സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്കുള്ള സബ്‌സിഡിക്കു മന്ത്രിസഭയുടെ അംഗീകാരം

Posted On: 24 MAR 2023 9:14PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കൾക്ക് 14.2 കിലോ സിലിൻഡറിന് പ്രതിവർഷം 12 റീഫിൽ വരെ 200 രൂപ സബ്‌സിഡി നൽകുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ് ഇക്കാര്യത്തിന് അംഗീകാരമേകിയത്. 2023 മാർച്ച് ‌‌‌ഒന്നുവരെയുള്ള കണക്കനുസരിച്ച് 9.59 കോടിയാണു പിഎംയുവൈ ഗുണഭോക്താക്കൾ.

2022-23 സാമ്പത്തിക വർഷത്തിൽ 6100 കോടി രൂപയും 2023-24ൽ 7680 കോടി രൂപയുമാണു മൊത്തം ചെലവ്. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു സബ്‌സിഡി നേരിട്ടു നിക്ഷേപിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ പൊതുമേഖലാ എണ്ണവിപണന കമ്പനികൾ 2022 മെയ് 22 മുതൽ ഈ സബ്‌സിഡി നൽകുന്നുണ്ട്.

വിവിധ ഭൗമരാഷ്ട്രീയ കാരണങ്ങളാൽ എൽപിജിയുടെ അന്താരാഷ്ട്ര വിലയിൽ കുത്തനെ വർധനയുണ്ടായിട്ടുണ്ട്. എൽപിജി വിലവർധനയിൽനിന്നു പിഎംയുവൈ ഗുണഭോക്താക്കൾക്കു സംരക്ഷണമേകേണ്ടതു പ്രാധാന്യമർഹിക്കുന്നു.

പിഎംയുവൈ ഉപഭോക്താക്കൾക്കു നൽകുന്ന പിന്തുണ തുടർച്ചയായ എൽപിജി ഉപയോഗത്തിന് അവരെ പ്രോത്സാഹിപ്പിക്കുന്നു. പിഎംയുവൈ ഉപഭോക്താക്കൾക്കിടയിൽ സുസ്ഥിരമായ എൽപിജി സ്വീകാര്യതയും ഉപയോഗവും ഉറപ്പാക്കേണ്ടതു പ്രധാനമാണ്. അതുവഴി അവർക്കു പൂർണമായും ശുദ്ധമായ പാചക ഇന്ധനത്തിലേക്കു മാറാനാകും. പിഎംയുവൈ ഉപഭോക്താക്കളുടെ ശരാശരി എൽപിജി ഉപഭോഗം 2019-20ലുണ്ടായിരുന്ന 3.01 റീഫില്ലിൽനിന്ന് 2021-22 ആയപ്പോഴേയ്ക്കും 20 ശതമാനം വർധിച്ച് 3.68 ആയി. എല്ലാ പിഎംയുവൈ ഗുണഭോക്താക്കൾക്കും ഈ സബ്‌സിഡിക്ക് അർഹതയുണ്ട്.

ദരിദ്രകുടുംബങ്ങളിലെ മുതിർന്ന സ്ത്രീകൾക്ക് നിക്ഷേപം ആവശ്യമില്ലാത്ത എൽപിജി കണക്ഷനുകൾ നൽകുന്നതിനായി 2016 മെയ് മാസത്തിലാണു ഗവണ്മെന്റ് പ്രധാനമന്ത്രി ഉജ്വല യോജന ആരംഭിച്ചത്. ശുദ്ധമായ പാചക ഇന്ധനമായ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഗ്രാമീണമേഖലയിലെ നിരാലംബരായ പാവപ്പെട്ട കുടുംബങ്ങൾക്കു ലഭ്യമാക്കുന്നതിനായാണു പദ്ധതിക്കു തുടക്കംകുറിച്ചത്.

ND(Release ID: 1910539) Visitor Counter : 142