പ്രധാനമന്ത്രിയുടെ ഓഫീസ്‌

നോര്‍വേ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശന വേളയിലെ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവനയുടെ പരിഭാഷ

Posted On: 09 JAN 2019 2:18PM by PIB Thiruvananthpuram

ആദരണീയരെ,
പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗ്,
നോര്‍വേയില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന എല്ലാ വിശിഷ്ടാതിഥികളെ,

സുഹൃത്തുക്കളെ,

കഴിഞ്ഞ വര്‍ഷം സ്േറ്റാക്ക്‌ഹോമില്‍ വച്ച് പ്രധാനമന്ത്രി സോള്‍ബെര്‍ഗിനെ കണ്ടപ്പോള്‍, അവരെ ഞാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു, ഇന്ന് അവരെ ഇന്ത്യയില്‍ സ്വാഗതം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.

നോര്‍വേ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്, ഇന്ന് ഇത് മറ്റൊരു തരത്തിലും പ്രത്യേകതയുള്ളതാണ്, എന്തെന്നാല്‍ അവര്‍ ഇന്ന് റെയ്‌സിന ഡയലോഗിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കും. ഇതിനായി ഞാന്‍ അവര്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,

പ്രധാനമന്ത്രി സോള്‍ബെര്‍ഗിനെ 2017ല്‍ ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഞാന്‍ കണ്ടപ്പോള്‍ അവര്‍ എനിക്ക് ഒരു ഫുട്‌ബോള്‍ സമ്മാനിച്ചിരുന്നു. പ്രത്യേക ശ്രദ്ധക്കുക, കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡന്‍ ബോള്‍ നോര്‍വേയുടെ അഡാ ഹെഗര്‍ബെര്‍ഗിനാണ് ലഭിച്ചത്, അതിന് ഞാന്‍ നോര്‍വേയെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

എന്നാല്‍ പ്രധാനമന്ത്രി എനിക്ക് ഫുട്‌ബോള്‍ സമ്മാനിച്ചതിന് യഥാര്‍ത്ഥത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു സന്ദര്‍ഭത്തിലായിരുന്നു. ആ ഫുട്‌ബോള്‍ യഥാര്‍ത്ഥത്തില്‍ ഫുട്ട്‌ബോള്‍ കളിയുടെ ലക്ഷ്യത്തെയല്ല പ്രതിനിധീകരിക്കുന്നത്, അത് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി സോള്‍ബര്‍ഗ് വളരെയധികം പ്രോത്സാഹനമാണ് നല്‍കുന്നത്.

ഈ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി സോള്‍ബെര്‍ഗ് ഇന്ത്യയില്‍ നോര്‍വേയുടെ പുതിയ ഹരിത എംബസിയും ഉദ്ഘാടനം ചെയ്തു. അതിനാല്‍ അവരുടെ ആഗോള ശ്രമങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിച്ചാല്‍ എത്ര പ്രശംസയും കുറഞ്ഞുപോകും.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നവയുമാണ്. മാത്രമല്ല ''നോര്‍വേ-ഇന്ത്യ പങ്കാളിത്ത മുന്‍കൈ'' വഴി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം എന്ന വിഷയത്തില്‍ ഇരു രാജ്യങ്ങളും വിജയകരമായി സഹകരിക്കുന്നു എന്നതും ഞങ്ങള്‍ക്ക് സന്തോഷകരമായ കാര്യമാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയും നോര്‍വേയും തമ്മിലുള്ള ബന്ധത്തില്‍ വ്യാപാരവും നിക്ഷേപവും സുപ്രധാനമാണ്. നോര്‍വേയുടെ ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ോബല്‍ ഇന്ത്യയില്‍ ഏകദേശം 12 ബില്യണ്‍ യു.എസ് ഡോളറിന്റെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം നടത്തിയിട്ടുണ്ട് (ലാഭം ലക്ഷ്യമാക്കി ഓഹരിവിപണി, മറ്റ് സാമ്പത്തികമേഖലകള്‍ എന്നിവിടങ്ങളിലെ നിക്ഷേപം). പ്രധാനമന്ത്രിക്കൊപ്പം നോര്‍വേയില്‍ നിന്നുള്ള നൂറിലധികം കമ്പനികളുടെ പ്രതിനിധികളും ഇന്ത്യയിലെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇന്നലെ നടന്ന ഇന്ത്യ-നോര്‍വേ ബിസിനസ് ഉച്ചകോടിയില്‍ അവര്‍ ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി ഉപയോഗപ്രദമായ ആശയവിനിമയം നടത്തുകയും ചെയ്തു. പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും ഇന്ത്യയിലെ അപാരമായ സാദ്ധ്യതകളില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ നോര്‍വേയിലെ കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രത്യേകിച്ചും സാഗര്‍മാല പരിപാടിക്ക് കീഴില്‍ കപ്പല്‍ നിര്‍മാണം, തുറമുഖങ്ങള്‍, തുറമുഖങ്ങള്‍ വഴിയുള്ള വികസനം എന്നിവയില്‍ നോര്‍വീജിയന്‍ കമ്പനികള്‍ക്ക് ധാരാളം അവസരങ്ങള്‍ വരാനിരിക്കുകയാണ്.

സുഹൃത്തുക്കളെ,

സമുദ്ര സമ്പദ്ഘടനയും ഇതുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും ഈ മേഖല വളരെ സുപ്രധാനമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 15% തീരദേശ ജില്ലകളിലാണ് താമസിക്കുന്നത്. ഒരു തരത്തില്‍ അവരുടെ ജീവിതം സമുദ്ര സമ്പദ്‌വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്. ഇതിനെ നമ്മള്‍ പരോക്ഷമായി നോക്കുകയാണെങ്കില്‍, ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളിലെ ജനസംഖ്യ 500 ദശലക്ഷത്തിലധികം വരും. നോര്‍വേയുടെ കയറ്റുമതിയുടെ 70% നോര്‍വേയുടെ സമുദ്ര വ്യവസായത്തില്‍ നിന്നാണ് എന്നതില്‍ നിന്ന് സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ വിഷയത്തില്‍ നോര്‍വേയുടെ വൈദഗ്ദ്ധ്യം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. അതുകൊണ്ട്, ഈ സുപ്രധാന മേഖലയില്‍ ഇന്ന് നമ്മുടെ ബന്ധങ്ങളില്‍ സഹകരണത്തിന്റെ ഒരു പുതിയ മാനം കൂട്ടിചേര്‍ത്തതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി സമുദ്ര സംവാദം ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നമ്മുടെ സഹകരണത്തിന് ദിശാബോധം നല്‍കും.

സുഹൃത്തുക്കളെ,

അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെയും നോര്‍വേയുടെയും സഹകരണം ശക്തമാണ്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കാരങ്ങള്‍, ബഹുമുഖമായ കയറ്റുമതി നിയന്ത്രണ ഭരണസംവിധാനങ്ങള്‍,
ഭീകരവാദം തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്, അവയില്‍ ഞങ്ങള്‍ ഇരുവരും വളരെ അടുത്ത സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ സഹകരണത്തിന്റെ എല്ലാ മേഖലകളും അവലോകനം ചെയ്യുകയും അവര്‍ക്ക് ദിശാബോധം നല്‍കാനും അവര്‍ക്ക് ഊര്‍ജ്ജം പകരാനുമുള്ള വഴികളും മാര്‍ഗങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

ആദരണീയരെ,

ഇന്ത്യ സന്ദര്‍ശിക്കാനുള്ള എന്റെ ക്ഷണം നിങ്ങള്‍ സ്വീകരിച്ചു, അതിന് ഞാന്‍ ഒരിക്കല്‍ കൂടി ഹൃദയം കൊണ്ട് എന്റെ നന്ദി അറിയിക്കുന്നു. ഇന്ന് വൈകുന്നേരം റെയ്‌സിന ഡയലോഗില്‍ നിങ്ങളുടെ അഭിസംബോധന കേള്‍ക്കുന്നതിനായി ഞങ്ങള്‍ എല്ലാവരും വളരെ ആവേശത്തിലാണ്. നിങ്ങളുടെ ഇന്ത്യാ സന്ദര്‍ശനം വളരെ സന്തോഷകരവും വിജയകരവുമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നന്ദി.

--ND-- 


(Release ID: 1869126) Visitor Counter : 72