പ്രധാനമന്ത്രിയുടെ ഓഫീസ്‌

മാലദ്വീപ് സന്ദര്‍ശന വേളയില്‍ പീപ്പിള്‍സ് മജ്‌ലിസിനെ (ജനസഭ) അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 08 JUN 2019 2:59PM by PIB Thiruvananthpuram

ജനസഭയുടെ ആദരണീയനായ സ്പീക്കര്‍, മാലദ്വീപിന്റെ മുന്‍ പ്രസിഡന്റ്, എന്റെ സ്‌നേഹിതന്‍ സംപൂജ്യനായ മുഹമ്മദ് നിഷാദ്, ജനസഭയിലെ ആദരണീയരായ അംഗങ്ങളെ,

ശ്രേഷ്ഠരെ,
വിശിഷ്ഠ അതിഥികളെ,
നമസ്‌കാരം
ആദ്യം തന്നെ ഇന്ത്യയിലെ 1.3 ശതലക്ഷം പൗരന്മാരുടെ പേരിലും എന്റെ സ്വന്തം പേരിലുമുള്ള അഭിവാദ്യങ്ങളും ആശംസകളും  ഞാന്‍ നിങ്ങളെ അറിയിക്കുന്നു. വിശുദ്ധ പെരുന്നാളായ ഈദ് – ഉല്‍ – ഫിത്തറിന്റെ ആഹ്ലാദവും ഉത്സാഹവും ഇപ്പോഴും നമ്മിലുണ്ട്. ഈ അവസരത്തില്‍ ചെറിയ പെരുന്നാളിന്റെ ആശംസകള്‍ കൂടി  മാലദ്വീപിലെ ജനങ്ങള്‍ക്ക് ഞാന്‍ നേരുന്നു.
ആദരണീയനായ സ്പീക്കര്‍,
ആയിരത്തോളം ദ്വീപുകളുടെ ഒരു പുഷ്പഹാരമാണ് മാലദ്വീപുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ അപൂര്‍ രത്‌നമാണ് അത്. അതിന്റെ അതിരില്ലാത്ത സൗന്ദര്യവും പ്രകൃതി സമ്പത്തും നൂറ്റാണ്ടുകളായി  ആകര്‍ഷണ കേന്ദ്രമാണ്. പ്രകൃതി ശക്തികളുമായി ഏറ്റുമുട്ടുന്ന അജയ്യനായ മനുഷ്യന്റെ  കരുത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഈ രാജ്യം. വ്യാപാരികളുടെയും സഞ്ചാരികളുടെയും സംസ്‌കാരത്തിന്റെയും നിരന്തരമായ പ്രവാഹത്തിന് മാലദ്വീപുകള്‍ എന്നും സാക്ഷ്യം വഹിച്ചിട്ടുണ്ട്.  മാലെ എന്ന മനോഹരമായ ഈ തലസ്ഥാന നഗരം നീല സമുദ്രങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ കവാടം മാത്രമല്ല, സുസ്ഥിരവും ശാന്തവും  ഐശ്വര്യപൂര്‍ണവുമായ ഇന്ത്യന്‍ സമുദ്ര മേഖലയിലേയ്ക്കുള്ള സമസ്ത ലോകത്തിന്റെയും താക്കോല്‍ കൂടിയാണ്.

ആദരണീയനായ സ്പീക്കര്‍,

ഇന്ന് മാലദ്വീപില്‍ ഈ മഹനീയ മജ്‌ലിസ് സഭയില്‍ നിങ്ങള്‍ക്ക് ഒപ്പം ആയിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദവും ബഹുമതിയും ആണ്. തെരഞ്ഞെടുപ്പിനു ശേഷം ആദരണീയനായ നിഷാദ് സ്പീക്കറായുള്ള നിങ്ങളുടെ പ്രഥമ സമ്മേളനത്തിലേയ്ക്ക് എന്നെ ക്ഷണിക്കുവാന്‍ മജ്‌ലിസ് ഏക കണ്ഠമായി  തീരുമാനിച്ചു എന്നത് വലിയ ബഹുമതിയായി ഞാന്‍ കരുതുന്നു. നിങ്ങളുടെ ഈ പ്രവൃത്തി ഓരോ ഇന്ത്യക്കാരന്റെയും മനസിനെ സ്പര്‍ശിക്കുകയും അവരുടെ അഭിമാനവും മഹത്വവും ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ആദരണീയനായ സ്പീക്കര്‍, ഇതിന്റെ പേരില്‍ ഞാന്‍ അങ്ങേയ്ക്കും,  ഈ മഹനീയ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങള്‍ക്കും എന്റെയും മുഴുവന്‍ ഇന്ത്യയുടെയും നന്ദി അറിയിക്കുന്നു.

ആദരണീയനായ സ്പീക്കര്‍,
മാലദ്വീപിലെ എന്റെ രണ്ടാം സന്ദര്‍ശനമാണിത്. അതായത് മജ്‌ലിസിന്റെ ചരിത്രപരമായ നടപടിക്രമങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാവുന്നത് ഇതു രണ്ടാം പ്രാവശ്യമാണ്. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റ് സോലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിന് സന്നിഹിതനാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. എനിക്ക് അതില്‍ വലിയ സന്തോഷമുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ആ ചടങ്ങ് തുറന്ന മൈതാനിയിലാണ് നടന്നത്. അത്  ജനാധിപത്യത്തിന്റെ പ്രശസ്തവും ചരിത്രപരവുമായ വിജയമായി. ആ വിജയത്തിന് അടിസ്ഥാനം അദ്ദേഹത്തിന്റെ വിശ്വാസവും ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ്. ആ ചടങ്ങ് ആഴത്തിലുള്ള ഒരു അനുഭവമായിരുന്നു. മാലദ്വീപിലെ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ശക്തി അന്നാണ് ഞാന്‍ നേരിട്ട് അനുഭവിച്ചത്. അന്നാണ് ജനാധിപത്യത്തിനു വേണ്ടിയുള്ള മാലദ്വീപിലെ സാധാരണക്കാരന്റെ സമര്‍പ്പണവും പ്രതിബദ്ധതയും ഞാന്‍ കണ്ടത്. ആദരണീയനായ സ്പീക്കര്‍ അങ്ങയെ പോലുള്ള നേതാക്കളോടുള്ള അവരുടെ സ്‌നേഹവും ആദരവും ഞാന്‍ കണ്ടത്.  മാലദ്വീപിലെ ജനാധിപത്യത്തിന്റെ പതാകാവാഹകരായ നിങ്ങളെ എല്ലാവരെയും ഇന്ന് ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ആദരണീയനായ സ്പീക്കര്‍,
ഈ സഭ, ഈ മജ്‌ലിസ് കട്ടയും സിമന്റും കൊണ്ടു നിര്‍മ്മിച്ച കേവലം  മന്ദിരം മാത്രമല്ല. ഇതു വെറും ജനങ്ങളുടെ  സാധാരണ സദസുമല്ല. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്ജ കേന്ദ്രമാണ്. . ഈ സഭയിലെ അംഗങ്ങളുടെ ചിന്തകളിലൂടെയും ശബ്ദങ്ങളിലൂടെയും മുഴങ്ങുന്നത് ഈ രാഷ്ടത്തിന്റെ ഹൃദയമിടിപ്പുകളാണ്. നിങ്ങളുടെ പ്രയത്‌നം വഴിയാണ് ഈ രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാകുന്നത്.  വിവിധ പ്രത്യയശാസ്ത്രങ്ങളിലും പാര്‍ട്ടികളിലും വിശ്വസിക്കുന്ന ഈ അംഗങ്ങള്‍ ഓരോരുത്തരും അവരുടെ സംഘടിതമായ തീരുമാനം രാജ്യത്തിന്റെ  ജനാധിപത്യത്തിനു വേണ്ടി, വികസനത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി  രൂപാന്തരപ്പെടുത്തുന്നതിനായി കേന്ദ്രീകരിക്കുന്നത് ഇവിടെയാണ്.
ഇതുപോലെയാണ്, ഏതാനും മാസം മുമ്പ് മാലദ്വീപിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി  ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഒരു ഉദാഹരണം ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്. നിങ്ങളുടെ ആ യാത്ര മുഴുവന്‍ വെല്ലുവിളകളുടേതായിരുന്നു. എന്നാല്‍ അന്തിമ വിജയം ജനങ്ങളുടെതാണ് എന്ന് മാലദ്വീപ്, നിങ്ങള്‍ ഓരോരുത്തരും തെളിയിച്ചു. അത് സാധാരണ വിജയം ആയിരുന്നില്ല. നിങ്ങളുടെ ഈ നേട്ടം സമസ്ത ലോകത്തിനും ജനാധിപത്യത്തിന്റെ മഹത്തായ ഊര്‍ജ സ്രോതസാണ്. മാലദ്വീപിന്റെ ഈ മഹത്തായ നേട്ടത്തില്‍ ഏറ്റവും അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും ആരാണ്?.
ഉത്തരം വ്യക്തം.
അത് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും അയല്‍ക്കാരനും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യ തന്നെ. മാലദ്വീപിന്റെ ജനാധിപത്യശാക്തീകരണത്തിനായി  ഇന്ത്യയും ഇന്ത്യ ജനത മുഴുവനായും എന്നും നിങ്ങളോടൊപ്പം ആയിരുന്നു,  ഇനിയും നിങ്ങള്‍ക്കൊപ്പമായിരിക്കുകയും ചെയ്യും എന്ന് ഈ മഹനീയ സമ്മേളനത്തിത്തെ സാക്ഷി നിര്‍ത്തി ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു,

ആദരണീയനായ സ്പീക്കര്‍,
ഇന്ത്യയിലും അടുത്ത നാളില്‍ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ നടന്നു. രാജ്യത്തെ 1.3 ശതലക്ഷം ജനങ്ങള്‍ക്ക്  ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് ആയിരുന്നില്ല, മറിച്ച് ആഘോഷമായിരുന്നു. ജനാധിപത്യത്തിന്റെ മഹാ ഉത്സവം. യോഗ്യരായ വോട്ടര്‍മരില്‍ മൂന്നില്‍ രണ്ടും അതായത് 600 ദശലക്ഷം ജനങ്ങള്‍  സമ്മതിദന അവകാശം വിനിയോഗിച്ചു. വികസനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പൂര്‍ണമായ വിധിയെഴുത്താണ്  അവര്‍ നടത്തിയത്.

ആദരണീയനായ സ്പീക്കര്‍,
സബ്കാ സാത്, സബ്കാ വികാസ്, ഔര്‍ സബ് കാ വിശ്വാസ്( എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനത്തിനു വേണ്ടി എല്ലാവരുടെയും വിശ്വാസത്തോടു കൂടി) എന്നതാണ് എന്റെ ഗവണ്‍മെന്റിന്റെ അടിസ്ഥാനപരമായ മുദ്രാവാക്യം. ഇത് ഇന്ത്യക്കു വേണ്ടി മാത്രം അല്ല. ഇതു തന്നെയാണ് എന്റെ ഗവണ്‍മെന്റിന്റെ വിദേശ നയത്തിന്റെയും,  വിശാല ലോകത്തോട്, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളോട് ഉള്ള സമീപനത്തിന്റെയും  മൂലക്കല്ല്.
അയല്‍ക്കാര്‍ ആദ്യം എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. അയല്‍ക്കാരില്‍ മാലദ്വീപിനാണ് പ്രഥമ പരിഗണന. അതുകൊണ്ട് ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കുന്നത് വെറും ആകസ്മികമല്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിഡന്റ് സോലിഹ് സന്ദര്‍ശിച്ച ആദ്യ രാജ്യം ഇന്ത്യ ആണ്. ഇപ്പോള്‍ ഭരണത്തിന്റെ ഈ രണ്ടാമൂഴത്തില്‍ ആദ്യവിദേശ രാജ്യ സന്ദര്‍ശനത്തിന്  മാലദ്വീപില്‍ നിന്നുള്ള സ്‌നേഹപൂര്‍വമായ ക്ഷണം എന്നെയും ഇവിടെ എത്തിച്ചു. അല്പ സമയം മുമ്പ് മാലദ്വീപ് വിദേശ പൗരന്മാര്‍ക്കു നല്കുന്ന ഏറ്റവും വലിയ സൈനികേതര ബഹുമതി പ്രസിഡന്റ് സോലിഹില്‍ നിന്ന് സ്വീകരിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യവും അംഗീകാരവുമായി ഞാന്‍ കരുതുന്നു. എന്റെ നന്ദി നിങ്ങളെ അറിയിക്കാന്‍ സത്യത്തില്‍ എനിക്കു വാക്കുകള്‍ ഇല്ല.

ആദരണീയനായ സ്പീക്കര്‍,
ഇന്ത്യ – മാലി ബന്ധം ചരിത്രാതീത കാലം മുതല്‍ ഉള്ളതാണ്. അനാദി കാലം മുതല്‍ നീലജലം ഞങ്ങളുടെ തീരങ്ങളെ തഴുകുന്നു. നമ്മെ തമ്മില്‍ ബന്ധിപ്പിക്കുന്ന തിരമാലകള്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടെയിരിക്കുന്നു. അവ ഞങ്ങളുടെ സംസ്‌കാരത്തെയും നാഗരികതയെയും പരിപോഷിപ്പിക്കുകയും ചെയ്തു. സമുദ്രങ്ങളുടെ ആഴവും പരപ്പും നമ്മുടെ ബന്ധങ്ങളെ  അനുഗ്രഹിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയും മാലി ദ്വീപും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ വളരുകയാണ്. അതില്‍ എന്റെ മാതൃസംസ്ഥാനമായ ഗുജറാത്തും ഉള്‍പ്പെടുന്നു. ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് മാലദ്വീപിന് ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന തുറമുഖമെന്നു കരുതുന്ന ലോഥലുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. അതിനു ശേഷം സൂററ്റ് പോലുള്ള നഗരങ്ങളുമായി വ്യാപാരം തുടര്‍ന്നു. ഇന്ത്യയിലെ കുട്ടികള്‍ പോലും മാലദ്വീപില്‍ നിന്നുള്ള ചിപ്പികള്‍ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നു. സംഗീതം, സംഗീത ഉപകരണങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങി നാം പങ്കിട്ട പൈതൃകത്തിന് എത്രയോ ഉദാഹരണങ്ങള്‍ വേറെ. ഉദാഹരണത്തിന് ദിവേഹി ഭാഷ.  ഇന്ത്യയില്‍ ആഴ്ച്ചയ്ക്ക് ഹഫ്ത എന്നാണ് പേര്. ദിവേഹിയിലും അതു തന്നെ. ദിവസങ്ങളുടെ പേരുകള്‍ നോക്കാം. ഞായര്‍ ദിവേഹിയില്‍ ആദിത്. അതുപോലെ  തിങ്കള്‍ ഹോമയും (സോമ അല്ലെങ്കില്‍ ചന്ദ്രന്‍ എന്ന് അര്‍ത്ഥം).

ദിവേഹിയിലെ ദുനിയെ ഇന്ത്യയിലെ ദുനിയ തന്നെ. അര്‍ത്ഥം ലോകം. ഇത് മാലിദീപിലെ ഒരു പ്രശസ്തമായ നാമവുമാണ്.  അത് ഈ ലോകത്തെ കുറിച്ചല്ല എന്നു മാത്രം.  ഭാഷകളിലെ ഈ സാമ്യം സ്വര്‍ഗ്ഗ നരകങ്ങളോളം നീളുന്നു. ദിവേഹിയിലെ സുവുരുഗുവും നരകവും ഹിന്ദിയിലെ സ്വര്‍ഗവും നരകവും തന്നെ. ഇത്തരം സമാനതകള്‍ ധാരാളം. ഇതു തുടര്‍ന്നാല്‍ നിഘണ്ടു  മുഴുവന്‍ ആവര്‍ത്തിക്കേണ്ടി വരും.

ചുരുക്കി പറഞ്ഞാല്‍,  നാം ഇരുവരും ഒരേ ഉദ്യാനത്തിലെ പൂക്കളാണ് എന്ന് ഒരോ പടികളിലും നാം തിരിച്ചറിയുന്നു. അതിനാല്‍ മാലിയുടെ  സാംസ്‌കാരിക പൈതൃകത്തിന്റെയും  കൈയെഴുത്തു പ്രതികളുടെയും  സംരക്ഷണത്തിലും  ദിവേഹി നിഘണ്ടുവിന്റെ നിര്‍മാണത്തിലും  നിങ്ങളുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്കും താല്പര്യമുണ്ട്.  അതുകൊണ്ടാണ് ചരിത്ര പ്രാധാന്യമുള്ള വെള്ളിയാഴ്ച്ച പള്ളിയുടെ സംരക്ഷണത്തിന് ഇന്ത്യയുടെ സഹകരണവാഗ്ദാനം ഇന്നു പ്രഖ്യാപിക്കുന്നതില്‍ എനിക്കു സന്തോഷം ഉള്ളത്. മാലിക്കു വെളിയില്‍ മറ്റൊരിടത്തും ഇത്തരത്തില്‍ പവിഴശിലാ നിര്‍മ്മിതമായ മോസ്‌ക് ഇല്ല. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിന്റെ സമ്പത്ത് ഉപയോഗിച്ച് വിജ്ഞാനികളായ മാലിക്കാര്‍ അവരുടെ സവിശേഷ വാസ്തുവിദ്യയില്‍ ഇതു നിര്‍മ്മിച്ചു. പ്രകൃതിയോടുള്ള അവരുടെ ആദരവിന്റെയും പൊരുത്തത്തിന്റെയും സാക്ഷ്യമാണ് ഇത്.
അതേസമുദ്രസമ്പത്ത് തന്നെ ഇന്ന് മലിനീകരണ ഭീഷണി നേരിടുന്നു എന്നത് ഖേദകരമാണ്.  അതിനാല്‍  ഉജ്വലമായ  ഈ പവിഴശിലാ മോസ്‌ക്കിന്റെ പരിപാലനത്തിലൂടെ  ലോകത്തില്‍  മുഴുവന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാന്‍ നമുക്കു സാധിക്കും.
ആദരണീയനായ സ്പീക്കര്‍,
മാലദ്വീപിന്റെ സ്വാതന്ത്ര്യത്തിനു  ജനാധിപത്യത്തിനും പുരോഗതിയ്ക്കും  സമാധാനത്തിനും പിന്തുണയുമായി തോളോടു തോള്‍ ചേര്‍ന്ന് ഇന്ത്യ നിലകൊണ്ടിട്ടുണ്ട്. അത് 1988 ലെ സംഭവമാകട്ടെ, 2004 ലെ സുനാമി പോലുള്ള പ്രകൃതി ദുരന്തമാകട്ടെ, അടുത്ത നാളില്‍ ഉണ്ടായ ജല ദൗര്‍ലഭ്യമാകട്ടെ.  ഓരോ കാലടിയിലും എപ്പോഴും നിങ്ങളുടെ പരിശ്രമങ്ങളെ സഹായിച്ചുകൊണ്ട്  നിങ്ങള്‍ക്കൊപ്പം നില്ക്കുന്നതില്‍, ഞങ്ങള്‍ക്ക് അഭിമാനമെയുള്ളു.
വികസനം, അഭിവൃദ്ധി, സുസ്ഥിരത എന്നിവയ്ക്കായി ഇപ്പോള്‍ ഇരു രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന ശക്തമായ തീരുമാനം നമുക്കിടയില്‍ സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കും. പ്രസിഡന്റ് സോലിഹ് ഇന്ത്യയില്‍ വന്നപ്പോള്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഒപ്പിട്ട 1.4 ശതലക്ഷം ഡോളറിന്റെ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രോത്സാഹന ജനകമായ പുരോഗതിയുണ്ട്.
മാലദ്വീപിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനാണ് നിങ്ങളുടെ മഹത്തായ രാജ്യത്തിന്റെ വികസന സഹകരണത്തില്‍ ഇന്ത്യ അചഞ്ചലമായ ശ്രദ്ധ  പതിപ്പിക്കുന്നത്.  അത് ഈ ദ്വീപുകളിലെ  ജലവിതരണമാകട്ടെ ജനാരോഗ്യസംരക്ഷണമാകട്ടെ അടിസ്ഥാന സൗകര്യ നിര്‍മ്മാണമാകട്ടെ, ആരോഗ്യ വിദ്യാഭ്യാസ സൗകര്യ വികസനമാകട്ടെ   ഇന്ത്യയുടെ സഹകരണം എപ്പോഴും മാലദ്വീപിന്റെ ആവശ്യങ്ങളും മുന്‍ഗണനകളും അടിസ്ഥാനമാക്കി ജനങ്ങളുടെ ക്ഷേമമാണ് മുന്നില്‍ കാണുന്നത്.
രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നവയും  അവരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ സഹായിക്കുന്നവയുമാണ് ഞങ്ങളുടെ സാമൂഹിക സ്വാധീനമുള്ള സഹകരണ പദ്ധതികള്‍ പലതും.  മാലദ്വീപിന്റെ പുരോഗതിയിലും ജനാധിപത്യത്തിലും വിശ്വസ്തനായ  ശക്തനായ പങ്കാളിയായി ഇന്ത്യ തുടരും.   മാലദ്വീപിലെ ജനങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഈ സഹകരണം നിങ്ങളുടെ കരങ്ങള്‍ക്കു ശക്തി പകരും.
ആദരണീയനായ സ്പീക്കര്‍,
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവയിലെ ഭരണ തലത്തില്‍ മാത്രമല്ല. അവിടുത്തെ  ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധങ്ങളില്‍ നിന്നാണ് ഇരു രാജ്യങ്ങളും ഊര്‍ജം സംഭരിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളിലും ഞാന്‍ വലിയ പ്രസക്തി കാണുന്നു. ഇരു രാജ്യങ്ങള്‍ക്കും മധ്യേ പുതിയ കടത്തു സര്‍വീസ് തുടങ്ങുന്നതിന് ധാരണയായിട്ടുണ്ട്. ലളിതമാക്കിയ ഇന്ത്യന്‍ വിസ  നടപടിക്രമങ്ങള്‍,   ബിസിനസ്, ചികിത്സ, വിദ്യാഭ്യാസം, ഒഴിവുകാലം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കായി രാജ്യം സന്ദര്‍ശിച്ച ആയിരക്കണക്കിനു മാലദ്വീപുകര്‍ക്ക് പ്രയോജനകരമായി.
ആദരണീയനായ സ്പീക്കര്‍,
ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭീകരപ്രവര്‍ത്തനമാണ്. ഒരു രാജ്യമോ ഒരു പ്രദേശമോ മാത്രം നേരിടുന്ന വെല്ലുവിളിയല്ല ഇത്. മനുഷ്യരാശിക്കു മുഴുവന്‍ ഇതു വെല്ലുവിളി ഉയര്‍ത്തുന്നു. ഭീകര പ്രവര്‍ത്തനം അതിന്റെ ഭീകര മുഖം പ്രദര്‍ശിപ്പിക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല, ലോകത്തില്‍ എവിടെയങ്കിലുമൊക്കെ നിഷ്‌കളങ്കമായ ജീവിതങ്ങളെ അത് അപഹരിക്കുന്നു.  ഭീകരര്‍ക്ക് ബാങ്കുകള്‍ ഇല്ല. അവര്‍ക്ക് നാണയശാലകള്‍ ഇല്ല.യുദ്ധോപകരണ ഫാക്ടറികള്‍ ഇല്ല. പക്ഷെ അവര്‍ക്ക് ഇവയെല്ലാം വളരെ പെട്ടെന്ന് ലഭിക്കുന്നു. എവിടെ നിന്ന്. ആരാണ് അവര്‍ക്ക് ആവശ്യമുള്ള ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.
രാജ്യം തന്നെ. ചില രാജ്യങ്ങള്‍ തന്നെ ഭീകര പ്രവര്‍ത്തകരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നു. ഇതാണ് ഏറ്റവും വലിയ ഭീഷണി.  ഭീകരരെ നല്ലവര്‍ എന്നും മോശം എന്നും ഇപ്പോഴും പല ആളുകളും തെറ്റായി വേര്‍തിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരത്തിലുള്ള കൃത്രിമ വൈജാത്യങ്ങളില്‍ തര്‍ക്കിച്ച് നാം സമയം പാഴാക്കുന്നു. ഇത് ഇനയും സഹിക്കാനാവില്ല. മനുഷ്യത്വത്തെ പിന്തുണയ്ക്കുന്ന എല്ലാ ശക്തികളും ഭീകരതയ്‌ക്കെതിരെ പോരാടന്‍ ഒന്നിക്കണം.
ഇന്നത്തെ നേതൃത്വത്തിന്റെ ആത്മാര്‍ത്ഥതയുടെ അമ്ലപരിശോധന നടക്കുന്നത്  ഭീകരത, തീവ്രവാദം തുടങ്ങിയ അന്ധകാര ശക്തികളെ എങ്ങിനെ നേരിടുന്നു എന്നതിലാണ്.  കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന  ഗുരുതര ഭീഷണി  സംബന്ധിച്ച അന്താരാഷ്ട്ര സമൂഹം വളരെ ആകുലതയോടെ ആഗോള സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തുന്നു. എന്നാല്‍ എന്തുകൊണ്ട് ഭീകരതയ്ക്ക് എതിരെ  ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നില്ല.
ആഗോളാടിസ്ഥാനത്തില്‍ സമയബന്ധിതമായി  ഭീകരവിരുദ്ധ ഉച്ചകോടികള്‍ നടത്താനും അര്‍ത്ഥപൂര്‍ണവും ഫലപ്രദവുമായ ചര്‍ച്ചകള്‍ വഴി  ഭീകരരുടെയും അവരുടെ സഹായികളുടെയും എല്ലാ പഴുതുകളും നശിപ്പിക്കാനും, മുഴുവന്‍ ലോക രാജ്യങ്ങളോടും പ്രധാന സ്ഥാപനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിന് ഇനിയും വൈകിയാല്‍ നമ്മുടെ വര്‍ത്തമാന –  ഭാവി തലമുറകള്‍ നമ്മോടു ക്ഷമിക്കില്ല.
