ധനകാര്യ മന്ത്രാലയം

157 പുതിയ നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും

Posted On: 01 FEB 2023 1:31PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023

വികസനത്തിന്റെ ഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലേക്കും പൗരന്മാരിലേക്കും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ എന്നിവരിലേക്ക് എത്തിച്ചേരുന്ന സമൃദ്ധവും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ ഒരു ഇന്ത്യ വിഭാവനം ചെയ്യുന്ന കേന്ദ്ര ബജറ്റ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചു.

പുതിയ നഴ്‌സിംഗ് കോളേജുകള്‍

2014 മുതല്‍ സ്ഥാപിതമായ നിലവിലുള്ള 157 മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് 2023-24 ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജന ദൗത്യം

ബോധവല്‍ക്കരണം, രോഗബാധിത ആദിവാസി മേഖലകളിലെ 0-40 വയസ് പ്രായമുള്ള 7 കോടി ആളുകളുടെ സാര്‍വത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെയുള്ള കൗണ്‍സിലിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന സിക്കിള്‍ സെല്‍ അനീമിയ നിര്‍മാര്‍ജന ദൗത്യം ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.ഗവേഷണ വികസനത്തിനായി ഐ.സി.എം.ആര്‍ ലാബുകള്‍ ലഭ്യം

മെഡിക്കല്‍ മേഖലയില്‍ ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ മെഡിക്കല്‍ കോളേജ് ഫാക്കല്‍റ്റികള്‍ക്കും സ്വകാര്യ മേഖലയിലെ ഗവേഷണ വികസന ടീമുകള്‍ക്കും തെരഞ്ഞെടുത്ത ഐ.സി.എം.ആര്‍ ലാബുകളില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഫാര്‍മ മേഖലയിലെ ഗവേഷണവും നൂതനാശയവും

ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ പരിപാടി മികവിന്റെ കേന്ദ്രങ്ങളിലൂടെ ഏറ്റെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി സമര്‍പ്പിത മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍

ഭാവി മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍, ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണം, ഗവേഷണം എന്നിവയ്ക്കായി വിദഗ്ധരായ മനുഷ്യശക്തിയുടെ ലഭ്യത ഉറപ്പാക്കാന്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള സമര്‍പ്പിത മള്‍ട്ടിഡിസിപ്ലിനറി കോഴ്‌സുകളെ പിന്തുണയ്ക്കുമെന്ന് ശ്രീമതി സീതാരാമന്‍ പ്രസ്താവിച്ചു.

*********(Release ID: 1895483) Visitor Counter : 143