ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ ജി20 അധ്യക്ഷപദം


ജി20 ആരോഗ്യപ്രവർത്തകസമിതിയുടെ ആദ്യയോഗം ജനുവരി 18 മുതൽ 20 വരെ തിരുവനന്തപുരത്ത്

Posted On: 16 JAN 2023 2:16PM by PIB Thiruvananthpuram

ജി20 ഇന്ത്യ അധ്യക്ഷപദത്തിനു കീഴിലുള്ള ആരോഗ്യപ്രവർത്തകസമിതിയുടെ ആദ്യ യോഗം 2023 ജനുവരി 18 മുതൽ 20 വരെ തിരുവനന്തപുരത്തു നടക്കും. 2022 ഡിസംബർ ‌‌ഒന്നിനാണ് ഇന്ത്യ ജി20 അധ്യക്ഷപദം ഏറ്റെടുത്തത്. നിലവിൽ ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീൽ എന്നിവ ഉൾപ്പെടുന്ന ജി 20 ട്രോയ്ക്കയുടെ ഭാഗമാണ് ഇന്ത്യ. വികസ്വരവും വളർന്നുവരുന്നതുമായ മൂന്നു സമ്പദ്‌വ്യവസ്ഥകൾ ട്രോയ്ക്കയിൽ ഉൾക്കൊള്ളുന്നത് ഇതാദ്യമാണ്.

ജി20യിലെ ഇന്ത്യയുടെ അധ്യക്ഷപദം എല്ലാവരേയും ഉൾക്കൊള്ളുന്നതും പ്രവർത്തനകേന്ദ്രീകൃതവും നിർണായകവുമാകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു വ്യക്തമാക്കി. പ്രധാനമന്ത്രി പ്രകാശനം ചെയ്ത ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയം ഇന്ത്യയുടെ ‘വസുധൈവ കുടുംബകം’ എന്ന തത്വത്തെയാണു പ്രകടമാക്കുന്നത്. മഹാമാരിക്കുശേഷം, ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാൻ ലോകത്തോടുള്ള ആഹ്വാനമാണിത്.

ജി 20യിലെ ഇന്ത്യയുടെ അധ്യക്ഷപദത്തിന്റെ ആരോഗ്യപാതയിൽ നാല് ആരോഗ്യ പ്രവർത്തകസമിതി (എച്ച്‌ഡബ്ല്യുജി) യോഗങ്ങളും ആരോഗ്യ മന്ത്രിതല യോഗവും (എച്ച്എംഎം) ഉൾപ്പെടും. തിരുവനന്തപുരം (കേരളം), ഗോവ, ഹൈദരാബാദ് (തെലങ്കാന), ഗാന്ധിനഗർ (ഗുജറാത്ത്) എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ നടക്കുന്നത്, ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്കാരങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഉയർത്തിക്കാട്ടും.


Image

ജി20 ചർച്ചകളെ സമ്പുഷ്ടമാക്കാനും പിന്തുണയ്ക്കാനും ഓരോ എച്ച്‌ഡബ്ല്യുജി യോഗത്തിനൊപ്പവും അനുബന്ധപരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. മെഡിക്കൽ വാല്യൂ ട്രാവലും ഡിജിറ്റൽ ആരോഗ്യവും; മരുന്നുകൾ, രോഗനിർണയം, വാക്സിനുകൾ എന്നിവയുടെ സഹകരണ ഗവേഷണത്തെക്കുറിച്ചുള്ള ശിൽപ്പശാല; പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആഗോളകേന്ദ്രവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളാണ് ഇതിൽ ഉൾപ്പെടുന്നത്. 2023 ജനുവരി 18 മുതൽ 20 വരെ തിരുവനന്തപുരത്തു നടക്കുന്ന എച്ച്‌ഡബ്ല്യുജിയുടെ ആദ്യ യോഗത്തിന്റെ ഭാഗമായി മെഡിക്കൽ വാല്യൂ ട്രാവലിനെക്കുറിച്ചുള്ള പരിപാടി നടക്കും.

ജി20 അധ്യക്ഷപദവി വഹിക്കുന്ന  നിലയിൽ, ആരോഗ്യ മുൻഗണനകളും അധ്യക്ഷസ്ഥാനം നേരത്തെ വഹിച്ചവരിൽ നിന്ന് പ്രധാന പരിപാടികൾ ഏറ്റെടുക്കുകയും തുടരുകയും ഏകീകരിക്കുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം. അതോടൊപ്പം, ശക്തിപ്പെടുത്തൽ ആവശ്യമായ നിർണായക മേഖലകൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. ആരോഗ്യസഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ബഹുമുഖവേദികളിലെ ചർച്ചകളിലെ ഒത്തുചേരലിനും സംയോജിതപ്രവർത്തനത്തിനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിനായി, ജി20 ആരോഗ്യപാതയ്ക്കായി ഇനിപ്പറയുന്ന മൂന്നു മുൻഗണനകൾ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്:

മുൻഗണന I: ആരോഗ്യ അടിയന്തര പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം (ഏകാരോഗ്യം, എഎംആർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്)

മുൻഗണന II: സുരക്ഷിതവും ഫലപ്രദവും ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ മെഡിക്കൽ പ്രതിരോധ നടപടികളിലേക്കുള്ള (വാക്സിനുകൾ, ചികിത്സ, രോഗനിർണയം) പ്രവേശനത്തിലും ലഭ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഔഷധമേഖലയിൽസഹകരണം ശക്തിപ്പെടുത്തൽ.

 

മുൻഗണന III: സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്ക് സഹായകമാകുന്നതിനും ആരോഗ്യ പരിരക്ഷാസേവനങ്ങളുറപ്പാക്കൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിജിറ്റൽ ആരോഗ്യ നവീകരണവും പ്രതിവിധികളും.

മേൽപ്പറഞ്ഞ മുൻഗണനകളുമായി ബന്ധപ്പെട്ട പ്രമേയാധിഷ്ഠിത ചർച്ചകൾ എച്ച്ഡബ്ല്യുജി യോഗങ്ങളിലുടനീളം നടക്കും. യോഗത്തിൽ ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.

--NS--



(Release ID: 1891581) Visitor Counter : 332