ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav g20-india-2023

സെർവിക്കൽ ക്യാൻസർ തടയുന്നതിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിൻ "സെർവാവാക്" കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു

Posted On: 01 SEP 2022 3:49PM by PIB Thiruvananthpuram

 

സെർവിക്കൽ ക്യാൻസർ തടയുന്നതിനായി ഇന്ത്യ ആദ്യമായി "സെർവാവാക്" (CERVAVAC) എന്ന പേരിൽ തദ്ദേശീയ നിർമ്മിത വാക്സിൻ വികസിപ്പിച്ചെടുത്തതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു.

പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ശ്രീ അദാർ സി പൂനാവാലയുടെയും മറ്റ് പ്രമുഖ ശാസ്ത്രജ്ഞരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് (qHPV) വാക്‌സിൻ നിർമ്മാണപ്രവർത്തനങ്ങൾ ശാസ്ത്രീയമായി പൂർത്തീകരിച്ചതായി ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദിയുടെ ആത്മനിർഭർ ഭാരത് ദർശനത്തിലേക്ക് ഇന്ത്യയെ ഒരു ചുവട് അടുപ്പിക്കുന്ന ഈ വാക്സിൻ ജൈവസാങ്കേതികവിദ്യ വകുപ്പിനും BIRAC നും ഒരു സുപ്രധാന ദിനമായി അടയാളപ്പെടുത്തും.

സെർവിക്കൽ ക്യാൻസർ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്താണെന്നും ഈ രോഗം മൂലം ലോകമെമ്പാടും ഉണ്ടാകുന്ന മരണങ്ങളിൽ ഏകദേശം നാലിലൊന്ന് ഇവിടെ ആണെന്നും ശ്രീ ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1.25 ലക്ഷം സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ബാധിക്കുന്നതായും 75,000-ത്തിലധികം പേർ ഈ രോഗം ബാധിച്ച് മരിക്കുന്നുവെന്നും നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ  HPV 16 അല്ലെങ്കിൽ 18 ഇനത്തിൽപ്പെട്ട വൈറസ് മൂലമാണ് 83% ദ്രുത വ്യാപനം ഉള്ള സെർവിക്കൽ ക്യാൻസറുകൾ ഉണ്ടാകുന്നത്.  കൂടാതെ, ലോകമെമ്പാടുമുള്ള 70% കേസുകളും ഇതുമൂലമാണ് ഉണ്ടാകുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ (എച്ച്‌പിവി) വാക്സിനേഷനാണ് സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഇടപെടൽ എന്ന് മന്ത്രി പറഞ്ഞു. HPV 16 ഉം 18 ഉം (HPV-16, HPV-18) ഇനം വൈറസുകൾ ആണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന ദ്രുത വ്യാപനം ഉള്ള സെർവിക്കൽ ക്യാൻസർ കേസുകളുടെ ഏകദേശം 70%ത്തിനും കാരണമെന്ന് കണക്കാക്കപ്പെടുന്നു.

 

ക്വാഡ്രിവാലന്റ് വാക്‌സിൻ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി 'ഗ്രാൻഡ് ചലഞ്ചസ് ഇന്ത്യ' എന്ന പങ്കാളിത്ത പരിപാടിയിലൂടെ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, ഡിബിറ്റി, BIRAC എന്നിവ നടത്തിയ പങ്കാളിത്ത പ്രവർത്തനമാണ് സെർവാവാക്-ലൂടെ വിജയിച്ചതെന്ന് ഡോ. ജിതേന്ദ്ര സിംഗ്  പറഞ്ഞു.
****


(Release ID: 1856113) Visitor Counter : 199