ആദരണീയനായ സ്പീക്കര്‍,
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചല്ലോ. അത് ഒരു വര്‍ത്തമാന കാല യാഥാര്‍ത്ഥ്യം തന്നെ. സംശയമില്ല. വറ്റി വരളുന്ന നദികളും കാലാവസ്ഥയുടെ അനിശ്ചിതത്വവും നമ്മുടെ കാര്‍ഷിക മേഖലയെയും കൃഷിക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ അതിനുമപ്പുറം ഹിമാനികളുടെ ദ്രവീകരണവും സമുദ്രനിരപ്പ് ഉയരുന്നതും മാലദ്വീപു പോലുള്ള രാജ്യങ്ങളുടെ നിനില്പിനു തന്നെ ഭീഷണിയാകും. കടല്‍ മലിനീകരണം സമുദ്രത്തിനും പവിഴദ്വീപുകളെ ആശ്രയിക്കുന്നവരുടെ ഉപജീവനത്തിനു തന്നെയും സംഹാരനാശം വിതച്ചു തുടങ്ങിയിരിക്കുന്നു.
ആദരണീയനായ സ്പീക്കര്‍,
ഇത്തരം അപകടങ്ങളിലേയ്ക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നതിനായി ലോകത്തില്‍ ആദ്യമായി  ആഴിയുടെ ആഴത്തില്‍ മന്ത്രി സഭാ സമ്മേളനം നടത്തിയ നിങ്ങളുടെ ധീരമായ നടപടിയെ ആര്‍ക്കു മറക്കാനാവും.
ഇതുപോലുള്ള വേറെയും  മാതൃകാ നടപടികള്‍ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മാലദ്വീപ് ് സ്വീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ മാലദ്വീപും അംഗമായി ചേര്‍ന്നിട്ടുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ സഖ്യം തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ സംയുക്തമായി സ്വീകരിച്ചത് ഇന്ത്യയാണ്.  നമ്മുടെ ഭൂമിയെ രക്ഷിക്കാനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ അത് ലോകത്തിലെ നിരവധി രാജ്യങ്ങള്‍ക്കു വേദിയായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പല പ്രതികൂല പ്രാഭവങ്ങളെയും ലഘൂകരിക്കാനുള്ള ബദല്‍ സാധ്യതയാണ് പുന ചംക്രമണ ഊര്‍ജ്ജം.
2022 ല്‍ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം ഉത്പാദിപ്പിക്കുക എന്ന ഇന്ത്യയുടെ തീവ്രമായ ലക്ഷ്യത്തെ സംബന്ധിച്ച് ഈ ബഹുമാന്യ സമ്മേളനത്തിന് അറിവുണ്ടാകുമല്ലോ. അതു നേടുന്നതിനുള്ള മുന്നേറ്റം എല്ലാ പ്രതീക്ഷകളെയും മറികടക്കുകയാണ്.
അടുത്ത നാളില്‍  ഊര്‍ജ്ജ ക്ഷമവും പരിസ്ഥിതി സൗഹൃദവുമായ 2500  എല്‍ഇഡി തെരുവുവിളക്കുകള്‍ ഇന്ത്യയുടെ സഹകരണത്തോടെ മാലി നഗര വീഥികളെ പ്രകാശമാനമാക്കി. മാലദ്വീപിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും 200,000 എല്‍ ഇ ഡി ബള്‍ബുകള്‍ എത്തിക്കഴിഞ്ഞു. അമൂല്യമായ വൈദ്യുതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് ഇതു സഹായിക്കും. ഒപ്പം വൈദ്യുതി ബില്ലും കുറയ്ക്കും.
ഇന്ത്യ എല്ലാ ചെറിയ ദ്വീപുകളുടെയും ആവശ്യങ്ങള്‍ക്കും ഉത്ക്കണ്ഠകള്‍ക്കും പ്രത്യേക ശ്രദ്ധ നല്കുന്നു. അവരുടേതു മാത്രമായ പ്രത്യേക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മാത്രമല്ല ഞങ്ങള്‍ മുന്നോട്ടു വന്നിട്ടുള്ളത്, അതിനുമപ്പുറം വിവിധ ആഗോള വേദികളില്‍ ഈ പ്രശ്‌നങ്ങളെ കുറിച്ച് ശബ്ദമുയര്‍ത്തുകയും അവ പരിഹരിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
എന്തായാലും എല്ലാവരും ഒന്നിക്കണം. എങ്കിലേ നാം ഉദ്ദേശിക്കുന്ന  സംഘടിത പ്രയത്‌ന തലത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളിയെ സാങ്കേതിക വിദ്യ കൊണ്ടു നേരിടാം എന്നത് നമ്മുടെ തെറ്റായ നിരീക്ഷണമാണ്. നമ്മുടെ മൂല്യങ്ങളില്‍, സമീപനങ്ങളില്‍, ജീവിത ശൈലികളില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാതെ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനും ലഘൂകരിക്കാനും സാധ്യമല്ല. ഭൂമിയെ സംബന്ധിച്ച ഇന്ത്യയുടെ പുരാതന സങ്കല്പമുണ്ട്. ഭൂമി മാതാവും നാം എല്ലാവരും മക്കളും ആണെന്ന്. ഈ ഗ്രഹത്തെ ന്മുടെ അമ്മായായി കരുതിയാല്‍ നമുക്ക് അതിനെ സംരക്ഷിക്കാനും ബഹുമാനിക്കാനും മാത്രമെ കഴിയൂ. ഉപദ്രവിക്കാനാവില്ല. നമ്മുടെ ഭൂമി നമ്മുടെ വസതിയാണമ് എന്ന് ഓര്‍മ്മിക്കുക.  ഭാവി തലമുറകളെ വിശ്വസിച്ച് അവര്‍ക്കു കൈമാറാന്‍ നാം സൂക്ഷിക്കുന്ന ഒസ്യത്താണ് അത്. അല്ലാതെ അതു നമ്മുടെ സ്വത്തല്ല.
ആദരണീയനായ സ്പീക്കര്‍,
നാം പരസ്പരം പങ്കു വയ്ക്കുന്ന ഇന്ത്യ പസഫിക് മേഖലയാണ് മൂന്നാമത്തെ വിഷയം. ലോകത്തിലെ 50 സശതമാനം ജനങ്ങള്‍ അധിവസിക്കുന്ന മേഖല. മതങ്ങളുടെ, സംസ്‌കാരങ്ങളുടെ, ഭാഷകളുടെ,  ചരിത്രത്തിന്റെ  രാഷ്ടിയത്തിന്റെ, സാമ്പത്തിക സംവിധാനങ്ങളുടെ  വിപുലമായ വൈവിധ്യമാണത്. ഒപ്പം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുടെയും ഇനിയും പരിഹൃതമാകാത്ത അനേകം തര്‍ക്കങ്ങളുടെയും മേഖല കൂടിയാണ് ഇത്. ഇന്ത്യാ – പസഫിക് മേഖല നമ്മുടെ നിലനില്പ്പിന്റെ അവിഭാജ്യ ഘടകമാണ്. അത് നമ്മുടെ ജീവനാഢിയാണ്.  വ്യാപാരത്തിന്റെയും പുരോഗതിയുടെയും രാജവീഥിയാണ്. നാം പങ്കുവയ്ക്കുന്ന ഭാവിയുടെ താക്കോലാണ് അത്.  അതുകൊണ്ടാണ് ഇന്ത്യാ പസഫിക്ക് മേഖലയില്‍ തുറവിയും ഏകോപനവും സന്തുലിതാവസ്ഥയും  ഉറപ്പാക്കുന്നതിന് നാം എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന് 2018 ജൂണില്‍ ഞാന്‍ സിംഗപ്പൂരില്‍ പറഞ്ഞത്. രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസ്യത ഉറപ്പാക്കുന്നതിന് ഇതേ മാര്‍ഗ്ഗമുള്ളു. ഇതു മാത്രമെ നിയമവാഴ്ച്ചയുടെയും വൈവിധ്യത്തിന്റെയും തുടര്‍ച്ച ഉറപ്പാക്കൂ. ആദരണീയനായ സ്പീക്കര്‍,
നാലു വര്‍ഷം മുമ്പ് ഇന്ത്യന്‍ സമുദ്ര മേഖലയെ എസ്എജിഎആര്‍( ഹിന്ദിയില്‍ സാഗര്‍ – സമുദ്രം)  എന്ന രൂപത്തില്‍ ഇന്ത്യയുടെ കാഴ്ച്ചപ്പാടും പ്രതിബദ്ധതയും  ഞാന്‍ അവതരിപ്പിച്ചിരുന്നു. മേഖലയില്‍ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്നാണ് ഈ ചുരുക്ക സംജ്ഞ കൊണ്ട് ഉദ്ദേശിച്ചത്. ഇന്ത്യാ പസഫിക്കിന്റെ സഹകരണമാണ് ഇതിന്റെ പരിപാടി.
ഇന്ന് വീണ്ടും ഞാന്‍ ഈ സമഗ്ര തത്വത്തെ ഊന്നി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സേഷിയും ശക്തിയും ഒരിക്കലും സ്വന്തം വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും വേണ്ടി മാത്രമല്ല എന്ന് ഞാന്‍ ആവര്‍ത്തിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളുടെ ശേഷികള്‍ വികസിപ്പിക്കുവാന്‍ ഞങ്ങള്‍ പ്രയത്‌നിക്കും. ദുരന്തങ്ങളില്‍ അവര്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കും, സുരക്ഷയ്ക്കും പുരോഗതിക്കും ശോഭനമായ ഭാവിയ്ക്കും വേണ്ടി ഒരുമിച്ച് പ്രയത്‌നിക്കും. ശേഷിയുള്ള ശക്തിയുള്ള പുരോഗതിയുള്ള ഇന്ത്യ സമാധാനത്തിന്റെ, വികസനത്തിന്റെ, സുരക്ഷയുടെ  കരുത്തുള്ള സ്തൂപമാണ്. ദക്ഷിണേഷ്യയിലെയും  ഇന്ത്യാ പസഫിക്കിലെയും മാത്രമല്ല, ഈ ലോകത്തിനാകമാനം.
