പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പേരിടാത്ത ഏറ്റവും വലിയ 21 ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേരിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു


നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമിക്കുന്ന നേതാജിക്കായി സമർപ്പിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തു

“ചരിത്രം സൃഷ്ടിക്കപ്പെടുമ്പോൾ, ഭാവിതലമുറകൾ അത് ഓർക്കുകയും വിലയിരുത്തുകയും മൂല്യനിർണയം നടത്തുകയും മാത്രമല്ല, അതിൽനിന്നു നിരന്തരമായ പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നു”


“ഈ ദിവസം ‘ആസാദി കാ അമൃത് കാലി’ലെ സുപ്രധാന അധ്യായമായി വരുംതലമുറകൾ ഓർക്കും”

“അഭൂതപൂർവമായ അഭിനിവേശത്തിന്റെയും അതികഠിനമായ വേദനയുടെയും ശബ്ദങ്ങൾ ഇന്നും സെല്ലുലാർ ജയിലിലെ സെല്ലുകളിൽ നിന്ന് കേൾക്കുന്നു”


“ബംഗാൾ മുതൽ ഡൽഹി, ആൻഡമാൻ വരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും നേതാജിയുടെ പാരമ്പര്യത്തെ അഭിവാദ്യം ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു”



“നമ്മുടെ ജനാധിപത്യസ്ഥാപനങ്ങൾക്ക് മുന്നിലുള്ള നേതാജിയുടെ മഹത്തായ പ്രതിമയും കർത്തവ്യപഥവും നമ്മുടെ കടമകളെ ഓർമിപ്പിക്കുന്നു”



“കടൽ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്നതുപോലെ, ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന വികാരം ഭാരതമാതാവിന്റെ ഓരോ കുട്ടിയെയും ഒന്നിപ്പിക്കുന്നു”


“ദേശീയ സുരക്ഷയ്ക്കായി സ്വയംസമർപ്പിച്ച സൈനികരെ സൈന്യത്തിന്റെ സംഭാവനകൾക്കൊപ്പം വ്യാപകമായി അംഗീകരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണ്”



“ചരിത്രം അറിയാനും അതിൽ ജീവിക്കാനുമാണു ജനങ്ങൾ ഇപ്പോൾ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലേക്ക് വരുന്നത്”


