പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലെ ലുഹ്നുവിൽ 3650 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും നാടി‌നു സമർപ്പിക്കുകയും ചെയ്തു


ബിലാസ്പുർ എയിംസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

ബന്ദ്‌ലയിലെ ഗവണ്മെന്റ് ഹൈഡ്രോ എൻജിനിയറിങ് കോളേജ് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

നലഗഢിൽ മെഡിക്കൽ ഉപകരണ പാർക്കിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

ദേശീയപാത നാലുവരിയാക്കുന്നതിനുള്ള 1690 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

"ഹിമാചൽ പ്രദേശിന്റെ വികസന യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതു ഭാഗ്യമാണ്"

"ഞങ്ങൾ തറക്കല്ലിടുന്ന പദ്ധതി ഞങ്ങളുടെ ഗവണ്മെന്റ് തീർച്ചയായും സമർപ്പിക്കും"

"രാഷ്ട്രരക്ഷ'യിൽ ഹിമാചൽ നിർണായകപങ്കാണു വഹിക്കുന്നത്; ഇപ്പോൾ ബിലാസ്പുരിൽ പുതുതായി ഉദ്ഘാടനംചെയ്ത എയിംസിന്റെ രൂപത്തിൽ 'ജീവൻ രക്ഷ'യിലും അതു നിർണായകപങ്കു വഹിക്കും"

"എല്ലാവരുടെയും ജീവിതം അന്തസുറ്റതാക്കുക എന്നതാണു ഞങ്ങളുടെ ഗവണ്മെന്റി‌ന്റെ മുൻഗണന"


"സ്ത്രീകളുടെ സന്തോഷം, സൗകര്യം, ബഹുമാനം, സുരക്ഷ എന്നിവയാണ് ഇരട്ട എൻജിൻ ഗവൺമെന്റിന്റെ പ്രധാന മുൻഗണനകൾ"

"മെയ്ഡ് ഇൻ ഇന്ത്യ 5ജി സേവനങ്ങൾക്കു തുടക്കമായി; അതിന്റെ പ്രയോജനങ്ങൾ ഹിമാചലിൽ ഉടൻ ലഭ്യമാകും"

Posted On: 05 OCT 2022 2:33PM by PIB Thiruvananthpuram

1690 കോടിയിലധികം രൂപ ചെലവി‌ൽ ദേശീയപാത-105ൽ പിഞ്ചോർമുതൽ നലഗഢ്‌വരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തറക്കല്ലിട്ടു. ബിലാസ്പുർ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. 350 കോടി രൂപ ചെലവിൽ നലഗഢിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണ പാർക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. ബന്ദ്‌ലയിലെ ഗവണ്മെന്റ് ഹൈഡ്രോ എൻജിനിയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.


സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, വിജയദശമിയുടെ ശുഭവേളയിൽ എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യാൻ പ്രതിജ്ഞയെടുക്കുന്ന ‘പഞ്ചപ്രാണി’ന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഈ മഹോത്സവം എല്ലാവർക്കും പുതിയ ഊർജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമിക്കു ഹിമാചലിൽ എത്താനുള്ള ഭാഗ്യം ഭാവിയിലെ ഓരോ വിജയത്തിനും ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
 

ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രൂപത്തിൽ ഇരട്ടിസമ്മാനമാണു ബിലാസ്പുരിനു ലഭിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കുളു ദസറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ നന്ദിരേഖപ്പെടുത്ത‌ിയ അദ്ദേഹം രാജ്യത്തിന്റെ ക്ഷേമത്തിനായി രഘുനാഥഭഗവാനോടു പ്രാർഥിക്കുമെന്നും പറഞ്ഞു. താനും സഹപ്രവർത്തകരും ഈ പ്രദേശത്തു ജോലിചെയ്യുകയും താമസിക്കുകയുംചെയ്തിരുന്ന പഴയകാലത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. ഹിമാചൽ പ്രദേശിന്റെ വികസനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. 

ഹിമാചൽ പ്രദേശിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, എല്ലാ സംഭവവികാസങ്ങളുടെയും പൂർണ ഉത്തരവാദിത്വം ജനങ്ങളുടെ വോട്ടിനാണെന്നു പറഞ്ഞു. എല്ലാ വികസനപ്രവർത്തനങ്ങളും മുന്നോട്ടുനയിച്ച സംസ്ഥാനത്തിലും കേന്ദ്രത്തിലും ജനങ്ങൾക്കുള്ള വിശ്വാസത്തിനാണ് അദ്ദേഹം ഈ ഖ്യാതി നൽകിയത്.

വിദ്യാഭ്യാസം, റോഡുകൾ, വ്യവസായങ്ങൾ, ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ വൻ നഗരങ്ങൾക്കു മാത്രമുള്ളതാണെന്ന ചിന്തയാണ് ഏറെക്കാലമായി നിലനിന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലയോരമേഖലകളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനസൗകര്യങ്ങൾപോലും എത്തിയത് ഏറ്റവും ഒടുവിലാണ്. ഇതു രാജ്യത്തിന്റെ വികസനത്തിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറിയ പ്രശ്നങ്ങൾക്കു ഹിമാചൽ പ്രദേശിലെ ജനങ്ങൾ ചണ്ഡീഗഢിലേക്കോ ഡൽഹിയിലേക്കോ പോകാൻ നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ 8 വർഷത്തിനുള്ളിൽ, ഇരട്ട എൻജിൻ ഗവണ്മെന്റ് അതെല്ലാം മാറ്റി. ഇന്നു ഹിമാചൽ പ്രദേശിൽ ഐഐടി, ഐഐഎം, ഐഐഐടി തുടങ്ങിയ കേന്ദ്രസർവകലാശാലകൾ സജ്ജമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലേക്കുയരുന്ന ബിലാസ്പുരിലെ എയിംസ് ബിലാസ്പുരിന്റെ മഹത്വം വർധിപ്പിക്കുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. "കഴിഞ്ഞ എട്ടുവർഷത്തിനിടെ ഹിമാചൽ പ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കി"- പ്രധാനമന്ത്രി പറഞ്ഞു. 

പദ്ധതികൾ സമർപ്പിക്കുന്നതിനായുള്ള വ്യക്തമായ സമയക്രമത്തോടെ തറക്കല്ലിടൽ നടക്കുന്നതു പരാമർശിച്ചു ഗവണ്മെന്റിന്റെ മാറിയ പ്രവർത്തനശൈലി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

രാഷ്ട്രനിർമാണത്തിൽ ഹിമാചൽ പ്രദേശിന്റെ സംഭാവനയെക്കുറിച്ചു സംസാരിക്കവേ, 'രാഷ്ട്രരക്ഷ'യിൽ സംസ്ഥാനം നിർണായകപങ്കു വഹിക്കുന്നുവെന്നും ഇപ്പോൾ ബിലാസ്പുരിൽ പുതുതായി ഉദ്ഘാടനംചെയ്ത എയിംസിന്റെ രൂപത്തിൽ 'ജീവൻ രക്ഷ'യിലും അതു നിർണായകപങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയതിന് ആരോഗ്യമന്ത്രാലയത്തെയും സംസ്ഥാന ഗവണ്മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ബൾക്ക് ഡ്രഗ്സ് പാർക്കിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു സംസ്ഥാനങ്ങളിൽ ഒന്നായ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇത് അഭിമാനനിമിഷമാണെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. മെഡിക്കൽ ഉപകരണ പാർക്കിനായി തെരഞ്ഞെടുക്കപ്പെട്ട നാലു സംസ്ഥാനങ്ങളിൽ ഒന്നാണു ഹിമാചൽ പ്രദേശ്. ഇതിന്റെ ഭാഗമാണ് നലഗഢ് മെഡിക്കൽ ഉപകരണ പാർക്ക്. "ഇതു ധീരന്മാരുടെ നാടാണ്, ഈ നാടിനോടു ഞാൻ കടപ്പെട്ടിരിക്കുന്നു"- പ്രധാനമന്ത്രി പറഞ്ഞു. 

മെഡിക്കൽ ടൂറിസത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഹിമാചൽ പ്രദേശിന് അനന്തമായ അവസരങ്ങളുണ്ടെന്നു പറഞ്ഞു. സംസ്ഥാനത്തിന്റെ വായുവും പരിസ്ഥിതിയും ഔഷധസസ്യങ്ങളും സംസ്ഥാനത്തിന് അനവധി നേട്ടങ്ങൾ ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 

പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, എത്തപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ആശുപത്രികൾ ലഭ്യമാക്കാനും മെഡിക്കൽ ബില്ലുകളുടെ ചെലവു കുറയ്ക്കാനും ശ്രമിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് എയിംസിൽനിന്നു ജില്ലാ ആശുപത്രികളിലെയും ഗ്രാമങ്ങളിലെസൗഖ്യകേന്ദ്രങ്ങളിലെയും സങ്കീർണരോഗപരിചരണത്തിലേക്കു തടസമില്ലാത്ത സമ്പർക്കസൗകര്യങ്ങൾക്കായി ഞങ്ങൾ പ്രവർത്തിക്കുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്തെ ഒട്ടുമിക്ക കുടുംബങ്ങൾക്കും 5 ലക്ഷം രൂപവരെ സൗജന്യചികിത്സ നൽകുന്നു. രാജ്യത്തുടനീളമുള്ള 3 കോടിയിലധികം രോഗികളും 1.5 ലക്ഷം ഗുണഭോക്താക്കളും ഹിമാചലിൽനിന്നാണുള്ളത്. രാജ്യത്തുടനീളം ഗവണ്മെന്റ് 45,000 കോടിയിലധികം രൂപ ചെലവഴിച്ചു. ഇതിലൂടെ രോഗികളുടെ 90,000 കോടിരൂപ ലാഭിക്കാനായി. 

നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സന്തോഷം, പുതുവഴികൾ, അന്തസ്, സംരക്ഷണം, ആരോഗ്യം എന്നിവ പ്രദാനംചെയ്യുന്നതിലാണ് ഇരട്ട എൻജിൻ ഗവൺമെന്റിന്റെ അടിത്തറ പാകിയിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. "എല്ലാവരുടെയും ജീവിതം അന്തസുറ്റതാക്കുക എന്നതാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ മുൻഗണന"- പ്രധാനമന്ത്രി പറഞ്ഞു.  അമ്മമാരുടെയും സഹോദരിമാരുടെയും ശാക്തീകരണത്തിനായി കക്കൂസ് നിർമാണം, സൗജന്യ പാചകവാതകകണക്ഷൻ, സാനിറ്ററി പാഡ് വിതരണപദ്ധതി, മാതൃ വന്ദന യോജന, ഹർ ഘർ ജൽ ക്യാമ്പയിൻ തുടങ്ങിയ നടപടികൾ അദ്ദേഹം ഉദാഹരിച്ചു.

കേന്ദ്രപദ്ധതികൾ ചടുലതയോടെയും വേഗത്തിലും നടപ്പാക്കിയതിനും അവയുടെ വ്യാപ്തി വിപുലീകരിച്ചതിനും മുഖ്യമന്ത്രിയെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 'ഹർ ഘർ ജൽ' പോലുള്ള പദ്ധതികളുടെയും പെൻഷൻ പോലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളുടെയും നടത്തിപ്പിലെ വേഗതയെ അദ്ദേഹം പ്രശംസിച്ചു. അതുപോലെ, ഹിമാചലിലെ നിരവധി കുടുംബങ്ങൾ ഒരു റാങ്ക് ഒരു പെൻഷനിൽനിന്നു വളരെയധികം പ്രയോജനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറുശതമാനം കൊറോണ പ്രതിരോധകുത്തിവയ്പു നടത്തിയ ആദ്യ സംസ്ഥാനമായതിന് അദ്ദേഹം ഹിമാചൽ പ്രദേശിനെ അഭിനന്ദിച്ചു.

"ഹിമാചൽ അവസരങ്ങളുടെ നാടാണ്"- പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്നും ഫലഭൂയിഷ്ഠമായ ഭൂമിയുണ്ടെന്നും വിനോദസഞ്ചാരത്തിലൂടെ അനന്തമായ തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞു. മെച്ചപ്പെട്ട സമ്പർക്കസൗകര്യങ്ങളുടെ അഭാവമാണ് ഈ അവസരങ്ങൾക്കു മുന്നിൽ ഏറ്റവും വലിയ തടസ്സമായി പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. "2014 മുതൽ, ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഹിമാചൽ പ്രദേശിലെ ഗ്രാമങ്ങൾതോറും എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചലിലെ റോഡുകളുടെ വീതി കൂട്ടുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "നിലവിൽ 50,000 കോടി രൂപയാണു ഹിമാചലിലെ സമ്പർക്കസൗകര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. പിഞ്ചോർമുതൽ നളഗഢ് ഹൈവേവരെയുള്ള നാലുവരിപ്പാതയുടെ പ്രവൃത്തി പൂർത്തിയാകുമ്പോൾ, നളഗഢിലെയും ബഡ്ഡിയിലെയും വ്യാവസായികമേഖലകൾക്കു മാത്രമല്ല പ്രയോജനം ലഭിക്കുന്നത്. ചണ്ഡീഗഢ്, അംബാല എന്നിവിടങ്ങളിൽനിന്നു ബിലാസ്പുർ, മാണ്ഡി, മണാലി എന്നിവിടങ്ങളിലേക്കു പോകുന്ന യാത്രക്കാർക്കും പ്രയോജനപ്രദമാകും. ഹിമാചലിലെ ജനങ്ങളെ വളഞ്ഞുപുളഞ്ഞ റോഡുകളിൽനിന്നു മോചിപ്പിക്കാൻ തുരങ്കങ്ങളുടെ ശൃംഖലയും സ്ഥാപിക്കും"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു 

ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി, ഡിജിറ്റൽ സമ്പർക്കസൗകര്യങ്ങളുമായി ബന്ധപ്പെട്ടു ഹിമാചലിലും അഭൂതപൂർവമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 8 വർഷത്തിനുള്ളിൽ, ഇന്ത്യയിൽ നിർമിച്ച മൊബൈൽ ഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുകയും ഗ്രാമങ്ങളിലേക്കു മൊബൈൽ ശൃംഖല എത്തിക്കുകയും ചെയ്തു”- അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച 4ജി സമ്പർക്കസൗകര്യങ്ങളിലൂടെ ഹിമാചൽ പ്രദേശും ഡിജിറ്റൽ ഇടപാടുകളിൽ അതിവേഗം മുന്നേറുകയാണ്. "ഡിജിറ്റൽ ഇന്ത്യയിൽനിന്ന് ആർക്കെങ്കിലും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിൽ അതു ഹിമാചലിലെ ജനങ്ങളായ നിങ്ങൾക്കാണ്"- അദ്ദേഹം പറഞ്ഞു. ഇതിലൂടെ ബില്ലുകൾ അടയ്ക്കൽ, ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ, അഡ്മിഷൻ, അപേക്ഷകൾ തുടങ്ങിയവയ്ക്കു വളരെ കുറഞ്ഞ സമയം മാത്രമേ എടുക്കൂവെന്നു പ്രധാനമന്ത്രി അറിയിച്ചു. 

രാജ്യത്തു 5ജി നിലവിൽവന്നതിലേക്കു വെളിച്ചം വീശിക്കൊണ്ട്, ഇപ്പോൾ രാജ്യത്ത് ആദ്യമായി മെയ്ഡ് ഇൻ ഇന്ത്യ 5ജി സേവനങ്ങൾ ആരംഭിച്ചതായും അതിന്റെ ആനുകൂല്യങ്ങൾ ഹിമാചലിന് ഉടൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഡ്രോൺ നിയമങ്ങളിൽ മാറ്റംവരുത്തിയശേഷം, ഗതാഗതത്തിലുള്ള അവയുടെ ഉപയോഗം വളരെയധികം വർധ‌ിക്കുമെന്നും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ഇതു വലിയ നേട്ടങ്ങൾ കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു.  ഡ്രോൺ നയവുമായി രംഗത്തെത്തിയ ആദ്യ സംസ്ഥാനമായ ഹിമാചൽ പ്രദേശിനെ അദ്ദേഹം അഭിനന്ദിച്ചു. “ഓരോ പൗരന്റെയും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വികസനത്തിനാണു ഞങ്ങൾ പരിശ്രമിക്കുന്നത്. ഓരോ പൗരനും സമൃദ്ധിയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ഇതു വികസിത ഇന്ത്യയുടെയും വികസിത ഹിമാചൽ പ്രദേശിന്റെയും ദൃഢനിശ്ചയത്തെ വെളിവാക്കും”- പ്രധാനമന്ത്രി പറഞ്ഞു.  

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, പാർലമെന്റ് അംഗവും ബിജെപി ദേശീയ അധ്യക്ഷനുമായ ജഗത് പ്രകാശ് നദ്ദ, പാർലമെന്റ് അംഗവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുരേഷ് കുമാർ കശ്യപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം:
 

ഹിമാചൽ പ്രദേശിലെ വിവിധ പദ്ധതികൾ 

ദേശീയപാത-105ല്‍ പിഞ്ചോര്‍മുതല്‍ നലഗഢ്‌വരെയുള്ള ദേശീയപാത നാലുവരിയാക്കുന്നതിനുള്ള 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1690 കോടിരൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി ഇന്നു തറക്കല്ലിട്ടു. അംബാല, ചണ്ഡീഗഢ്, പഞ്ച്കുല, സോളന്‍/ഷിംല എന്നിവിടങ്ങളില്‍ നിന്ന് ബിലാസ്പുര്‍, മാണ്ഡി, മണാലി എന്നിവിടങ്ങളിലേക്കു പോകുന്നതിനുള്ള യാത്രയെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്കാണ് ഈ പദ്ധതിറോഡ്. ഈ നാലുവരി ദേശീയപാതയുടെ ഏകദേശം 18 കിലോമീറ്റര്‍ദൂരം ഹിമാചല്‍ പ്രദേശിനുകീഴിലും ബാക്കിഭാഗം ഹരിയാനയിലുമായിട്ടാണു വരിക. ഈ ദേശീയപാത ഹിമാചല്‍ പ്രദേശിലെ വ്യാവസായികകേന്ദ്രമായ നലഗഢ്-ബഡ്ഡിക്കു മികച്ച ഗതാഗതസൗകര്യം ഉറപ്പാക്കുകയും ഈ മേഖലയില്‍ കൂടുതല്‍ വ്യാവസായികവികസനത്തിനു പ്രോത്സാഹനമേകുകയും ചെയ്യും. ഇതു സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയേയും ഉത്തേജിപ്പിക്കും. 

എയിംസ് ബിലാസ്പുര്‍ 

രാജ്യത്തുടനീളമുള്ള ആരോഗ്യസേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് എയിംസ് ബിലാസ്പുരിന്റെ ഉദ്ഘാടനത്തിലൂടെ വീണ്ടും പ്രകടമായത്. 2017 ഒക്ടോബറില്‍ പ്രധാനമന്ത്രിതന്നെ തറക്കല്ലിട്ട ഈ ആശുപത്രി, കേന്ദ്രാവിഷ്കൃതപദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്കുകീഴിലാണു സ്ഥാപിക്കുന്നത്. 

1470 കോടിയിലധികം രൂപ ചെലവില്‍ നിർമിച്ചിരിക്കുന്ന എയിംസ് ബിലാസ്പുര്‍, 18 സ്പെഷ്യാലിറ്റി - 17 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, 18 മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, 750 കിടക്കകള്‍, 64 ഐസിയു കിടക്കകള്‍ എന്നിവയുള്ള അത്യാധുനിക ആശുപത്രിയാണ്. 247 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി, ഡയാലിസിസ് സൗകര്യങ്ങളും അള്‍ട്രാസോണോഗ്രഫി, സിടി സ്കാന്‍, എംആര്‍ഐ തുടങ്ങിയ ആധുനിക രോഗനിർണയയന്ത്രങ്ങളും അമൃത് ഫാര്‍മസിയും, ജന്‍ ഔഷധി കേന്ദ്രവും, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഗോത്രമേഖലകളിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഗോത്രവർഗ മേഖലകളിലും ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ ആരോഗ്യകേന്ദ്രവും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, കാസ, സലൂനി, കീലോങ് തുടങ്ങിയ ഉയർന്ന ഹിമാലയന്‍ പ്രദേശങ്ങളിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഗോത്രവർഗമേഖലകളിലും ആരോഗ്യക്യാമ്പുകള്‍വഴി സ്പെഷ്യലിസ്റ്റ് ആരോഗ്യസേവനങ്ങള്‍ ആശുപത്രി നല്‍കും. എംബിബിഎസ് കോഴ്സിന് 100 വിദ്യാർഥികള്‍ക്കും നഴ്സിങ് കോഴ്സിന് 60 വിദ്യാർഥികള്‍ക്കും പ്രതിവര്‍ഷം ആശുപത്രിയില്‍ പ്രവേശനം നല്‍കും.

 

ഗവൺമെന്റ് ഹൈഡ്രോ എൻജിനിയറിങ് കോളേജ്, ബന്ദ്‌ല

 

ബന്ദ്‌ലയിലെ ഗവൺമെന്റ് ഹൈഡ്രോ എൻജിനിയറിങ് കോളേജ് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഏകദേശം 140 കോടി രൂപ ചെലവുവരുന്ന ഈ കോളേജ്, ജലവൈദ്യുത പദ്ധതികളുടെ മുൻനിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായ ഹിമാചൽ പ്രദേശിനു പരിശീലനം ലഭിച്ച മനുഷ്യശേഷി ലഭ്യമാക്കാൻ സഹായിക്കും. യുവാക്കളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും ജലവൈദ്യുത മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ നൽകുന്നതിനും ഇതു സഹായിക്കും. 

മെഡിക്കൽ ഉപകരണ പാർക്ക്, നലഗഢ് 

350 കോടി രൂപ ചെലവിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണ പാർക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. ഈ മെഡിക്കൽ ഉപകരണ പാർക്കിൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി 800 കോടിയിലധികംരൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നതാണു പദ്ധതി.

*****

DS/TS

ND

(Release ID: 1865385) Visitor Counter : 360