പ്രധാനമന്ത്രിയുടെ ഓഫീസ്‌

75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ സമര്‍പ്പണ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 16 OCT 2022 3:26PM by PIB Thiruvananthpuram

ധനമന്ത്രി നിര്‍മല ജി, എന്റെ മറ്റ് മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍, ആര്‍ബിഐ ഗവര്‍ണര്‍, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍, ധനതത്വശാസ്ത്രജ്ഞര്‍, മുഴുവന്‍ സാമ്പത്തിക വിദഗ്ധര്‍, ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ മാന്യരേ,

75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്ന ഈ വേളയില്‍ രാജ്യവാസികള്‍ക്കാകെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ന് രാജ്യം വീണ്ടും ഡിജിറ്റല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്ന് രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ വരികയാണ്. ഈ ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും നമ്മുടെ ബാങ്കിംഗ് മേഖലയെയും ആര്‍ബിഐയെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

 ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍. രാജ്യം ഇതിനകം നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യം. 'കുറഞ്ഞ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ' ഉപയോഗിച്ച് പരമാവധി സേവനങ്ങള്‍ നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന അത്തരത്തിലുള്ള ഒരു പ്രത്യേക ബാങ്കിംഗ് സംവിധാനമാണിത്. ഈ സേവനങ്ങള്‍ കടലാസുകുരുക്കുകളും തടസ്സങ്ങളും ഇല്ലാത്തതും മുമ്പത്തേക്കാള്‍ എളുപ്പവുമായിരിക്കും. അതായത്, ഇത് സൗകര്യം മാത്രമല്ല, ശക്തമായ ഡിജിറ്റല്‍ ബാങ്കിംഗ് സുരക്ഷയും നല്‍കും. ഒരു ഗ്രാമത്തിലോ ചെറിയ പട്ടണത്തിലോ, ഒരാള്‍ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുമ്പോള്‍, പണം അയക്കുന്നത് മുതല്‍ വായ്പയെടുക്കുന്നത് വരെ എല്ലാം ഓണ്‍ലൈനായി എളുപ്പമാകും. ഒന്നു ചിന്തിച്ചു നോക്കു! ഒരു ഗ്രാമീണനോ ദരിദ്രനോ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ക്കായി ബുദ്ധിമുട്ടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഇത്തരക്കാര്‍ക്ക് ഇത് പണ്ട് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ഈ മാറ്റം അനുഭവിച്ചറിയുന്നതില്‍ സന്തോഷവും ആവേശവും ഉള്ളവരായിരിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ സാധാരണക്കാരെ ശാക്തീകരിക്കുകയും അവരെ ശക്തരാക്കുകയുമാണ് നമ്മുടെ ഗവണ്‍മെന്റിന്റെ ലക്ഷ്യം. അതിനാല്‍, സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മനസ്സില്‍ വെച്ചാണ് ഞങ്ങള്‍ നയങ്ങള്‍ ഉണ്ടാക്കിയത്. ജനങ്ങള്‍ക്ക് സൗകര്യവും പുരോഗതിയും ഉറപ്പാക്കുന്നതിന്റെ പാതയാണ് മുഴുവന്‍ ഗവണ്‍മെന്റും പിന്തുടരുന്നത്. ഞങ്ങള്‍ ഒരുമിച്ച് രണ്ട് കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു. ഒന്നാമത്- ബാങ്കിംഗ് സംവിധാനത്തെ പരിഷ്‌കരിക്കുക, ശക്തിപ്പെടുത്തുക, അതിനുള്ളില്‍ സുതാര്യത കൊണ്ടുവരിക; രണ്ടാമത്തേത്- സാമ്പത്തികമായ ഉള്‍പ്പെടുത്തല്‍. മുമ്പ് ബൗദ്ധിക സെമിനാറുകള്‍ നടക്കുമ്പോള്‍ മഹാപണ്ഡിതന്മാര്‍ ബാങ്കിംഗ് സംവിധാനവും സമ്പദ്വ്യവസ്ഥയെയും ദരിദ്രരെയുംകുറിച്ചു ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തലിനെക്കുറിച്ച് അവര്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ക്രമീകരണങ്ങളും സൗകര്യങ്ങളും ആശയങ്ങളില്‍ മാത്രം ഒതുങ്ങി. ഈ വിപ്ലവകരമായ പ്രവര്‍ത്തനത്തിന്, അതായത് സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തതല്ല. പാവപ്പെട്ടവര്‍ തന്നെ ബാങ്കിലെത്തി ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ഈ രീതി മാറ്റി. ബാങ്കും അതിന്റെ സൗകര്യങ്ങളും പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതിനായി ആദ്യം പാവപ്പെട്ടവരും ബാങ്കുകളും തമ്മിലുള്ള അകലം കുറയ്ക്കണം. അതിനാല്‍, ശാരീരിക അകലം കുറയ്ക്കുക മാത്രമല്ല, മാനസികവും അതിന്റെ ഏറ്റവും വലിയ തടസ്സമായിരുന്നു. ദൂരെയുള്ള പ്രദേശങ്ങളില്‍ പോലും ബാങ്കിംഗ് സേവനങ്ങള്‍ എല്ലാ വീട്ടുപടിക്കലും എത്തിക്കുന്നതിന് ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ 99 ശതമാനത്തിലധികം ഗ്രാമങ്ങളിലും 5 കിലോമീറ്ററിനുള്ളില്‍ ഏതെങ്കിലും ബാങ്ക് ശാഖയോ ബാങ്കിംഗ് ഔട്ട്ലെറ്റോ ബാങ്ക് മിത്രയോ ബാങ്കിംഗ് കറസ്പോണ്ടന്റോ ഉണ്ട്. ഇതുകൂടാതെ, രാജ്യത്തെ പോസ്റ്റ് ഓഫീസുകളുടെ വിശാലമായ ശൃംഖലയും ഇന്ത്യാ പോസ്റ്റ് ബാങ്ക് വഴിയുള്ള മുഖ്യധാരാ ബാങ്കിംഗിന്റെ ഭാഗമായി. ഇന്ന്, ഓരോ 100,000 മുതിര്‍ന്ന ജനസംഖ്യയിലും രാജ്യത്തെ ബാങ്ക് ശാഖകളുടെ എണ്ണം ജര്‍മ്മനി, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

സുഹൃത്തുക്കളേ,

സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ ഞങ്ങള്‍ രാവും പകലും കഠിനാധ്വാനം ചെയ്യുന്നു. സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സുതാര്യത കൊണ്ടുവരാനുമാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ദരിദ്രരില്‍ ഏറ്റവും പാവപ്പെട്ടവരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ഞങ്ങള്‍ ജന്‍ധന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍, ചിലര്‍ പ്രതിഷേധിച്ചു -'പാവപ്പെട്ടവര്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എന്ത് ചെയ്യും'? ഈ രംഗത്തെ പല വിദഗ്ധര്‍ക്കും പോലും ഈ പ്രചാരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടിന്റെ ശക്തി ഇന്ന് രാജ്യം മുഴുവന്‍ സാക്ഷ്യപ്പെടുത്തുകയാണ്. എന്റെ രാജ്യത്തെ സാധാരണ പൗരര്‍ അത് അനുഭവിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതിനാല്‍, ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വളരെ കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. ഇവയെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതോടെ ഒരു ഗ്യാരണ്ടിയുമില്ലാതെ പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ വായ്പ ലഭിക്കുന്നു. ഇപ്പോള്‍ സബ്സിഡി തുക പാവപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയാണ്. കൊടുക്കുന്ന പണം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് വീടും ശൗചാലയവും നിര്‍മിക്കാനും ഗ്യാസ് സബ്സിഡി നേടാനും കഴിയുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണ്. കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കാരണം വിവിധ ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്നുള്ള എല്ലാ സഹായവും ലഭിക്കും. കാരണം പണം അവരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരും. കൊറോണ കാലത്ത് പാവപ്പെട്ടവരുടെയും അമ്മമാരുടെയും സഹോദരിമാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ വഴിയോര കച്ചവടക്കാര്‍ക്കായി സ്വാനിധി പദ്ധതി തുടങ്ങാന്‍ കഴിഞ്ഞത്. എന്നാല്‍ വികസിത രാജ്യങ്ങള്‍ പോലും ഇതില്‍ ബുദ്ധിമുട്ടുന്ന കാലമായിരുന്നു അത്
വികസിത രാജ്യങ്ങള്‍ പോലും ഇത്തരത്തിലുള്ള ജോലിയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍. കുറച്ച് മുമ്പ് ഐഎംഎഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് അടിസ്ഥാനസൗകര്യത്തെ പ്രശംസിച്ചത് നിങ്ങള്‍ കേട്ടിരിക്കണം. ധീരതയോടും ധാരണയോടും കൂടി പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും അത് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഇന്ത്യയിലെ തൊഴിലാളികള്‍ക്കുമാണ് ഇതിന്റെ ക്രെഡിറ്റ്.

സുഹൃത്തുക്കളേ,

സാമ്പത്തിക പങ്കാളിത്തവും ഡിജിറ്റല്‍ പങ്കാളിത്തവും കൂടിച്ചേര്‍ന്നാല്‍, സാധ്യതകളുടെ ഒരു പുതിയ ലോകം തുറക്കുന്നു. യുപിഐ ഏറ്റവും മികച്ച ഉദാഹരണമാണ്, ഇന്ത്യ അതില്‍ അഭിമാനിക്കുന്നു. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സാങ്കേതികവിദ്യയാണ് യുപിഐ. എന്നാല്‍ ഇന്ത്യയില്‍ ഒരു നഗരം മുതല്‍ ഗ്രാമം വരെ, ഷോറൂമുകള്‍ മുതല്‍ പച്ചക്കറി വണ്ടികള്‍ വരെ എല്ലായിടത്തും നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയും. യുപിഐ കൂടാതെ, ഇപ്പോള്‍ റുപേ കാര്‍ഡിന്റെ അധികാരവും രാജ്യത്തെ സാധാരണക്കാരന്റെ കൈകളിലാണ്. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഒരു മേല്‍ത്തട്ട് സംവിധാനമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സമൂഹത്തിലെ സമ്പന്നരും വരേണ്യവര്‍ഗവുമായ വര്‍ഗവുമായി അത് ബന്ധപ്പെട്ടിരുന്നു. കാര്‍ഡുകള്‍ വൈദേശികമായിരുന്നു; വളരെ കുറച്ച് ആളുകള്‍ മാത്രമേ അവ ഉപയോഗിച്ചിരുന്നുള്ളൂ; തിരഞ്ഞെടുത്ത ചില സ്ഥലങ്ങളില്‍ മാത്രമാണ് അവ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഇന്ത്യയില്‍ 70 കോടിയിലധികം റുപേ കാര്‍ഡുകള്‍ സാധാരണക്കാരുടെ പക്കലുണ്ട്. ഇന്ന് ഇന്ത്യയുടെ തദ്ദേശീയമായ റുപേ കാര്‍ഡ് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നു. സാങ്കേതികവിദ്യയുടെയും സമ്പദ്വ്യവസ്ഥയുടെയും ഈ സംയോജനം ഒരു വശത്ത് ദരിദ്രരുടെയും ഇടത്തരക്കാരുടെയും അന്തസിന് വലിയ ശക്തി നല്‍കുകയും മറുവശത്ത് രാജ്യത്തിന്റെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ജാം അതായത് ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവയുടെ ത്രിത്വശക്തി ചേര്‍ന്ന് രാജ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗത്തെ പരിചരിച്ചു, രോഗം അഴിമതിയാണ്. ഗവണ്‍മെന്റ് അനുവദിച്ച പണം പാവപ്പെട്ടവരിലേക്ക് എത്തുമ്പോഴേക്കും അപ്രത്യക്ഷമാകും. പക്ഷേ, ഇപ്പോള്‍ നേരിട്ടുള്ള കൈമാറ്റം, അതായത് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി, പണം ആര്‍ക്ക് അനുവദിച്ചോ ആ വ്യക്തിയുടെ അക്കൗണ്ടിലേക്ക് എത്തുന്നു, അതും തല്‍ക്ഷണം. ഇതുവരെ 25 ലക്ഷം കോടിയിലധികം രൂപ വിവിധ പദ്ധതികളിലായി ഡിബിടി വഴി കൈമാറിയിട്ടുണ്ട്. അതുപോലെ നാളെയും രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 2000 രൂപയുടെ മറ്റൊരു ഗഡു ഞാന്‍ അയയ്ക്കാന്‍ പോകുന്നു.
 
സഹോദീ സഹോദരന്മാരേ,

ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയുടെ ഈ ഡിബിടിയെയും ഡിജിറ്റല്‍ ശക്തിയെയും അഭിനന്ദിക്കുകയാണ്. ഒരു ആഗോള മാതൃകയായാണ് നാം ഇന്ന് ഇതിനെ കാണുന്നത്. ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കാന്‍ പോലും ലോകബാങ്ക് മുന്നോട്ടുപോയി. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള ഏറ്റവും വിജയിച്ച ആളുകള്‍ അല്ലെങ്കില്‍ ലോകത്തിലെ സാങ്കേതിക വിദ്യാസമ്പന്നര്‍ പോലും ഇന്ത്യയുടെ ഈ സംവിധാനത്തെ വളരെയധികം അഭിനന്ദിക്കുന്നു! അതിന്റെ വിജയത്തില്‍ അവരും അമ്പരന്നു.

സഹോദരീ സഹോദരിമാരേ,

 ഒന്നു ചിന്തിച്ചു നോക്കു! ഡിജിറ്റല്‍ പങ്കാളിത്തത്തിനും സാമ്പത്തിക പങ്കാളിത്തത്തിനും വ്യക്തിഗതമായി ഇത്രയധികം ശക്തിയുള്ളപ്പോള്‍, രണ്ടിന്റെയും 100 ശതമാനം സാധ്യതകള്‍ ഉപയോഗിച്ച് നമുക്ക് നമ്മുടെ രാജ്യത്തെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാനാകും? അതിനാല്‍, ഇന്ന് ഫിന്‍ടെക് ഇന്ത്യയുടെ നയങ്ങളുടെയും ശ്രമങ്ങളുടെയും ഹൃദയഭാഗത്താണ്, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നയിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ഫിന്‍ടെക്കിന്റെ ഈ കഴിവ് കൂടുതല്‍ മെച്ചപ്പെടുത്തും. ജന്‍ധന്‍ അക്കൗണ്ടുകള്‍ രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ അടിത്തറ പാകിയിരുന്നെങ്കില്‍, ഫിന്‍ടെക് സാമ്പത്തിക വിപ്ലവത്തിന്റെ അടിത്തറയാകും.

സുഹൃത്തുക്കളേ,

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് അടുത്തിടെ കേന്ദ്ര ഗവണ്‍മെന്റ്ും പ്രഖ്യാപിച്ചിരുന്നു. അത് ഭാവിയിലെ ഡിജിറ്റല്‍ കറന്‍സിയായാലും ഇന്നത്തെ ഡിജിറ്റല്‍ ഇടപാടുകളായാലും സമ്പദ്വ്യവസ്ഥയ്ക്ക് പുറമെ നിരവധി സുപ്രധാന മാനങ്ങളും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, കറന്‍സി അച്ചടിക്കാന്‍ ചെലവഴിക്കുന്ന പണം രാജ്യത്തിന് ലാഭിക്കാം. കറന്‍സി അച്ചടിക്കുന്നതിനായി നമ്മള്‍ വിദേശത്ത് നിന്ന് കടലാസും മഷിയും ഇറക്കുമതി ചെയ്യുന്നു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് തിരിയുന്നതിലൂടെ ഈ കാര്യങ്ങളില്‍ പോലും നമുക്ക് പണം ലാഭിക്കാം. സ്വാശ്രയ ഇന്ത്യയില്‍ ഇന്ത്യയുടെയും ആര്‍ബിഐയുടെയും ബാങ്കിംഗ് മേഖലയുടെ വലിയ സംഭാവനയായാണ് ഞാന്‍ ഇതിനെ കണക്കാക്കുന്നത്. അതേസമയം, കടലാസ് ഉപഭോഗം കുറയ്ക്കുന്നത് പരിസ്ഥിതിക്കും വലിയ നേട്ടമുണ്ടാക്കും.

സുഹൃത്തുക്കളേ,

ബാങ്കിംഗ് ഇന്ന് സാമ്പത്തിക ഇടപാടുകള്‍ക്കപ്പുറത്തേക്ക് പോയി, 'സദ്ഭരണം', 'മികച്ച സേവന വിതരണം' എന്നിവ വാഗ്ദാനം ചെയ്യുന്നതിനുള്ള ഒരു മാധ്യമമായി മാറിയിരിക്കുന്നു. ഇന്ന് ഈ സമ്പ്രദായം സ്വകാര്യ മേഖലയ്ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വളര്‍ച്ചയുടെ അപാരമായ സാധ്യതകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇന്ന്, ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥിതി സൃഷ്ടിക്കുമ്പോള്‍ സാങ്കേതികവിദ്യയിലൂടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യാത്ത ഒരു മേഖലയും മേഖലയും ഇന്ത്യയില്‍ ഇല്ല. ഇന്ന് നിങ്ങള്‍ക്ക് ബംഗാളില്‍ നിന്ന് തേന്‍ വേണോ, അസമില്‍ നിന്നുള്ള മുള ഉല്‍പന്നങ്ങള്‍ വേണോ, അല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ വേണോ, അല്ലെങ്കില്‍ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അറിയുകയോ ആരോഗ്യത്തെക്കുറിച്ചുള്ള ചില ഉപദേശങ്ങള്‍ വേണോ എന്ന് നോക്കുക. ഓണ്‍ലൈനില്‍ സാധ്യമാണ്. ഗ്രാമത്തിലെ ഒരു ചെറുപ്പക്കാര്‍ക്കു പോലും നഗരത്തില്‍ താമസിക്കുന്ന ഒരു അധ്യാപകന്റെ ക്ലാസില്‍ പങ്കെടുക്കാം! ഡിജിറ്റല്‍ ഇന്ത്യ എല്ലാം സാധ്യമാക്കി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സാഹചര്യം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു.

സുഹൃത്തുക്കളേ,

ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ഇന്ന് നമ്മുടെ സമ്പദ്വ്യവസ്ഥയുടെയും സ്റ്റാര്‍ട്ടപ്പ് ലോകത്തിന്റെയും ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെയും സ്വാശ്രിത ഇന്ത്യയുടെയും വലിയ ശക്തിയാണ്. ഇന്ന് നമ്മുടെ ചെറുകിട വ്യവസായങ്ങളായ എംഎസ്എംഇകളും ജെം പോലുള്ള ഒരു സംവിധാനത്തിലൂടെ ഗവണ്‍മെന്റ് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നു. അവര്‍ക്ക് പുതിയ വ്യവസായ അവസരങ്ങള്‍ ലഭിക്കുന്നു. ഇതുവരെ 2.5 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ ജെമ്മില്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും 'പ്രാദേശികമായി നിര്‍മിക്കുന്നത് പ്രാദേശികമായി ഉപഭോഗം വര്‍ധിപ്പിക്കുക' എന്ന ദൗത്യത്തിനും ഇത് കൊണ്ടുവരുന്ന നേട്ടം നിങ്ങള്‍ക്ക് ഊഹിക്കാം. ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ വഴി ഈ ദിശയില്‍ ഇനിയും നിരവധി പുതിയ അവസരങ്ങള്‍ ഉടലെടുക്കും. ഈ ദിശയില്‍ നമുക്ക് നവീകരണങ്ങള്‍ നടത്തേണ്ടിവരും. പുതിയ ചിന്തകളോടെ, പുതിയ അവസരങ്ങളെ നാം സ്വാഗതം ചെയ്യണം.