Posted On: 23 JAN 2023 2:12PM by PIB Thiruvananthpuram

പരാക്രം ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ പേരിടാത്ത 21 വലിയ ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേര് നൽകുന്ന ചടങ്ങിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു പങ്കെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമിക്കുന്ന, നേതാജിക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പരിപാടിയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പരാക്രം ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ഈ പ്രചോദനാത്മക ദിനം ആഘോഷിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് ഇന്ന് ചരിത്രപരമായ ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ചരിത്രം സൃഷ്ടിക്കപ്പെടുമ്പോൾ, ഭാവിതലമുറകൾ അത് ഓർക്കുകയും വിലയിരുത്തുകയും മൂല്യനിർണയം നടത്തുകയും മാത്രമല്ല, അതിൽനിന്നു നിരന്തരമായ പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. ആൻഡമാൻ-നിക്കോബാറിലെ 21 ദ്വീപുകളുടെ പേരിടൽ ചടങ്ങ് ഇന്ന് നടക്കുകയാണെന്നും അവ ഇനി 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേരിൽ അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തെ ബഹുമാനിക്കുന്നതിനായി അദ്ദേഹം താമസിച്ച ദ്വീപിൽ പുതിയ സ്മാരകത്തിന് തറക്കല്ലിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആസാദി കാ അമൃത് കാലി’ലെ സുപ്രധാന അധ്യായമായി ഈ ദിനം വരും തലമുറകൾ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാജി സ്മാരകവും പുതുതായി നാമകരണംചെയ്ത 21 ദ്വീപുകളും യുവതലമുറയ്ക്ക് നിരന്തരമായ പ്രചോദനമേകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശി, ആദ്യമായി ഇവിടെ ത്രിവർണ പതാക ഉയർത്തിയ കാര്യവും ഇന്ത്യയിലെ ആദ്യ സ്വതന്ത്ര ഗവണ്മെന്റിനു രൂപം നൽകിയ കാര്യവും പരാമർശിച്ചു. വീര സവർക്കറും അദ്ദേഹത്തെപ്പോലുള്ള മറ്റനേകം വീരന്മാരും രാജ്യത്തിനുവേണ്ടിയുള്ള തപസ്സിന്റെയും ത്യാഗത്തിന്റെയും ശിഖരം തൊട്ടത് ഈ മണ്ണിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഭൂതപൂർവമായ അഭിനിവേശത്തിന്റെയും അതികഠിനമായ വേദനയുടെയും ശബ്ദങ്ങൾ ഇന്നും സെല്ലുലാർ ജയിലിലെ തടവറകളിൽ നിന്ന് കേൾക്കുന്നു”- അദ്ദേഹം പറഞ്ഞു. ആൻഡമാന്റെ സ്വത്വം സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കുപകരം അടിമത്തത്തിന്റെ പ്രതീകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, “നമ്മുടെ ദ്വീപുകളുടെ പേരുകളിൽ പോലും അടിമത്തത്തിന്റെ മുദ്രയുണ്ട്” എന്നു ചൂണ്ടിക്കാട്ടി. നാലഞ്ചുകൊല്ലം മുമ്പ്, മൂന്ന് പ്രധാന ദ്വീപുകളുടെ പേരുമാറ്റാൻ താൻ പോർട്ട് ബ്ലെയർ സന്ദർശിച്ചത് അദ്ദേഹം അനുസ്മരിച്ചു. “റോസ് ദ്വീപ് ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപായി മാറിയിരിക്കുന്നു. ഹാവ്‌ലോക്കും നീൽ ദ്വീപുകളും സ്വരാജ്, ഷഹീദ് ദ്വീപുകളായി മാറിയിരിക്കുന്നു.” സ്വരാജ്, ഷഹീദ് എന്നീ പേരുകൾ നേതാജി തന്നെ നൽകിയതാണെന്നും എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രാധാന്യവും നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആസാദ് ഹിന്ദ് ഫൗജ് ഗവണ്മെന്റ് 75 വർഷം പൂർത്തിയാക്കിയപ്പോൾ, ഞങ്ങളുടെ ഗവണ്മെന്റ് ഈ പേരുകൾ പുനഃസ്ഥാപിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ചരിത്രത്തിന്റെ താളുകളിലെവിടെയോ ഒരിക്കൽ നഷ്ടമായ അതേ നേതാജിയെ സ്മരിക്കുന്നതാണ് ഇന്ത്യയുടെ 21-ാം നൂറ്റാണ്ടെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. ആൻഡമാനിൽ നേതാജി ആദ്യമായി ത്രിവർണ പതാക ഉയർത്തിയ അതേ സ്ഥലത്ത് ഇന്ന് ഉയർത്തിയിരിക്കുന്ന ആകാശത്തോളം ഉയരമുള്ള ഇന്ത്യൻ പതാകയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അവിടം സന്ദർശിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളിൽ ഇത് ദേശസ്നേഹം നിറയ്ക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിർമിക്കുന്ന പുതിയ മ്യൂസിയവും സ്മാരകവും ആൻഡമാനിലേക്കുള്ള യാത്രയെ കൂടുതൽ അവിസ്മരണീയമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019ൽ ഡൽഹിയിലെ ചുവപ്പുകോട്ടയിൽ ഉദ്ഘാടനം ചെയ്ത നേതാജി മ്യൂസിയത്തെക്കുറിച്ചു പറഞ്ഞ്, അവിടം ജനങ്ങൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നേതാജിയുടെ 125-ാം ജന്മവാർഷികത്തിലും പരാക്രം ദിനമായി പ്രഖ്യാപിച്ച ദിവസവും ബംഗാളിൽ നടന്ന പ്രത്യേക പരിപാടികളെക്കുറിച്ചും അദ്ദേഹം  പറഞ്ഞു.  “ബംഗാൾ മുതൽ ഡൽഹി, ആൻഡമാൻ വരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും നേതാജിയുടെ പാരമ്പര്യത്തെ അഭിവാദ്യം ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 സ്വാതന്ത്ര്യാനന്തരം ഉടൻ ചെയ്യേണ്ടിയിരുന്ന, നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 8-9 വർഷങ്ങളിലായി അവ നടപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു. 1943ൽ ഇവിടെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവണ്മെന്റ് രൂപീകൃതമായതെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യം അതിനെ കൂടുതൽ അഭിമാനത്തോടെ സ്വീകരിക്കുകയാണെന്നും വ്യക്തമാക്ക‌ി‌. ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ച് 75 വർഷം തികയുന്ന വേളയിൽ ചുവപ്പുകോട്ടയിൽ പതാക ഉയർത്തി രാജ്യം നേതാജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദശാബ്ദങ്ങളായി നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫയലുകൾ പരസ്യപ്പെടുത്തണമെന്ന ആവശ്യമുയർന്നതിനെക്കുറ‌ിച്ചു പറഞ്ഞ പ്രധാനമന്ത്രി, തികഞ്ഞ അർപ്പണബോധത്തോടെയാണ് ആ ജോലി ചെയ്തതെന്നും ചൂണ്ടിക്കാട്ടി. “ഇന്ന്, നമ്മുടെ ജനാധിപത്യസ്ഥാപനങ്ങൾക്ക് മുന്നിലുള്ള നേതാജിയുടെ മഹത്തായ പ്രതിമയും കർത്തവ്യപഥവും നമ്മുടെ കടമകളെ ഓർമിപ്പിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. 

തങ്ങളുടെ പ്രമുഖ വ്യക്തിത്വങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും തക്കസമയത്ത് പൊതുജനങ്ങളുമായി ബന്ധിപ്പിക്കുകയും, കാര്യപ്രാപ്തിയുള്ള ആദർശങ്ങൾ സൃഷ്ടിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത രാജ്യങ്ങളാണ് വികസനത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും പാതയിൽ ബഹുദൂരം മുന്നോട്ട് പോയതെന്ന് ചൂണ്ടിക്കാട്ടി, ‘ആസാദി കാ അമൃത് കാലി’ലും ഇന്ത്യ സമാനമായ നടപടികൾ സ്വീകരിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

21 ദ്വീപുകൾക്ക് പേരിട്ടതിന് പിന്നിലെ ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന അതുല്യ സന്ദേശം ഉയർത്തിക്കാട്ടി, രാജ്യത്തിന് വേണ്ടി ചെയ്ത അനശ്വര ത്യാഗങ്ങളുടെയും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെയും വീര്യത്തിന്റെയും സന്ദേശമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതമാതാവിനെ സംരക്ഷിക്കാൻ 21 പരമവീര ചക്ര ജേതാക്കൾ എല്ലാം ത്യജിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യൻ സൈന്യത്തിലെ ധീരരായ ആ സൈനികർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും സംസാരിക്കുന്നവരും വ്യത്യസ്ത ജീവിതശൈലികളിൽ ജീവിച്ചവരുമാണെന്നും ചൂണ്ടിക്കാട്ടി. ഭാരതമാതാവിനുള്ള സേവനമാണ് അവർചെയ്തതെന്നും അവരെ ഒന്നിപ്പിച്ച മാതൃരാജ്യത്തോടുള്ള അചഞ്ചലമായ കൂറാണിതു വെളിപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. “കടൽ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്നതുപോലെ, ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന വികാരം ഭാരതമാതാവിന്റെ ഓരോ കുട്ടിയെയും ഒന്നിപ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. “മേജർ സോമനാഥ് ശർമ, പിരു സിങ്, മേജർ ഷൈതൻ സിംഗ് എന്നിവർ മുതൽ ക്യാപ്റ്റൻ മനോജ് പാണ്ഡെ, സുബേദാർ ജോഗീന്ദർ സിങ്, ലാൻസ് നായിക് ആൽബർട്ട് എക്ക എന്നിവർ വരെ, വീർ അബ്ദുൾ ഹമീദും മേജർ രാമസ്വാമി പരമേശ്വരനും മുതൽ 21 പരമവീരന്മാർ വരെ ഏവർക്കും ഒരേയൊരു ദൃഢനിശ്ചയമേ ഉണ്ടായിരുന്നുള്ളൂ - രാഷ്ട്രമാണ് ആദ്യം! ഇന്ത്യയാണ് ആദ്യം! ഈ പ്രമേയം ഇപ്പോൾ ഈ ദ്വീപുകളുടെ പേരിൽ എന്നെന്നേക്കുമായി അനശ്വരമായി മാറിയിരിക്കുന്നു. കാർഗിൽ യുദ്ധത്തിലെ ക്യാപ്റ്റൻ വിക്രം ബത്രയുടെ പേരിൽ ആൻഡമാനിലെ ഒരു കുന്നും സമർപ്പിക്കുന്നു”- അദ്ദേഹം പറഞ്ഞു.

ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ പേരിടൽ പരമവീര ചക്ര പുരസ്‌കാര ജേതാക്കൾക്ക് മാത്രമല്ല ഇന്ത്യൻ സായുധ സേനയ്ക്കും സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്ക‌ി. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ തന്നെ നമ്മുടെ സൈന്യത്തിന് യുദ്ധങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് അനുസ്മരിച്ച്, നമ്മുടെ സായുധ സേനകൾ എല്ലാ മേഖലകളിലും തങ്ങളുടെ ധീരത തെളിയിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “ദേശീയ സുരക്ഷയ്ക്കായി സ്വയംസമർപ്പിച്ച സൈനികരെ സൈന്യത്തിന്റെ സംഭാവനകൾക്കൊപ്പം വ്യാപകമായി അംഗീകരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണ്”- പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് രാജ്യം ആ ഉത്തരവാദിത്വം നിറവേറ്റുകയാണ്. അത് സൈനികരുടെയും സൈന്യങ്ങളുടെയും പേരിൽ അറിയപ്പെടുകയുംചെയ്യുന്നു”- അദ്ദേഹം പറഞ്ഞു.

ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ സാധ്യതകളിലേക്ക് വെളിച്ചം വീശി, ഇത് ജലം, പ്രകൃതി, പരിസ്ഥിതി, പരിശ്രമം, ധീരത, പാരമ്പര്യം, വിനോദസഞ്ചാരം, പ്രബുദ്ധത, പ്രചോദനം എന്നിവയുടെ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ സാധ്യതകളും അവസരങ്ങളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ 8 വർഷത്തെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, 2014നെ അപേക്ഷിച്ച് 2022ൽ ആൻഡമാൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്നു വ്യക്തമാക്കി.  വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട തൊഴിലിലും വരുമാനത്തിലും ഉണ്ടായ ഉയർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആൻഡമാനുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യ ചരിത്രം അറിയാനുള്ള ആഗ്രഹം വർധിക്കുന്നതിനാൽ മേഖലയുടെ സ്വത്വം വൈവിധ്യവൽക്കരിക്കപ്പെടുന്നുവെന്ന വസ്തുത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ചരിത്രം അറിയാനും അതിൽ ജീവിക്കാനുമാണു ജനങ്ങൾ ഇപ്പോൾ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലേക്ക് വരുന്നത്” - അദ്ദേഹം പറഞ്ഞു. ആൻഡമാൻ - നിക്കോബാർ ദ്വീപുകളിലെ സമ്പന്നമായ ഗോത്ര പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട സ്മാരകവും സൈന്യത്തിന്റെ ധീരതയെ ആദരിക്കുന്നതും ഇവിടം സന്ദർശിക്കാൻ ഇന്ത്യക്കാർക്കിടയിൽ പുതിയ ആവേശം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പതിറ്റാണ്ടുകളുടെ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും, വികലമായ പ്രത്യയശാസ്ത്ര രാഷ്ട്രീയവും കാരണം രാജ്യത്തിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിൽ പിന്നാക്കംപോയ മുൻ ഗവണ്മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു “നമ്മുടെ ഹിമാലയൻ സംസ്ഥാനങ്ങളാകട്ടെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, അല്ലെങ്കിൽ ആൻഡമാൻ - നിക്കോബാർ പോലുള്ള സമുദ്ര ദ്വീപ് പ്രദേശങ്ങളാകട്ടെ, ഇവിടങ്ങളിലെ വികസനം പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്നു. കാരണം അവ വിദൂരവും അപ്രാപ്യവും അപ്രസക്തവുമായ പ്രദേശങ്ങളായാണ് കണക്കാക്കപ്പെട്ടിരുന്നത്”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ദ്വീപുകളുടെയും ചെറുദ്വീപുകളുടെയും കണക്ക് സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ, മാലിദ്വീപ്, സീഷെൽസ് തുടങ്ങിയ വികസിത ദ്വീപ് രാഷ്ട്രങ്ങളുടെ ഉദാഹരണങ്ങൾ നിരത്തി, ഈ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിസ്തീർണം ആൻഡമാൻ - നിക്കോബാറിനേക്കാൾ കുറവാണെന്നും എന്നാൽ വിഭവങ്ങളുടെ ശരിയായ വിനിയോഗത്തിലൂടെ അവർ പുതിയ ഉയരങ്ങളിൽ എത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ദ്വീപുകൾക്കും സമാനമായ ശേഷിയുണ്ടെന്നും രാജ്യം ഈ ദിശയിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പണമിടപാടുകൾക്കും സങ്കീർണമായ മറ്റു സേവനങ്ങൾക്കും വഴിയൊരുക്കുകയും വിനോദസഞ്ചാരികൾക്ക് പ്രയോജനം ചെയ്യുകയും ചെയ്യുന്ന ‘സബ്‌മറൈൻ ഒപ്റ്റിക്കൽ ഫൈബർ’ വഴി ആൻഡമാനിനെ അതിവേഗ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിന്റെ ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇപ്പോൾ പ്രകൃതി സന്തുലിതാവസ്ഥയും ആധുനിക വിഭവങ്ങളും ഒരുമിച്ചാണ് രാജ്യത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം നൽകിയ മുൻകാലത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി, ഭാവിയിൽ രാജ്യത്തിന്റെ വികസനത്തിന് ഈ പ്രദേശം പുതിയ ഉണർവ് നൽകുമെന്ന് സൂചിപ്പിച്ചുകൊണ്ടാണു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. “എനിക്ക് ആത്മവിശ്വാസമുണ്ട്, കഴിവുറ്റ, ആധുനിക വികസനത്തിന്റെ ഉന്നതിയിലെത്താൻ കഴിയുന്ന ഒരു ഇന്ത്യ നാം കെട്ടിപ്പടുക്കുമെന്ന്”- പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരം നല്‍കുന്നതും കണക്കിലെടുത്ത്, റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് 2018-ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പുനര്‍നാമകരണം ചെയ്തിരുന്നു. നീല്‍ ദ്വീപിന്റെയും ഹാവ്‌ലോക്ക് ദ്വീപിന്റേയും പേരുകള്‍ ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നും പുനര്‍നാമകരണം ചെയ്തു.

 

രാജ്യത്തെ യഥാര്‍ത്ഥ നായകര്‍ക്ക് അര്‍ഹമായ ആദരം നല്‍കുന്നതിന് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ദ്വീപസമൂഹത്തിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്‌ക്കാര ജേതാക്കളുടെ പേരുനല്‍കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. പേരില്ലാത്ത ഏറ്റവും വലിയ ദ്വീപിന് ആദ്യത്തെ പരമവീര ചക്ര പുരസ്‌ക്കാരം ലഭിച്ചയാളുടെ പേരു നൽകി. പേരില്ലാത്ത രണ്ടാമത്തെ വലിയ ദ്വീപിന് രണ്ടാമത്തെ പരമവീര ചക്ര പുരസ്‌ക്കാര ജേതാവിന്റെ പേരും നല്‍കി. രാഷ്ട്രത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പരമമായ ത്യാഗം സഹിച്ച നമ്മുടെ വീരന്മാര്‍ക്കുള്ള ശാശ്വതമായ ശ്രദ്ധാഞ്ജലിയാകും ഈ നടപടി.

മേജര്‍ സോമനാഥ് ശര്‍മ; സുബേദാര്‍, ഓണററി ക്യാപ്റ്റന്‍ (അന്നത്തെ ലാന്‍സ് നായിക്) കരം സിംഗ്, എം.എം; സെക്കന്റ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ; നായക് ജാദുനാഥ് സിംഗ്; കമ്പനി ഹവില്‍ദാര്‍ മേജര്‍ പിരു സിംഗ്; ക്യാപ്റ്റന്‍ ജി.എസ് സലാരിയ; ലെഫ്റ്റനന്റ് കേണല്‍ (അന്നത്തെ മേജര്‍) ധന്‍സിംഗ് ഥാപ്പ; സുബേദാര്‍ ജോഗീന്ദര്‍ സിംഗ്; മേജര്‍ ഷൈതാന്‍ സിംഗ്; സി.ക്യൂ.എം.എച്ച് അബ്ദുള്‍ ഹമീദ്; ലഫ്റ്റനന്റ് കേണല്‍ അര്‍ദേശിര്‍ ബര്‍സോര്‍ജി താരാപൂര്‍; ലാന്‍സ് നായിക് ആല്‍ബര്‍ട്ട് എക്ക; മേജര്‍ ഹോഷിയാര്‍ സിംഗ്; സെക്കന്റ് ലെഫ്റ്റനന്റ് അരുണ്‍ ഖേത്രപാല്‍; ഫ്‌ളയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ജിത് സിംഗ് ഷെഖോണ്‍; മേജര്‍ രാമസ്വാമി പരമേശ്വരന്‍; നായിബ് സുബേദാര്‍ ബനാ സിംഗ്; ക്യാപ്റ്റന്‍ വിക്രം ബത്ര; ലെഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെ; സുബേദാര്‍ മേജര്‍ (അന്നത്തെ റൈഫിള്‍മാന്‍) സഞ്ജയ് കുമാര്‍; സുബേദാര്‍ മേജര്‍ റിട്ട. (ഓണററി  ക്യാപ്റ്റന്‍) ഗ്രനേഡിയര്‍ യോഗേന്ദ്ര സിംഗ് യാദവ് എന്നീ 21 പരമവീര ചക്ര അവാര്‍ഡ് ജേതാക്കളുടെ പേരുകളാണ് ഈ ദ്വീപുകള്‍ക്ക് നല്‍കിയത്.

 

Naming of 21 islands of Andaman & Nicobar Islands after Param Vir Chakra awardees fills heart of every Indian with pride. https://t.co/tKPawExxMT

— Narendra Modi (@narendramodi) January 23, 2023

अंडमान की ये धरती वो भूमि है, जिसके आसमान में पहली बार मुक्त तिरंगा फहरा था। pic.twitter.com/oAuaFm6VGh

— PMO India (@PMOIndia) January 23, 2023

सेल्यूलर जेल की कोठरियों से आज भी अप्रतिम पीड़ा के साथ-साथ उस अभूतपूर्व जज़्बे के स्वर सुनाई पड़ते हैं। pic.twitter.com/zfXev6tw9z

— PMO India (@PMOIndia) January 23, 2023

India pays tributes to Netaji Bose - one of the greatest sons of the country. pic.twitter.com/GsjHVL4uDL

— PMO India (@PMOIndia) January 23, 2023

बीते 8-9 वर्षों में नेताजी सुभाष चंद्र बोस से जुड़े ऐसे कितने ही काम देश में हुये हैं, जिन्हें आज़ादी के तुरंत बाद से होना चाहिए था। pic.twitter.com/NnzkmIlpbb

— PMO India (@PMOIndia) January 23, 2023

जिन 21 परमवीर चक्र विजेताओं के नाम पर अंडमान-निकोबार के इन द्वीपों को अब जाना जाएगा, उन्होंने मातृभूमि के कण-कण को अपना सब-कुछ माना था। pic.twitter.com/lrCK2C69qc

— PMO India (@PMOIndia) January 23, 2023

सभी 21 परमवीर...सबके लिए एक ही संकल्प था- राष्ट्र सर्वप्रथम! India First! pic.twitter.com/4LarHjMkU1

— PMO India (@PMOIndia) January 23, 2023

*****

ND



(Release ID: 1892995) Visitor Counter : 191