പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും


ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി കുനോ ദേശീയ പാര്‍ക്കില്‍തുറന്നുവിടും

നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളെ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്, ഇത് വലിയ മാംസഭുക്കുകളുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റല്‍ പദ്ധതിയാണ്.

ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് തുറസ്സായ വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് സഹായിക്കുകയും പ്രാദേശിക സമൂഹത്തിനെ മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്ക് നയിക്കുകയും ചെയ്യും.

പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായിാണിത്

ഷിയോപൂരിലെ കാരഹലില്‍ നടക്കുന്ന സ്വാശ്രയ സംഘങ്ങളുടെ (എസ്.എച്ച്.ജി) സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ആയിരക്കണക്കിന് വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗങ്ങള്‍ക്കുള്ള നാല് നൈപുണ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


Posted On: 15 SEP 2022 1:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. രാവിലെ ഏകദേശം 10:45 ന് പ്രധാനമന്ത്രി ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നുവിടും. അതിനുശേഷം, ഏകദേശം 12 മണിക്ക്, ഷിയോപൂരിലെ കാരഹലിലെ എസ്എച്ച്ജി സമ്മേളനത്തില്‍, വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹവും പങ്കെടുക്കും.

പ്രധാനമന്ത്രി കുനോ നാഷണല്‍ പാര്‍ക്കില്‍
കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കാട്ടുചീറ്റകളെ തുറന്നുവിടുന്നത് ഇന്ത്യയുടെ വന്യജീവികളെയും അതിന്റെ ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിദ്ധ്യവത്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്. 1952-ല്‍ ചീറ്റകള്‍ (പുള്ളിപ്പുലികള്‍) ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നമീബിയയില്‍ നിന്നുള്ളവയാണ് ഈ ചീറ്റകള്‍, ഈ വര്‍ഷം ആദ്യം ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ കൊണ്ടുവന്നത്. വലിയ വന്യ മാംസഭുക്കുകളെ സ്ഥലം മാറ്റുന്ന ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര പദ്ധതിയായ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ തുറന്ന വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് ചീറ്റകള്‍ സഹായിക്കും. ഇത് ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനും ജലസുരക്ഷ, കാര്‍ബണ്‍ വേര്‍തിരിക്കല്‍, മണ്ണിലെ ഈര്‍പ്പ സംരക്ഷണം തുടങ്ങിയ പരിസ്ഥിതി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സമൂഹത്തിന് വലിയതോതില്‍ പ്രയോജനം ചെയ്യുന്നതിനും സഹായിക്കും. പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ പരിശ്രമം. പരിസ്ഥിതി വികസനം, ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രാദേശിക സമൂഹത്തിന് മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്കും ഇത് നയിക്കും.

പ്രധാനമന്ത്രി എസ്.എച്ച്.ജി സമ്മേളനത്തില്‍

ഷിയോപൂരിലെ കാരഹലില്‍ സംഘടിപ്പിക്കുന്ന എസ്.എച്ച്.ജി സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ദീന്‍ദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ് ലിഹുഡ്‌സ് മിഷന്‍ (ഡേ-എന്‍.ആര്‍.എല്‍.എം) പ്രകാരം പ്രോത്സാഹിപ്പിക്കുന്ന ആയിരക്കണക്കിന് വനിതാ സ്വയം സഹായ സംഘം (എസ്.എച്ച്.ജി) അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സാന്നിദ്ധ്യത്തിന് സമ്മേളനം സാക്ഷ്യം വഹിക്കും.
പരിപാടിയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴിലുള്ള പ്രത്യേകമായി ദുര്‍ബലരായ ഗോത്രവിഭാഗങ്ങള്‍ക്കുള്ള (പി.വി.ടി.ജി) നാല് നൈപുണ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗ്രാമീണമേഖലകളിലെ പാവപ്പെട്ട കുടുംബങ്ങളെ ഘട്ടം ഘട്ടമായി സ്വയം സഹായ സംഘങ്ങളാക്കി മാറ്റുകയും അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കാനും അവരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്താനും ദീര്‍ഘകാല പിന്തുണ നല്‍കുന്നതുമാണ് ഡേ-എന്‍.ആര്‍.എല്‍.എം (ഡേ-നിര്‍ലം) ലക്ഷ്യമിടുന്നത്. ഗാര്‍ഹിക പീഡനം, സ്ത്രീകളുടെ വിദ്യാഭ്യാസം, ലിംഗ സംബന്ധികളായ മറ്റ് ആശങ്കകള്‍, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലൂടെയും പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്ന ആശയവിനിമയത്തിലൂടെയും വനിതാ എസ്.എച്ച്.ജി അംഗങ്ങളെ ശാക്തീകരിക്കുന്നതിനും മിഷന്‍ പ്രവര്‍ത്തിക്കുന്നു.

-ND-(Release ID: 1859579) Visitor Counter : 208