സുഹൃത്തുക്കളേ,

ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന്റെ അവസ്ഥ അതിന്റെ ബാങ്കിംഗ് സംവിധാനത്തിന്റെ ശക്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇടതടവില്ലാതെ മുന്നേറുകയാണ്. ഈ 8 വര്‍ഷത്തിനുള്ളില്‍ രാജ്യം 2014-ന് മുമ്പുള്ള ഫോണ്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് നിലവിലെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറിയതിനാലാണ് ഇത് സാധ്യമാകുന്നത്. 2014-ന് മുമ്പുള്ള ഫോണ്‍ ബാങ്കിംഗ് സംവിധാനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകാം! ബാങ്കുകള്‍ക്ക് അവയുടെ പ്രവര്‍ത്തനം തീരുമാനിക്കാന്‍ ഉന്നത അധികാരികളില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ടായിരുന്നു. ഈ 'ഫോണ്‍ ബാങ്കിംഗ്' രാഷ്ട്രീയം ബാങ്കുകളെ സുരക്ഷിതമല്ലാതാക്കുകയും വ്യവസ്ഥിതിയെ നശിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സുരക്ഷിതമല്ലാതാക്കുകയും ചെയ്തു. അത് വലിയ അഴിമതികളുടെ വിത്ത് പാകിയിരുന്നു. വാര്‍ത്തകളില്‍ തട്ടിപ്പുകളെക്കുറിച്ച് നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ ബാങ്കിംഗിലൂടെ എല്ലാം സുതാര്യമായ രീതിയിലാണ് നടക്കുന്നത്. എന്‍പിഎ (പ്രത്യുത്പാദനപരമല്ലാത്ത സ്വത്തുവകകള്‍) തിരിച്ചറിയുന്നതില്‍ സുതാര്യത കൊണ്ടുവരുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ലക്ഷക്കണക്കിന് കോടി രൂപ ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നു. ഞങ്ങള്‍ ബാങ്കുകളുടെ മൂലധനം പുനഃസ്ഥാപിക്കുകയും മനഃപൂര്‍വം കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും അഴിമതി നിരോധന നിയമം പരിഷ്‌കരിക്കുകയും ചെയ്തു. എന്‍പിഎ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഐബിസിയുടെ സഹായത്തോടെ വേഗത്തിലാക്കി. വായ്പയ്ക്കായി സാങ്കേതികവിദ്യയുടെയും അനലിറ്റിക്സിന്റെയും ഉപയോഗം ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചു. അതുവഴി സുതാര്യവും ശാസ്ത്രീയവുമായ ഒരു സംവിധാനം സൃഷ്ടിക്കാന്‍ കഴിയും. നയപരമായ സ്തംഭനാവസ്ഥ കാരണം ബാങ്കുകളുടെ ലയനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തില്ല. ഈ വിഷയങ്ങള്‍ രാജ്യം ഗൗരവമായി എടുത്തിട്ടുണ്ട്. ഇന്ന് തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുന്നു, അതിന്റെ ഫലം നമ്മുടെ മുന്നിലുണ്ട്. ലോകം നമ്മെ അഭിനന്ദിക്കുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളും ഫിന്‍ടെക്കിന്റെ നൂതനമായ ഉപയോഗവും പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ ബാങ്കിംഗ് സംവിധാനത്തിനായി ഒരു പുതിയ സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനം ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. ഒരു വശത്ത് ഉപഭോക്താക്കള്‍ക്ക് സ്വയംഭരണാവകാശമുണ്ട്, മറുവശത്ത് ബാങ്കുകള്‍ക്ക് സൗകര്യവും സുതാര്യതയും ഉണ്ട്. ഇത്തരം ക്രമീകരണങ്ങള്‍ എങ്ങനെ കൂടുതല്‍ സമഗ്രമാക്കാം? അതിനെ എങ്ങനെ വലിയ തോതില്‍ മുന്നോട്ട് കൊണ്ടുപോകും?' ഞങ്ങളുടെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ സംവിധാനങ്ങളുമായി കഴിയുന്നത്ര ആളുകളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ബാങ്കിംഗ് മേഖലയിലെ ജനങ്ങളോടും ഗ്രാമങ്ങളിലെ ചെറുകിട വ്യവസായികളോടും ബാങ്കുകളുമായി ബന്ധമുള്ള വ്യാപാരികളോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം' ആഘോഷിക്കുന്നതിനാല്‍, രാജ്യത്തിനായുള്ള ഈ അഭ്യര്‍ത്ഥന നിങ്ങള്‍ നിറവേറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ബാങ്കുകള്‍ക്കും നമ്മുടെ ചെറുകിട വ്യാപാരികള്‍ക്കും ഒരുമിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? നിങ്ങളുടെ ബാങ്ക് ശാഖയുടെ കമാന്‍ഡിംഗ് ഏരിയയില്‍ നിന്നുള്ള കുറഞ്ഞത് 100 വ്യാപാരികളെയെങ്കിലും നിങ്ങളുടെ ബാങ്കുമായി പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകളോ 100% ഡിജിറ്റല്‍ ഇടപാടുകളോ ഉള്ള ഒരു സംവിധാനത്തിലൂടെ ബന്ധിപ്പിക്കാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് ഒരു വലിയ വിപ്ലവത്തിന്റെ അടിത്തറ കെട്ടിപ്പടുക്കാനാകും!

സഹോദരീ സഹോദരന്മാരേ,
 
രാജ്യത്തിന് ഇതൊരു അത്ഭുതകരമായ തുടക്കമായിരിക്കും. ഞാന്‍ നിങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയാണ്. ഇതിന് നിയമമോ ചട്ടങ്ങളോ ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. അതിന്റെ ഗുണം കാണുമ്പോള്‍, ആ സംഖ്യ 100 ല്‍ നിന്ന് 200 ആക്കണമെന്ന് എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടിവരില്ല.

സുഹൃത്തുക്കളേ,

 ഓരോ ശാഖയും 100 വ്യാപാരികളെ അതുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ജന്‍ധന്‍ അക്കൗണ്ടുകളുടെ ഇന്നത്തെ വിജയത്തിന് കാരണം നമ്മുടെ ബാങ്ക് ജീവനക്കാരും താഴെ തട്ടിലുള്ള ജീവനക്കാരും അവരുടെ കഠിനാധ്വാനവുമാണ്. പാവപ്പെട്ടവരുടെ കുടിലുകള്‍ അവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവര്‍ വാരാന്ത്യങ്ങളില്‍ പോലും ജോലി ചെയ്തു. അതുകൊണ്ടാണ് ജന്‍ധന്‍ വിജയിച്ചത്. ജന്‍ധന്‍ വിജയിപ്പിച്ച ബാങ്ക് ജീവനക്കാരുടെ കരുത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് ബാങ്ക് ജീവനക്കാര്‍ക്കും മാനേജര്‍മാര്‍ക്കും അവരുടെ കമാന്‍ഡ് ഏരിയയിലെ 100 വ്യാപാരികളെ അവരുടെ ബാങ്ക് ശാഖയുമായി പ്രചോദിപ്പിക്കാനും ബോധവല്‍ക്കരിക്കാനും ബന്ധിപ്പിക്കാനും കഴിയുമെങ്കില്‍, നിങ്ങള്‍ ഒരു വലിയ വിപ്ലവം നയിക്കും. എനിക്ക് ഉറപ്പുണ്ട്, ഈ തുടക്കം നമ്മുടെ ബാങ്കിംഗ് സംവിധാനത്തെയും സമ്പദ്വ്യവസ്ഥയെയും ഭാവിയില്‍ നാം തയ്യാറെടുക്കുന്ന ഒരു ഘട്ടത്തിലേക്ക് കൊണ്ടുപോകും. കൂടാതെ നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന് ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും. കേന്ദ്ര ധനമന്ത്രി, ധനമന്ത്രാലയം, നമ്മുടെ ആര്‍ബിഐ ഗവര്‍ണര്‍, ആര്‍ബിഐ ടീം, നമ്മുടെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും, നമ്മുടെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, കാരണം നിങ്ങള്‍ ഒരു വിലപ്പെട്ട സമ്മാനം രാജ്യത്തിനു നല്‍കി. 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ ഈ വിലമതിക്കാനാകാത്ത സമ്മാനം ദീപാവലിക്ക് മുമ്പായും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത് അത്ഭുതകരമായ യാദൃശ്ചികതയാണ്! ആശംസകള്‍, വളരെ നന്ദി!

--ND-- 



(Release ID: 1868661) Visitor Counter : 119