പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
"അറിവിന്റെയും സേവനത്തിന്റെയും മാനവികതയുടെയും പുരാതന ഭാരതീയ പാരമ്പര്യങ്ങൾ കൃഷ്ണഗുരുജി പ്രചരിപ്പിച്ചു"
"ഏക്‌നാം അഖണ്ഡ കീർത്തനം വടക്കുകിഴക്കൻ മേഖലയുടെ പൈതൃകവും ആത്മീയ ബോധവും ലോകത്തിനു പരിചിതമാക്കുന്നു"
"12 വർഷക്കാലയളവിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന പുരാതന പാരമ്പര്യമുണ്ട്"
"നിരാലംബരായവർക്കുള്ള മുൻഗണനയാണ് ഇന്ന് നമ്മുടെ പ്രധാന മാർഗനിർദേശക ശക്തി"
"പ്രത്യേക യജ്ഞത്തിലൂടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും"
"കഴിഞ്ഞ 8-9 വർഷമായി രാജ്യത്ത് ഗാമോസയുടെ ആകർഷണവും ആവശ്യകതയും വർധിച്ചു"
"സ്ത്രീകളുടെ വരുമാനം അവരുടെ ശാക്തീകരണത്തിനുള്ള ഉപാധിയാക്കുന്നതിനുള്ള മാർഗമായി 'മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി'യും ആരംഭിച്ചു"
"രാജ്യത്തിന്റെ ക്ഷേമപദ്ധതികളുടെ ജീവശക്തി സാമൂഹ്യ ഊർജവും പൊതുജന പങ്കാളിത്തവുമാണ്"
"നാടൻ ധാന്യങ്ങൾക്ക് ഇപ്പോൾ ‘ശ്രീ അന്ന’ എന്ന പുതിയ സ്വത്വം ലഭിച്ചു
Posted On:
03 FEB 2023 6:22PM by PIB Thiruvananthpuram
അസമിലെ ബാർപേട്ടയിലെ കൃഷ്ണഗുരു സേവാശ്രമത്തിൽ നടന്ന ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജനുവരി ആറിന് കൃഷ്ണഗുരു സേവാശ്രമത്തിൽ തുടങ്ങിയ ലോകസമാധാനത്തിനായുള്ള ഏക്‌നാം അഖണ്ഡ കീർത്തനം ഒരു മാസം നീളുന്ന പരിപാടിയാണ്.
സദസിനെ അഭിസംബോധന ചെയ്യവേ, കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനം ഒരുമാസമായി നടന്നുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പുരാതന ഭാരതത്തിൽ കൃഷ്ണഗുരുജി പ്രചരിപ്പിച്ച വിജ്ഞാനത്തിന്റെയും സേവനത്തിന്റെയും മാനവികതയുടെയും പാരമ്പര്യങ്ങൾ ഇന്നും ശാശ്വതമായി നിലകൊള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരു കൃഷ്ണ പ്രേമാനന്ദ് പ്രഭു ജിയുടെ സംഭാവനകളുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ പ്രയത്നത്തിന്റെയും പവിത്രത ഈ മഹത്തായ അവസരത്തിൽ വ്യക്തമായി കാണാനാകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാനുള്ള തന്റെ ആഗ്രഹം ഇന്നും മുൻ അവസരങ്ങളിലും പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമീപഭാവിയിൽ സേവാശ്രമം സന്ദർശിക്കാൻ അവസരം ലഭിക്കുന്നതിനായി കൃഷ്ണ ഗുരുവിന്റെ അനുഗ്രഹം തേടി.
പന്ത്രണ്ടുവർഷത്തിലൊരിക്കൽ കൃഷ്ണ ഗുരുജി നടത്തുന്ന അഖണ്ഡ ഏക്‌നാം ജപത്തിന്റെ പാരമ്പര്യം പരാമർശിക്കവേ, കർത്തവ്യം പ്രധാന ചിന്തയായി ആധ്യാത്മിക പരിപാടികൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “ഈ സംഭവങ്ങൾ വ്യക്തിയിലും സമൂഹത്തിലും കർത്തവ്യബോധം ഉണർത്തുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും വിശകലനം ചെയ്യാനും വർത്തമാനകാലത്തെ വിലയിരുത്താനും ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കാനും ജനങ്ങൾ ഒത്തുകൂടാറുണ്ടായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു. കുംഭമേള, ബ്രഹ്മപുത്ര നദിയിലെ പുഷ്‌കരം ആഘോഷം, തമിഴ്‌നാട്ടിലെ കുംഭകോണത്തെ മഹാമഹം, ഭഗവാൻ ബാഹുബലിയുടെ മഹാമസ്തകാഭിഷേകം, നീലക്കുറിഞ്ഞി പുഷ്പിക്കൽ എന്നിവ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പ്രധാന സംഭവങ്ങളായി പ്രധാനമന്ത്രി വിശദീകരിച്ചു. ഏക്‌നാം അഖണ്ഡ കീർത്തനവും സമാനമായ കരുത്തുറ്റ പാരമ്പര്യം സ്ഥാപിക്കുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പൈതൃകവും ആത്മീയ ബോധവും ലോകത്തിനു പരിചിതമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷ്ണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട അസാധാരണമായ കഴിവുകളും ആത്മീയ തിരിച്ചറിവുകളും അസാധാരണ സംഭവങ്ങളും നമുക്കോരോരുത്തർക്കും പ്രചോദനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ജോലിയും വ്യക്തിയും വലുതോ ചെറുതോ അല്ലെന്ന് അദ്ദേഹത്തിന്റെ ശിക്ഷണങ്ങളിൽ ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, സമ്പൂർണ സമർപ്പണത്തോടെ ഏവരുടെയും വികസനത്തിന് ഏവരെയും ഒപ്പം കൂട്ടുക എന്ന അതേ മനോഭാവത്തോടെയാണ് രാഷ്ട്രം ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ നിഷേധിക്കപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും രാജ്യം മുൻതൂക്കം നൽകുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, “നിർധനരായവർക്കുള്ള മുൻഗണന”യുടെ കാര്യത്തിൽ അസമിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ഉദാഹരണങ്ങൾ നൽകി. വികസനത്തിന്റെയും സമ്പർക്കസൗകര്യങ്ങളുടെയും കാര്യത്തിൽ ഈ പ്രദേശങ്ങൾ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്നതായും, എന്നാൽ അവയ്ക്ക് ഇന്ന് മുൻഗണന നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷത്തെ ബജറ്റിന്റെ കാര്യം പരാമർശിക്കവേ, ദരിദ്രർക്കുള്ള അതേ മുൻഗണനയാണ് പ്രധാന മാർഗ്ഗനിർദ്ദേശക വികാരമെന്നു പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയുടെ സമ്പദ്‌വ്യവസ്ഥയിൽ വിനോദസഞ്ചാരത്തിന്റെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മേഖലയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഈ വർഷത്തെ ബജറ്റ് വിഹിതം പരാമർശിച്ചു. അസമിൽ ഉടൻ എത്തുന്ന ഗംഗാ വിലാസ് വിനോദസഞ്ചാരനൗകയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യൻ പൈതൃകത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികൾ നദീതീരത്താണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത നൈപുണ്യമുള്ള കരകൗശല വിദഗ്ധർക്കായി കൃഷ്ണഗുരു സേവാശ്രമം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി, പരമ്പരാഗത വൈദഗ്ധ്യം വികസിപ്പിക്കുന്നതിലും കരകൗശല വിദഗ്ധരെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യം ചരിത്രപരമായ പ്രവർത്തനങ്ങൾ നടത്തിയതായും വ്യക്തമാക്കി. മുളയെക്കുറിച്ചുള്ള നിയമങ്ങൾ മാറ്റുന്നതിനെക്കുറിച്ചും അതിനെ മരങ്ങളുടെ വിഭാഗത്തിൽ നിന്ന് പുൽവർഗത്തിലേക്കു മാറ്റുന്നതിനെക്കുറിച്ചും പറഞ്ഞു. ഇത് മുള വ്യാപാരത്തിന്റെ വഴികൾ തുറന്നു. ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള ‘ഏകതാ മാളുകൾ’ അസമിലെ കർഷകർക്കും കരകൗശലത്തൊഴിലാളികൾക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് സഹായമേകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ഏകതാ മാളുകളിലും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഗാമോസയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇത് അസമിലെ സ്ത്രീകളുടെ കഠിനാധ്വാനവും നൈപുണ്യവും ഉൾക്കൊള്ളുന്നതാണെന്നും പറഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഉയർന്നുവന്ന ഗാമോസയ്ക്കും സ്വയംസഹായ സംഘങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്വയംസഹായ സംഘങ്ങൾക്കായി ബജറ്റിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. സ്ത്രീകളുടെ വരുമാനം അവരുടെ ശാക്തീകരണത്തിനുള്ള ഉപാധിയാക്കുന്നതിനായി 'മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കു പ്രത്യേകിച്ച്, സമ്പാദ്യത്തിന് ഉയർന്ന പലിശയുടെ ആനുകൂല്യം ലഭിക്കും- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന വിഹിതം 70,000 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ടെന്നും പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ ഭൂരിഭാഗവും ആ വീടുകളിലെ സ്ത്രീകളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. അസം, നാഗാലാൻഡ്, ത്രിപുര, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് വ്യാപകമായ പ്രയോജനം ലഭിക്കുകയും അവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം നിരവധി വ്യവസ്ഥകൾ ഈ ബജറ്റിലുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷ്ണഗുരുവിന്റെ ഉപദേശങ്ങൾ ഉദ്ധരിച്ച്, ഭക്തിയുടെ ദൈനംദിനപ്രവൃത്തികളിൽ വിശ്വസിക്കുമ്പോൾ ഏതൊരാളും എല്ലായ്പോഴും സ്വന്തം ആത്മാവിനെ സേവിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള ഗവണ്മെന്റിന്റെ വിവിധ പദ്ധതികളുടെ ജീവനാഡിയാണു സമൂഹത്തിന്റെ ശക്തിയും പൊതുജനപങ്കാളിത്തവുമെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇന്ന് സംഘടിപ്പിക്കപ്പെട്ടതുപോലെയുള്ള സേവായജ്ഞങ്ങൾ രാജ്യത്തിന്റെ വലിയ ശക്തിയായി മാറുകയാണെന്നും ചൂണ്ടിക്കാട്ടി. ശുചിത്വഭാരതം, ഡിജിറ്റൽ ഇന്ത്യ, പൊതുജനപങ്കാളിത്തം കൊണ്ട് വിജയിച്ച വിവിധ പദ്ധതികൾ എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, പോഷണയജ്ഞം, ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, യോഗ, ആയുർവേദം തുടങ്ങിയ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൃഷ്ണഗുരു സേവാശ്രമത്തിന് സുപ്രധാന പങ്കു വഹിക്കാനാകുമെന്ന് ഊന്നിപ്പറഞ്ഞു.
പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കായി രാജ്യം പ്രധാനമന്ത്രി വിശ്വകർമ കൗശൽ യോജന ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഈ പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ കഴിവുകൾ വർധിപ്പിക്കാൻ രാജ്യം ഇപ്പോൾ ഇതാദ്യമായി തീരുമാനിച്ചിരിക്കുന്നു". പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക്കുന്നതിനായി പ്രവർത്തിക്കാൻ കൃഷ്ണഗുരു സേവാശ്രമത്തോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ശ്രീ അന്നയോടൊപ്പം 'പ്രസാദം' തയ്യാറാക്കി ഈയിടെ ശ്രീ അന്ന എന്ന് ബ്രാൻഡ് ചെയ്ത നാടൻ ധാന്യങ്ങൾ പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി സേവാശ്രമത്തോട് ആവശ്യപ്പെട്ടു. സേവാശ്രമം പ്രസിദ്ധീകരണങ്ങളിലൂടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം യുവതലമുറയിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 വർഷത്തിന് ശേഷം ഈ അഖണ്ഡ കീർത്തനം നടക്കുമ്പോൾ കൂടുതൽ ശാക്തീകരിക്കപ്പെട്ട ഇന്ത്യക്ക് നാം സാക്ഷ്യം വഹിക്കുമെന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.
പശ്ചാത്തലം :
1974ൽ അസമിലെ ബാർപേട്ടയിലെ നസത്ര ഗ്രാമത്തിലാണ് പരമഗുരു കൃഷ്ണഗുരു ഈശ്വർ കൃഷ്ണഗുരു സേവാശ്രമം സ്ഥാപിച്ചത്. മഹാനായ വൈഷ്ണവ സന്ന്യാസിയായ ശ്രീ ശങ്കരദേവന്റെ അനുയായിയായിരുന്ന മഹാവൈഷ്ണബ് മനോഹർദേവയുടെ ഒമ്പതാമതു പിൻഗാമിയാണ് അദ്ദേഹം. ജനുവരി ആറിന് കൃഷ്ണഗുരു സേവാശ്രമത്തിൽ തുടങ്ങിയ ലോകസമാധാനത്തിനായുള്ള ഏക്‌നാം അഖണ്ഡ കീർത്തനം ഒരു മാസം നീളുന്ന പരിപാടിയാണ്.
-ND-
(Release ID: 1896157)
Visitor Counter : 135
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada