മന്ത്രിസഭ
ക്വാണ്ടം സാങ്കേതികവിദ്യകൾക്കായി ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസനം വർധിപ്പിക്കുന്നതിനുള്ള ദേശീയ ക്വാണ്ടം ദൗത്യത്തിനു മന്ത്രിസഭാംഗീകാരം
ക്വാണ്ടം സാങ്കേതികവിദ്യയാൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും മേഖലയിലെ മുൻനിര രാഷ്ട്രമായി ഇന്ത്യയെ ഉയർത്തിക്കാട്ടുന്നതിനുമായി 6003.65 കോടി രൂപ ചെലവിൽ ശാസ്ത്രീയ-വ്യാവസായിക ഗവേഷണ-വികസനങ്ങൾ വർധിപ്പിക്കുന്നതിനാണ് അംഗീകാരം
Posted On:
19 APR 2023 4:08PM by PIB Thiruvananthpuram
ദേശീയ ക്വാണ്ടം ദൗത്യത്തിന് (എൻക്യുഎം) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണു ദൗത്യത്തിന് അംഗീകാരം നൽകിയത്. ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസനങ്ങൾ പരിപോഷിപ്പിക്കുന്നതിനു ക്വാണ്ടം സാങ്കേതികവിദ്യയിൽ (ക്യുടി) ഊർജസ്വലവും നൂതനവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാനായി 2023-24 മുതൽ 2030-31 വരെ മൊത്തം 6003.65 കോടിരൂപ ചെലവിലാണു ദൗത്യം മുന്നോട്ടുകൊണ്ടുപോകുക. ഇതു ക്വാണ്ടം സാങ്കേതികവിദ്യനയിക്കുന്ന സാമ്പത്തിക വളർച്ചയ്ക്കു വേഗം പകരുകയും രാജ്യത്തെ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യും. ക്വാണ്ടം സാങ്കേതികവിദ്യയുടെയും ആപ്ലിക്കേഷനുകളുടെയും വികസനത്തിൽ ഇന്ത്യയെ മുൻനിര രാജ്യങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്യും.
സൂപ്പർ കണ്ടക്ടിങ്, ഫോട്ടോണിക് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ എട്ടുവർഷത്തിനുള്ളിൽ 50-1000 ഫിസിക്കൽ ക്യുബിറ്റുള്ള ഇന്റർമീഡിയറ്റ് സ്കെയിൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിനാണു പുതിയ ദൗത്യം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കുള്ളിൽ 2000 കിലോമീറ്റർ പരിധിയിലുള്ള ഗ്രൗണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള സുരക്ഷിത ഉപഗ്രഹാധിഷ്ഠിത ക്വാണ്ടം ആശയവിനിമയം, മറ്റു രാജ്യങ്ങളുമായുള്ള സുരക്ഷിത ദീർഘദൂര ക്വാണ്ടം ആശയവിനിമയം, 2000 കിലോമീറ്ററിലധികമുള്ള അന്തർനഗര ക്വാണ്ടം കീ വിതരണം, ക്വാണ്ടം മെമ്മറികളുള്ള മൾട്ടി-നോഡ് ക്വാണ്ടം ശൃംഖല എന്നിവയും ദൗത്യത്തിന്റെ സവിശേഷതകളാണ്.
ആണവ സംവിധാനങ്ങളിൽ ഉയർന്ന സംവേദനക്ഷമതയുള്ള മാഗ്നെറ്റോമീറ്ററുകളും കൃത്യമായ സമയം, ആശയവിനിമയം, ഗതിനിയന്ത്രണം എന്നിവയ്ക്കായി അറ്റോമിക് ക്ലോക്കുകളും വികസിപ്പിക്കാൻ ദൗത്യം സഹായിക്കും. ക്വാണ്ടം ഉപകരണങ്ങളുടെ നിർമാണത്തിനായുള്ള സൂപ്പർകണ്ടക്ടറുകൾ, നൂതന സെമികണ്ടക്ടർ ഘടനകൾ, ടോപ്പോളജിക്കൽ മെറ്റീരിയലുകൾ തുടങ്ങിയ ക്വാണ്ടം മെറ്റീരിയലുകളുടെ രൂപകൽപ്പനയെയും സമന്വയത്തെയും ഇതു പിന്തുണയ്ക്കും. ക്വാണ്ടം ആശയവിനിമയം, സെൻസിങ്, മെട്രോളജിക്കൽ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി സിംഗിൾ ഫോട്ടോൺ ഉറവിടങ്ങൾ/ഡിറ്റക്ടറുകൾ, സങ്കീർണമായ ഫോട്ടോൺ സ്രോതസ്സുകൾ എന്നിവയും വികസിപ്പിക്കും.
ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്വാണ്ടം സെൻസിങ്ങും മെട്രോളജിയും, ക്വാണ്ടം മെറ്റീരിയലുകളും ഉപകരണങ്ങളും എന്നീ മേഖലകളിൽ മികച്ച അക്കാദമിക, ദേശീയ ഗവേഷണ-വികസന സ്ഥാപനങ്ങളിൽ നാലു വിഷയാധിഷ്ഠിത കേന്ദ്രങ്ങൾ (ടി-ഹബ്ബുകൾ) സ്ഥാപിക്കും. അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണങ്ങളിലൂടെ പുതിയ അറിവു സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹബ്ബുകൾ അനുശാസിക്കുന്ന മേഖലകളിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും.
രാജ്യത്തെ സാങ്കേതിക വികസന ആവാസവ്യവസ്ഥയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതതലത്തിലേക്കു കൊണ്ടുപോകാൻ എൻക്യുഎമ്മിനു കഴിയും. ആശയവിനിമയം, ആരോഗ്യം, സാമ്പത്തികം, ഊർജം എന്നീ മേഖലകൾക്കും മരുന്നുകൾ രൂപകൽപ്പന ചെയ്യുന്നതിനും ബഹിരാകാശ ആപ്ലിക്കേഷനുകൾക്കും ഈ ദൗത്യം ഏറെ പ്രയോജനം ചെയ്യും. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്വയംപര്യാപ്ത ഇന്ത്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) തുടങ്ങിയ ദേശീയ മുൻഗണനകൾക്ക് ഇതു വലിയ ഉത്തേജനം പകരും.
-ND-
(Release ID: 1917924)
Visitor Counter : 257
Read this release in:
Bengali
,
Hindi
,
English
,
Urdu
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada