മന്ത്രിസഭ
azadi ka amrit mahotsav

17 വയസിനു താഴെയുള്ളവരുടെ 2022ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ ‌ഒപ്പിടുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 14 SEP 2022 3:58PM by PIB Thiruvananthpuram

ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷന്റെ (ഫിഫ) 17 വയസിൽതാഴെയുള്ളവരുടെ 2022ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.


2022ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനാണു തീരുമാനിച്ചിട്ടുള്ളത്. രണ്ടുകൊല്ലം കൂടുമ്പോൾ നടക്കുന്ന വനിതകളുടെ യുവ ഫുട്ബോൾ ലോകകപ്പ‌ിന്റെ ഏഴാം പതിപ്പാണിത്. ഫിഫ വനിതാ ടൂർണമെന്റ‌ിന് ഇന്ത്യ ഇതാദ്യമായാണ് ആതിഥ്യം  വഹിക്കുന്നത്. നേരത്തെ 2017ലെ ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളിയിട്ടുണ്ട്.  ലോകമെമ്പാടുമുള്ള മികച്ച യുവ വനിതാ ഫുട്‌ബോൾ താരങ്ങൾ അഭിമാനകരമായ നേട്ടത്തിലെത്താനുള്ള തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വനിതാ ഫുട്‌ബോളിന്റെ സുപ്രധാന നിമിഷത്തിനായി രാജ്യം തയ്യാറെടുക്കുകയാണ്. 

സാമ്പത്തിക  വിഹിതം: 

മൈതാനങ്ങളുടെ അറ്റകുറ്റപ്പണികൾ, സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി, ഊർജസംവിധാനങ്ങളും കേബിളിടലും, സ്റ്റേഡിയങ്ങളുടെയും പരിശീലനസ്ഥലങ്ങളുടെയും ബ്രാൻഡിങ് തുടങ്ങിയവയ്ക്കായുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) 10 കോടി രൂപയുടെ സാമ്പത്തിക വിഹിതം ദേശീയ കായിക ഫെഡറേഷനുകളുടെ (എൻഎസ്എഫ്) സഹായപദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽനിന്നു കണ്ടെത്തും.

 

പദ്ധതിയുടെ ലക്ഷ്യങ്ങൾ: 

·      2022ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനു രാജ്യത്തെ വനിതാ ഫുട്ബോളിനെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്.

·      2017ലെ ഫിഫ അണ്ടർ 17 പുരുഷന്മാരുടെ ലോകകപ്പ് വിജയകരമായി നടത്തിയ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച യുവ വനിതാ ഫുട്ബോൾ താരങ്ങൾ മോഹിപ്പിക്കുന്ന ട്രോഫി ഉയർത്താനായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വനിതാഫുട്ബോളിന്റെ സുപ്രധാന നിമിഷത്തിനായി രാജ്യം തയ്യാറെടുക്കുകയാണ്. ഇനിപ്പറയുന്ന കാര്യങ്ങളാണു ലക്ഷ്യമിടുന്നത്:

·      ഫുട്ബോൾ നേതൃത്വത്തിലും തീരുമാനങ്ങൾ എടുക്കുന്ന സംവിധാനങ്ങളിലും സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കുക

·      ഇന്ത്യയിൽ ഫുട്ബോൾ കളിക്കാൻ കൂടുതൽ പെൺകുട്ടികളെ പ്രചോദിപ്പിക്കുക

·      ചെറുപ്പംമുതൽ തുല്യത എന്ന ആശയം ഉയർത്തിപ്പിടിച്ചു ലിംഗവ്യത്യാസമില്ലാതെ ഏവരുടെയും പങ്കാളിത്തത്തിനായി വാദിക്കുക

·      ഇന്ത്യയിലെ വനിതാഫുട്ബോൾ നിലവാരം മെച്ചപ്പെടുത്താനുള്ള അവസരം

·      വനിതാ മത്സരങ്ങളുടെ വാണിജ്യമൂല്യം മെച്ചപ്പെടുത്തുക.

 

ന്യായീകരണം:

 

ഏറെ  അഭിമാനകരമായ മത്സരമാണ് ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്. ഇന്ത്യയിൽ ഇതാദ്യമായാണ് ഈ മത്സരം നടക്കുന്നത്. ഇതു കായികരംഗത്തേയ്ക്കു കൂടുതൽ യുവാക്കളെ ആകർഷിക്കുകയും ഇന്ത്യയിൽ ഫുട്ബോളിന്റെ വികസനത്തിനു സഹായിക്കുകയും ചെയ്യും. രാജ്യത്തു പെൺകുട്ടികളുടെ ഇടയിൽ ഫുട്ബോളിനെ ഇഷ്ടപ്പെട്ട കായിക ഇനമായി പ്രോത്സാഹിപ്പിക്കും. മാത്രമല്ല, രാജ്യത്തെ പെൺകുട്ടികൾക്കും വനിതകൾക്കും ഫുട്ബോളും  മൊത്തത്തിൽ കായികമേഖലയും പ്രാപ്യമാക്കാൻ സഹായിക്കുന്ന ശാശ്വതമായ പാരമ്പര്യം അവശേഷിപ്പിക്കാനും സൗകര്യമൊരുക്കും.

 

പശ്ചാത്തലം:

 

17 വയസോ അതിൽ താഴെയോ പ്രായമുള്ള വനിതാ താരങ്ങൾക്കായി ഫിഫ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ്. 2008ലാണ് ഇതിനു തുടക്കമായത്. ഇരട്ടഅക്കമുള്ള വർഷങ്ങളിലാണു ടൂർണമെന്റ് നടത്തുന്നത്. 2018 നവംബർ 13 മുതൽ ഡിസംബർ 1 വരെ ഉറുഗ്വേയിലാണ് ആറാം പതിപ്പു നടന്നത്. ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ സ്പെയിനാണ്. ഇന്ത്യയിൽ നടക്കുന്നതു ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഏഴാം പതിപ്പാണ്. അതിൽ ഇന്ത്യ ഉൾപ്പെടെ 16 ടീമുകൾ പങ്കെടുക്കും. മത്സരങ്ങൾ 3 വേദികളിലായി നടത്താനാണ് എഐഎഫ്എഫ് നിർദേശിച്ചിട്ടുള്ളത്: (എ) ഭുവനേശ്വർ; (ബി) നവി മുംബൈ, (സി) ഗോവ. 2017 ഒക്ടോബർ 6 മുതൽ 28 വരെ ന്യൂഡൽഹി, ഗുവാഹത്തി, മുംബൈ, ഗോവ, കൊച്ചി, കൊൽക്കത്ത എന്നീ 6 വ്യത്യസ്തവേദികളിലയാണ് 2017 ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പ് ഇന്ത്യ വിജയകരമായി നടത്തിയത്.

-ND-


(Release ID: 1859241) Visitor Counter : 222