പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ് പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 13 APR 2023 10:55PM by PIB Thiruvananthpuram

വണക്കം!

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു തമിഴ് പുത്താണ്ട് ആശംസിക്കുന്നു! എന്റെ തമിഴ് സഹോദരങ്ങളുടെ സ്‌നേഹവും വാത്സല്യവുമാണ് ഇന്ന് നിങ്ങളോടൊപ്പം തമിഴ് പുത്താണ്ട് ആഘോഷിക്കാന്‍ എനിക്ക് അവസരമായി മാറിയത്. പുത്താണ്ട് പുരാതന കാലത്തെ പുതുമയുടെ ഉത്സവമാണ്! ഇത്രയും പ്രാചീനമായ തമിഴ് സംസ്‌കാരവും, ഓരോ വര്‍ഷവും പുത്തന്‍പുതുവില്‍ നിന്ന് പുത്തന്‍ ഊര്‍ജത്തോടെ മുന്നേറുന്ന ഈ പാരമ്പര്യവും ശരിക്കും അത്ഭുതകരമാണ്! ഇതാണ് തമിഴ്‌നാടിനെയും തമിഴ് ജനതയെയും ഒരു സവിശേഷ ജനതയാക്കി മാറ്റുന്നത്. അതിനാല്‍, ഈ പാരമ്പര്യത്തോട് എനിക്ക് എന്നും ഒരു കൗതുകവും അതോടൊപ്പം വൈകാരികമായ അടുപ്പവും ഉണ്ടായിരുന്നു. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ എംഎല്‍എയായി പ്രതിനിധീകരിച്ച മണിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ ധാരാളം തമിഴ് വംശജര്‍ താമസിച്ചിരുന്നു. അവര്‍ എന്റെ വോട്ടര്‍മാരായിരുന്നു, അവര്‍ എന്നെ എംഎല്‍എയും മുഖ്യമന്ത്രിയും ആക്കി. അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ ഞാന്‍ എന്നും വിലമതിക്കുന്നു. തമിഴ്നാടിനോടുള്ള എന്റെ സ്നേഹം കൂടുതല്‍ അളവില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തിരിച്ചു നല്‍കിയത് എന്റെ ഭാഗ്യമാണ്.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് നടത്തിയ പ്രസംഗത്തില്‍ നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അത് എത്രത്തോളം പുരാതനമാണോ, അത്രത്തോളം പരീക്ഷിക്കപ്പെട്ടതുമാണ്. അതിനാല്‍, തമിഴ് സംസ്‌കാരവും തമിഴ് ജനതയും ചെന്നൈ മുതല്‍ കാലിഫോര്‍ണിയ വെരെയും, മധുരയില്‍ നിന്ന് മെല്‍ബണ്‍ വരെയും, കോയമ്പത്തൂര്‍ മുതല്‍ കേപ് ടൗണ്‍ വരെയും, സേലം മുതല്‍ സിംഗപ്പൂര്‍ വരെയും, അവരുടെ പ്രകൃതിയും അവരുടെ സംസ്‌കാരവും പാരമ്പര്യവും അവര്‍ക്കൊപ്പം കൊണ്ടുനടന്ന തമിഴ് ജനതയെ കാണാം. പൊങ്കലായാലും പുത്താണ്ടായാലും ലോകമെമ്പാടും അവ അടയാളപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കുന്നു. തമിഴ് സാഹിത്യവും പരക്കെ ബഹുമാനിക്കപ്പെടുന്നു. തമിഴ് സിനിമാ വ്യവസായം നമുക്ക് സമ്മാനിച്ചത് ഏറ്റവും മികച്ച സൃഷ്ടികളാണ്.


സുഹൃത്തുക്കളേ,

സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ സംഭാവനയും വളരെ പ്രധാനമാണ്. സ്വാതന്ത്ര്യാനന്തരം, രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും തമിഴ്നാട്ടിലെ ജനങ്ങളുടെ കഴിവ് രാജ്യത്തിന് പുതിയ ഉയരങ്ങള്‍ നല്‍കി. സി.രാജഗോപാലാചാരിയും അദ്ദേഹത്തിന്റെ തത്ത്വചിന്തയും കൂടാതെ ആധുനിക ഇന്ത്യയെക്കുറിച്ചുള്ള വര്‍ത്തമാനം പൂര്‍ണമാകുമോ? കാമരാജും സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരിശ്രമങ്ങളും ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏത് യുവാക്കളാണ് ഡോ. കലാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാത്തത്? വൈദ്യശാസ്ത്രം, നിയമം, അക്കാദമിക മേഖലകളില്‍ തമിഴ് ജനതയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. 'മന്‍ കി ബാത്ത്' എപ്പിസോഡുകളില്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ സംഭാവനകളെക്കുറിച്ച് ഞാന്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്.


സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അത് ജനാധിപത്യത്തിന്റെ മാതാവാണ്. ഈ വസ്തുതയ്ക്ക് നിരവധി ചരിത്ര പരാമര്‍ശങ്ങളും നിഷേധിക്കാനാവാത്ത തെളിവുകളും ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു പരാമര്‍ശം തമിഴ്നാടിന്റെതാണ്. തമിഴ്‌നാട്ടിലെ ഉത്തരമേരൂര്‍ എന്ന് പേരിട്ടിരിക്കുന്ന സ്ഥലത്തിന് വളരെ പ്രത്യേകതയുണ്ട്. ഇവിടെ, 1100 മുതല്‍ 1200 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ലിഖിതത്തില്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്, അത് ഇന്നും വായിക്കാന്‍ കഴിയും. അക്കാലത്തെ ഗ്രാമസഭയുടെ പ്രാദേശിക ഭരണഘടന പോലെയാണ് ഇവിടെ കണ്ടെത്തിയ ലിഖിതം. സഭ എങ്ങനെ നടത്തണം, അംഗങ്ങളുടെ യോഗ്യതകള്‍ എന്തായിരിക്കണം, അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം എന്തായിരിക്കണം എന്നിവ ഇതില്‍ പരാമര്‍ശിക്കുന്നു. മാത്രമല്ല, ആ കാലഘട്ടത്തില്‍ പോലും അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ചും ഇത് സംസാരിക്കുന്നു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ആ വ്യവസ്ഥിതിയില്‍ ജനാധിപത്യം വളരെ വിശദമായി വിവരിച്ചിരിക്കുന്നു.


സുഹൃത്തുക്കളേ,

ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്തിയ തമിഴ് സംസ്‌കാരത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ചെന്നൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ കാഞ്ചീപുരത്തിനടുത്തുള്ള തിരു മുക്കൂടലില്‍ വെങ്കിടേശ പെരുമാള്‍ ക്ഷേത്രമുണ്ട്. ചോള സാമ്രാജ്യകാലത്ത് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിനും ഏകദേശം 1100 വര്‍ഷം പഴക്കമുണ്ട്. 15 കിടക്കകളുള്ള ഒരു ആശുപത്രി അക്കാലത്ത് നിലനിന്നിരുന്നതായി ഈ ക്ഷേത്രത്തിലെ കരിങ്കല്ലുകളില്‍ എഴുതിയിട്ടുണ്ട്. 1100 വര്‍ഷം പഴക്കമുള്ള കല്ലുകളിലെ ലിഖിതങ്ങളില്‍ മെഡിക്കല്‍ നടപടിക്രമങ്ങള്‍, ഡോക്ടര്‍മാരുടെ ശമ്പളം, ഹെര്‍ബല്‍ മരുന്നുകള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഈ ലിഖിതങ്ങള്‍ തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും മഹത്തായ പൈതൃകമാണ്.

സുഹൃത്തുക്കളേ,

ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനത്തിന് തമിഴ്‌നാട്ടില്‍ പോയപ്പോള്‍ തിരുവാരൂര്‍ ജില്ലയിലെ പുരാതനമായ ശിവക്ഷേത്രത്തെ കുറിച്ച് പറഞ്ഞത് ഓര്‍ക്കുന്നു. വളരെ പുരാതനമായ ഈ ചതുരംഗ വല്ലഭനാഥര്‍ ക്ഷേത്രം ചെസ്സ് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ചോള സാമ്രാജ്യകാലത്ത് തമിഴ്‌നാട്ടില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപാരം നടത്തിയതിന് നിരവധി പരാമര്‍ശങ്ങളുണ്ട്.

സഹോദരീ സഹോദരന്മാരേ,

ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയും അത് അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടത് ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. ഇപ്പോള്‍, ഈ സേവനം ചെയ്യാനുള്ള ഭാഗ്യം നിങ്ങള്‍ എനിക്ക് നല്‍കി. ഐക്യരാഷ്ട്രസഭയില്‍ തമിഴ് ഭാഷയിലുള്ള ഒരു വാചകം് ഞാന്‍ ഉദ്ധരിച്ചപ്പോള്‍ രാജ്യത്തുനിന്നും ലോകത്തുനിന്നും നിരവധി ആളുകള്‍ എനിക്ക് സന്ദേശം അയച്ചതും സന്തോഷം പ്രകടിപ്പിച്ചതും ഞാന്‍ ഓര്‍ക്കുന്നു. ശ്രീലങ്കയിലെ ജാഫ്‌ന സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ജാഫ്‌ന സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഞാനായിരുന്നു. ശ്രീലങ്കയിലെ തമിഴ് സമൂഹത്തിന്റെ ക്ഷേമത്തിനായി വളരെക്കാലമായി അവിടെയുള്ളവര്‍ സഹായത്തിനായി കാത്തിരിക്കുകയായിരുന്നു. തമിഴ് ജനതയ്ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് അവര്‍ക്കായി ചെയ്തു. അവിടെ ഗൃഹപ്രവേശ ചടങ്ങ് നടക്കുമ്പോള്‍ വളരെ രസകരമായ ഒരു സംഭവവും നടന്നു. തമിഴ് പാരമ്പര്യമനുസരിച്ച്, 'ഗൃഹപ്രവേശ' ചടങ്ങിന് മുമ്പ് വീടിന് പുറത്ത് വിറകില്‍ പാല്‍ തിളപ്പിക്കും. ഞാനും ആ ചടങ്ങില്‍ പങ്കെടുത്തു, ആ ചടങ്ങിന്റെ വീഡിയോ തമിഴ്നാട്ടിലുള്ളവര്‍ കണ്ടപ്പോള്‍ ആളുകള്‍ എന്നോട് വളരെയധികം സ്‌നേഹം ചൊരിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. തമിഴ്നാടുമായും തമിഴ് ജനതയുമായും ഞാന്‍ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓരോ ചുവടിലും നിങ്ങള്‍ കണ്ടെത്തും. തമിഴ് ജനതയെ തുടര്‍ന്നും സേവിക്കാനുള്ള ഈ മനോഭാവം എനിക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നു.

സുഹൃത്തുക്കളേ,

അടുത്തിടെ സമാപിച്ച 'കാശി തമിഴ് സംഗമം' വിജയിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. ഈ പരിപാടിയില്‍ നാം പൗരാണികതയും പുതുമയും വൈവിധ്യവും ഒരുമിച്ച് ആഘോഷിച്ചു. തമിഴ് സാഹിത്യത്തിന്റെ സമ്പന്നതയും ഈ ചടങ്ങുകളില്‍ ഉയര്‍ന്നുവന്നു. കാശിയില്‍ നടന്ന തമിഴ് സംഗമത്തില്‍ ആയിരക്കണക്കിന് രൂപയുടെ തമിഴ് ഭാഷാ പുസ്തകങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റഴിഞ്ഞു. തമിഴ് ഭാഷ പഠിപ്പിക്കുന്ന പുസ്തകങ്ങളോടും വല്ലാത്ത ആവേശമായിരുന്നു. സുഹൃത്തുക്കളേ, കാശിയിലെ ഹിന്ദി സംസാരിക്കുന്ന ആളുകള്‍ തമിഴ് പുസ്തകങ്ങളെ വിലമതിക്കുകയും ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന അവ വാങ്ങുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്.

തമിഴ് ജനതയില്ലാതെ കാശിയിലെ ജനങ്ങളുടെ ജീവിതം അപൂര്‍ണ്ണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ കാശിയിലെ താമസക്കാരന്‍ കൂടിയാണ്. കാശി ഇല്ലാതെ തമിഴ് ജനതയുടെ ജീവിതം അപൂര്‍ണ്ണമാണ്. തമിഴ്‌നാട്ടില്‍ നിന്ന് കാശിയിലേക്ക് വരുമ്പോള്‍ ഈ അടുപ്പം എളുപ്പത്തില്‍ ദൃശ്യമാകും. കാശിയുടെ എംപി ആയത് കൊണ്ട് എനിക്ക് അതും വലിയ അഭിമാനം ആണ്. തമിഴില്‍ 50-100 വാക്യങ്ങള്‍ അറിയാത്ത ഒരു തോണിക്കാരനും കാശിയില്‍ ഇല്ല. അത്രയധികം ഇടപെടല്‍ അവിടെയുണ്ട്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സുബ്രഹ്‌മണ്യ ഭാരതി ജിയുടെ പേരില്‍ ഒരു ചെയര്‍ സ്ഥാപിച്ചത് നമ്മുടെ എല്ലാവരുടെയും ഭാഗ്യമാണ്. സുബ്രഹ്‌മണ്യ ഭാരതി കാശിയില്‍ ധാരാളം സമയം ചിലവഴിക്കുകയും അവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു മഹദ് വ്യക്തി കാശി വിശ്വനാഥ് ട്രസ്റ്റിന്റെ ട്രസ്റ്റി ആകുന്നതും ഇതാദ്യമാണ്. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് വളരെ പഴക്കമുള്ളതാണ്. തമിഴരോടുള്ള കാശിയുടെ സ്‌നേഹമാണ് ഇത് കാണിക്കുന്നത്. ഈ ശ്രമങ്ങളെല്ലാം 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്താന്‍ പോകുന്നു.

