പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോരഖ്പുർ സാൻസദ് ഖേൽ മഹാകുംഭിനെ വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“കായിക മനോഭാവം ഭാവിയിൽ എല്ലാ കായികതാരങ്ങൾക്കും വിജയത്തിന്റെ വാതിലുകൾ തുറക്കും”

“പ്രാദേശിക തലത്തിലുള്ള മത്സരങ്ങൾ പ്രാദേശിക പ്രതിഭകൾക്ക് ഉത്തേജനമേകുക മാത്രമല്ല, മുഴുവൻ മേഖലയിലെയും കളിക്കാരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്യും”

“സാൻസദ് ഖേൽ മഹാകുംഭ് പുതിയ പാതയാണ്, പുതിയ സംവിധാനമാണ്”

“കായിക ലോകത്തു രാജ്യത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിൽ സാൻസദ് ഖേൽ മഹാകുംഭിനു വലിയ പങ്കുണ്ട്”

“സാൻസദ് ഖേൽ മഹാകുംഭ് കായികരംഗത്തിന്റെ ഭാവിയുടെ മഹത്തായ അടിസ്ഥാന സൗകര്യങ്ങൾക്കു കരുത്തുറ്റ അടിത്തറ പാകുന്നു”

“2014നെ അപേക്ഷിച്ചു കായിക മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം ഏകദേശം 3 മടങ്ങു കൂടുതലാണ്”


Posted On: 16 FEB 2023 3:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോരഖ്പുർ സാൻസദ് ഖേൽ മഹാകുംഭിനെ വിദൂര ദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ, ഈ നിലയിലെത്താൻ എല്ലാ കായികതാരങ്ങളും കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജയവും തോൽവിയും കായിക രംഗത്തിന്റെയും ജീവിതത്ത‌ിന്റെയും ഭാഗമാണെന്നു പറഞ്ഞ അദ്ദേഹം, എല്ലാ കായികതാരങ്ങളും വിജയത്തിന്റെ പാഠം പഠിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കായിക മനോഭാവം ഭാവിയിൽ എല്ലാ കായികതാരങ്ങൾക്കും വിജയത്തിന്റെ വാതിലുകൾ തുറക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഖേൽ മഹാകുംഭിന്റെ പ്രശംസനീയവും പ്രചോദനാത്മകവുമായ ഉദ്യമത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഗുസ്തി, കബഡി, ഹോക്കി തുടങ്ങിയ കായിക ഇനങ്ങൾക്കൊപ്പം ചിത്രകല, നാടൻ പാട്ടുകൾ, നാടോടിനൃത്തം, തബല, പുല്ലാങ്കുഴൽ തുടങ്ങിയ മേഖലകളിലെ കലാകാരന്മാരും ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. “കായിക രംഗത്തെ കഴിവുകളാകട്ടെ, കലയുടെയും സംഗീതത്തിന്റെയും കഴിവുകളാകട്ടെ, അതിന്റെയെല്ലാം ചൈതന്യവും ഊർജവും ഒന്നുതന്നെയാണ്” -  പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഇന്ത്യൻ പാരമ്പര്യങ്ങളെയും നാടൻ കലാരൂപങ്ങളെയും മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ധാർമിക ഉത്തരവാദിത്വത്തിനും അദ്ദേഹം ഊന്നൽ നൽകി. കലാകാരനെന്ന നിലയിൽ ഗോരഖ്പുരിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ രവി കിഷൻ ശുക്ല നൽകിയ സംഭാവനകൾ അദ്ദേഹം പരാമർശിക്കുകയും ഈ പരിപാടി സംഘടിപ്പിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന സാൻസദ് ഖേൽ മഹാകുംഭിലെ മൂന്നാമത്തെ പരിപാടിയാണിത്. ഇന്ത്യ ലോകത്തിലെ കായിക ശക്തിയാകണമെങ്കിൽ പുതിയ വഴികളും സംവിധാനങ്ങളും സൃഷ്ടിക്കണമെന്ന ആശയം അദ്ദേഹം ആവർത്തിച്ചു. പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രാദേശിക തലത്തിലുള്ള കായിക മത്സരങ്ങളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, പ്രാദേശിക തലത്തിലുള്ള മത്സരങ്ങൾ പ്രാദേശിക പ്രതിഭകൾക്ക് ഉത്തേജനം നൽകുക മാത്രമല്ല, മുഴുവൻ മേഖലയിലെയും കായിക താരങ്ങളുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. “സാൻസദ് ഖേൽ മഹാകുംഭ് അത്തരം ഒരു പുതിയ പാതയാണ്, ഒരു പുതിയ സംവിധാനമാണ്” - പ്രധാനമന്ത്രി പറഞ്ഞു.

ഗോരഖ്പുർ ഖേൽ മഹാകുംഭിന്റെ ആദ്യ പതിപ്പിൽ 20,000 കായിക താരങ്ങൾ പങ്കെടുത്തിരുന്നുവെന്നും അത് 9000 വനിതകൾ ഉൾപ്പെടെ 24,000 ആയി വർധിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഖേൽ മഹാകുംഭിൽ പങ്കെടുക്കുന്ന ആയിരക്കണക്കിനു യുവാക്കൾ ചെറുപട്ടണങ്ങളിൽ നിന്നോ ഗ്രാമങ്ങളിൽ നിന്നോ വന്നവരാണെന്നു പറഞ്ഞ പ്രധാനമന്ത്രി, യുവ താരങ്ങൾക്ക് അവസരങ്ങൾ നൽകുന്ന പുതിയ വേദിയായി സാൻസദ് ഖേൽ മഹാകുംഭ് മാറിയെന്നു വ്യക്തമാക്കി.

“പ്രായഭേദമെന്യേ, ഏവർക്കും കായികക്ഷമത നിലനിർത്താൻ ഉള്ളിൽ ആഗ്രഹമുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. അഖാഡകളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്ന ഗ്രാമമേളകളുടെ ഭാഗമായിരുന്ന കാലത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഈ പഴയ സമ്പ്രദായങ്ങളെല്ലാം തകർന്നടിഞ്ഞ സമീപകാലത്തെ മാറ്റത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇപ്പോൾ സമയംകളയൽ പിരീഡുകളായി കണക്കാക്കുന്ന, സ്കൂളുകളിലെ പിടി പിരീഡുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇതു രാജ്യത്തിനു മൂന്നു-നാലു തലമുറകളുടെ കായിക താരങ്ങളെ നഷ്ടപ്പെടുന്നതിലേക്കു നയിച്ചതായും അദ്ദേഹം പറഞ്ഞു. ചെറുപട്ടണങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുക്കുന്ന ടിവിയിലെ പ്രതിഭാന്വേഷണ പരിപാടികളുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയിൽ ഒളിഞ്ഞിരിക്കുന്ന ധാരാളം പ്രതിഭകളുണ്ടെന്നും കായിക ലോകത്ത് രാജ്യത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിൽ സാൻസദ് ഖേൽ മഹാകുംഭിനു വലിയ പങ്കുണ്ടെന്നും പറഞ്ഞു.

നൂറുകണക്കിനു പാർലമെന്റ് അംഗങ്ങൾ ഇത്തരം കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അവിടങ്ങളിൽ നിരവധി യുവതാരങ്ങൾക്കു പുരോഗതി കൈവരിക്കാൻ അവസരം ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി താരങ്ങൾ സംസ്ഥാന-ദേശീയ തലങ്ങളിൽ കളിക്കുമെന്നും ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിനായി മെഡലുകൾ നേടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സാൻസദ് ഖേൽ മഹാകുംഭ് കായികരംഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള മഹത്തായ അടിസ്ഥാന സൗകര്യങ്ങൾക്കു കരുത്തുറ്റ അടിത്തറ പാകുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

ഗോരഖ്പുരിലെ പ്രാദേശിക സ്പോർട്സ് സ്റ്റേഡിയത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ചെറിയ പട്ടണങ്ങളിൽ പ്രാദേശിക തലത്തിൽ കായിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകി. ഗോരഖ്പുരിലെ ഗ്രാമപ്രദേശങ്ങളിൽ യുവാക്കൾക്കായി നൂറിലധികം കളിസ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ചൗരി ചൗരയിൽ മിനി സ്റ്റേഡിയം നിർമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ഇപ്പോൾ രാജ്യം സമഗ്ര കാഴ്ചപ്പാടോടെ മുന്നേറുകയാണ്” - മറ്റു കായിക സൗകര്യങ്ങൾക്കു പുറമെ ഖേലോ ഇന്ത്യ പ്രസ്ഥാനത്തിനു കീഴിൽ കളിക്കാരെ പരിശീലിപ്പിക്കുന്നതിന് ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു.

കായിക മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം 2014 നെ അപേക്ഷിച്ച് ഏകദേശം 3 മടങ്ങു കൂടുതലാണെന്ന് ഈ വർഷത്തെ ബജറ്റ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തു നിരവധി ആധുനിക സ്റ്റേഡിയങ്ങൾ നിർമിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം കളിക്കാർക്കു പരിശീലനത്തിനായി ലക്ഷക്കണക്കിനു രൂപയുടെ സഹായം നൽകുന്ന ടോപ്സിനെ (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം) കുറിച്ചും എടുത്തു പറഞ്ഞു. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, യോഗ തുടങ്ങിയ യജ്ഞങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ചെറുധാന്യങ്ങൾക്കു രാജ്യം ശ്രീ അന്ന എന്ന സ്വത്വം നൽകിയെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ജോവർ, ബജ്‌റ തുടങ്ങിയ നാടൻ ധാന്യങ്ങൾ സൂപ്പർഫുഡ് വിഭാഗത്തിൽ പെടുമെന്നും ചൂണ്ടിക്കാട്ടി. ഈ യജ്ഞങ്ങളിൽ പങ്കുചേരാനും രാജ്യത്തിന്റെ ഈ ദൗത്യത്തിനു നേതൃത്വം നൽകാനും പ്രധാനമന്ത്രി യുവാക്കളോട് അഭ്യർഥിച്ചു.

“ഇന്ന്, ഒളിമ്പിക്സ് മുതൽ മറ്റു വലിയ ടൂർണമെന്റുകൾ വരെ, നിങ്ങളെപ്പോലുള്ള യുവകളിക്കാർക്കു മാത്രമേ മെഡലുകൾ നേടുന്ന പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാനാകൂ” - പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ശോഭനമായ വിജയങ്ങളിൽ യുവാക്കൾ തുടർന്നും തിളങ്ങുമെന്നും ആ വി‌ജയത്തിളക്കത്താൽ രാജ്യത്തിനു കീർത്തി നേടിക്കൊടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഗോരഖ്പുരിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ രവി കിഷൻ ശുക്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

-ND-

(Release ID: 1899831) Visitor Counter : 125