പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒകേ്ടാബര്‍ അഞ്ചിന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും


3650 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ബിലാസ്പൂര്‍ എയിംസ് ഉദ്ഘാടനം ചെയ്യും,

ദേശീയപാത നാലുവരിയാക്കുന്നതിനുള്ള 1690 കോടിയിലധികം രൂപയുടെ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും

ഈ മേഖലയിലെ വ്യാവസായിക വികസനത്തിനും ടൂറിസത്തിനും പദ്ധതി ഉത്തേജനം നല്‍കും

നലഗഡില്‍ മെഡിക്കല്‍ ഉപകരണ പാര്‍ക്കിന്റെ തറക്കല്ലിടലും ബന്ദ്‌ലയിലെ ഗവണ്‍മെന്റ് ഹൈഡ്രോ എന്‍ജിനീയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും

കുളു ദസറ ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും

Posted On: 03 OCT 2022 2:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒകേ്ടാബര്‍ 5 ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും, അവിടെ അദ്ദേഹം 3650 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ 11.30ന് പ്രധാനമന്ത്രി ബിലാസ്പൂര്‍ എയിംസ് ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചയ്ക്ക് 12:45 ന് അദ്ദേഹം ബിലാസ്പൂരിലെ ലുഹ്നഹ്‌നു മൈതാനത്തില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ഒപ്പം പൊതു സമ്മേളനത്തെ അഭിസംബോധനയും   ചെയ്യും. ഉച്ച തിരിഞ്  ഏകദേശം 3:15 ന് പ്രധാനമന്ത്രി കുളുവിലെ ധല്‍പൂര്‍ മൈതാനത്തില്‍ എത്തിച്ചേരുകയും, അവിടെ അദ്ദേഹം കുളു ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

എയിംസ് ബിലാസ്പൂര്‍
രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും പ്രതിബദ്ധതയും എയിംസ് ബിലാസ്പൂരിന്റെ ഉദ്ഘാടനത്തിലൂടെ വീണ്ടും പ്രകടമാക്കുകയാണ്. 2017 ഒകേ്ടാബറില്‍ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ഈ ആശുപത്രി, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിക്കുന്നത്.
എയിംസ് ബിലാസ്പൂര്‍, 18 സ്‌പെഷ്യാലിറ്റി 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 18 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, 750 കിടക്കകള്‍, 64 ഐ.സിയു കിടക്കകള്‍ എന്നിവയുള്ള അത്യാധുനിക ആശുപത്രിയാണ് 1470 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 247 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി, ഡയാലിസിസ് സൗകര്യങ്ങളും അള്‍ട്രാസോണോഗ്രഫി, സി.ടി സ്‌കാന്‍, എം.ആര്‍.ഐ തുടങ്ങിയ ആധുനിക രോഗനിര്‍ണ്ണയ യന്ത്രങ്ങളും അമൃത് ഫാര്‍മസിയും, ജന്‍ ഔഷധി കേന്ദ്രവും, കൂടാതെ 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഗോത്ര മേഖലകളിലും എത്തിച്ചേരാണ്‍ കഴിയാത്ത ഗോത്രവര്‍ഗ്ഗ മേഖലകളിലും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ ഹെല്‍ത്ത് കേന്ദ്രവും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, കാസ, സലൂനി, കീലോങ് തുടങ്ങിയ ഉയര്‍ന്ന ഹിമാലയന്‍ പ്രദേശങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത ഗോത്രവര്‍ഗ്ഗമേഖലകളിലും ആരോഗ്യ ക്യാമ്പുകള്‍ വഴി സ്‌പെഷ്യലിസ്റ്റ് ആരോഗ്യ സേവനങ്ങള്‍ ആശുപത്രി നല്‍കും. എം.ബി.ബി.എസ് കോഴ്‌സിന് 100 വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സിംഗ് കോഴ്‌സിന് 60 വിദ്യാര്‍ത്ഥികള്‍ക്കും പ്രതിവര്‍ഷം ആശുപത്രിയില്‍ പ്രവേശനം നല്‍കും.

വികസന പദ്ധതികള്‍
എന്‍.എച്ച്-105ല്‍ പിഞ്ചോര്‍ മുതല്‍ നളഗഡ് വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്നതിനുള്ള 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1690 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അംബാല, ചണ്ഡീഗഡ്, പഞ്ച്കുല, സോളന്‍ / ഷിംല എന്നിവിടങ്ങളില്‍ നിന്ന് ബിലാസ്പൂര്‍, മാണ്ഡി, മണാലി എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രയെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്കാണ് ഈ പദ്ധതിറോഡ്. ഈ നാലുവരി ദേശീയ പാതയുടെ ഏകദേശം 18 കിലോമീറ്റര്‍ ദൂരം ഹിമാചല്‍ പ്രദേശിന് കീഴിലും ബാക്കി ഭാഗം ഹരിയാനയിലുമായിട്ടാണ് വരിക. ഈ ഹൈവേ ഹിമാചല്‍ പ്രദേശിലെ വ്യാവസായിക കേന്ദ്രമായ നലഗഡ്-ബഡ്ഡിക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുകയും, കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ വ്യാവസായിക വികസനത്തിന് പ്രോത്സാഹനവും നല്‍കും. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയേയും ഉത്തേജിപ്പിക്കും.
ഏകദേശം 350 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കിന് പ്രധാനമന്ത്രി നാലഗഢില്‍ തറക്കല്ലിടും. ഈ മെഡിക്കല്‍ ഉപകരണ പാര്‍ക്കില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇതിനകം തന്നെ 800 കോടിയിലധികം രൂപയുടെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുകഴിഞ്ഞിട്ടുണ്ട്. പദ്ധതി ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും.
ബന്ദ്‌ലയിലെ ഗവണ്‍മെന്റ് ഹൈഡ്രോ എന്‍ജിനീയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ജലവൈദ്യുത പദ്ധതികളില്‍ മുന്‍ നിര സംസ്ഥാനങ്ങളില്‍ ഒന്നായ ഹിമാചല്‍ പ്രദേശിന് ജലവൈദ്യുത പദ്ധതികള്‍ക്ക് പരിശീലനം ലഭിച്ച മനുഷ്യശേഷി ലഭ്യമാക്കാന്‍ ഏകദേശം 140 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ കോളേജ്, സഹായിക്കും. യുവാക്കളുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ജലവൈദ്യുത മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും ഇത് സഹായിക്കും.

കുളു ദസറ
കുളുവിലെ ധല്‍പൂര്‍മൈതാനത്ത് 2022 ഒകേ്ടാബര്‍ 5 മുതല്‍ 11 വരെയാണ് അന്താരാഷ്ട്ര കുളു ദസറ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. താഴ്‌വരയിലെ 300-ലധികം ദേവതകളുടെ സംഗമം എന്ന അര്‍ത്ഥത്തില്‍ ഉത്സവം സവിശേഷമാണ്. ഉത്സവത്തിന്റെ ആദ്യ ദിവസം, ദേവതകളെ നന്നായി അലങ്കരിച്ച പല്ലക്കുകളില്‍ പ്രധാന ദേവതയായ ഭഗവാന്‍ രഘുനാഥ് ജിയുടെ ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കുകയും തുടര്‍ന്ന് ധല്‍പൂര്‍ മൈതാനത്തിലേക്ക് പോകുകയും ചെയ്യും. ചരിത്രപ്രസിദ്ധമായ കുളു ദസറ ആഘോഷങ്ങളിലെ ഈ ദിവ്യ രഥയാത്രയ്ക്കും ദേവതകളുടെ മഹാസമ്മേളനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഇത് ആദ്യമായിട്ടാണ് രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രി കുളു ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

-ND-



(Release ID: 1864793) Visitor Counter : 173