രാജ്യരക്ഷാ മന്ത്രാലയം
രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗും ഈജിപ്ഷ്യൻ പ്രതിരോധമന്ത്രി ജനറൽ മുഹമ്മദ് സാക്കിയും കെയ്‌റോയിൽ ഉഭയകക്ഷി ചർച്ച നടത്തി
Posted On:
20 SEP 2022 10:24AM by PIB Thiruvananthpuram
ന്യൂ ഡൽഹി: 2022 സെപ്റ്റംബർ 20
രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്നലെ (2022 സെപ്റ്റംബർ 19-ന്) കെയ്‌റോയിൽ ഈജിപ്ഷ്യൻ പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് സാക്കിയുമായി ഉഭയകക്ഷി ചർച്ച നടത്തി. ശ്രീ രാജ്‌നാഥ് സിംഗിന്റെ ഈജിപ്തിലെ ഔദ്യോഗിക സന്ദർശനം തുടരുകയാണ്. കൂടിക്കാഴ്ചയിൽ, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. തീവ്രവാദവിരുദ്ധ സംയുക്ത അഭ്യാസങ്ങളും, പരിശീലനത്തിനായുള്ള സൈനികരുടെ കൈമാറ്റവും വർദ്ധിപ്പിക്കുന്നതിൽ ഇരുപക്ഷവും സമവായത്തിലെത്തി.
ഇന്ത്യയിലെയും ഈജിപ്തിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം സമയബന്ധിതമായി വിപുലീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വിലയിരുത്താൻ ഇരുമന്ത്രിമാരും തമ്മിൽ ധാരണയായി. പ്രാദേശിക സുരക്ഷ സംബന്ധിച്ച വീക്ഷണങ്ങൾ കൈമാറുകയും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെയും ഈജിപ്തിന്റെയും സംഭാവനകളെ ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിച്ചു. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിലും, കഴിഞ്ഞ വർഷം പ്രതിരോധ ഇടപെടലുകളും കൈമാറ്റങ്ങളും ഊർജ്ജിതമായി നടന്നതിൽ ഇരുപക്ഷവും സന്തോഷം വ്യക്‌തമാക്കി.
ഈജിപ്ത് പ്രസിഡന്റ് ശ്രീ അബ്ദുൾ ഫത്താഹ് എൽ-സിസിയും രാജ്യ രക്ഷാ മന്ത്രിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം, സുരക്ഷാ, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരു മന്ത്രിമാരും തീരുമാനിച്ചു. ഇരു പ്രതിരോധ മന്ത്രിമാരും പ്രതിരോധ മേഖലയിലെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചത് സന്ദർശന വേളയിലെ സുപ്രധാന നാഴികക്കല്ലായി മാറി. പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കും.
2022 ഒക്‌ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന 12-ാമത് ഡിഫൻസ് എക്‌സ്‌പോയുടെ ഭാഗമായി നടക്കാനിരിക്കുന്ന ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണത്തിലേക്കും IOR പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലേക്കും ശ്രീ രാജ്‌നാഥ് സിംഗ് ഈജിപ്ഷ്യൻ പ്രതിരോധമന്ത്രിയെ ക്ഷണിച്ചു.
**********
(Release ID: 1860833)
Visitor Counter : 154