പ്രധാനമന്ത്രിയുടെ ഓഫീസ്
'എയ്‌റോ ഇന്ത്യ 2023'ന്റെ 14-ാം പതിപ്പ് ബെംഗളൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി
പുതിയ ഇന്ത്യയുടെ കഴിവുകൾക്ക് ബെംഗളൂരുവിന്റെ ആകാശം സാക്ഷ്യം വഹിക്കുന്നു. ഈ പുതിയ ഉയരം പുതിയ ഇന്ത്യയുടെ യാഥാർത്ഥ്യമാണ്"
"രാജ്യത്തെ ശക്തിപ്പെടുത്താൻ കർണാടകത്തിലെ യുവാക്കൾ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം പ്രതിരോധ മേഖലയിൽ പ്രയോഗിക്കണം"
"പുതിയ ചിന്തകളോടും പുതിയ സമീപനങ്ങളോടും കൂടി രാജ്യം മുന്നോട്ട് പോകുമ്പോൾ, പുതിയ ചിന്തകൾക്കനുസരിച്ച് അതിന്റെ സംവിധാനങ്ങളും മാറാൻ തുടങ്ങും"
"ഇന്ന്, എയ്‌റോ ഇന്ത്യ വെറുമൊരു പ്രദർശനം മാത്രമല്ല, അത് പ്രതിരോധ വ്യവസായത്തിന്റെ വ്യാപ്തി പ്രദർശിപ്പിക്കുകയും ഇന്ത്യയുടെ ആത്മവിശ്വാസം വെളിപ്പെടുത്തുകയും ചെയ്യുന്നു"
"ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ അവസരങ്ങൾ നഷ്ടപ്പെടുത്തുകയോ പ്രയത്നത്തിൽ കുറവു വരുത്തുകയോ ചെയ്യില്ല"
“ഏറ്റവും വലിയ പ്രതിരോധ ഉൽപ്പാദന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ അതിവേഗം മുന്നേറും; നമ്മുടെ സ്വകാര്യ മേഖലയും നിക്ഷേപകരും അതിൽ വലിയ പങ്ക് വഹിക്കും”
"ഇന്നത്തെ ഇന്ത്യ വേഗത്തിൽ ചിന്തിക്കുന്നു, ഏറെ മുന്നോട്ടു ചിന്തിക്കുന്നു, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നു"
"എയ്‌റോ ഇന്ത്യയുടെ കാതടപ്പിക്കുന്ന ഗർജനം 'പരിഷ്കരണം, നടപ്പാക്കൽ, പരിവർത്തനം' എന്ന ഇന്ത്യയുടെ സന്ദേശത്തെ പ്രതിധ്വനിപ്പിക്കുന്നു"
Posted On:
13 FEB 2023 10:45AM by PIB Thiruvananthpuram
'എയ്‌റോ ഇന്ത്യ 2023'ന്റെ 14-ാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. “ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ” എന്നതാണ് 80ലധികം രാജ്യങ്ങളും 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും പങ്കെടുക്കുന്ന എയ്‌റോ ഇന്ത്യ 2023ന്റെ പ്രമേയം. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, തദ്ദേശീയ ഉപകരണങ്ങൾ/സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പരിപാടി ഊന്നൽ നൽകും.
പുതിയ ഇന്ത്യയുടെ കഴിവുകൾക്ക് ബെംഗളൂരുവിന്റെ ആകാശം സാക്ഷ്യം വഹിക്കുന്നുവെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. "ഈ പുതിയ ഉയരം പുതിയ ഇന്ത്യയുടെ യാഥാർത്ഥ്യമാണ്. ഇന്ന് ഇന്ത്യ പുതിയ ഉയരങ്ങളിലെത്തിച്ചേരുകയും അവ മറികടക്കുകയും ചെയ്യുന്നു"- പ്രധാനമന്ത്രി പറഞ്ഞു.
എയ്‌റോ ഇന്ത്യ 2023 ഇന്ത്യയുടെ വളർന്നു വരുന്ന കഴിവുകളുടെ തിളക്കമാർന്ന ഉദാഹരണമാണെന്നും നൂറിലധികം രാജ്യങ്ങളുടെ സാന്നിധ്യം ലോകം മുഴുവൻ ഇന്ത്യയോടു കാണിക്കുന്ന വിശ്വാസത്തെയാണ് പ്രകടമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ അറിയപ്പെടുന്ന കമ്പനികൾക്കൊപ്പം ഇന്ത്യൻ എംഎസ്എംഇകളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 700ലധികം പ്രദർശകർ എയ്റോ ഷോയിൽ പങ്കെടുക്കുന്നുണ്ട്. എയ്‌റോ ഇന്ത്യ 2023ന്റെ 'ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ' എന്ന വിഷയത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, സ്വയംപര്യാപ്ത ഭാരതത്തിന്റെ കരുത്ത് ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
പ്രദർശനത്തോടൊപ്പം സംഘടിപ്പിക്കുന്ന പ്രതിരോധ മന്ത്രി കോൺക്ലേവിനെയും സിഇഒ വട്ടമേശ സമ്മേളനത്തെയും പരാമർശിച്ച്, ഈ മേഖലയിലെ സജീവമായ പങ്കാളിത്തം എയ്‌റോ ഇന്ത്യയുടെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ സാങ്കേതിക പുരോഗതിയുടെ കേന്ദ്രമായ കർണാടകത്തിൽ നടക്കുന്ന എയ്‌റോ ഇന്ത്യയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു കർണാടകത്തിലെ യുവാക്കൾക്ക് വ്യോമയാന മേഖലയിൽ പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്താൻ പ്രതിരോധ മേഖലയിൽ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വിന്യസിക്കാൻ കർണാടകത്തിലെ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
“പുതിയ ചിന്തകളോടും പുതിയ സമീപനങ്ങളോടും കൂടി രാജ്യം മുന്നോട്ട് പോകുമ്പോൾ, പുതിയ ചിന്തകൾക്കനുസരിച്ച് അതിന്റെ സംവിധാനങ്ങളും മാറാൻ തുടങ്ങും”- എയ്‌റോ ഇന്ത്യ 2023 പുതിയ ഇന്ത്യയുടെ മാറുന്ന സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എയ്‌റോ ഇന്ത്യ 'വെറും പ്രദർശന'വും 'ഇന്ത്യയിലേക്കു കച്ചവടം ചെയ്യാനുള്ള' ജാലകവും ആയിരുന്ന സമയം പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നാൽ ഇപ്പോൾ ആ കാഴ്ചപ്പാടു മാറിയിരിക്കുന്നു. "ഇന്ന്, ഇന്ത്യയുടെ ശക്തിയാണ് എയ്‌റോ ഇന്ത്യ, അത് വെറുമൊരു പ്രദർശനമല്ല". അത് പ്രതിരോധ വ്യവസായത്തിന്റെ വ്യാപ്തി മാത്രമല്ല ഇന്ത്യയുടെ ആത്മവിശ്വാസവും പ്രകടമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വിജയങ്ങൾ അതിന്റെ കഴിവുകൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പുതിയ ബദലുകളും അവസരങ്ങളും ബന്ധിപ്പിച്ചിരിക്കുന്ന സ്വയംപര്യാപ്ത ഭാരതത്തിന്റെ സാധ്യതകളാണ് തേജസ്, ഐഎൻഎസ് വിക്രാന്ത്, സൂറത്തിലെയും തുമക്കൂരുവിലെയും നൂതന ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ അവസരങ്ങൾ നഷ്ടപ്പെടുത്തുകയോ പരിശ്രമിക്കാതിരിക്കുകയോ ചെയ്യില്ല"- പരിഷ്കരണങ്ങളുടെ സഹായത്തോടെ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവന്നതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി ഏറ്റവും വലിയ പ്രതിരോധ കയറ്റുമതിക്കാരായിരുന്ന രാജ്യം ഇപ്പോൾ ലോകത്തെ 75 രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2024-25 ഓടെ പ്രതിരോധ കയറ്റുമതി 1.5 ബില്യണിൽ നിന്ന് 5 ബില്യണായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ 8-9 വർഷങ്ങളിലെ പ്രതിരോധ മേഖലയുടെ പരിവർത്തനം പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “ഇവിടെ നിന്ന് ഇന്ത്യ ഏറ്റവും വലിയ പ്രതിരോധ ഉൽപ്പാദന