സുഹൃത്തുക്കളേ,

തമിഴ് സാഹിത്യം നമുക്ക് ഭൂതകാലത്തെക്കുറിച്ചുള്ള അറിവും ഭാവിയിലേക്കുള്ള പ്രചോദനവും നല്‍കുന്നു. തമിഴ്നാട്ടിലെ സാഹിത്യത്തിന് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഉദാഹരണത്തിന്, പുരാതന തമിഴ്‌നാട്ടില്‍ 'ശ്രീ അന്ന' എന്ന പലതരം തിനകള്‍ ഉപയോഗിച്ചിരുന്നതായി സംഘ സാഹിത്യം വെളിപ്പെടുത്തുന്നു. പ്രാചീന തമിഴ് സാഹിത്യമായ 'അഗനനൂരി'ല്‍ തിനയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തമിഴ് മഹാകവയിത്രി അവ്വയാര്‍ സ്വാദിഷ്ടമായ 'വരഗു അരിസി ചോറിനെ'ക്കുറിച്ച് മനോഹരമായ ഒരു കവിതയില്‍ എഴുതുന്നു. ഇന്നും മുരുകന് നിവേദ്യമായി ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ 'തേനും തിനൈ മാവും' എന്നായിരിക്കും ഉത്തരം. ഇന്ന്, ഇന്ത്യയുടെ മുന്‍കൈയില്‍ ലോകം മുഴുവന്‍ നമ്മുടെ ആയിരം വര്‍ഷം പഴക്കമുള്ള തിനയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് നമ്മുടെ പുതുവര്‍ഷ തീരുമാനങ്ങളിലൊന്ന് തിനയുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ഭക്ഷണത്തില്‍ തിനകള്‍ പുനഃസ്ഥാപിക്കുകയും മറ്റുള്ളവരെ അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും എന്നത് നമ്മുടെ ദൃഢനിശ്ചയമായിരിക്കണം.

സുഹൃത്തുക്കളേ,

കുറച്ച് സമയത്തിനുള്ളില്‍ തമിഴ് കലാകാരന്മാരുടെ പ്രകടനങ്ങള്‍ ഇവിടെ നടക്കും. നമ്മുടെ കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകം കൂടിയാണിത്. അത് ലോകം മുഴുവന്‍ കാണിക്കേണ്ടത് നമ്മുടെ കടമയാണ്. കാലത്തിനനുസരിച്ച് ഈ കലാരൂപങ്ങളുടെ വികാസത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്നത്തെ യുവതലമുറയില്‍ അവര്‍ എത്രത്തോളം പ്രചാരം നേടുന്നുവോ അത്രത്തോളം വരും തലമുറയിലേക്ക് അവര്‍ അത് കൈമാറും. അതുകൊണ്ട് തന്നെ യുവാക്കളോട് ഈ കലയെ പറ്റി പറയുകയും അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഇന്നത്തെ പരിപാടിയും ഇതിന്റെ മികച്ച ഉദാഹരണമായി മാറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.


സഹോദരീ സഹോദരന്മാരേ,

സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല' വേളയില്‍, നമ്മുടെ തമിഴ് പൈതൃകത്തെക്കുറിച്ച് പഠിക്കുകയും അത് രാജ്യത്തോടും ലോകത്തോടും അഭിമാനത്തോടെ പങ്കിടുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പൈതൃകം നമ്മുടെ ഐക്യത്തിന്റെയും 'രാഷ്ട്രമാദ്യം' എന്ന ഊര്‍ജ്ജത്തിന്റെയും പ്രതീകമാണ്. തമിഴ് സംസ്‌കാരം, സാഹിത്യം, ഭാഷ, പാരമ്പര്യം എന്നിവയെ തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകണം. ഈ അഭിമാനത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും പുത്താണ്ട് ആശംസകള്‍. ഈ സുപ്രധാന വേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയ മുരുകന്‍ ജിയോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ആശംസകള്‍!

നന്ദി!
...


(Release ID: 1917495) Visitor Counter : 175