സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ഇന്ത്യൻ പുനരുപയോഗ ഊർജ വികസന ഏജൻസി ലിമിറ്റഡിനെ പ്രാരംഭ പൊതു ഓഹരിവിൽപ്പന വഴി ഗവണ്മെന്റിന്റെ ഓഹരിയുടെ ഭാഗിക വിൽപ്പനയിലൂടെ ഓഹരി വിപണിയിൽ പട്ടികപ്പെടുത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ഐആർഇഡിഎയുടെ പുതിയ ഓഹരികൾ വിനിമയം ചെയ്യുന്നതിലൂടെ ധനസമാഹരണത്തിനും അംഗീകാരം


Posted On: 17 MAR 2023 7:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) നവ-പുനരുപയോഗ ഊർജ മന്ത്രാലയത്തിനു (എംഎൻആർഇ) കീഴിലുള്ള സിപിഎസ്ഇയായ ഐആർഇഡിഎയെ പ്രാരംഭ പൊതു ഓഹരിവിൽപ്പന വഴി ഗവണ്മെന്റിന്റെ ഓഹരിയുടെ ഭാഗിക വിൽപ്പനയിലൂടെ ഓഹരിവിപണികളിൽ പട്ടികപ്പെടുത്തുന്നതിന് അംഗീകാരം നൽകി. പുതിയ ഓഹരികൾ വിതരണം ചെയ്യുന്നതിലൂടെ ഐആർഇഡിഎയ്ക്ക് ധനം സ്വരൂപിക്കാനും അനുമതി നൽകി. നിക്ഷേപ - പൊതു ആസ്തി നിർവഹണ വകുപ്പ് (ഡിഐപിഎഎം) പട്ടികപ്പെടുത്തലിനു നേതൃത്വം നൽകും.

ഐ‌പി‌ഒ വഴി ഓഹരി വിലനിർണയ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ₹ 10.00 വീതമുള്ള 13.90 കോടി പുതിയ ഓഹരികൾ വിതരണം ചെയ്യാൻ ഐ‌ആർ‌ഇ‌ഡി‌എയെ അനുവദിക്കുന്നതിന്, 2017 ജൂണിൽ എടുത്ത സി‌സി‌ഇ‌എ തീരുമാനം മറികടന്നാണ് പുതിയ തീരുമാനം. 2022 മാർച്ചിൽ ഗവൺമെന്റ് 1500 കോടി രൂപ മൂലധനം നൽകിയതിനെത്തുടർന്നു മൂലധന ഘടനയിൽ വന്ന മാറ്റത്തെ തുടർന്നാണ് അതിവേഗതീരുമാനം അനിവാര്യമായത്.

പ്രാരംഭ പൊതു ഓഹരിവിൽപ്പന (ഐ‌പി‌ഒ) ഒരുവശത്ത് ഗവൺമെന്റിന്റെ നിക്ഷേപമൂല്യത്തിന്റെ സാധ്യതകൾ തുറക്കാൻ സഹായിക്കും. മറുവശത്ത് ദേശീയ ആസ്തിയിൽ ഓഹരി നേടാനും അതിൽ നിന്ന് ആനുകൂല്യങ്ങൾ നേടാനും പൊതുജനങ്ങൾക്ക് അവസരം നൽകും. കൂടാതെ, പൊതു ഖജനാവിനെ ആശ്രയിക്കാതെ വളർച്ചാപദ്ധതികൾ നിറവേറ്റുന്നതിനുള്ള മൂലധന ആവശ്യകതയുടെ ഒരു ഭാഗം സ്വരൂപിക്കുന്നതിനും കൂടുതൽ വിപണി അച്ചടക്കത്തിലൂടെയും പട്ടികപ്പെടുത്തൽ ആവശ്യകതകളിൽ നിന്നും വെളിപ്പെടുത്തലുകളിൽ നിന്നും ഉണ്ടാകുന്ന സുതാര്യതയിലൂടെയും ഭരണം മെച്ചപ്പെടുത്തുന്നതിനും ഇത് ഐആർഇഡിഎയെ സഹായിക്കും.

1987-ൽ സംയോജിപ്പിച്ച മിനി-രത്ന (കാറ്റഗറി-1) സി‌പി‌എസ്‌ഇ നിലവിൽ ഇന്ത്യാ ഗവണ്മെന്റിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ്. കൂടാതെ ഇന്ത്യയിലെ പുനരുപയോഗ ഊർജ (ആർഇ) - ഊർജ കാര്യക്ഷമത (ഇഇ) പദ്ധതികൾക്ക് ധനസഹായം നൽകുന്നതിലും ഏർപ്പെട്ടിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ബാങ്കിങ് ഇതര സാമ്പത്തിക കമ്പനിയായി (എൻബിഎഫ്‌സി) ഇതു രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടമ്പടിയിൽ ദേശീയതലത്തിൽ നിർണയിക്കപ്പെട്ട പ്രതിബദ്ധതയുടെ (എൻഡിസി) ഭാഗമായി ഗവണ്മെന്റ് നടത്തിയ പ്രതിജ്ഞയ്ക്ക് അനുസൃതമായി, 2022-ഓടെ 175 ജിഗാവാട്ട് സ്ഥാപിത ആർഇ ശേഷിയും 2030-ഓടെ 500 ജിഗാവാട്ട് സ്ഥാപിത ആർഇ ശേഷിയും കൈവരിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നു. ആർഇ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐആർഇഡിഎയ്ക്ക് പ്രധാന പങ്കു വഹിക്കാനാകും.

കേന്ദ്ര ഗവണ്മെന്റിന്റെ പുനരുപയോഗ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഐആർഇഡിഎ അവരുടെ വ്യാവസായികപദ്ധതി അനുസരിച്ച് പുനരുപയോഗ ഊർജ/ഊർജകാര്യക്ഷമത പദ്ധതികൾ നടപ്പിലാക്കുന്നതും പ്രവർത്തിപ്പിക്കുന്നതും, നൈപുണ്യമുള്ളവർക്കും അവിദഗ്ധർക്കും നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

ND(Release ID: 1908202) Visitor Counter : 139