പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകത്തിലെ മാണ്ഡ്യയിൽ പ്രധാന വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു
ബെംഗളൂരു-മൈസൂരു അതിവേഗപാത രാജ്യത്തിനു സമർപ്പിച്ചു
മൈസൂരു-കുശാലനഗര നാലുവരിപ്പാതയ്ക്കു തറക്കല്ലിട്ടു
“കർണാടകത്തിൽ ഇന്ന് ഉദ്ഘാടനം ചെയ്തന്ന അത്യാധുനിക റോഡ് അടിസ്ഥാനസൗകര്യ പദ്ധതികൾ സംസ്ഥാനത്തുടനീളം സമ്പർക്കസൗകര്യങ്ങൾ വർധിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്കു കരുത്തേകുകയും ചെയ്യും”
“'ഭാരത്മാല', 'സാഗർമാല' തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയുടെ സാഹചര്യം മാറ്റിമറിക്കുന്നു”
“ഈ വർഷത്തെ ബജറ്റിൽ രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപയിലധികം വകയിരുത്തി”
“മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ 'ജീവിതം സുഗമമാക്കുക്കുന്നു'. ഇതു പുരോഗതിക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു”
“പിഎം കിസാൻ സമ്മാൻ നിധിയിലൂടെ മണ്ഡ്യ മേഖലയിലെ 2.75 ലക്ഷത്തിലധികം കർഷകർക്കു കേന്ദ്ര ഗവണ്മെന്റ് 600 കോടി രൂപ നൽകിയിട്ടുണ്ട്”
“രാജ്യത്തു പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ജലസേചന പദ്ധതികൾ അതിവേഗം പൂർത്തീകരിക്കുന്നു”
“എഥനോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കരിമ്പു കർഷകർക്കു സഹായകമാകും”
Posted On:
12 MAR 2023 2:26PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ മാണ്ഡ്യയിൽ പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ബെംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിനു സമർപ്പിക്കൽ, മൈസൂരു-കുശാലനഗര നാലുവരിപ്പാതയുടെ തറക്കല്ലിടൽ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഭുവനേശ്വരി ദേവിക്കും ആദിചുഞ്ചനഗിരിയിലെയും മേലുകോട്ടെയിലെയും ഗുരുക്കന്മാർക്കും പ്രണാമം അർപ്പിച്ചാണു പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തത്. കർണാടത്തിലെ ജനങ്ങൾക്കിടയിൽ എത്താൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, തന്റെമേൽ അനുഗ്രഹം ചൊരിഞ്ഞ ഏവർക്കും നന്ദി പറഞ്ഞു. മണ്ഡ്യയിലെ ജനങ്ങൾ നൽകിയ സ്വീകരണത്തെക്കുറിച്ചു പ്രത്യേകം പരാമർശിച്ച പ്രധാനമന്ത്രി, അവരുടെ അനുഗ്രഹങ്ങൾ മാധുര്യത്തിൽ കുതിർന്നതാണെന്നും പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ സ്നേഹവും വാത്സല്യവും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, അതിവേഗ വികസനത്തിലൂടെ ഓരോ പൗരന്റെയും ആവശ്യങ്ങൾ നിറവേറ്റാനാണ് ഇരട്ട എൻജിൻ ഗവൺമെന്റ് ശ്രമിക്കുന്നതെന്നു വ്യക്തമാക്കി. കർണാടകത്തിലെ ജനങ്ങൾക്കുവേണ്ടിയുള്ള ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ അത്തരം ശ്രമങ്ങളുടെ ഭാഗമാണ് ആയിരക്കണക്കിനു കോടിരൂപയുടെ ഇന്നത്തെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ എന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരു-മൈസൂരു അതിവേഗ പാതയെക്കുറിച്ചു ദേശീയതലത്തിലുള്ള ചർച്ചകൾ ശ്രദ്ധയിൽപ്പെടുത്തിയ പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കൾ ഇത്തരത്തിലുള്ള ആധുനികവും ഉയർന്ന നിലവാരമുള്ളതുമായ അതിവേഗപാതകളിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞു. ഈ അതിവേഗ പാത മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം പകുതിയായി കുറച്ചതായി അദ്ദേഹം പറഞ്ഞു. മൈസൂരു-കുശാലനഗര നാലുവരിപ്പാതയ്ക്കു തറക്കല്ലിട്ട അദ്ദേഹം ഈ പദ്ധതികൾ 'ഏവരുടെയും വികസനം' എന്ന മനോഭാവത്തിനു കരുത്തേകുമെന്നും സമൃദ്ധിയുടെ കവാടങ്ങൾ തുറക്കുമെന്നും പറഞ്ഞു. ഈ പദ്ധതികൾക്കു കർണാടകത്തിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മഹത്‌വ്യക്തിത്വങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. “കർണാടകത്തിന്റെ വീരപുത്രന്മാരായ കൃഷ്ണരാജ ഒഡെയരും സർ എം വിശ്വേശ്വരയ്യയും രാജ്യത്തിനു പുതിയ കാഴ്ചപ്പാടും ശക്തിയും നൽകി. ഈ വിശിഷ്ട വ്യക്തികൾ ദുരന്തത്തെ അവസരമാക്കി മാറ്റുകയും അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യം മനസിലാക്കുകയും ചെയ്തു. അവരുടെ പ്രയത്നത്തിന്റെ നേട്ടങ്ങൾ കൊയ്യാൻ ഇന്നത്തെ തലമുറയ്ക്കു ഭാഗ്യം ലഭിച്ചു” - പ്രധാനമന്ത്രി പറഞ്ഞു. അവയുടെ ചുവടുപിടിച്ചാണു രാജ്യത്തു നൂതന അടിസ്ഥാനസൗകര്യ പദ്ധതികളുടെ വികസനം നടക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “ഭാരത്മാല - സാഗർമാല യോജന ഇന്ന് ഇന്ത്യയുടെയും കർണാടകത്തിന്റെയും സാഹചര്യങ്ങൾ മാറ്റിമറിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ കൊറോണ മഹാമാരിയുമായി മല്ലിടുമ്പോഴും രാജ്യത്തെ അടിസ്ഥാനസൗകര്യ ബജറ്റ് പലമടങ്ങു വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം രൂപ വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു. സുഖസൗകര്യങ്ങൾക്കു പുറമേ, തൊഴിലവസരങ്ങളും നിക്ഷേപങ്ങളും വരുമാന സാധ്യതകളും അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുവരുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കർണാടകത്തിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ ഹൈവേയുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഗവണ്മെന്റ് ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകത്തിലെ പ്രധാന നഗരങ്ങൾ എന്ന നിലയിൽ ബെംഗളൂരുവിന്റെയും മൈസൂരുവിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിന്റെയും ഈ രണ്ടു കേന്ദ്രങ്ങൾ തമ്മിലുള്ള സമ്പർക്കസൗകര്യം വിവിധ വശങ്ങളിൽനിന്നു നോക്കുമ്പോൾ പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി. രണ്ടു നഗരങ്ങൾക്കിടയിലുള്ള യാത്രയിൽ ഗതാഗതക്കുരുക്കിനെക്കുറിച്ചു പലപ്പോഴും പരാതികളുയരാറുണ്ടായിരുന്നെന്നും അതിവേഗ പാത രണ്ടു നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറായി കുറയ്ക്കുമെന്നും മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.
പൈതൃക നഗരങ്ങളായ രാമനഗര, മണ്ഡ്യ എന്നിവിടങ്ങളിലൂടെയാണു ബെംഗളൂരു-മൈസൂരു അതിവേഗ പാത കടന്നുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിനോദസഞ്ചാര സാധ്യതകൾക്ക് ഉത്തേജനം ലഭിക്കുമെന്നു മാത്രമല്ല, കാവേരി മാതാവിന്റെ ജന്മസ്ഥലത്തേക്കുള്ള പ്രവേശനം സാധ്യമാക്കുമെന്നും പറഞ്ഞു. മഴക്കാല മണ്ണിടിച്ചിലിനെ തുടർന്ന് ഈ മേഖലയിലെ തുറമുഖ സമ്പർക്കസൗകര്യം തടസപ്പെടുന്നതിന് ബെംഗളൂരു-മംഗളൂരു ദേശീയപാതയുടെ വീതികൂട്ടൽ പരിഹാരമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്പർക്ക സൗകര്യം വർധിക്കുന്നതോടെ മേഖലയിലെ വ്യവസായങ്ങളും അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഗവണ്മെന്റുകളുടെ ഉദാസീനസമീപനത്തെ വിമർശിച്ച പ്രധാനമന്ത്രി, പാവപ്പെട്ടവരുടെ വികസനത്തിനായി അനുവദിച്ച പണത്തിന്റെ ഭൂരിഭാഗവും കൊള്ളയടിക്കപ്പെട്ടുവെന്നു പറഞ്ഞു. 2014ൽ, പാവപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്ന, സംവേദനക്ഷമതയുള്ള ഗവണ്മെന്റ് അധികാരത്തിൽ വന്നതായി അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരെ സേവിക്കുന്നതിനായി ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുകയും ഭവനനിർമാണം, പൈപ്പ് വെള്ളം, ഉജ്വല പാചകവാതക കണക്ഷൻ, വൈദ്യുതി, റോഡുകൾ, ആശുപത്രികൾ, ദരിദ്രർക്കുള്ള ചികിത്സാ ആശങ്കകൾ കുറയ്ക്കൽ എന്നിവയ്ക്ക് മുൻഗണന നൽകുകയും ചെയ്തു. കഴിഞ്ഞ 9 വർഷത്തിനിടയിൽ, പാവപ്പെട്ടവരുടെ വീട്ടുപടിക്കലെത്തി ജീവിതം സുഗമമാക്കാൻ ഗവണ്മെന്റിനു സാധിച്ചുവെന്നും ദൗത്യമെന്ന നിലയിൽ സമ്പൂർണത കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനുള്ള ഗവണ്മെന്റിന്റെ സമീപനത്തെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 3 കോടിയിലധികം വീടുകൾ നിർമിച്ചതായും അതിൽ ലക്ഷക്കണക്കിനു വീടുകൾ കർണാടകത്തിൽ നിർമിച്ചതായും 40 ലക്ഷം പുതിയ വീടുകൾക്കു ജൽ ജീവൻ ദൗത്യത്തിൽ പൈപ്പ് വെള്ളം ലഭിച്ചതായും ചൂണ്ടിക്കാട്ടി. അപ്പർ ഭദ്ര പദ്ധതിക്കായി ഈ വർഷത്തെ ബജറ്റിൽ 5300 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ജലസേചന പദ്ധതികൾ അതിവേഗം പൂർത്തീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ ജനങ്ങൾ നേരിടുന്ന ജലസേചന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകത്തിലെ കർഷകർ നേരിടുന്ന ചെറിയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു പുറമെ, പിഎം കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർണാടകത്തിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 12,000 കോടി രൂപ ഗവണ്മെന്റ് നേരിട്ടു കൈമാറിയതായും മണ്ഡ്യ മേഖലയിലെ 2.75 ലക്ഷത്തിലധികം കർഷകർക്കു കേന്ദ്ര ഗവണ്മെന്റ് 600 കോടി രൂപ നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. പിഎം കിസാൻ സമ്മാൻ നിധിയുടെ 6000 രൂപ ഗഡുവിൽ 4000 രൂപ കൂട്ടിച്ചേർത്ത കർണാടക ഗവണ്മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരട്ട എൻജിൻ ഗവണ്മെന്റിനു കീഴിൽ കിസാന് ഇരട്ടി ആനുകൂല്യങ്ങളാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിളകളുടെ അനിശ്ചിതത്വം കരിമ്പു കർഷകർക്കു പഞ്ചസാര മില്ലുകളിൽ ദീർഘകാലമായി കുടിശ്ശിക നൽകാതിരിക്കാൻ കാരണമായെന്നു പ്രധാനമന്ത്രി പറഞ്ഞു. എഥനോൾ കൊണ്ടുവരുന്നത് ഈ പ്രശ്നത്തെ വലിയൊരളവുവരെ പരിഹാരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അസാധാരണ വിളവിന്റെ കാര്യത്തിൽ, അധിക കരിമ്പ് എഥനോൾ ഉൽപ്പാദിപ്പിക്കും. ഇതു കർഷകർക്കു സ്ഥിരവരുമാനം ഉറപ്പാക്കും. കഴിഞ്ഞ വർഷം രാജ്യത്തെ പഞ്ചസാര മില്ലുകൾ 20,000 കോടിയുടെ എഥനോൾ എണ്ണക്കമ്പനികൾക്കു വിറ്റതായും, ഇതു കരിമ്പു കർഷകർക്കു കൃത്യസമയത്തു പണം നൽകാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. 2013-14 മുതൽ പഞ്ചസാര മില്ലുകളിൽനിന്ന് 70,000 കോടി രൂപയുടെ എഥനോൾ വാങ്ങിയിട്ടുണ്ടെന്നും പണം കർഷകരിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ ബജറ്റിലും കരിമ്പു കർഷകർക്കായി പഞ്ചസാര സഹകരണ സംഘങ്ങൾക്ക് 10,000 കോടി രൂപയുടെ സഹായം, നികുതിയിളവ് തുടങ്ങി കർഷകർക്കു പ്രയോജനപ്പെടുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും ലോകമെമ്പാടുമുള്ള ജനങ്ങൾ രാജ്യത്തോടുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022ൽ ഇന്ത്യക്കു റെക്കോർഡ് വിദേശ നിക്ഷേപം ലഭിച്ചതായും ഏറ്റവും വലിയ ഗുണഭോക്താവായ കർണാടകത്തിന് 4 ലക്ഷം കോടിയിലധികം നിക്ഷേപം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. “ഈ റെക്കോർഡ് നിക്ഷേപം ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ പരിശ്രമങ്ങളെ എടുത്തുകാണിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. ഐടിക്കു പുറമെ ജൈവസാങ്കേതികവിദ്യ, പ്രതിരോധ ഉൽപ്പാദനം, വൈദ്യുതവാഹന നിർമാണം തുടങ്ങിയ വ്യവസായങ്ങൾ അതിവേഗം വികസിക്കുകയാണെന്നും എയ്റോസ്പേസ്, ബഹിരാകാശം തുടങ്ങിയ വ്യവസായങ്ങൾ അഭൂതപൂർവമായ നിക്ഷേപങ്ങൾക്കു സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ശ്രമഫലമായി അഭൂതപൂർവമായ വികസനം നടക്കുമ്പോൾ, ബെംഗളൂരു-മൈസൂരു അതിവേഗ പാതയുടെ വികസന പ്രവർത്തനങ്ങളിലും പാവപ്പെട്ടവരുടെ ജീവിതം സുഗമമാക്കുന്നതിലും മോദി മുഴുകിയിരിക്കുമ്പോൾ, മോദിയുടെ ശവക്കുഴി തോണ്ടുന്നതു സ്വപ്നം കാണുന്ന ചില രാഷ്ട്രീയ കക്ഷികളുടെ നടപടികളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് അമ്മമാരും സഹോദരിമാരും പെൺമക്കളും ഇന്ത്യയിലെ ജനങ്ങളുടെ അനുഗ്രഹവും തന്റെ സംരക്ഷണ കവചമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം എതിരാളികൾക്കു മുന്നറിയിപ്പു നൽകി. പ്രസംഗം ഉപസംഹരിക്കവേ, ഇന്നത്തെ പദ്ധതികൾക്കു കർണാടകത്തിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, “കർണാടകത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ഇരട്ട എൻജിൻ ഗവണ്മെന്റ് അനിവാര്യമാണെ”ന്നും പറഞ്ഞു.
കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, മണ്ഡ്യയിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീമതി സുമലത അംബരീഷ്, കർണാടക മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം:
രാജ്യത്തുടനീളം ലോകോത്തര സമ്പർക്കസൗകര്യങ്ങൾ ഉറപ്പാക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ തെളിവാണ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ദ്രുതഗതിയിലുള്ള വികസനം. ഈ ഉദ്യമത്തിൽ ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. ദേശീയപാത-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ ആറുവരിപ്പാത ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി വികസിപ്പിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം ഏകദേശം 3 മണിക്കൂറില്‍നിന്ന് 75 മിനിട്ടായി കുറയും. ഈ മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഉത്തേജകമായും ഇതു പ്രവര്‍ത്തിക്കും.
മൈസൂരു-കുശാലനഗര നാലുവരിപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏകദേശം 4130 കോടി രൂപ ചെലവിൽ 92 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി കുശാലനഗരയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. യാത്രാസമയം 5 മണിക്കൂറില്‍നിന്ന് 2.5 മണിക്കൂര്‍ എന്ന നിലയില്‍ പകുതിയായി കുറയ്ക്കുകയും ചെയ്യും.
Elated to be in Mandya today. Key road infrastructure projects are being launched from here which will boost connectivity across Karnataka. https://t.co/kzhm3JzeX7
— Narendra Modi (@narendramodi) March 12, 2023
The state-of-the-art road infrastructure projects being launched today in Karnataka will boost connectivity across the state and strengthen economic growth. pic.twitter.com/M6PJpi7Sc4
— PMO India (@PMOIndia) March 12, 2023
Initiatives like 'Bharatmala' and 'SagarMala' are transforming India's landscape. pic.twitter.com/Jmcq47IgSO
— PMO India (@PMOIndia) March 12, 2023
Good infrastructure enhances 'Ease of Living'. It creates new opportunities for progress. pic.twitter.com/BkWMwcaduK
— PMO India (@PMOIndia) March 12, 2023
Irrigation projects which were pending for decades in the country are being completed at a fast pace. pic.twitter.com/bp72C2VHJc
— PMO India (@PMOIndia) March 12, 2023
A move that will significantly benefit our hardworking sugarcane farmers... pic.twitter.com/tzlLwvfeyl
— PMO India (@PMOIndia) March 12, 2023
***
ND
(Release ID: 1906126)
Visitor Counter : 164
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada