വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ശ്രീ രാജേഷ് മൽഹോത്ര ചുമതലയേറ്റു

Posted On: 01 MAR 2023 10:41AM by PIB Thiruvananthpuram

ന്യൂ ഡൽഹി: മാർച്ച് 1, 2023

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ശ്രീ രാജേഷ് മൽഹോത്ര ഇന്ന് ചുമതലയേറ്റു. ഇന്നലെ ശ്രീ സത്യേന്ദ്ര പ്രകാശ് വിരമിച്ച ഒഴിവിലാണ് ശ്രീ മൽഹോത്ര ചുമതലയേറ്റത്.



1989 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഉദ്യോഗസ്ഥനായ ശ്രീ രാജേഷ് മൽഹോത്ര, 2018 ജനുവരി മുതൽ ധനകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. നിർണായകമായ കോവിഡ്-19 മഹാമാരി സമയത്ത്, അദ്ദേഹം ധനകാര്യ മന്ത്രാലയത്തിലെ മാധ്യമ, ആശയവിനിമയ നയങ്ങൾ ഫലപ്രദമായി നിർവഹിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി വിവിധ കാലയളവിൽ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച വിവിധ ആത്മനിർഭർ ഭാരത് പാക്കേജുകളുമായി മന്ത്രാലയത്തിന്റെ നയങ്ങളെ അദ്ദേഹം ഫലപ്രദമായി സമന്വയിപ്പിച്ചു.

വിവിധ കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾക്കായി മീഡിയ & കമ്മ്യൂണിക്കേഷൻ നയങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ശ്രീ മൽഹോത്രയ്ക്ക് 32 വർഷത്തിൽ അധികം പ്രവർത്തന പരിചയമുണ്ട്. കൂടാതെ, അദ്ദേഹം 21 വർഷക്കാലം (1996-2017) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ & കമ്മ്യൂണിക്കേഷൻ ചുമതല വഹിച്ചിരുന്നു. അക്കാലത്തു ലോക്‌സഭയിലേക്കുള്ള ആറ് പൊതുതെരഞ്ഞെടുപ്പുകളിലും, നിരവധി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും മാധ്യമ-ആശയവിനിമയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. ഈ കാലയളവിൽ ശ്രീ മൽഹോത്ര 12 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരോടൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.



ശ്രീ മൽഹോത്ര, ഗാസിയാബാദിലെ IMT-യിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും ഹൈദരാബാദിലെ NALSAR-ൽ നിന്ന് മാധ്യമ നിയമങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.  കൂടാതെ, കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള പബ്ലിക് പോളിസി അനാലിസിസ്, യുകെയിലെ തോംസൺ ഫൗണ്ടേഷനിലെ മീഡിയ മാനേജ്‌മെന്റ് & സ്ട്രാറ്റജീസ് എന്നീ ഹ്രസ്വകാല കോഴ്‌സിലും , ഐഐഎം ലഖ്‌നൗ ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച 'വിപണനം: വിജയത്തിനായുള്ള ആശയങ്ങളും  പ്രവർത്തനവും' എന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഫെല്ലോ അംഗം കൂടിയായ അദ്ദേഹം നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.

ഒരു വക്താവ് എന്ന നിലയിൽ, ഗവൺമെന്റും മാധ്യമങ്ങളും തമ്മിൽ ആശയവിനിമയം വിജയകരമായി നടത്തിയതിന്റെ അനുഭവപരിചയം ശ്രീ മൽഹോത്രയ്ക്കുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ വിവിധ ചുമതലകൾ വഹിക്കുമ്പോൾ അദ്ദേഹം അവിടെല്ലാം ഏതെങ്കിലും പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായാൽ അത് വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള അദേഹത്തിന്റെ ഔദ്യോഗിക കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വിവിധ മന്ത്രിതല പ്രതിനിധി സംഘങ്ങളുടെ അവിഭാജ്യ ഘടകമായതിനാൽ അന്താരാഷ്ട്ര സമ്മേളനങ്ങൾ/പരിപാടികൾ എന്നിവയ്ക്കായി മാധ്യമ കവറേജ് ഏകോപിപ്പിക്കുന്നതിലും വിപുലമായ അനുഭവ സമ്പത്തുണ്ട്.
 
***********


(Release ID: 1903334) Visitor Counter : 146