റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ, ഡീലർമാർ മുഖേനയുള്ള വിൽപ്പന-വാങ്ങൽ എന്നിവയുടെ ബിസിനസ് സുഗമമാക്കുന്നതിനും സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരട് വിജ്ഞാപനം
Posted On:
15 SEP 2022 10:50AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 15, 2022
രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ, ഡീലർമാർ മുഖേനയുള്ള വിൽപ്പന-വാങ്ങൽ എന്നിവയുടെ ബിസിനസ്സ് സുഗമമാക്കുന്നതിനും,സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) 2022 സെപ്റ്റംബർ 12-ന് G.S.R 693(E) കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
മുൻ ഉടമസ്ഥതയുള്ള കാറുകളുടെ വിപണിക്കായി സമഗ്രമായ ഒരു നിയന്ത്രണ വ്യവസ്ഥ സജ്ജമാക്കുക ലക്ഷ്യമിട്ട്, 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ MoRTH ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്.
നിർദ്ദിഷ്ട ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്:
1. ഡീലർമാരുടെ ആധികാരികത തിരിച്ചറിയുന്നതിനായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഡീലർമാർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും.
2. വാഹനം രജിസ്‌റ്റർ ചെയ്‌ത ഉടമയും ഡീലറും തമ്മിൽ വാഹന ഇടപാട് സംബന്ധിച്ച നടപടിക്രമം വിശദമാക്കിയിട്ടുണ്ട്.
3. രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കൈവശം വയ്ക്കുന്ന ഒരു ഡീലറുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
4. ഡീലർമാർക്ക് അവരുടെ കൈവശമുള്ള മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് / ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എൻഒസി, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവയ്ക്ക് അപേക്ഷിക്കാൻ അധികാരമുണ്ട്.
5. ഒരു നിയന്ത്രണ നടപടിയെന്ന നിലയിൽ, ഇലക്ട്രോണിക് വാഹന ട്രിപ്പ് രജിസ്റ്റർ നിർബന്ധമാക്കിയിട്ടുണ്ട്, അതിൽ നടത്തിയ യാത്രയുടെ ഉദ്ദേശ്യം, ഡ്രൈവർ, സമയം, മൈലേജ് തുടങ്ങിയ യാത്രയുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കണം.
രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഇടനിലക്കാരെ / ഡീലർമാരെ തിരിച്ചറിയുന്നതിനും ശാക്തീകരിക്കുന്നതിനും അത്തരം വാഹനങ്ങളുടെ വിൽപ്പന-വാങ്ങലുകളിൽ ഉണ്ടാകാവുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്ന് മതിയായ സംരക്ഷണം നൽകുന്നതിനും ഈ നിയമങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബന്ധപ്പെട്ടവരിൽ നിന്ന് മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു.
ഗസറ്റ് വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക:
(Release ID: 1859605)
Visitor Counter : 160