പ്രധാനമന്ത്രിയുടെ ഓഫീസ്‌

തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്തി'ല്‍ ഉള്‍പ്പെട്ട എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു



''ഭൂകമ്പ സമയത്ത് പൊടുന്നനെയുള്ള ഇന്ത്യയുടെ പ്രതികരണം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ചു. നമ്മുടെ രക്ഷാ-ദുരിതാശ്വാസ ടീമുകളുടെ തയ്യാറെടുപ്പിന്റെ പ്രതിഫലനമാണിത്''

''ഇന്ത്യ അതിന്റെ സ്വയംപര്യാപ്തതയ്‌ക്കൊപ്പം നിസ്വാര്‍ത്ഥതയേയും പരിപോഷിപ്പിച്ചു''

''ലോകത്ത് എവിടെ ഒരു ദുരന്തമുണ്ടായാലും അതില്‍ ആദ്യം പ്രതികരിക്കുന്നതിന് സജ്ജരായി ഇന്ത്യയെ കാണാം''

''ത്രിവര്‍ണ്ണ പതാകയുമായി നാം എവിടെയൊക്കെ എത്തിയാലും ഇന്ത്യന്‍ ടീമുകള്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട് സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങുമെന്ന ഒരു ഉറപ്പ് അവിടെയൊക്കെയുണ്ട്''

''രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ എന്‍.ഡി.ആര്‍.എഫ് വളരെ നല്ല മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു''

'' ലോകത്തിലെ ഏറ്റവും മികച്ച രക്ഷാ ദുരിതാശ്വാസ ടീം എന്ന നമ്മുടെ സ്വത്വത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ തയ്യാറെടുപ്പ് എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രയും നന്നായി ലോകത്തെ സേവിക്കാന്‍ നമുക്ക് കഴിയും



Posted On: 20 FEB 2023 7:48PM by PIB Thiruvananthpuram

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്ത്' സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയിലെ  ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു.

ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും 'ഓപ്പറേഷന്‍ ദോസ്തി'ലൂടെ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ അഭിനന്ദിച്ചു. 'വസുധൈവ കുടുംബകം' എന്ന ആശയത്തെ പ്രധാനമന്ത്രി വിശദീകരിച്ചു. തുര്‍ക്കിയയിലും സിറിയയിലും ഇന്ത്യന്‍ ടീം ലോകം മുഴുവന്‍ നമുക്ക് ഒരു കുടുംബമെന്ന മനോഭാവമാണ് പ്രതിഫലിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളില്‍ ദ്രുതഗതിയിലുള്ള പ്രതികരണ സമയത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച പ്രധാനമന്ത്രി സുവര്‍ണ്ണ മണിക്കൂറിനെക്കുറിച്ച് പരാമര്‍ശിക്കുകയും തുര്‍ക്കിയിലെ എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെ ദ്രുതഗതിയിലുള്ള പ്രതികരണം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ചതായി പറയുകയും ചെയ്തു. ടീമിന്റെ തയ്യാറെടുപ്പും പരിശീലന നൈപുണ്യവും എടുത്തുകാണിക്കുന്നതാണ് അതിവേഗത്തിലുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങളോരോന്നും കണ്ടതിന് ശേഷം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായി സംഘത്തിലെ അംഗങ്ങളെ അവരുടെ പ്രയത്‌നങ്ങള്‍ക്ക് അനുഗ്രഹിച്ച അമ്മയുടെ ചിത്രങ്ങള്‍ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്ത പ്രൊഫഷണലിസത്തിനും മാനുഷിക സ്പര്‍ശനത്തിനും അടിവരയിട്ട പ്രധാനമന്ത്രി, എല്ലാം നഷ്ടപ്പെടുകയും ഒരു വ്യക്തി മാനസികാഘാതത്തിനെ നേരിടുകയും ചെയ്യുമ്പോള്‍ അത് നിര്‍ണായക പങ്ക് വഹിക്കുമെന്നും പറഞ്ഞു. സംഘം കാണിച്ച അനുകമ്പയോടെയുള്ള പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു
2001ലെ ഗുജറാത്തിലെ ഭൂകമ്പത്തേയും അവിടെ ഒരു സന്നദ്ധസേവകനായിരുന്ന കാലത്തേയും അനുസ്മരിച്ച പ്രധാനമന്ത്രി, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും അതിനു താഴെ കിടക്കുന്നവരെ കണ്ടെത്തുന്നതിനുമുള്ള ദൗത്യത്തിന്റെ പ്രയാസവും ഭുജില്‍ ആശുപത്രി തന്നെ തകര്‍ന്നത് മുഴുവന്‍ മെഡിക്കല്‍ സംവിധാനത്തേയും എങ്ങനെ ബാധിച്ചുവെന്നതിനും അടിവരയിട്ടു. 1979ലെ മച്ചു ഡാം ദുരന്തവും പ്രധാനമന്ത്രി അനുസ്മരിച്ചു.'' ഈ ദുരന്തങ്ങളിലെ എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, നിങ്ങളുടെ കഠിനാദ്ധ്വാനത്തെയും മനോഭാവത്തേയും വികാരങ്ങളെയും എനിക്ക് അഭിനന്ദിക്കാന്‍ കഴിയും. ഇന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു'', പ്രധാനമന്ത്രി പറഞ്ഞു.
സ്വയം സഹായിക്കാന്‍ കഴിവുള്ളവരെ സ്വയം പര്യാപ്തര്‍ എന്നാണ് വിളിക്കുന്നത്, എന്നാല്‍ ആവശ്യമുള്ള സമയത്ത് മറ്റുള്ളവരെ സഹായിക്കാന്‍ കഴിവുള്ളവരെ നിസ്വാര്‍ത്ഥര്‍ എന്ന് വിളിക്കുമെന്നതിനും അദ്ദേഹം അടിവരയിട്ടു. ഇത് വ്യക്തികള്‍ക്ക് മാത്രമല്ല രാജ്യങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ അതിന്റെ സ്വയംപര്യാപ്തതയ്‌ക്കൊപ്പം നിസ്വാര്‍ത്ഥതയേയും പരിപോഷിപ്പിച്ചത്. ' ത്രിവര്‍ണ്ണ പതാകതകയുമായി നാം എവിടെയൊക്കെ എത്തിയാലും, ഇന്ത്യന്‍ ടീമുകള്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞിട്ടുണ്ടെന്നും സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങുമെന്നും അവിടെയൊക്കെ ഉറപ്പുണ്ടാകാറുമുണ്ട്'', യുക്രെയ്‌നില്‍ ത്രിവര്‍ണ്ണ പതാകയുടെ പങ്കിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ജനങ്ങള്‍ക്കിടയില്‍ ത്രിവര്‍ണ പതാക നേടിയെടുത്ത ആദരവിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ സമയത്ത് ത്രിവര്‍ണ്ണ പതാക യുക്രെനിലെ എല്ലാവര്‍ക്കും ഒരു കവചമായി പ്രവര്‍ത്തിച്ചത് എങ്ങനെയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. അതുപോലെ, ഓപ്പറേഷന്‍ ദേവി ശക്തിയിലൂടെ വളരെ പ്രതികൂലമായ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൊറോണ മഹാമാരിയുടെ കാലത്ത് ഓരോ പൗരനെയും ഇന്ത്യ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നപ്പോഴും മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്തുകൊണ്ട് ആഗോളതലത്തില്‍ സ്വീകാര്യത നേടിയപ്പോഴും ഇതേ പ്രതിബദ്ധതയാണ് പ്രകടമായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായപ്പോള്‍ ആദ്യമായി പ്രതികരിച്ചവരില്‍ ഒരാളായിരുന്നു ഇന്ത്യ'', 'ഓപ്പറേഷന്‍ ദോസ്ത്' വഴി മാനവികതയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ഭൂകമ്പങ്ങളുടെയും മാലിദ്വീപിലെയും ശ്രീലങ്കയിലെയും പ്രതിസന്ധിയുടെയും ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേനയെപ്പോലെത്തന്നെ എന്‍.ഡി.ആര്‍.എഫിലും മറ്റ് രാജ്യങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ എന്‍.ഡി.ആര്‍.എഫ് വളരെ നല്ല മതിപ്പ് ഉണ്ടാക്കിയതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ''രാജ്യത്തെ ജനങ്ങള്‍ എന്‍.ഡി.ആര്‍.എഫില്‍ വിശ്വാസമര്‍പ്പിക്കുന്നു'' അദ്ദേഹം പറഞ്ഞു. എന്‍.ഡി.ആര്‍.എഫ് രംഗത്ത് എത്തുമ്പോള്‍ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും ഉറപ്പിക്കപ്പെടുന്നുണ്ടെന്നും അത് തന്നെ വലിയ നേട്ടമാണെന്നതിനും അദ്ദേഹം അടിവരയിട്ടു. വൈദഗ്ധ്യമുള്ള ഒരു സേനയില്‍ സംവേദനക്ഷമത കൂടി ചേര്‍ക്കുമ്പോള്‍, ആ സേനയുടെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'' ലോകത്തിലെ ഏറ്റവും മികച്ച  രക്ഷാ ദുരിതാശ്വാസ ടീം എന്ന നമ്മുടെ സ്വത്വം ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സ്വയം തയ്യാറെടുപ്പ് എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രയും നന്നായി നമുക്ക് ലോകത്തെ സേവിക്കാന്‍ കഴിയും''ദുരന്തസമയത്ത് ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെ പ്രയത്‌നങ്ങളെയും അനുഭവങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അവര്‍ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നെങ്കിലും, കഴിഞ്ഞ 10 ദിവസവും മനസ്സിലൂടെയും ഹൃദയത്തിലൂടെയും അവരുമായി അദ്ദേഹം എപ്പോഴും ബന്ധപ്പെട്ടിരുന്നുവെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

-ND-

(Release ID: 1900874) Visitor Counter : 155