രാജ്യങ്ങളിലൊന്നായി മാറാൻ അതിവേഗം കുതിക്കും. നമ്മുടെ സ്വകാര്യ മേഖലയും നിക്ഷേപകരും അതിൽ വലിയ പങ്ക് വഹിക്കും”- പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇത് ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും അവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്നത്തെ ഇന്ത്യ അതിവേഗം ചിന്തിക്കുന്നു, ഏറെ മുന്നോട്ടു ചിന്തിക്കുന്നു, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നു"- അമൃതകാലത്തിലെ ഇന്ത്യയെ യുദ്ധവിമാനത്തിന്റെ പൈലറ്റുമായി താരതമ്യം ചെയ്തു ശ്രീ മോദി പറഞ്ഞു. ഭയമില്ലാത്ത, എന്നാൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ആവേശമുള്ള, രാഷ്ട്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്ര ഉയരത്തിൽ, വേഗതയിൽ പറന്നാലും ഇന്ത്യ എല്ലായ്‌പ്പോഴും ഉറച്ച അടിത്തറയിലൂന്നിയാണു നിൽക്കുന്നത് - പ്രധാനമന്ത്രി പറഞ്ഞു.
"എയ്‌റോ ഇന്ത്യയുടെ കാതടപ്പിക്കുന്ന ഗർജനം 'പരിഷ്കരണം, നടപ്പാക്കൽ, പരിവർത്തനം' എന്ന ഇന്ത്യയുടെ സന്ദേശത്തെ പ്രതിധ്വനിപ്പിക്കുന്നു"- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ 'വ്യാപാര നടത്തിപ്പു സുഗമമാക്കുന്നതിനായി' വരുത്തിയ പരിഷ്കരണങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, ആഗോള നിക്ഷേപങ്ങൾക്കും ഇന്ത്യയുടെ നവീകരണത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും പരാമർശിച്ചു. പ്രതിരോധത്തിലും മറ്റ് മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വരുത്തിയ പരിഷ്കരണങ്ങളും വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതിനെക്കുറിച്ചും അവയുടെ സാധുത വർധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ വർഷത്തെ ബജറ്റിൽ ഉൽപ്പാദന യൂണിറ്റുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ആവശ്യവും വൈദഗ്ധ്യവും അനുഭവപരിചയവും ഉള്ളിടത്ത് വ്യവസായ വളർച്ച സ്വാഭാവികമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം സദസിന് ഉറപ്പുനൽകി.
കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെഹ്ലോട്ട്, കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ അജയ് ഭട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, തദ്ദേശീയ ഉപകരണങ്ങൾ/സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുമാണ് പരിപാടി ഊന്നൽ നൽകുന്നത്. രൂപകൽപ്പന നേതൃത്വം, യുഎവി മേഖലയിലെ വളർച്ച, ഡിഫൻസ് സ്പേസ്, ഭാവി സാങ്കേതികവിദ്യകൾ എന്നിവയിലെ രാജ്യത്തിന്റെ പുരോഗതി ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനാൽ ഇന്ത്യൻ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് പ്രധാനമന്ത്രി നൽകുന്ന ഊന്നലും പ്രകടമാകും. കൂടാതെ, ലഘു പോർ വിമാനം (എൽസിഎ)-തേജസ്, എച്ച്ടിടി-40, ഡോർനിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽയുഎച്ച്), ലഘു യുദ്ധ ഹെലികോപ്റ്റർ (എൽസിഎച്ച്), അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) തുടങ്ങിയ തദ്ദേശീയ വ്യോമ പ്ലാറ്റ്‌ഫോമുകളുടെ കയറ്റുമതിയും പരിപാടി പ്രോത്സാഹിപ്പിക്കും. ആഗോള വിതരണ ശൃംഖലയിൽ ആഭ്യന്തര എംഎസ്എംഇകളെയും സ്റ്റാർട്ടപ്പുകളേയും സമന്വയിപ്പിക്കുന്നതിനും സഹ-വികസനത്തിനും സഹ ഉൽപ്പാദനത്തിനുമുള്ള പങ്കാളിത്തം ഉൾപ്പെടെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പരിപാടി സഹായിക്കും.
എയ്‌റോ ഇന്ത്യ 2023ൽ 80ലധികം രാജ്യങ്ങൾ പങ്കെടുക്കും. ഏകദേശം 30 രാജ്യങ്ങളിലെ മന്ത്രിമാരും ആഗോള, ഇന്ത്യൻ ഒഇഎമ്മുകളുടെ 65 സിഇഒമാരും എയ്‌റോ ഇന്ത്യ 2023ൽ പങ്കെടുക്കും.
എയ്‌റോ ഇന്ത്യ 2023 പ്രദർശനത്തിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ 800ലധികം പ്രതിരോധ കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ കമ്പനികളിൽ എംഎസ്‌എംഇകളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തെ മികച്ച സാങ്കേതികവിദ്യകളുടെ പുരോഗതിയും എയ്റോസ്പേസ്, പ്രതിരോധശേഷി എന്നിവയുടെ വളർച്ചയും പ്രദർശിപ്പിക്കും. എയർബസ്, ബോയിങ്, ദസോൾട്ട് ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രി, ബ്രഹ്മോസ് എയ്റോസ്പേസ്, ആർമി ഏവിയേഷൻ, എച്ച്‌സി റോബോട്ടിക്സ്, സാബ്, സഫ്രാൻ, റോൾസ് റോയ്സ്, ലാർസൻ ആൻഡ് ട്യൂബ്രോ, ഭാരത് ഫോർജ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ), ബിഇഎംഎൽ ലിമിറ്റഡ് എന്നിവയാണ് എയ്റോ ഇന്ത്യയിലെ പ്രധാന പ്രദർശകർ.
Aero India is a wonderful platform to showcase the unlimited potential our country has in defence and aerospace sectors. https://t.co/ABqdK29rek
— Narendra Modi (@narendramodi) February 13, 2023
आज देश नई ऊंचाइयों को छू भी रहा है, और उन्हें पार भी कर रहा है। pic.twitter.com/UK91xVPMVd
— PMO India (@PMOIndia) February 13, 2023
जब कोई देश, नई सोच, नई अप्रोच के साथ आगे बढ़ता है, तो उसकी व्यवस्थाएं भी नई सोच के हिसाब से ढलने लगती हैं। pic.twitter.com/4CIAgyCjKQ
— PMO India (@PMOIndia) February 13, 2023
भारत आज एक पोटेंशियल डिफेंस पार्टनर भी है। pic.twitter.com/h3UBxBZkyo
— PMO India (@PMOIndia) February 13, 2023
आज भारत की संभावनाओं का, भारत की सामर्थ्य का प्रमाण हमारी सफलताएँ दे रही हैं। pic.twitter.com/LyUIrAgeGV
— PMO India (@PMOIndia) February 13, 2023
21वीं सदी का नया भारत, अब ना कोई मौका खोएगा और ना ही अपनी मेहनत में कोई कमी रखेगा। pic.twitter.com/6avB98wVY4
— PMO India (@PMOIndia) February 13, 2023
आज का भारत तेज सोचता है, दूर की सोचता है और तुरंत फैसले लेता है। pic.twitter.com/PptiBIfOhA
— PMO India (@PMOIndia) February 13, 2023
Aero India की गगनभेदी गर्जना में भी भारत के Reform, Perform और Transform की गूंज है। pic.twitter.com/H6ehm7wTUU
— PMO India (@PMOIndia) February 13, 2023
*****
--ND--
(Release ID: 1898659)
Visitor Counter : 214
Read this release in:
Tamil
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu