ധനകാര്യ മന്ത്രാലയം
മഹാമാരിയുടെയും റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെയും ഭാഗമായുണ്ടായ ആഗോള ആഘാതങ്ങൾ സൃഷ്ടിച്ച ചരക്ക് പ്രതിസന്ധികൾ ഒഴിയുമ്പോൾ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം ഉയരങ്ങളിലേക്കു കുതിക്കും
ബാങ്കിംഗ്, ബാങ്കിംഗ് ഇതര, കോർപ്പറേറ്റ് മേഖലകളുടെ മെച്ചപ്പെട്ട ബാലൻസ് ഷീറ്റുകൾ ഉപയോഗിച്ച്, കഴിഞ്ഞ മാസങ്ങളിലെ ബാങ്ക് വായ്പയിലെ ഇരട്ട അക്ക വളർച്ചയിൽ നിന്നു വ്യക്തമാകുന്നതു പോലെ ഒരു പുതിയ വായ്പാ ചക്രം ആരംഭിച്ചു കഴിഞ്ഞു
ഡിജിറ്റൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ സൃഷ്ടിച്ച കൂടുതൽ ഔപചാരികവൽക്കരണം, ഉയർന്ന സാമ്പത്തിക ഉൾപ്പെടുത്തൽ, സാമ്പത്തിക അവസരങ്ങൾ എന്നിവയുടെ ഫലമായുള്ള കാര്യക്ഷമത നേട്ടങ്ങളിൽ നിന്ന് സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനം ലഭിക്കാൻ തുടങ്ങി
ഇന്ത്യയുടെ വളർച്ചാ വീക്ഷണം പകർച്ചവ്യാധിക്കു മുമ്പുള്ള വർഷങ്ങളേക്കാൾ മികച്ച നിലയിൽ; അത് ഇടത്തരം കാലയളവിൽ അതിന്റെ സാധ്യതകളിൽ വളരാൻ സജ്ജമാണ്
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സഹായിക്കാൻ ശക്തമായ ഇടത്തരം വളർച്ചാ ഉപാധികൾ
2014-2022 കാലത്ത് നടത്തിയ വിവിധ പരിഷ്‌കാരങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി
ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വ്യവസായ നടത്തിപ്പ് സുഗമമാക്കാനുമുള്ള പരിഷ്കാരങ്ങൾക്ക് ഊന്നൽ
Posted On:
31 JAN 2023 1:58PM by PIB Thiruvananthpuram
2014-2022 കാലഘട്ടത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിച്ചു കൊണ്ട് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങളെ ശക്തിപ്പെടുത്തുന്ന വിപുലമായ ഘടനാപരവും ഭരണപരവുമായ പരിഷ്‌കാരങ്ങൾക്ക് വിധേയമായെന്ന് 2022-23 സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. ജീവിത സൗകര്യം മെച്ചപ്പെടുത്തലിനും വ്യവസായ നടത്തിപ്പ് സുഗമമാക്കലിനും ഊന്നൽ നൽകിക്കൊണ്ടാണ് പൊതുവസ്‌തുക്കൾ സൃഷ്ടിക്കുക, വിശ്വാസത്തിലധിഷ്‌ഠിതമായ ഭരണം സ്വീകരിക്കുക, വികസനത്തിന് സ്വകാര്യമേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുക, കാർഷിക ഉത്പാദനക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയ വിശാലമായ തത്വങ്ങളെ അടിസ്ഥാനമാക്കി ഈ പരിഷ്കരണങ്ങൾ നടപ്പാക്കിയതെന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയിലുണ്ടായ താൽകാലിക ആഘാതങ്ങൾ കാരണം ഗവൺമെന്റ് നടത്തിയ മേൽപ്പറഞ്ഞ പരിവർത്തന പരിഷ്‌കാരങ്ങൾ വളർച്ചാ വരുമാനത്തെ പിന്നോട്ടടിച്ചുവെന്ന് സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും, നിലവിലെ ദശകത്തിൽ, ശക്തമായ ഇടത്തരം വളർച്ചാ ഉപാധികളുടെ സാന്നിധ്യം ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും പകരുന്നു. പകർച്ചവ്യാധിയുടെ ഈ ആഗോള ആഘാതങ്ങളും 2022 ൽ ചരക്ക് വിലയിലുണ്ടായ കുതിച്ചുചാട്ടവും ഒരിക്കൽ ഇല്ലാതാകുമ്പോൾ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ വരുന്ന ദശകത്തിൽ അതിവേഗം വളരാനുള്ള സാധ്യതയാണ് ഉള്ളത്.
നവ ഭാരതത്തിനായുള്ള പരിഷ്കാരങ്ങൾ - ഏവർക്കും ഒപ്പം, ഏവരുടെയും വികസനം
സാമ്പത്തിക സർവേ പ്രകാരം, 2014 ന് മുമ്പ് നടത്തിയ പരിഷ്കാരങ്ങൾ പ്രാഥമികമായി ഉൽപ്പന്നത്തിനും മൂലധന വിപണി ഇടത്തിനും വേണ്ടിയായിരുന്നു. അവ ആവശ്യമായിരുന്നു. 2014 ന് ശേഷവും തുടർന്നു. എന്നാൽ, ഈ പരിഷ്‌കാരങ്ങൾക്ക് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ സർക്കാർ പുതിയ മാനം നൽകി. ജീവിത സൗകര്യവും വ്യവസായ നടത്തിപ്പ് സൗകര്യവും സുഗമമാക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനപരമായ ഊന്നൽ നൽകിക്കൊണ്ടുള്ള പരിഷ്കാരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ വളർച്ചാ സാധ്യത ഉയർത്തുന്നതിന് അനുയോജ്യമാണ്. പൊതു വസ്‌തുക്കൾ സൃഷ്‌ടിക്കുക, വിശ്വാസാധിഷ്‌ഠിത ഭരണം സ്വീകരിക്കുക, വികസനത്തിനായി സ്വകാര്യ മേഖലയുമായി സഹകരിക്കുക, കാർഷിക ഉൽപ്പാദന ക്ഷമത മെച്ചപ്പെടുത്തുക എന്നിവയായിരുന്നു പരിഷ്‌കാരങ്ങളുടെ പിന്നിലെ വിശാലമായ തത്വങ്ങൾ. "ഈ സമീപനം ഗവൺമെന്റിന്റെ വളർച്ചയിലും വികസന തന്ത്രത്തിലും മാതൃകാപരമായ ഒരു മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. വികസന പ്രക്രിയയിൽ വിവിധ പങ്കാളികൾക്കിടയിൽ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലേക്ക് ഊന്നൽ നൽകുന്നു. അവിടെ ഓരോരുത്തരും വികസന നേട്ടങ്ങൾക്ക് സംഭാവന ചെയ്യുകയും കൊയ്യുകയും ചെയ്യുന്നു (ഏവർക്കും ഒപ്പം, ഏവരുടെയും വികസനം)" - സർവേ വ്യക്തമാക്കി.
അവസരങ്ങൾ, കാര്യക്ഷമത, ജീവിത സൗകര്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് പൊതു സാമഗ്രികൾ സൃഷ്ടിക്കുക
ബാലൻസ് ഷീറ്റ് പ്രശ്‌നങ്ങൾ കാരണം സാമ്പത്തികേതര കോർപ്പറേറ്റ് മേഖലയ്ക്ക് നിക്ഷേപം നടത്താൻ കഴിയാതെ വന്നപ്പോൾ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിനായി, കഴിഞ്ഞ കുറച്ചു വർഷങ്ങളായി നയപരമായ പ്രതിബദ്ധതയിലും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഹിതത്തിലും ഒരു വലിയ കുതിച്ചുചാട്ടം ഇപ്പോൾ ദൃശ്യമാണെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, വരുന്ന ദശകത്തിൽ സ്വകാര്യ നിക്ഷേപങ്ങളിലും വളർച്ചയിലും തിരക്ക് കൂട്ടുന്നതിന് സർക്കാർ നല്ലൊരു വേദി ഒരുക്കി. ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുന്നേറ്റത്തിനു പുറമെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഗവൺമെന്റ് ഊന്നൽ നൽകിയത് വ്യക്തികളുടെയും വ്യവസായങ്ങളുടെയും സാമ്പത്തിക സാധ്യതകൾ വർധിപ്പിക്കുന്നതിൽ ഒരു വലിയ മാറ്റമാണ്. ഡിജിറ്റൽ ഇതര മേഖലകളുമായുള്ള മുന്നോട്ടുള്ള ശക്തമായ ലിങ്കുകൾക്കൊപ്പം, ഡിജിറ്റൽവൽക്കരണം വിവിധ മാർഗങ്ങളിലൂടെ സാദ്ധ്യമായ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നു. ഉയർന്ന സാമ്പത്തിക ഉൾപ്പെടുത്തൽ, കൂടുതൽ ഔപചാരികവൽക്കരണം, വർദ്ധിച്ച കാര്യക്ഷമത, മെച്ചപ്പെടുത്തിയ അവസരങ്ങൾ എന്നിവ ഇവയിൽ ചിലതാണ്.
