രാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യൻ റെയിൽവേയിലെ പ്രൊബേഷണർമാർ  രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 16 DEC 2022 1:26PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 16, 2022

 ഇന്ത്യൻ റെയിൽവേയിലെ പ്രൊബേഷണർമാർ ഇന്ന് (ഡിസംബർ 16, 2022) രാഷ്ട്രപതി ഭവനിൽ, രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി  മുർമുവിനെ സന്ദർശിച്ചു. നിത്യവും തൊഴിലിനും ബിസിനസ്സിനും വേണ്ടി ജോലിസ്ഥലത്തേക്ക് പോകുന്ന നിരവധി ആളുകൾക്ക് റെയിൽവെയാണ് യഥാർത്ഥ ജീവനാഡിയെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. ദൈനംദിന ഉപജീവനമാർഗം നേടാൻ ആളുകളെ സഹായിക്കുന്ന  റെയിൽവേ ഉദ്യോഗസ്ഥർ, ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ചികിൽസയ്ക്കായും നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്.  സാധാരണക്കാരന്റെ ജീവിതത്തിൽ റെയിൽവേയുടെ പങ്ക് എന്നത്തേയും പോലെ നിർണായകമാണ്.  രാജ്യത്തുടനീളം യാത്രകളും ആശയങ്ങളുടെയും വിവരങ്ങളുടെയും കൈമാറ്റവും റെയിൽവേ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇന്ന് ഇന്ത്യ ദേശീയ തലത്തിലും ആഗോള തലത്തിലും മുന്നേറുമ്പോൾ, ജനങ്ങളുടെ ഗതാഗതത്തിനും ചരക്കുകളുടെ  ചലനത്തിനും നാം സാക്ഷ്യം വഹിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.  ഇത് ഭാവിയിൽ വർധിക്കാൻ പോകുന്നു.  അതിനാൽ, ഇന്ത്യൻ റെയിൽവേയും ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കണം .സുരക്ഷിതവും സമയം ലാഭിക്കുന്നതും കൂടുതൽ സൗകര്യപ്രദവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങൾക്കായി നൂതന സവിശേഷതകൾ ഉൾക്കൊള്ളുന്നതിന് പുതിയ വഴികൾ പര്യവേക്ഷണം ചെയ്യണമെന്നും രാഷ്ട്രപതി പറഞ്ഞു.


ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ഓർമകൾ നമുക്കെല്ലാവർക്കും ഉണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.  ആളുകൾ സുഖകരമായി യാത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥരുടെ കടമയാണ്. അങ്ങനെ അവർക്ക് നല്ല ഓർമ്മകൾ സമ്മാനിക്കണം. ഭിന്നശേഷിയുള്ളവരുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകാനും രാഷ്‌ട്രപതി ഉദ്യോഗസ്ഥരെ  ഉപദേശിച്ചു.  വിടവുകൾ നികത്തുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലും ഇന്ത്യൻ റെയിൽവേ ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

പുതിയതും പുനരുജ്ജീവിക്കുന്നതുമായ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഇന്ത്യൻ റെയിൽവേ വലിയ വികസന പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.  പ്രത്യേക ചരക്ക് ഇടനാഴികളുടെ ദൈർഘ്യത്തിന്റെ 56 ശതമാനത്തിലധികം പ്രവൃത്തി പൂർത്തിയായതായി അവർ ചൂണ്ടിക്കാട്ടി .  ഇവ ഉൽപ്പാദനവും വാഹക ശേഷിയും വർദ്ധിപ്പിക്കുമെന്നും അതുവഴി ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും റെയിൽ ശൃംഖലയിൽ മാറ്റം വരുത്തുമെന്നും അവർ പറഞ്ഞു.  ഈ ഇടനാഴികളിലൂടെ ചരക്ക് ഗതാഗത ചെലവ് ഗണ്യമായി കുറയും.  മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കുള്ള പ്രധാനമന്ത്രി ഗതി ശക്തി, അതിവേഗ റെയിൽ പദ്ധതികൾ, ഹൈപ്പർലൂപ്പ് അധിഷ്ഠിത ഗതാഗതം, ചാർ ധാം റെയിൽ പദ്ധതി, സേതു ഭാരതം തുടങ്ങിയ പരിപാടികൾ രാജ്യത്തെ വ്യാവസായിക, വാണിജ്യ, വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് അവർ പറഞ്ഞു.  ഇത് വിഭവങ്ങളുടെ തുല്യമായ വിതരണത്തിന് വലിയ മുന്നേറ്റം നൽകുമെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

 രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

SKY
 
****


(Release ID: 1884142) Visitor Counter : 102