ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിനുമുമ്പ് ആധാർ യഥാർഥമാണോ എന്നു പരിശോധിക്കണം: യുഐഡിഎഐ

കൃത്യമായ തിരിച്ചറിയലിനും ദുരുപയോഗം തടയുന്നതിനും ആധാർ യഥാർഥമാണോ എന്നു പരിശോധിക്കണം

Posted On: 24 NOV 2022 3:28PM by PIB Thiruvananthpuram

ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനു നേരിട്ടോ ഇലക്ട്രോണിക് രൂപത്തിലോ ആധാർ സ്വീകരിക്കുന്നതിനുമുമ്പ്, സമർപ്പിക്കുന്ന ആധാർ യഥാർഥമാണോ എന്നു സ്ഥാപനങ്ങൾ പരിശോധിച്ചുറപ്പിക്കണം.


ഒരു വ്യക്തി സമർപ്പിക്കുന്ന ആധാർ നമ്പർ പരിശോധിച്ചുറപ്പിക്കുന്നത് ഏതു തരത്തിലുള്ള ആധാറും (ആധാർ കത്ത്, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം-ആധാർ) യഥാർഥമാണോ എന്നു സ്ഥാപിക്കുന്നതിനുള്ള ശരിയായ നടപടിയാണെന്നു യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കി.

സാമൂഹ്യവിരുദ്ധരെയും മറ്റും ആധാർ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് ഇതു തടയും. കൃത്യമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും, ഏതെങ്കിലും 12 അക്ക നമ്പർ ആധാർ അല്ലെന്ന യുഐഡിഎഐയുടെ നിലപാട് ആവർത്തിച്ചുറപ്പിക്കുകയും ചെയ്യും. ആധാർ രേഖകളിൽ കൃത്രിമം കാണിക്കുന്നത് ഓഫ്‌ലൈൻ പരിശോധനയിലൂടെ കണ്ടെത്താനാകും. ആധാറിൽ കൃത്രിമം കാണിക്കുന്നതു ശിക്ഷാർഹമായ കുറ്റവും ആധാർ നിയമത്തിലെ സെക്ഷൻ 35 പ്രകാരം പിഴശിക്ഷയ്ക്കു ബാധ്യസ്ഥവുമാണ്. 

ഉപയോഗത്തിനുമുമ്പു സ്ഥിരീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചു യുഐഡിഎഐ സംസ്ഥാന ഗവണ്മെന്റുകളോടു വ്യക്തമാക്കി. മാത്രമല്ല, ആധാർ തിരിച്ചറിയൽ രേഖയായി സമർപ്പിക്കുമ്പോഴെല്ലാം, ബന്ധപ്പെട്ട സ്ഥാപനം ആധികാരികത ഉറപ്പാക്കുന്നതിന്/സ്ഥിരീകരണംനടത്തുന്നതിന് ആവശ്യമായ നിർദേശം നൽകണമെന്നു സംസ്ഥാനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. 

സ്ഥിരീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും പാലിക്കേണ്ട മാനദണ്ഡങ്ങൾ വ്യക്തമാക്കുകയും ചെയ്ത്, ആധികാരികത ഉറപ്പാക്കാനും പരിശോധന നടത്താനും അധികാരമുള്ള സ്ഥാപനങ്ങളെയും മറ്റു സ്ഥാപനങ്ങളെയും അഭിസംബോധനചെയ്തു യുഐഡിഎഐ സർക്കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. 

ആധാറിന്റെ എല്ലാ രൂപങ്ങളും (ആധാർ ലെറ്റർ, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം-ആധാർ) ലഭ്യമായ ക്യൂആർ കോഡുപയോഗിച്ച് എംആധാർ ആപ്പ് (mAadhaar) അല്ലെങ്കിൽ ആധാർ ക്യൂആർ കോഡ് സ്കാനർ ഉപയോഗിച്ചു പരിശോധിക്കാവുന്നതാണ്. ക്യൂആർ കോഡ് സ്കാനർ ആൻഡ്രോയ്ഡ്-ഐഒഎസ് അധിഷ്ഠിത മൊബൈൽ ഫോണുകൾക്കും വിൻഡോ-അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കും സൗജന്യമായി ലഭ്യമാണ്. 

സ്ഥലവാസികൾക്ക് അവരുടെ ആധാറിന്റെ കടലാസ്-ഇലക്ട്രോണിക് രൂപങ്ങൾ ഹാജരാക്കി തിരിച്ചറിയൽ തെളിയിക്കാൻ സ്വമേധയാ ആധാർ നമ്പർ ഉപയോഗിക്കാം. അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യുഐഡിഎഐ ഇതിനകം നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

 

--ND--



(Release ID: 1878596) Visitor Counter : 185