈ ദിശയിലുള്ള ഒരു പ്രധാന ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ലോകം ഒരു കുടുംബം എന്നർഥമാക്കുന്ന വസുധൈവ കുടുംബകം എന്ന ചിന്ത ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും പറഞ്ഞു.
ആരോഗ്യമേഖലയിലെ ഇന്ത്യയുടെ കരുത്തിനെ കുറിച്ച് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവ്, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, പാരമ്പര്യം എന്നിവയെ കുറിച്ച് പ്രത്യേകം എടുത്ത് പറഞ്ഞു. ഇന്ത്യന്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാര്‍ എന്നിവരുടെ മികവ് എന്താണെന്ന് ലോകം ഇതിനോടകം കണ്ടു കഴിഞ്ഞു. ലോകത്താകമാനമുള്ള ആരോഗ്യസംവിധാനങ്ങള്‍ ഇന്ത്യക്കാരുടെ കഴിവിനെയും പ്രാപ്തിയേയും പ്രയോജനപ്പെടുത്തുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "സംസ്കാരം, കാലാവസ്ഥ, സാമൂഹിക ചലനാത്മകത എന്നിവയില് ഇന്ത്യക്ക് വളരെയധികം വൈവിധ്യമുണ്ട്"- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വ്യത്യസ്ത സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇന്ത്യന്‍ ആരോഗ്യമേഖലയും ആരോഗ്യപ്രവര്‍ത്തകരും ലോകത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്ന മഹാമാരികള്‍ ലോകത്തെ ചില സത്യങ്ങള്‍ പഠിപ്പിക്കുന്നതാണ്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ലോകത്തില്‍ മഹാമാരികളുയര്‍ത്തുന്ന ഭീഷണികള്‍ അതിര്‍ത്തികള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. പല ഗ്ലോബൽ സൗത്ത് രാജ്യങ്ങളും വിഭവങ്ങളുടെ കാര്യത്തിലുള്‍പ്പെടെ ബുദ്ധിമുട്ടും പ്രതിസന്ധിയും നേരിട്ടു. 'യഥാര്‍ഥ മുന്നേറ്റം ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. എത്രത്തോളം സാങ്കേതികമായി വളര്‍ന്നുവെന്ന് പറഞ്ഞാലും ഏറ്റവും അകലെയുള്ള അവസാനത്തെ മനുഷ്യനും അതായത് സമൂഹത്തിലെ എല്ലാ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന മനുഷ്യര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം'- അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിലെ സഹകരണത്തില്‍ വിശ്വസ്തനായ ഒരു പങ്കാളിയുണ്ടാകുകയെന്നതാണ് രാജ്യങ്ങള്‍ക്ക് ആവശ്യം. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വാക്സിനുകള്‍ എത്തിക്കുന്നതില്‍ നിരവധി രാജ്യങ്ങള്‍ക്ക് അത്തരമൊരു സുഹൃത്തായി ഇന്ത്യ നിലകൊണ്ടുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് രാജ്യങ്ങളിലേക്ക് 300 മില്യണ്‍ ഡോസ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ കഴിവും ആത്മസമര്‍പ്പണവുമാണ് ഇതില്‍ കാണാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ലോകത്തിന് പ്രാചീന ഭാരതം നല്‍കിയ സമ്മാനങ്ങളാണ് യോഗ, ധ്യാനം തുടങ്ങിയവ. ആരോഗ്യത്തിന്റെ സമ്പൂര്‍ണ അച്ചടക്കമായ ആയുര്‍വേദം ശാരീരികമായും മാനസികമായും മനുഷ്യനെ പരിപാലിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. 'സമ്മര്‍ദത്തിനും ജീവിതശൈലീ രോഗങ്ങള്‍ക്കും ലോകം ഇന്ന് പരിഹാരം തേടുകയാണ്. ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ധാരാളം ഉത്തരങ്ങളുണ്ട്' - പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണക്രമം രൂപപ്പെടുത്തുന്നതും ലോകമെമ്പാടുമുള്ള ഭക്ഷ്യ സുരക്ഷയും പോഷകാഹാര പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവുള്ളതുമായ ചെറുധാന്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ആയുഷ്മാൻ ഭാരത് പദ്ധതി ഗവണ്മെന്റ് ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 500 ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ ചികിത്സ ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 40 ദശലക്ഷത്തിലധികം പേർ ഇതിനകം പണരഹിതവും കടലാസ്‌രഹിതവുമായി സേവനങ്ങൾ പ്രയോജനപ്പെടുത്തി. ഇത് പൗരന്മാർക്ക് ഏകദേശം 7 ബില്യൺ ഡോളർ ലാഭിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സംരക്ഷണ വെല്ലുവിളികളോടുള്ള ആഗോള പ്രതികരണത്തെ ഒറ്റപ്പെടുത്താനാവില്ലെന്നും സംയോജിതവും സമഗ്രവും സ്ഥാപനപരവുമായ പ്രതികരണത്തിനുള്ള സമയമാണിതെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ഞങ്ങളുടെ ജി 20 അധ്യക്ഷപദത്തിന്റെ കാലത്ത് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായ മേഖലകളിലൊന്നാണിത്. നമ്മുടെ പൗരന്മാർക്ക് മാത്രമല്ല, ലോകമെമ്പാടും ആരോഗ്യപരിരക്ഷ പ്രാപ്യവും താങ്ങാനാകുനഎനതുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം". അസമത്വം കുറയ്ക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്നും സേവനം ലഭിക്കാത്തവരെ സേവിക്കുന്നത് രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഒത്തുചേരൽ ഈ ദിശയിലുള്ള ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, 'ഏകഭൂമി-ഏകാരോഗ്യം' എന്ന പൊതു കാര്യപരിപാടിയിൽ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം തേടുകയും ചെയ്തു.
പശ്ചാത്തലം
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)യുമായി സഹകരിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് 'ഏകലോകം ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാമത് പതിപ്പ് ഒരുക്കിയത്. ഇന്ത്യയുടെ ജി20 അധ്യക്ഷപദവുമായി സഹകരിച്ചാണ് 2023 ഏപ്രിൽ 26, 27 തീയതികളിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ പരിപാടി സംഘടിപ്പിച്ചത്.
ആഗോള ആരോഗ്യ രൂപകൽപ്പനയ്ക്കും മൂല്യാധിഷ്‌ഠിത ആരോഗ്യ പരിരക്ഷയിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനും ആഗോള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തിന് രണ്ടുദിവസത്തെ പരിപാടി ഊന്നൽ നൽകുന്നു. മൂല്യാധിഷ്ഠിത ആരോഗ്യപരിരക്ഷാ സേവനങ്ങൾ നൽകുന്ന ആരോഗ്യപരിരക്ഷാ തൊഴിൽശക്തിയുടെ കയറ്റുമതിക്കാരൻ എന്ന നിലയിൽ ആരോഗ്യ സംരക്ഷണ സഞ്ചാര മേഖലയിലെ ഇന്ത്യയുടെ ശക്തി പ്രദർശിപ്പിക്കാനും ലോകോത്തര ആരോഗ്യ സംരക്ഷണ- സൗഖ്യ സേവനങ്ങളുടെ പ്രധാന കേന്ദ്രമായി ഉയർന്നുവരുന്നതിനും ഇത് ലക്ഷ്യമിടുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ പ്രമേയത്തിന് അനുസൃതമായി 'ഏകഭൂമി, ഏകാരോഗ്യം-മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023' എന്നാണ് പരിപാടിക്കു പേരു നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സേവനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്, ഈ അന്താരാഷ്ട്ര ഉച്ചകോടി വിജ്ഞാനക്കൈമാറ്റത്തിന് അനുയോജ്യമായ വേദിയായി മാറും. ആഗോള എംവിടി വ്യവസായത്തിലെ ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തിനും ലോകമെമ്പാടുമുള്ള മുൻനിര അധികൃതർ, തീരുമാനമെടുക്കുന്നവർ, വ്യവസായ പങ്കാളികൾ, വിദഗ്ധർ, എന്നിവരുടെ വൈദഗ്ധ്യത്തിനും സാക്ഷ്യംവഹിക്കും. ലോകമെമ്പാടുമുള്ള സമാനചിന്താഗതിക്കാരുമായി കൈകോർക്കാനും ആശയങ്ങൾ കൈമാറാനും ശക്തമായ വ്യാവസായപങ്കാളിത്തത്തിനും ഇത് പങ്കാളികളെ പ്രാപ്തരാക്കും.
70 രാജ്യങ്ങളിൽ നിന്നുള്ള 125 പ്രദർശകരും 500 ഓളം വിദേശ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സ്, സാർക്ക്, ആസിയാൻ എന്നീ മേഖലകളിലെ 70-ലധികം നിയുക്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി റിവേഴ്‌സ് ബയർ സെല്ലർ യോഗങ്ങളും ഷെഡ്യൂൾ ചെയ്‌ത ബി2ബി യോഗങ്ങളും ഇന്ത്യൻ ആരോഗ്യ പരിരക്ഷാ ദാതാക്കളെയും വിദേശ പങ്കാളികളെയും ഒരുവേദിയിൽ കൊണ്ടുവരികയും കൂട്ടിയിണക്കുകയും ചെയ്യും. ഈ ഉച്ചകോടിയിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിനോദസഞ്ചാര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, ആയുഷ് മന്ത്രാലയം, വ്യവസായ ഫോറങ്ങൾ, സ്റ്റാർട്ടപ്പുകൾ മുതലായവയിൽ നിന്നുള്ള പ്രമുഖ പ്രഭാഷകരും വിദഗ്ധരുമായും പാനൽ ചർച്ചകൾ നടത്തും.
-ND-
(Release ID: 1919948)
Read this release in:
Marathi
,
Telugu
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada