വാണിജ്യ വ്യവസായ മന്ത്രാലയം

'വസുധൈവ കുടുംബകം' എന്ന തത്വചിന്തയുടെ യഥാർത്ഥ അംബാസഡർമാരാണ് യുഎസിലെ ഇന്ത്യൻ പ്രവാസികൾ - ശ്രീ പീയൂഷ് ഗോയൽ

Posted On: 07 SEP 2022 10:25AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി:  സെപ്‌റ്റംബര്‍ 07, 2022

'വസുധൈവ കുടുംബകം' എന്ന തത്വചിന്തയുടെ യഥാർത്ഥ അംബാസഡർമാരാണ് യുഎസിലെ ഇന്ത്യൻ പ്രവാസികളെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. യുഎസിന് നൽകുന്ന സംഭാവനകൾക്ക് അദ്ദേഹം ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിച്ചു. പങ്കാളിത്തത്തിലൂടെയും പുതിയ സാങ്കേതികവിദ്യകളിലൂടെയും നൂതന ആശയങ്ങളിലൂടെയും ഇന്ത്യയ്ക്ക് തിരികെ സംഭാവന നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. സാൻ ഫ്രാൻസിസ്കോയിലെ സമൂഹ 
സ്വീകരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 
സാൻ ഫ്രാൻസിസ്‌കോയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്ത 'ഇന്ത്യ-യുഎസ് സ്റ്റാർട്ടപ്പ് SETU' (പരിവർത്തനത്തിനും നൈപുണ്യം വർധിപ്പിക്കുന്നതിനും വേണ്ടി സംരംഭകരെ പിന്തുണയ്ക്കുക) സംരംഭത്തെക്കുറിച്ച് സംസാരിച്ച ശ്രീ ഗോയൽ, ഇത് ഇന്ത്യൻ-അമേരിക്കൻ കമ്പനികൾ തമ്മിലുള്ള പാലമായി പ്രവർത്തിക്കുമെന്നും സംരംഭകരെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. യുഎസിലെ ഇന്ത്യൻ സമൂഹത്തിന് വിജയഗാഥകൾ രൂപപ്പെടുത്താനും നൈപുണ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. നിക്ഷേപത്തിനെ വളരെ ആകർഷകമാക്കുന്ന വലിയൊരു വിപണി സാധ്യതയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിൽ, കൂടുതല്‍ വലിയ പരിമാണങ്ങള്‍ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങളും (economies of scale) ഒരു ബ്രഹത്തായ പ്രതിഭാ ശേഷിയുടെ ലഭ്യതയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത രാജ്യങ്ങളുമായി മികച്ച വ്യാപാര ക്രമീകരണങ്ങളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ദേശീയ താൽപ്പര്യത്തിൽ അധിഷ്‌ഠിതമാണ്. ഈ കരാർ സംബന്ധിച്ച് നിരവധി രാജ്യങ്ങളുമായി സജീവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളിലും മറ്റ് ഉത്സവ അവസരങ്ങളിലും സമ്മാനങ്ങൾ നൽകുന്നതിന് ODOP (ഒരു ജില്ല ഒരു ഉൽപ്പന്നം) ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ പ്രവാസികളെ പ്രേരിപ്പിച്ച ശ്രീ ഗോയൽ, ഇത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും ഉപജീവനമാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പറഞ്ഞു.

അടുത്ത 25 വർഷത്തിനുള്ളിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ഇന്ത്യൻ പ്രവാസികളുടെ സഹകരണവും പങ്കാളിത്തവും ശ്രീ ഗോയൽ അഭ്യർത്ഥിച്ചു.
 
RRTN/SKY


(Release ID: 1857398) Visitor Counter : 121