ധനകാര്യ മന്ത്രാലയം
പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന 4.0 ലക്ഷക്കണക്കിന് യുവാക്കള്‍ക്കു നൈപുണ്യം ലഭ്യമാക്കാന്‍ ആരംഭിക്കും
വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ അന്തര്‍ദേശീയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
3 വര്‍ഷത്തിനുള്ളില്‍ 47 ലക്ഷം യുവാക്കള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് പിന്തുണ നല്‍കുന്നതിന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ആരംഭിക്കും
നൈപുണ്യത്തിനായുള്ള ഡിജിറ്റല്‍ അന്തരീക്ഷം വിപുലീകരിക്കാന്‍ യുണൈറ്റഡ് സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിക്കും.
Posted On:
01 FEB 2023 1:22PM by PIB Thiruvananthpuram
നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമാണ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതെന്ന് പാര്‍ലമെന്റില്‍ ഇന്നു കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധന, കോര്‍പറേറ്റു കാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നൈപുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുകയും വ്യവസായ അവസരങ്ങളെ പിന്തുണക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
2023-2024 ലെ കേന്ദ്ര ബജറ്റ് ഏഴ് മുന്‍ഗണനകളാണു സ്വീകരിക്കുന്നത്. അവ പരസ്പരം പൂരകമാക്കുകയും അമൃതകാലത്തിലൂടെ നമ്മെ നയിക്കുന്ന 'സപ്തഋഷി'യായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ശ്രീമതി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. നൈപുണ്യ വികസനം ഉള്‍പ്പെടുന്ന മുന്‍ഗണനാ മേഖലകളില്‍ ഒന്നാണ് യുവശക്തി.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നൈപുണ്യം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. തൊഴില്‍ പരിശീലനം, വ്യവസായ പങ്കാളിത്തം, വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി കോഴ്സുകളുടെ വിന്യാസം എന്നിവയ്ക്ക് ഈ പദ്ധതി ഊന്നല്‍ നല്‍കും. കോഡിംഗ്, എ1, റോബോട്ടിക്സ്, മെക്കാട്രോണിക്സ്, ഐഒടി, ത്രീഡി പ്രിന്റിംഗ്, ഡ്രോണുകള്‍, സോഫ്റ്റ് സ്‌കില്‍സ് തുടങ്ങിയ വ്യവസായം 4.0-ന് ആവശ്യമായ പുതിയ തരം കോഴ്സുകളും ഈ പദ്ധതില്‍ ഉണ്ടാകും, അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവാക്കളെ അന്താരാഷ്ട്ര അവസരങ്ങള്‍ക്കായി നൈപുണ്യപരിശീലനം നല്‍കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ അന്തര്‍ദേശീയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ശ്രീമതി സീതാരാമന്‍ നിര്‍ദ്ദേശിച്ചു.

ദേശീയ തൊഴില്‍പരിശീലന പ്രോല്‍സാഹന പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 47 ലക്ഷം യുവാക്കള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നതിനായി പാന്‍-ഇന്ത്യ ദേശീയ തൊഴില്‍ പരിശീല പ്രോല്‍സാഹന പദ്ധതിക്കു കീഴില്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മന്ത്രി പ്രഖ്യാപിച്ചു.

ഏകീകൃത സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം
ഏകീകൃത സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതോടെ വൈദഗ്ധ്യത്തിനുള്ള ഡിജിറ്റല്‍ ആവാസവ്യവസ്ഥ കൂടുതല്‍ വിപുലീകരിക്കുമെന്ന് ശ്രീമതി സീതാരാമന്‍ അറിയിച്ചു.
ആവശ്യം അടിസ്ഥാനമാക്കിയുള്ള ഔപചാരിക വൈദഗ്ധ്യം പ്രവര്‍ത്തനക്ഷമമാക്കും. എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമായി ഇതിനെ ബന്ധിപ്പിക്കുകയും സംരംഭകത്വ പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയുമാണു ലക്ഷ്യം.
--NS--
(Release ID: 1895426)