പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ വേദിയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപനയോഗത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ ദുരന്തസാധ്യത കുറയ്ക്കലും നിർവഹണവും ജനമുന്നേറ്റമായി മാറുന്നു: ശ്രീ പി കെ മിശ്ര

“പ്രധാനമന്ത്രിയുടെ പത്തിനകാര്യപര‌ിപാടി പ്രാദേശികശേഷിയും സംരംഭങ്ങളും കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുന്നു; വിശേഷിച്ചും ദുരന്തനിവാരണത്തിൽ സ്ത്രീകളുടെ നേതൃത്വത്തിന്”

“ദുരന്തനിവാരണ സംവിധാനത്തെ പ്രൊഫഷണൽവൽക്കരിക്കുക, ജനങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന പരിപാടികളും ഇടപെടലുകളും വികസിപ്പിക്കുക എന്നിവയാണു മുന്നോട്ടുള്ള വഴി”

“ഏറ്റവും ദുർബലരായവരെ പിന്തുണയ്ക്കാനും അവരുടെ ജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കാനും നമുക്കു കഴിയുന്നില്ലെങ്കിൽ, നമ്മുടെ ജോലിയുടെ മുഴുവൻ ഉദ്ദേശ്യവും പരാജയപ്പെടും”


Posted On: 11 MAR 2023 6:18PM by PIB Thiruvananthpuram

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ വേദിയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപനയോഗത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി കെ മി‌ശ്ര അഭിസംബോധന ചെയ്തു. 2013 മുതൽ എൻപിഡിആർആറിന്റെ മൂന്നു സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുള്ള ശ്രീ മിശ്ര, സംഭാഷണങ്ങളുടെ വ്യാപ്തിയിലും ചർച്ചകളുടെ വിശാലതയിലും ആഴത്തിലും സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്തതുപോലെ ദുരന്തസാധ്യത കുറയ്ക്കുന്നതിനെ രാജ്യമൊട്ടാകെയുള്ള ‘ജനമുന്നേറ്റ’മാക്കി മാറ്റുകയാണ് ഈ പരിപാടി.

ദുരന്തസാധ്യതകൾ വർധിച്ചുവരുക മാത്രമല്ല, അപകടസാധ്യതകളുടെ പുതിയ മാതൃകകളും ഉയർന്നുവരുന്ന ഈ കാലത്ത്, ദുരന്തനിവാരണം പ്രാദേശികവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയോടു പ്രതികരിക്കുന്നതിനാൽ “മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പുനരുജ്ജീവനം കെട്ടിപ്പടുക്കുക” എന്ന സമ്മേളനപ്രമേയത്തിന്റെ പ്രാധാന്യം പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. പ്രാദേശികശേഷിയും സംരംഭങ്ങളും കെട്ടിപ്പടുക്കേണ്ടതിന്റെ, പ്രത്യേകിച്ചു ദുരന്തനിവാരണത്തിൽ സ്ത്രീകളുടെ നേതൃത്വം കൊണ്ടുവരേണ്ടതിന്റെ, ആവശ്യകതയ്ക്ക് ഊന്നൽ നൽകുന്ന പ്രധാനമന്ത്രിയുടെ പത്തിനകാര്യപരിപാടിയെക്കുറിച്ചു ശ്രീ മിശ്ര പരാമർശിച്ചു. സമ്മേളന നടപടികളിൽനിന്നു പാഠം ഉൾക്കൊണ്ട്, പ്രധാനമന്ത്രിയുടെ പത്തിന കാര്യപരിപാടിയും സെൻഡായ് ചട്ടക്കൂടും നടപ്പിലാക്കുന്നതിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളികൾക്കു പിന്തുടരാൻ രണ്ടു പ്രധാന വിഷയങ്ങൾ ശ്രീ മിശ്ര നിർദേശിച്ചു. ഒന്നാമത്തേത്, സംസ്ഥാന-ജില്ലാ തലങ്ങളിൽ ദുരന്തനിവാരണ സംവിധാനം പ്രൊഫഷണൽവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ്. രണ്ടാമതായി, ജനങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന പരിപാടികളും ഇടപെടലുകളും വികസിപ്പിക്കുക.

ആദ്യ വിഷയവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞതിങ്ങനെ: “ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളെയും പ്രൊഫഷണലായി പരിശീലനം ലഭിച്ച ജീവനക്കാർ, അനുയോജ്യമായ ഘടന, നി‌ർവഹണ അടിസ്ഥാനസൗകര്യം, ആധുനിക തൊഴിലിടം, ദ്രുതപ്രതികരണ കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ആവശ്യത്തിനു പിന്തുണയ്ക്കേണ്ടതുണ്ട്”. ഈ പ്രൊഫഷണൽവൽക്കരണം എസ്‌ഡിഎംഎസുകൾ, ഡിഡിഎംഎകൾ എന്നിവ ഉൾക്കൊള്ളേണ്ടതുണ്ട്. എൻ‌ഡി‌ആർ‌എഫിന്റെയും എസ്‌ഡി‌ആർ‌എഫിന്റെയും വരവോടെ സംഭവിച്ച ദുരന്തപ്രതികരണത്തിന്റെ പ്രൊഫഷണൽവൽക്കരണത്തിന്റെ മാതൃകയിൽ ദുരന്തനിവാരണവും ദുരന്ത ലഘൂകരണവും പ്രൊഫഷണൽവൽക്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കു മതിയായ വിഭവങ്ങളുണ്ടെന്നും അവയെ എൻഡിഎംഎ, എൻഐഡിഎം, എൻഡിആർഎഫ് എന്നിവ ഏകോപിപ്പിച്ചു പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടി വികസനത്തിന്റെ രണ്ടാമത്തെ വിഷയവുമായി ബന്ധപ്പെട്ട്, നയങ്ങളും പരിപാടികളും കൈകോർത്തുപോകുന്നുണ്ടെന്നു ശ്രീ മിശ്ര പറഞ്ഞു. “പരിപാടികളുടെ വികസനത്തിൽ നാം എല്ലാ മേഖലകളിലും പ്രവർത്തിക്കണം. ദുരന്തനിവാരണം, പരിസ്ഥിതി, ജലസ്രോതസുകൾ, വിദ്യാഭ്യാസം, നഗരവികസനം, കൃഷി, പൊതുജനാരോഗ്യ മേഖലകൾ എന്നിവയുടെ സംയോജിത പ്രയത്നം ഇതിനാവശ്യമാണ്” -അദ്ദേഹം പറഞ്ഞു.

അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നമ്മുടെ പതിവുപരിപാടികൾ എങ്ങനെ പ്രയോഗിക്കണമെന്ന് അറിയുന്നതുവരെ വികസനത്തിൽ ദുരന്തനിവാരണത്തിന്റെ മുഖ്യധാരാവികസനം സാധ്യമല്ല എന്നതിനാൽ, ദുരന്തനിവാരണത്തിന്റെ പ്രയോഗം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉചിതമായ സന്ദർഭമായി അന്തർമേഖലാ പരിപാിടകൾ വികസിപ്പിക്കുന്നതു പരിഗണിക്കണമെന്നു പ്രിൻസിപ്പൽ സെക്രട്ടറി എൻഡിഎംഎയോട് ആവശ്യപ്പെട്ടു. ഏറ്റവും ദുർബലരായവരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രൊഫഷണൽവൽക്കരണം, പരിപാടി വികസനം എന്നീ പ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങളുടെ ലഭ്യതയിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾക്കു ദുരന്തനിവാരണ ഉപകരണങ്ങളും സമ്പ്രദായങ്ങളും, ചുഴലിക്കാറ്റുകൾപോലുള്ള സംഭവങ്ങളിൽ കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നുവർഷം ഏറെ നിർണായകമാണെന്നും ഏകമനസോടെ നാം ഇതു പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സെൻഡായി ചട്ടക്കൂടിന്റെ എട്ടാം വാർഷികം ഒരാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നു പറഞ്ഞ പ്രിൻസി‌പ്പൽ സെക്രട്ടറി ഇതിന്റെ മന്ദഗതിയിലുള്ള പുരോഗതിയെക്കുറിച്ചു ബന്ധപ്പെട്ടവർക്കു മുന്നറിയിപ്പു നൽകിയാണ് ഉപസംഹരിച്ചത്. “ഈ 15 വർഷത്തെ ചട്ടക്കൂടിന്റെ പകുതിയിലധികം സമയവും കടന്നുപോയി. സെൻഡായി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽനിന്നു ലോകം ഏറെ അകലെയാണ്. കൂടുതൽ അതിജീവനശേഷിയുള്ള സമൂഹങ്ങളുള്ള സുരക്ഷിതമായ രാജ്യത്തിനും സുരക്ഷിതമായ ലോകത്തിനുംവേണ്ടി പ്രവർത്തിക്കുന്നതിന്, കൂടുതൽ ഫലപ്രദവും കൂടുതൽ പ്രതികരണാത്മകവുമായ ദുരന്തനിവാരണ സംവിധാനം സൃഷ്ടിക്കാൻ നാം സ്വയം സമർപ്പിക്കണം”- അദ്ദേഹം കൂട്ടിച്ചേർത്തു.

-ND-



(Release ID: 1905956) Visitor Counter : 141