പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘നഗരാസൂത്രണവും വികസനവും ശുചിത്വവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വേഗതയേറിയ അന്തരീക്ഷത്തിൽ, മികച്ച രീതിയി‌ൽ ആസൂത്രണം ചെയ്ത നഗരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്”

“പുതിയ നഗരങ്ങളുടെ വികസനവും നിലവിലുള്ളവയിലെ സേവനങ്ങളുടെ ആധുനികവൽക്കരണവും നഗരവികസനത്തിന്റെ രണ്ടു പ്രധാന വശങ്ങളാണ്”

“നഗരാസൂത്രണം അമൃതകാലത്തെ നമ്മുടെ നഗരങ്ങളുടെ ഭാഗധേയം നിർണയിക്കും; മികച്ച രീതിയിൽ ആസൂത്രണം ചെയ്ത നഗരങ്ങൾ മാത്രമേ ഇന്ത്യയുടെ വിധി നിർണയിക്കൂ”

“മെട്രോ ശൃംഖലാ സമ്പർക്കസൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ നിരവധി രാജ്യങ്ങളെ മറികടന്നു”

“2014ൽ 14-15 ശതമാനം മാലിന്യം മാത്രമാണു സംസ്കരിച്ചതെങ്കിൽ ഇന്ന് 75 ശതമാനം സംസ്കരിക്കപ്പെടുന്നു”

“നമ്മുടെ പുതിയ നഗരങ്ങൾ മാലിന്യമുക്തവും ജലസുരക്ഷിതവും കാലാവസ്ഥയെ അതിജീവിക്കുന്നതുമായിരിക്കണം”

“ഗവൺമെന്റ് ആവിഷ്കരി‌ക്കുന്ന പദ്ധതികളും നയങ്ങളും നഗരങ്ങളിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുക മാത്രമല്ല, അവരുടെ സ്വന്തം വികസനത്തിനു സഹായിക്കുകയും വേണം”


Posted On: 01 MAR 2023 11:29AM by PIB Thiruvananthpuram

ആസൂത്രണത്തിന് ഊന്നൽ നൽകുന്ന നഗരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ടു നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആറാമത്തേതാണ് ഇത്.

സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ഒന്നോ രണ്ടോ ആസൂത്രിത നഗരങ്ങൾ മാത്രമേ വികസിപ്പിച്ചിട്ടുള്ളൂവെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുള്ളിൽ 75 ആസൂത്രിത നഗരങ്ങൾ വികസിപ്പിച്ചിരുന്നുവെങ്കിൽ, ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം തികച്ചും വ്യത്യസ്തമായേനെ എന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വേഗതയേറിയ അന്തരീക്ഷത്തിൽ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത നഗരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ നഗരങ്ങളുടെ വികസനവും നിലവിലുള്ള നഗരങ്ങളിലെ സേവനങ്ങളുടെ ആധുനികവൽക്കരണവുമാണ് നഗരവികസനത്തിന്റെ രണ്ടു പ്രധാന വശങ്ങളെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ ഓരോ ബജറ്റിലും നഗരവികസനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. നഗരവികസനത്തിന്റെ വിവിധ വശങ്ങൾക്കായി ഈ വർഷത്തെ ബജറ്റിൽ 15,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് ആസൂത്രിത നഗരവൽക്കരണത്തിന് ഊർജം പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നഗര വികസനത്തിൽ ആസൂത്രണത്തിന്റെയും ഭരണത്തിന്റെയും പ്രധാന പങ്ക് പ്രധാനമന്ത്രി ആവർത്തിച്ചു. നഗരങ്ങളുടെ മോശം ആസൂത്രണമോ ആസൂത്രണത്തിനുശേഷം ശരിയായ നടപ്പാക്കലിന്റെ അഭാവമോ ഇന്ത്യയുടെ വികസന യാത്രയിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലമുപയോഗിക്കുന്നതിന്റെ കാര്യത്തിലെ ആസൂത്രണം, ഗതാഗത ആസൂത്രണം, നഗര അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വളരെ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. സംസ്ഥാനങ്ങളിലെ നഗരാസൂത്രണ ആവാസവ്യവസ്ഥയെ എങ്ങനെ ശക്തിപ്പെടുത്താം, നഗരാസൂത്രണത്തിൽ സ്വകാര്യമേഖലയിൽ ലഭ്യമായ വൈദഗ്ധ്യം എങ്ങനെ ശരിയായി വിനിയോഗിക്കാം, നഗരാസൂത്രണത്തെ പുതിയ തലത്തിലേക്കു കൊണ്ടുപോകുന്ന മികവിന്റെ കേന്ദ്രം എങ്ങനെ വികസിപ്പിക്കാം എന്നീ മൂന്നു പ്രധാന ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വെബിനാറിൽ പങ്കെടുത്തവരോട് അദ്ദേഹം അഭ്യർഥിച്ചു. ആസൂത്രിതമായ നഗരപ്രദേശങ്ങൾ ഒരുക്കുമ്പോൾ മാത്രമേ എല്ലാ സംസ്ഥാന ഗവണ്മെന്റുകൾക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കും വികസിത രാജ്യത്തിനായി സംഭാവനകൾ നൽകാൻ കഴിയൂ എന്ന് അദ്ദേഹം പരാമർശിച്ചു. “നഗരാസൂത്രണം അമൃതകാലത്തെ നമ്മുടെ നഗരങ്ങളുടെ ഭാഗധേയം നിർണയിക്കും; നന്നായി ആസൂത്രണം ചെയ്ത നഗരങ്ങൾ മാത്രമേ ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുകയുള്ളൂ” - പ്രധാനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ആസൂത്രണത്തിലൂടെ മാത്രമേ നമ്മുടെ നഗരങ്ങൾ കാലാവസ്ഥയെ അതിജീവിക്കുന്നതും ജലസുരക്ഷയുള്ളതുമായി മാറൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന ആശയങ്ങളുമായി മുന്നോട്ടുവരാൻ വിദഗ്ധരോട് അഭ്യർഥിച്ച പ്രധാനമന്ത്രി, ജിഐഎസ് അധിഷ്ഠി‌ത ആസൂത്രണം, വിവിധ തരത്തിലുള്ള ആസൂത്രണ ഉപകരണങ്ങളുടെ വികസനം, കാര്യക്ഷമമായ മാനവ വിഭവശേഷി, ശേഷി വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ അവർക്കു വഹിക്കാനാകുന്ന പങ്ക് എടുത്തുപറഞ്ഞു. അവരുടെ വൈദഗ്ധ്യം നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറെ ആവശ്യമാണെന്നും അതിലൂടെ നിരവധി അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത ആസൂത്രണം നഗരങ്ങളുടെ വികസനത്തിന്റെ പ്രധാന സ്തംഭമാണെന്നും നമ്മുടെ നഗരങ്ങളുടെ ചലനാത്മകത തടസമില്ലാതെ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014നു മുമ്പു രാജ്യത്തുണ്ടായിരുന്ന മെട്രോ സമ്പർക്കസൗകര്യങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, നിലവിലെ ഗവണ്മെന്റ് പല നഗരങ്ങളിലും മെട്രോ റെയിലിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും മെട്രോ ശൃംഖലാ സമ്പർക്കസൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ നിരവധി രാജ്യങ്ങളെ മറികടന്നുവെന്നും ചൂണ്ടിക്കാട്ടി. മെട്രോ ശൃംഖല ശക്തിപ്പെടുത്തേണ്ടതിന്റെയും സാർവത്രിക സമ്പർക്കസൗകര്യം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. നഗരങ്ങളിലെ റോഡുകളുടെ വീതി കൂട്ടൽ, ഹരി‌ത മൊബിലിറ്റി, മേൽപ്പാതകൾ, ജങ്ഷൻ മെച്ചപ്പെടുത്തൽ എന്നിവ ഗതാഗത ആസൂത്രണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ചാക്രിക സമ്പദ്‌വ്യവസ്ഥയെ നഗരവികസനത്തിന്റെ പ്രധാന അടിത്തറയായി ഇന്ത്യ മാറ്റുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. ബാറ്ററി മാലിന്യങ്ങൾ, ഇലക്ട്രിക്കൽ മാലിന്യങ്ങൾ, ഓട്ടോമൊബൈൽ അവശിഷ്ടങ്ങൾ, ടയറുകൾ, കമ്പോസ്റ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മാലിന്യങ്ങൾ തുടങ്ങി ആയിരക്കണക്കിനു ടൺ മുനിസിപ്പൽ മാലിന്യങ്ങൾ നമ്മുടെ രാജ്യത്ത് ഓരോ ദിവസവും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ൽ 14-15 ശതമാനം മാലിന്യം മാത്രമാണു സംസ്കരിച്ചി‌രുന്നതെങ്കിൽ ഇപ്പോൾ മാലിന്യത്തിന്റെ 75 ശതമാനവും സംസ്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടി നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ നഗരപ്രാന്തങ്ങൾ മാലിന്യക്കൂമ്പാരങ്ങളാൽ നിറയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിലൂടെ നഗരങ്ങളെ മാലിന്യക്കൂമ്പാരത്തിൽ നിന്നു മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇതു നിരവധി വ്യവസായങ്ങൾക്കു പുനരുപയോഗത്തിനും ചാക്രികതയ്ക്കുമുള്ള അവസരങ്ങൾ നിറഞ്ഞ വാതിൽ തുറക്കുമെന്നു ചൂണ്ടിക്കാട്ടി. ഈ രംഗത്തു മികച്ച പ്രവർത്തനം നടത്തുന്ന സ്റ്റാർട്ടപ്പുകളെ ഏവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വ്യവസായങ്ങൾ മാലിന്യ സംസ്കരണത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, അമൃത പദ്ധതിയുടെ വിജയത്തിനു ശേഷമാണു നഗരങ്ങളിൽ ശുദ്ധമായ കുടിവെള്ളത്തിനായി അമൃത് 2.0 ആരംഭിച്ചതെന്നു ചൂണ്ടിക്കാട്ടി. ജലത്തിന്റെയും മലിനജലത്തിന്റെയും പരമ്പരാഗത മാതൃകയ്ക്കു മുന്നോടിയായുള്ള ആസൂത്രണത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഉപയോഗിച്ച വെള്ളം ചില നഗരങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി ശുദ്ധീകരിച്ച് അയക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

“നമ്മുടെ പുതിയ നഗരങ്ങൾ മാലിന്യമുക്തവും ജലസുരക്ഷിതവും കാലാവസ്ഥയെ അതിജീവിക്കുന്നതുമായിരിക്കണം” - രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിലും ആസൂത്രണത്തിലും നിക്ഷേപം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രൂപകൽപ്പന, സീറോ ഡിസ്ചാർജ് മോഡൽ, ഊർജത്തിന്റെ നെറ്റ് പോസിറ്റിവിറ്റി, ഭൂവിനിയോഗത്തിലെ കാര്യക്ഷമത, ഗതാഗത ഇടനാഴികൾ, പൊതുസേവനങ്ങളിൽ നിർമിത ബുദ്ധിയുടെ ഉപയോഗം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം നമ്മുടെ ഭാവി നഗരങ്ങളെ നിർവചിക്കേണ്ടതെന്നു പ്രധാനമന്ത്രി പറഞ്ഞു. നഗരാസൂത്രണത്തിന്റെ ഭാഗമായി കുട്ടികൾക്കായി കളിസ്ഥലങ്ങളും സൈക്കിൾ സവാരിക്കുള്ള പാതകളും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഗവണ്മെന്റ് നടപ്പാക്കുന്ന പദ്ധതികളും നയങ്ങളും നഗരങ്ങളിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുക മാത്രമല്ല അവരുടെ സ്വന്തം വികസനത്തിനു സഹായിക്കുകയും വേണം” - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ പിഎം-ആവാസ് യോജനയ്ക്കായി 80,000 കോടി രൂപ ചെലവഴിക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഒരു വീടു പണിയുമ്പോഴെല്ലാം സിമന്റ്, സ്റ്റീൽ, പെയിന്റ്, ഫർണിച്ചർ തുടങ്ങിയ വ്യവസായങ്ങൾക്ക് ഉത്തേജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരവികസന രംഗത്ത് ഭാവിമുന്നിൽ കണ്ടുള്ള സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പങ്കിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, ഈ ദിശയിൽ ചിന്തിക്കാനും വേഗത്തിൽ പ്രവർത്തിക്കാനും സ്റ്റാർട്ടപ്പുകളോടും വ്യവസായത്തോടും അഭ്യർഥിച്ചു. “നിലവിലുള്ള സാധ്യതകൾ നാം പ്രയോജനപ്പെടുത്തുകയും പുതിയ സാധ്യതകൾ സൃഷ്ടിക്കുകയും വേണം. സുസ്ഥിര ഭവന സാങ്കേതികവിദ്യ മുതൽ സുസ്ഥിര നഗരങ്ങൾ വരെ, നമുക്കു പുതിയ പ്രതിവിധികൾ കണ്ടെത്തേണ്ടതുണ്ട്” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

-ND-

(Release ID: 1903317) Visitor Counter : 164