പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്-19മായി ബന്ധപ്പെട്ടു പൊതുജനാരോഗ്യ നടപടികളും തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷത യിൽ ഉന്നതതല യോഗം ചേർന്നു
അലംഭാവമരുതെന്നു മുന്നറിയിപ്പേകി പ്രധാനമന്ത്രി ; കർശന ജാഗ്രത പാലിക്കാനും നിർദേശം
ജനിതകശ്രേണീകരണത്തിലും പരിശോധന വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്, നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
ആശുപത്രി അടിസ്ഥാനസൗകര്യങ്ങളുടെ പ്രവർത്തനസന്നദ്ധത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി
മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് അനുസൃതശീലങ്ങൾ പാലിക്കണമെന്നും നിർദേശം
പ്രായമായവർക്കും പ്രത്യേകപരിഗണനവേണ്ടവർക്കുമുള്ള മുൻകരുതൽ ഡോസ് പ്രതിരോധകുത്തിവയ്പു നൽകുന്നതിൽ ഊന്നൽ നൽകി
മുന്നണിപ്പോരാളികളുടെയും കൊറോണ യോദ്ധാക്കളുടെയും നിസ്വാർഥസേവനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
22 DEC 2022 6:52PM by PIB Thiruvananthpuram
രാജ്യത്തെ കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, രാജ്യത്തെ വാക്സിനേഷൻ ക്യാമ്പയിനിന്റെ അവസ്ഥ, പുതിയ കോവിഡ്-19 വകഭേദങ്ങളുടെയും അവ പൊതുജനങ്ങളിൽ ഏതുരീതിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ചില രാജ്യങ്ങളിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഉന്നതതല അവലോകനയോഗം.
വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറിയും നിതി ആയോഗ് അംഗവും സമഗ്ര അവതരണം നടത്തി. 2022 ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തു ശരാശരി പ്രതിദിന കേസുകൾ 153 ആയി കുറഞ്ഞതായും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.14% ആയി കുറഞ്ഞതായും പ്രധാനമന്ത്രിയെ അറിയിച്ചു. എങ്കിലും, കഴിഞ്ഞ ആറാഴ്ചയായി, ആഗോളതലത്തിൽ ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇക്കാര്യത്തിൽ അലംഭാവം അരുതെന്നു മുന്നറിയിപ്പു നൽകിയ പ്രധാനമന്ത്രി കർശനമായ ജാഗ്രത പാലിക്കണമെന്നു നിർദേശിക്കുകയും ചെയ്തു. കോവിഡിന് ഇതുവരെ അന്ത്യമായിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം, നിലവിലുള്ള നിരീക്ഷണ നടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി; വിശേഷിച്ചും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ.
ഉപകരണങ്ങൾ, പ്രക്രിയകൾ, മാനവവിഭവശേഷി എന്നിവയുടെ കാര്യത്തിൽ, എല്ലാ തലങ്ങളിലുമുള്ള മുഴുവൻ കോവിഡ് അടിസ്ഥാനസൗകര്യങ്ങളും മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓക്സിജൻ സിലിണ്ടറുകൾ, പിഎസ്എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മാനവവിഭവശേഷി എന്നിവയുൾപ്പെടെയുള്ള ആശുപത്രി അടിസ്ഥാനസൗകര്യങ്ങളുടെ പ്രവർത്തനസന്നദ്ധത ഉറപ്പാക്കാൻ കോവിഡ് നിർദിഷ്ട സൗകര്യങ്ങൾ പരിശോധിക്കാൻ അദ്ദേഹം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
പരിശോധനകളുടെയും ജനിതകശ്രേണീകരണ പ്രയത്നങ്ങളുടെയും വേഗത വർധിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജനിതകശ്രേണീകരണത്തിനായി നിയുക്ത ഇൻസകോഗ് ജനിതകശ്രേണീകരണ ലബോറട്ടറികളുമായി (ഐജിഎസ്എൽ) പ്രതിദിനം കൂടുതൽ സാമ്പിളുകൾ പങ്കിടാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തു പടരുന്ന പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനും ഇതു സഹായിക്കും.
എല്ലായ്പ്പോഴും കോവിഡ് അനുസൃതശീലങ്ങൾ പാലിക്കണമെന്നു പ്രധാനമന്ത്രി ഏവരോടും അഭ്യർഥിച്ചു. വിശേഷിച്ച്, വരാനിരിക്കുന്ന ആഘോഷവേള കണക്കിലെടുത്ത്, തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രായമായവർക്കും ദുർബലരായ മറ്റുള്ളവർക്കും മുൻകരുതൽ ഡോസ് നൽകുന്നതു പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
മരുന്നുകൾ, വാക്സിനുകൾ, ആശുപത്രി കിടക്കകൾ എന്നിവ മതിയായ തോതിൽ ലഭ്യമാണെന്നു പ്രധാനമന്ത്രിയെ അറിയിച്ചു. അവശ്യമരുന്നുകളുടെ ലഭ്യതയും വിലയും പതിവായി നിരീക്ഷിക്കാൻ അദ്ദേഹം നിർദേശിച്ചു.
ആഗോളതലത്തിൽത്തന്നെ അഭിനന്ദനം അർഹിക്കുന്ന ആരോഗ്യമേഖലയിലെ മുന്നണിപ്പോരാളികളുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി, അതേ നിസ്വാർഥതയോടെയും അർപ്പണബോധത്തോടെയും പ്രവർത്തിക്കാൻ പ്രധാനമന്ത്രി അവരോട് ആഹ്വാനംചെയ്തു.
യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ, വാർത്താവിതരണ-പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂർ, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര, നിതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖാരെ, ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷൺ, ഡിഎച്ച്ആർ സെക്രട്ടറി ഡോ. രാജീവ് ബഹൽ, ഫാർമസ്യൂട്ടിക്കൽസ് (ഐ/സി) സെക്രട്ടറി അരുൺ ബറോക്ക തുടങ്ങിയവർ പങ്കെടുത്തു.
--ND--
(Release ID: 1885860)
Visitor Counter : 325
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada