വ്യോമയാന മന്ത്രാലയം

1944ലെ അന്താരാഷ്ട്ര സിവില്‍ വ്യോമയാന കണ്‍വെന്‍ഷനിലെ (ഷിക്കാഗോ കൺവെൻഷൻ) ഭേദഗതികളുമായി ബന്ധപ്പെട്ട് വിവിധ ആർട്ടിക്കിളുകൾ സംബന്ധിച്ച 3 പ്രോട്ടോക്കോളുകള്‍ക്കു മന്ത്രിസഭയുടെ അംഗീകാരം

Posted On: 22 FEB 2023 12:45PM by PIB Thiruvananthpuram

1944ലെ അന്താരാഷ്ട്ര സിവില്‍ വ്യോമയാന കണ്‍വെന്‍ഷനിലെ (ഷിക്കാഗോ കണ്‍വെന്‍ഷന്‍) ഭേദഗതികളുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 3 ബിഐഎസ്, ആര്‍ട്ടിക്കിള്‍ 50 (എ), ആര്‍ട്ടിക്കിള്‍ 56 എന്നിവ സംബന്ധിച്ച മൂന്ന് പ്രോട്ടോക്കോളുകൾ അംഗീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഷിക്കാഗോ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിളുകള്‍ കരാറിലുൾപ്പെട്ട എല്ലാ രാജ്യങ്ങളുടെയും പ്രത്യേകാവകാശങ്ങളും കടമകളും സ്ഥാപിക്കുകയും, അന്തർദേശീയ വ്യോമഗതാഗതം നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഐസിഎഒ സ്റ്റാന്‍ഡേര്‍ഡുകളും ശുപാര്‍ശ ചെയ്ത സമ്പ്രദായങ്ങളും (എസ്എആര്‍പി) സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ 78 വര്‍ഷത്തിനിടയില്‍, ഷിക്കാഗോ കണ്‍വെന്‍ഷന്‍ ചില ഭേദഗതികള്‍ക്ക് വിധേയമായി. ഇന്ത്യ കാലാകാലങ്ങളില്‍ അത്തരം ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാറുണ്ട്. 1944ലെ അന്താരാഷ്ട്ര സിവില്‍ വ്യോമയാന കണ്‍വെന്‍ഷനിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന മൂന്ന് പ്രോട്ടോക്കോളുകൾക്കാണ് അംഗീകാരം നല്‍കിയത്:

i. 1944 ലെ ചിക്കാഗോ കണ്‍വെന്‍ഷനില്‍ ആര്‍ട്ടിക്കിള്‍ 3 ബിഐഎസ് ഉള്‍പ്പെടുത്തുന്നതിനുള്ള പ്രോട്ടോക്കോള്‍ - യാത്രാവിമാനങ്ങള്‍ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അംഗരാജ്യങ്ങളെ തടയാന്‍ (1984 മെയ് മാസത്തില്‍ ഒപ്പുവച്ച പ്രോട്ടോക്കോള്‍);
ii. ഐസിഎഒ കൗണ്‍സിലിന്റെ അംഗബലം 36ല്‍ നിന്ന് 40 ആയി ഉയര്‍ത്തുന്നതിനായി 1944ലെ ഷിക്കാഗോ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 50 (എ) ഭേദഗതി ചെയ്യുന്നതിനുള്ള പ്രോട്ടോക്കോള്‍ (2016 ഒക്ടോബറില്‍ ഒപ്പിട്ട പ്രോട്ടോക്കോള്‍);
iii. വ്യോമ നാവിഗേഷന്‍ കമ്മിഷന്റെ അംഗബലം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നതിനായി 1944 ലെ ഷ‌ിക്കാഗോ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 56 ഭേദഗതി ചെയ്യുന്നതിനുള്ള പ്രോട്ടോക്കോള്‍ (2016 ഒക്ടോബറില്‍ ഒപ്പിട്ട പ്രോട്ടോക്കോള്‍).

അന്താരാഷ്ട്ര സിവില്‍ വ്യോമയാന കണ്‍വെന്‍ഷനില്‍ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ അംഗീകാരം ഊട്ടിയുറപ്പിക്കും. അന്താരാഷ്ട്ര സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രയോജനപ്രദമാകാന്‍ ഈ അംഗീകാരം മികച്ച സാധ്യതകളും അവസരങ്ങളും നല്‍കുമെന്ന് കരുതപ്പെടുന്നു.

-ND-



(Release ID: 1901297) Visitor Counter : 79