ആദരണീയനായ സ്പീക്കര്‍,
ഈ കാഴ്ച്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനും,  നീല സമ്പദ് വ്യവസ്ഥയുടെ പ്രയോജനത്തിനായി സഹകരിക്കുന്നതിനും ഞങ്ങള്‍ക്ക് മാലദ്വീപിനെക്കാള്‍ യോഗ്യതയുള്ള മറ്റൊരു പങ്കാളി ഇല്ല. കാരണം നമ്മള്‍ സാമുദ്രിക അയല്‍ക്കാരാണ്. നാം സ്‌നേഹിതരാണ്. സ്‌നേഹിതര്‍ക്കിടയില്‍ വലിപ്പ ചെറുപ്പമില്ല. ബലവാനും ബലഹീനനും ഇല്ല.  സമാധാനപരവും ഐശ്വര്യപൂര്‍ണവുമായ അയല്‍ ബന്ധത്തിന്റെ അടിത്തറ വിശ്വാസത്തിലാണ്, സന്നദ്ധതയിലാണ്, സഹകരണത്തിലാണ്.  വിശ്വാസം ഉണ്ടാവുന്നത് വിശ്വസ്തതയില്‍ നിന്നാണ്,  ഉത്ക്കണ്ഠകളോടും  താല്പര്യങ്ങളോടും പരസ്പരം സംവദിക്കുമ്പോഴാണ്. ഇതുവഴി നാം  ഇരുവര്‍ക്കും കൂടുതല്‍ വളര്‍ച്ചയും സുരക്ഷയും അനുഭവിക്കാം.
ഇതു സാധിക്കണമെങ്കില്‍ നല്ല സമയത്തും പ്രയാസമുള്ള സമയത്തും പരസ്പര വിശ്വാസവും വിശ്വസ്തതയും ഒരുപോലെ ദൃഢമായിരിക്കണം.
ആദരണീയനായ സ്പീക്കര്‍,
വസുധൈവ കുടുംബകം എന്നതാണ് ഞങ്ങളുടെ ദര്‍ശനവും നയവും. അതിന്റെ അര്‍ത്ഥം ലോകമേ തറവാട് എന്നാണ്. അയല്‍ക്കാര്‍ക്ക് സേവനം ചെയ്യുന്നതില്‍ പരിധി ഇല്ല എന്ന് നമ്മുടെ കാലഘട്ടത്തിലെ ഉത്കൃഷ്ടനായ മനുഷ്യന്‍ മഹാത്മ ഗാന്ധി പറയുകയുണ്ടായി.  ഇന്ത്യ എന്നും തന്റെ നേട്ടങ്ങള്‍ ലോകവുമായി, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളുമായി എന്നും പങ്കു വച്ചിട്ടുണ്ട്.  അതിനാല്‍ ഞങ്ങളുടെ വികസന പങ്കാളിത്തം ജനങ്ങളെ ശാക്തീകരിക്കാനാണ്, ദുര്‍ബലപ്പെടുത്താനല്ല.ഞങ്ങളോടുള്ള ആശ്രയത്വം വര്‍ധിപ്പിക്കാനല്ല, താങ്ങാനാവാത്ത ഋണബാധ്യതകള്‍ അവരുടെ വരും തലമുറകളുടെ ചുമലില്‍ കെട്ടിവയ്ക്കാനും അല്ല.
ആദരണീയനായ സ്പീക്കര്‍,
സങ്കീര്‍ണമായ പരിവര്‍ത്തനങ്ങളുടെ കാലമാണ് ഇത്. മാറ്റങ്ങളാണ് എവിടെയും. പക്ഷെ വെല്ലുവിളികള്‍ അവസരങ്ങളും കൊണ്ടുവരുന്നു. ഇന്ന് മാലദ്വീപിനും ഇന്ത്യയ്ക്കും ധാരാളം അവസരങ്ങള്‍ ഉണ്ട്.
നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ആയിരിക്കാന്‍
സഹകരണത്തിലൂടെ പുരോഗതിയിലേയ്ക്കു കടക്കാനും, ജനങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും
നമ്മുടെ മേഖലയില്‍ സുസ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍
ലോകത്തിലെ സുപ്രധാനമായ കടല്‍പാതയുടെ സുരക്ഷ ഉറപ്പാക്കാന്‍
ഭീകരതയെ പരാജയപ്പെടുത്താന്‍
ഭീകരപ്രവര്‍ത്തനങ്ങളെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന തിന്മയുടെ ശക്തികളെ നമ്മുടെ തീരത്തു നിന്നു തുരത്താന്‍
ആരോഗ്യകരവും വൃത്തിയുമുള്ള പരിസ്ഥിതിയ്ക്കാവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍
ഈ അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാണ് ചരിത്രവും ജനങ്ങളും നമ്മോട് ആവശ്യപ്പെടുന്നത്. ഇതിനായി പൂര്‍ണമായും സഹകരിക്കാനും മാലദ്വീപുമായിയുള്ള അതിന്റെ അമൂല്യ സൗഹൃദം ആഴപ്പെടുത്തുവാനും ഇന്ത്യ തയാറാണ്. ഈ പ്രതിജ്ഞ ഞാന്‍ ആവര്‍ത്തിക്കുന്നു.
നിങ്ങള്‍ എനിക്കു ന്‌ല്കിയ ആദരത്തിന്  എനിക്കു നല്കിയ. പുരസ്‌കാരത്തിന് ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു.നിങ്ങളുടെ സൗഹൃദത്തിനും നന്ദി.
നിങ്ങള്‍ക്ക് വളരെ നന്ദി.


(Release ID: 1869024) Visitor Counter : 100