യുവജനകാര്യ, കായിക മന്ത്രാലയം

മൂന്ന് ദിവസത്തെ "വാഡ (WADA) അത്‌ലീറ്റ് ബയോളജിക്കൽ പാസ്‌പോർട്ട് സിമ്പോസിയം-2022" ഉദ്ഘാടന സെഷനിൽ ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ സംസാരിച്ചു

Posted On: 12 OCT 2022 2:48PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഒക്‌ടോബർ 11, 2022

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് ന്യൂ ഡൽഹിയിൽ മൂന്ന് ദിവസത്തെ “വാഡ (WADA) അത്‌ലീറ്റ് ബയോളജിക്കൽ പാസ്‌പോർട്ട് (എബിപി) സിമ്പോസിയം - 2022” ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയും (NADA) നാഷണൽ ഡോപ്പ് ടെസ്റ്റിംഗ് ലബോറട്ടറിയും (NDTL) ചേർന്നാണ് ഈ സിമ്പോസിയം സംഘടിപ്പിക്കുന്നത്.

ഉത്തേജക മരുന്ന് പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും അത്‌ലീറ്റ് ബയോളജിക്കൽ പാസ്‌പോർട്ട് വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ ഉപകരണമാണെന്നും കായിക രംഗത്തെ ഉത്തേജക മരുന്ന് കണ്ടുപിടിക്കാൻ മാത്രമല്ല തടയാനും ഇത് അവസരമൊരുക്കുന്നുവെന്നും ശ്രീ ഠാക്കൂർ എടുത്തുപറഞ്ഞു. അത്‌ലീറ്റ് ബയോളജിക്കൽ പാസ്‌പോർട്ടിന്റെ തുടർന്നുള്ള വികസനത്തിന്‌ മാത്രമല്ല, ഉത്തേജകമരുന്നിനെതിരെയുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തിലും ഈ സിമ്പോസിയം ഒരു വലിയ നാഴികക്കല്ലായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. നമ്മുടെ കായികതാരങ്ങളെയും മുഴുവൻ കായിക ആവാസവ്യവസ്ഥയെയും ഉത്തേജക വിപത്തിൽ നിന്ന് സംരക്ഷിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന അറിവ്, ഉപകരണങ്ങൾ, ഗവേഷണം, വൈദഗ്ധ്യം എന്നിവയാൽ സ്വയം സജ്ജരാകാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചു. ഈ സിമ്പോസിയം ഇന്ത്യയിലെ ഉത്തേജക വിരുദ്ധ പരിപാടി ശക്തിപ്പെടുത്താൻ നമ്മെ പ്രാപ്തരാക്കും.

ദേശീയ ഉത്തേജക വിരുദ്ധ നിയമം, 2022 എന്ന പേരിൽ ഉത്തേജക വിരുദ്ധ ചട്ടം, കേന്ദ്രസർക്കാർ അടുത്തിടെ നടപ്പിലാക്കിയതായി ശ്രീ ഠാക്കൂർ അറിയിച്ചു. രാജ്യത്തെ എല്ലാ തലങ്ങളിലും ഉത്തേജക മരുന്നില്ലാത്ത കായികവിനോദത്തിനുള്ള ഇന്ത്യൻ സർക്കാരിന്റെ ശക്തമായ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ് ഈ നിയമം.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോക ഉത്തേജക വിരുദ്ധ ഏജൻസിയിലേക്കുള്ള (വാഡ) ഇന്ത്യയുടെ സംഭാവന വർധിപ്പിച്ചിട്ടുണ്ടെന്നും ഇത് ഏഷ്യയിലെ നാലാമത്തെ ഉയർന്ന സംഭാവനയാണെന്നും ശ്രീ ഠാക്കൂർ കൂട്ടിച്ചേർത്തു. യുനെസ്‌കോയുടെ വോളണ്ടറി ഫണ്ടിലേക്കും ഒരു പ്രധാന സംഭാവന നൽകുന്നു. നിരോധിത പദാർത്ഥങ്ങൾ അടങ്ങിയ പോഷക സപ്ലിമെന്റുകൾ കഴിക്കുന്നത് വഴി നമ്മുടെ അത്‌ലീറ്റുകളിൽ അശ്രദ്ധമായി ഉത്തേജകമരുന്ന് എത്തുന്നില്ല ഉറപ്പാക്കാൻ, നാഡ, നാഷണൽ ഫോറൻസിക് സയൻസ്സ്  യൂണിവേഴ്‌സിറ്റി (NFSU), ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഭിന്നശേഷിയുള്ള കായികതാരങ്ങൾക്കായി ബോധവത്കരണ ഉള്ളടക്കം വികസിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യൂണിവേഴ്സൽ ഡിസൈൻ ഫോർ ലേണിംഗ് (യുഡിഎൽ) തത്വങ്ങളെക്കുറിച്ചുള്ള, ആംഗ്യഭാഷ ആന്റി-ഡോപ്പിംഗ് എഡ്യൂക്കേഷൻ മൊഡ്യൂളുകൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയുമുള്ള ഭിന്നശേഷിയുള്ള കായികതാരങ്ങൾക്ക് ഉപയോഗപ്രദമാണ്.

ഇത് മൂന്നാമത്തെ 'വാഡ' എബിപി സിമ്പോസിയമാണ്. ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. 56 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പേർ, വാഡ ഉദ്യോഗസ്ഥർ, വിവിധ ദേശീയ ഉത്തേജക വിരുദ്ധ സംഘടനകൾ, അത്‌ലീറ്റ് പാസ്‌പോർട്ട് മാനേജ്‌മെന്റ് യൂണിറ്റുകൾ (എപിഎംയു), വാഡ അംഗീകൃത ലബോറട്ടറികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും വിദഗ്ധരും ഈ സിമ്പോസിയത്തിൽ പങ്കെടുക്കുന്നു.
 
 
 
 
 


(Release ID: 1867108) Visitor Counter : 124