വിശ്വാസത്തിൽ അധിഷ്ഠിതമായ ഭരണം
സാമ്പത്തിക സർവേ പ്രകാരം, ഗവൺമെന്റിനും പൗരന്മാർക്കും / വ്യവസായങ്ങൾക്കുമിടയിൽ വിശ്വാസം വളർത്തിയെടുക്കുന്നത് മെച്ചപ്പെട്ട നിക്ഷേപക വികാരം, മെച്ചപ്പെട്ട ബിസിനസ്സ് ചെയ്യൽ, കൂടുതൽ കാര്യക്ഷമമായ ഭരണം എന്നിവയിലൂടെ കാര്യക്ഷമത നേട്ടങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ എട്ട് വർഷമായി ഈ ദിശയിൽ സ്ഥിരമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പാപ്പരത്ത - നിർധനത്വ കോഡ് (ഐ ബി സി), റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ആക്‌ട് (ആർ ഇ ആർ എ) തുടങ്ങിയ പരിഷ്‌കാരങ്ങളിലൂടെ റെഗുലേറ്ററി ചട്ടക്കൂടുകൾ ലളിതമാക്കുന്നത് വ്യവസായ നടത്തിപ്പ് എളുപ്പമാക്കി. 2013-ലെ കമ്പനി ആക്‌ട് പ്രകാരം ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറ്റവിമുക്തമാക്കൽ, 25,000 അനാവശ്യമായ ചട്ടങ്ങൾ പാലിക്കലുകൾ ഒഴിവാക്കി പ്രക്രിയകൾ ലളിതമാക്കൽ, 1400-ലധികം പുരാതന നിയമങ്ങൾ അസാധുവാക്കൽ, എയ്ഞ്ചൽ ടാക്സ് നിർത്തലാക്കൽ, സർക്കാരിന്റെ ആസ്തികളുടെ വിദേശ പരോക്ഷ കൈമാറ്റത്തിന് മുൻകാല നികുതി ഒഴിവാക്കൽ എന്നിവ പ്രതികൂലമല്ലാത്ത നയ അന്തരീക്ഷം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ദൃഢ നിശ്ചയത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും, 2014-ന് ശേഷമുള്ള കാലഘട്ടത്തിൽ രാജ്യത്തെ നികുതി ആവാസ വ്യവസ്ഥ ഗണ്യമായ പരിഷ്കാരങ്ങൾക്ക് വിധേയമായി. ഏകീകൃത ജി എസ് ടി സ്വീകരിക്കുക, കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുക, സോവറിൻ വെൽത്ത് ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവ നികുതിയിൽ നിന്ന് ഒഴിവാക്കുക, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ നികുതി നീക്കം ചെയ്യുക തുടങ്ങിയ നികുതി നയ പരിഷ്കാരങ്ങൾ വ്യക്തികളുടെയും വ്യവസായങ്ങളുടെയും നികുതി ഭാരം കുറച്ചു; സമ്പദ് വ്യവസ്ഥയിൽ നിന്ന് വികലമായ പ്രോത്സാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
വികസനത്തിൽ സഹ പങ്കാളിയായി സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കൽ
2014-ന് ശേഷമുള്ള കാലഘട്ടത്തിൽ സർക്കാരിന്റെ നയത്തിന് പിന്നിലെ അടിസ്ഥാന തത്വം വികസന പ്രക്രിയയിൽ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തമാണ് എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ആത്മനിർഭർ ഭാരതിനായുള്ള പുതിയ പൊതു മേഖലാ എന്റർപ്രൈസ് പോളിസി, പി എസ് ഇകളിൽ ഗവൺമെന്റിന്റെ സാന്നിധ്യം കുറച്ച് തന്ത്ര പ്രധാന മേഖലകളിലേക്ക് മാത്രം ചുരുക്കിക്കൊണ്ട് ഉയർന്ന കാര്യക്ഷമത കൈവരിക്കുന്നതിനാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യവസായങ്ങളിലുടനീളം ഇന്ത്യയുടെ ഉൽപ്പാദന ശേഷിയും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമുകൾക്ക് കീഴിൽ സുപ്രധാനമായ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറയ്ക്കുന്നതിനും മറ്റ് വികസിത രാജ്യങ്ങൾക്ക് തുല്യമായി കൊണ്ടു വരുന്നതിനുമായി വിപുലമായ ലോജിസ്റ്റിക്‌സ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ദേശീയ ലോജിസ്റ്റിക് നയം (2022) ആരംഭിച്ചു. എഫ് ഡി ഐ നയത്തിന്റെ ഉദാരവൽക്കരണം കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലേക്കുള്ള മൊത്ത എഫ് ഡി ഐ ഒഴുക്കിൽ ഘടനാപരമായ മാറ്റത്തിന് കാരണമായി. പ്രതിരോധം, ഖനനം, ബഹിരാകാശം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾ സ്വകാര്യ മേഖലയ്ക്കായി തുറന്നത് സമ്പദ് വ്യവസ്ഥയിലെ വ്യവസായ അവസരങ്ങൾ വർധിപ്പിച്ചു. എം എസ് എം ഇകൾ അഭിമുഖീകരിക്കുന്ന ഘടനാപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പരിഷ്കാരങ്ങളും സമീപ വർഷങ്ങളിൽ വ്യാവസായിക നയത്തിന്റെ സുപ്രധാന ഭാഗമാണ്.
കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ
സാമ്പത്തിക സർവേ നിരീക്ഷിച്ചതുപോലെ, കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയിലെ കാർഷിക മേഖല ശരാശരി വാർഷിക വളർച്ചാ നിരക്കിൽ 4.6 ശതമാനം വളർച്ച കൈവരിച്ചു. നല്ല മൺസൂൺ വർഷങ്ങളും കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി സർക്കാർ നടത്തിയ വിവിധ പരിഷ്കാരങ്ങളും ഈ വളർച്ചയ്ക്ക് ഭാഗികമായി കാരണമാകുന്നു. സോയിൽ ഹെൽത്ത് കാർഡുകൾ, മൈക്രോ ഇറിഗേഷൻ ഫണ്ട്, ജൈവ, പ്രകൃതി കൃഷി തുടങ്ങിയ നയങ്ങൾ കർഷകരെ വിഭവ വിനിയോഗം മികച്ചതാക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും സഹായിച്ചു. കർഷക ഉൽപ്പാദന സംഘടനകളുടെയും (എഫ് പി ഒ) ദേശീയ കാർഷിക വിപണിയുടെയും (ഇ- നാം) വിപുലീകരണ പ്ലാറ്റ്‌ഫോമിന്റെ പ്രോത്സാഹനവും കർഷകരെ ശാക്തീകരിക്കുകയും അവരുടെ വിഭവങ്ങൾ മെച്ചപ്പെടുത്തുകയും നല്ല വരുമാനം നേടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എ ഐ എഫ്) വിവിധ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് പിന്തുണ നൽകി. കേടായി പോകാവുന്ന കാർഷിക ഹോർട്ടി ചരക്കുകളുടെ നീക്കം മാത്രമാണ് കിസാൻ റെയിൽ ചെയ്യുന്നത്. സർവേ അനുസരിച്ച്, ഈ നടപടികളെല്ലാം കാർഷിക ഉൽപാദന ക്ഷമതയിലെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഇടത്തരം കാലയളവിൽ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിൽ അതിന്റെ സംഭാവന നിലനിർത്തുന്നതിനുമായി ലക്ഷ്യമിടുന്നു.
2014-22 കാലയളവിൽ സമ്പദ്‌വ്യവസ്ഥ നേരിട്ട ആഘാതങ്ങൾ
1998-2002 കാലഘട്ടത്തിൽ, പരിവർത്തനാത്മക പരിഷ്‌കാരങ്ങൾ ആരംഭിച്ചെങ്കിലും വളർച്ചാ ലാഭവിഹിതം ലഭിച്ചില്ലെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. 1998 മുതൽ 2002 വരെയുള്ള വളർച്ചാ വരുമാനത്തെ മറികടക്കുന്ന ബാഹ്യ ഘടകങ്ങളുടെയും ആഭ്യന്തര സാമ്പത്തിക മേഖലയുടെ ശുദ്ധീകരണത്തിന്റെയും ഫലമായുണ്ടായ ഒറ്റത്തവണ ആഘാതമാണ് ഈ പ്രതിഭാസത്തിന് കാരണം. അതുപോലെ, നിലവിലെ സാഹചര്യത്തിൽ, പകർച്ചവ്യാധിയുടെ ആഗോള ആഘാതങ്ങളും 2022-ൽ ചരക്ക് വിലയിലുണ്ടായ കുതിച്ചുചാട്ടവും ഇല്ലാതാകുമ്പോൾ, വരും ദശകത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ സാധ്യതകളിൽ വളരാൻ സജ്ജമാണ്.
ഈ ദശകത്തിലെ വളർച്ചയുടെ ഉപാധികൾ (2023-2030)
പകർച്ചവ്യാധിയുടെ ആരോഗ്യ- സാമ്പത്തിക ആഘാതങ്ങളും 2022 ൽ ചരക്ക് വിലയിലുണ്ടായ കുതിച്ചുചാട്ടവും ഇല്ലാതാകുമെന്ന് സാമ്പത്തിക സർവ്വേ പ്രസ്താവിക്കുന്നു. അതിനാൽ, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ അനുഭവത്തിന് സമാനമായി, വരും ദശകത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2023നു ശേഷം അതിന്റെ ശേഷികളിൽ വളരും. ബാങ്കിംഗ്, നോൺ-ബാങ്കിംഗ്, കോർപ്പറേറ്റ് മേഖലകളുടെ മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ബാലൻസ് ഷീറ്റുകൾക്കൊപ്പം, ഒരു പുതിയ വായ്പാ ചക്രം ഇതിനകം ആരംഭിച്ചതായി സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസങ്ങളിലെ ബാങ്ക് വായ്പയിലെ ഇരട്ട അക്ക വളർച്ചയിൽ നിന്ന് ഇത് വ്യക്തമാണ്. ഇന്ത്യയുടെ വളർച്ചാ വീക്ഷണം പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷങ്ങളേക്കാൾ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുള്ള പ്രാഥമിക കാരണം ഇതാണ്.
ഡിജിറ്റൽവൽക്കരണ പരിഷ്കാരങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന കൂടുതൽ ഔപചാരികവൽക്കരണം, ഉയർന്ന സാമ്പത്തിക ഉൾപ്പെടുത്തൽ, കൂടുതൽ സാമ്പത്തിക അവസരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കാര്യക്ഷമത നേട്ടങ്ങളും ഇന്ത്യയുടെ ഇടക്കാല സാമ്പത്തിക വളർച്ചയുടെ രണ്ടാമത്തെ പ്രധാന ചാലകമാകുമെന്ന് സർവേ പറയുന്നു. ഗവൺമെന്റിന്റെ നൈപുണ്യ സംരംഭങ്ങൾക്കൊപ്പം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ഈ പരിഷ്‌കാരങ്ങളും വരും വർഷങ്ങളിൽ ജനസംഖ്യാപരമായ മെച്ചത്തിന്റെ നേട്ടങ്ങൾ പുറത്തെടുക്കാൻ സഹായിക്കും.
വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമ- രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, ആഗോള വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണത്തിൽ നിന്ന് ഇന്ത്യക്ക് പ്രയോജനം നേടാനുള്ള അവസരമുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. ആഗോള വ്യാപാര പിരിമുറുക്കങ്ങൾ, മഹാമാരി കാരണം വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾ, യൂറോപ്പിലെ സംഘർഷം എന്നിവ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഹുരാഷ്ട്ര കമ്പനികൾ അഭൂതപൂർവമായ റിസ്ക് നേരിടുന്നു. നയ ചട്ടക്കൂടുകൾ പ്രാപ്‌തമാക്കുന്നതിലൂടെ, മറ്റ് രാജ്യങ്ങളിൽ നിന്ന് മൂലധനം വൈവിധ്യവത്കരിക്കുന്നതിനുള്ള വിശ്വസനീയമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ സ്വയം അവതരിപ്പിക്കുകയാണ്.
അതിലൂടെ, ഇന്ത്യയുടെ വളർച്ചാ കാഴ്ചപ്പാട് പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷങ്ങളേക്കാൾ മികച്ചതായി തോന്നുന്നു. കൂടാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇടത്തരം കാലയളവിൽ അതിന്റെ ശേഷിയിൽ വളരാൻ സജ്ജവുമാണ്.
***
(Release ID: 1895209)
Visitor Counter : 193