പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022ന്റെ ഗ്രാന്‍ഡ് ഫിനാലെ (സമാപനത്തെ)യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


'ജയ് അനുസന്ധന്‍' എന്ന മുദ്രാവാക്യത്തിന്റെ പതാകവാഹകരാണ് നൂതനാശയക്കാര്‍രായ നിങ്ങള്‍

''നിങ്ങളുടെ നൂതനാശയ ചിന്താഗതി അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഉന്നതിയിലെത്തിക്കും''

'' വികസനം കാംക്ഷിക്കുന്ന ഇന്ത്യന്‍ സമൂഹം വരുന്ന 25 വര്‍ഷത്തിനുള്ളില്‍ നൂതനാശയങ്ങള്‍ക്കുള്ള പ്രേരകശക്തിയായി പ്രവര്‍ത്തിക്കും''

''ഇന്ന് ഇന്ത്യയില്‍ പ്രതിഭാ വിപ്ലവമാണ് നടക്കുന്നത്''

''ഗവേഷണവും നൂതനാശയവും ജോലിയുടെ രീതിയില്‍ നിന്ന് ജീവിതരീതിയിലേക്ക് മാറണം''

''എല്ലായ്‌പ്പോഴും ഏറ്റവും മത്സരാധിഷ്ഠിതവും താങ്ങാനാവുന്നതും സുസ്ഥിരവും സുരക്ഷിതവും വലിയഅളവിലുള്ള പരിഹാരങ്ങള്‍ നല്‍കുന്നതുമാണ് ഇന്ത്യന്‍ നൂതനാശയങ്ങള്‍ ''

''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ അതിന്റെ യുവത്വത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമര്‍പ്പിച്ചുകൊണ്ട് മുന്നേറുകയാണ്''

Posted On: 25 AUG 2022 9:34PM by PIB Thiruvananthpuram

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 ന്റെ ഗ്രാന്‍ഡ് ഫിനാലെയെ (സമാപനത്തെ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു.

ചടങ്ങില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി സംവദിച്ചു. പുരാതന ക്ഷേത്രങ്ങളിലെ വചനങ്ങള്‍ ദേവനാഗരിയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പദ്ധതിയെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള സിക്‌സ് പിക്‌സല്‍സിനോട്, പ്രധാനമന്ത്രി ചോദിച്ചു. പെണ്‍കുട്ടികള്‍ മാത്രമടങ്ങിയ ടീം പദ്ധതിയുടെ കണ്ടെത്തലുകളേയും നേട്ടങ്ങളേയും അതിന്റെ പ്രക്രിയേയും കുറിച്ച് വിവരിച്ചു. ചുവപ്പുകോട്ടയില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനോടുള്ള പ്രതികരണമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ആക്യുവേറ്റേഴ്‌സ്് ടീമിന് ഭിന്നശേഷിയുള്ളവരെ സംബന്ധിച്ച വെല്ലുവിളിയാണ് നല്‍കിയിരുന്നത്. അവര്‍ വില്ലു കാലുകള്‍ അല്ലെങ്കില്‍ കെട്ടുകാല്‍ എന്ന അവസ്ഥയുള്ള ആളുകളുടെ പ്രശ്‌നത്തിലാണ് പ്രവര്‍ത്തിച്ചത്. അവരുടെ ആക്യുവേറ്റര്‍ പ്രേരക് ഇത്തരക്കാരെ സഹായിക്കുന്നതാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലയില്‍ സ്വാശ്രയത്വമുണ്ടാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഡിമെന്‍ഷ്യ (മറവിരോഗം) ഒരു ആഗോള ആരോഗ്യപ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്കായി എച്ച്കാം എന്ന മൊബൈല്‍ ഗെയിം ആപ്ലിക്കേഷന്‍ എസ്.ഐ. എച്ച് (സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണ്‍) ജൂനിയര്‍ വിജയിയായ ഗുജറാത്തില്‍ നിന്നുള്ള മാസ്റ്റര്‍ വിരാജ് വിശ്വനാഥ് മറാത്തെ തയ്യാറാക്കി. മുന്‍കാല സംഭവങ്ങളുടെ ചര്‍ച്ചയും ഫോട്ടോഗ്രാഫുകളും വീഡിയോകളും പോലുള്ള മുന്‍കാല ആശ്രയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ട്ട് തെറാപ്പി, ഗെയിമുകള്‍, സംഗീതം, വീഡിയോകള്‍ എന്നിവ ഈ ആപ്പില്‍ അടങ്ങിയിരിക്കുന്നു, അത് ഡിമെന്‍ഷ്യ രോഗികളുടെ വൈജ്ഞാനിക പുരോഗതിയെ സഹായിക്കുകയും സ്വയം പ്രകടിപ്പിക്കാനുള്ള ഒരു നിര്‍ഗമനമാര്‍ഗ്ഗം നല്‍കുകയും ചെയ്യും. താന്‍ ബന്ധപ്പെട്ട യോഗ പരിശീലകര്‍ പ്രായാധിക്യമുള്ളവര്‍ക്കായി കുറച്ച് ആസനങ്ങള്‍ നിര്‍ദ്ദേശിച്ചുതന്നതായി യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി വിരാജ് പറഞ്ഞു.

ചുഴലിക്കാറ്റുകള്‍ പ്രവചിക്കുന്നതില്‍ ആഴത്തിലുള്ള പഠനത്തിന്റെ ഉപയോഗം ബി.ഐ.ടി മെസ്ര റാഞ്ചിയില്‍ നിന്നുള്ള ഡാറ്റാ€ാനിലെ അനിമേഷ് മിശ്ര വിവരിച്ചു. ഇന്‍സാറ്റില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ചുഴലിക്കാറ്റിന്റെ വിവിധ വശങ്ങളെ നന്നായി പ്രവചിക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും. പദ്ധതിക്ക് വേണ്ട വിവരങ്ങളുടെ ലഭ്യതയെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. 2014ന് ശേഷം ഇന്ത്യന്‍ തീരപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും അതിലെ കൃത്യത 89 ശതമാനത്തിനടുത്താണെന്നും അനിമേഷ് പ്രതികരിച്ചു. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ കുറവാണെങ്കിലും, അവരുടെ സാങ്കേതിക കഴിവ് ഉപയോഗിച്ചുകൊണ്ട് പരമാവധി കൃത്യതയും ഫലവും കൈവരിക്കാന്‍ അവര്‍ പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നെറ്റിന്റെ സഹായം ഇല്ലാതെ റേഡിയോ തരംഗങ്ങള്‍ വഴി റേഡിയോ സെറ്റിലെ മള്‍ട്ടിമീഡിയ ഡാറ്റ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനുള്ള തന്റെ ടീമിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ള ടീം സര്‍വാഗ്യയിലെ പ്രിയാന്‍ഷ് ദിവാന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ആപ്പ് തദ്ദേശീയമായി നിര്‍മ്മിച്ചതായതുകൊണ്ടും സെര്‍വറുകള്‍ ഇന്ത്യയിലായതിനാലും ഈ സംവിധാനം നിലവില്‍ വന്നാല്‍ സ്വകാര്യത പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യത്തിന് ഈ സംവിധാനം വിന്യസിക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, എന്‍ക്രിപ്റ്റ് ചെയ്ത ട്രാന്‍സ്മിഷന്‍ ആയതുകൊണ്ട് ഇത് സിഗ്‌നല്‍ തടസ്സപ്പെടുത്തല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കാവുന്നതാണെന്ന് പ്രിയാന്‍ഷ് മറുപടി നല്‍കി. ഈ സംവിധാനം വഴി വീഡിയോ ഫയലുകള്‍ കൈമാറാറുന്നതിനുള്ള പ്രവര്‍ത്തനം സംഘം നടത്തുന്നുണ്ടോയെന്നും പ്രധാനമന്ത്രി പ്രിയാന്‍ഷിനോട് ചോദിച്ചു. പ്രസരണ മാധ്യമം ( ട്രാന്‍സ്മിഷന്‍ മീഡിയം) അതേതരത്തിലുള്ളതിനാല്‍ വീഡിയോകള്‍ കൈമാറാന്‍ കഴിയുമെന്നും നാളത്തെ ഹാക്കത്തണില്‍ വീഡിയോകള്‍ കൈമാറാനുള്ള ശ്രമമാണ് ടീം നടത്താന്‍ പോകുന്നത് എന്നും പ്രിയാന്‍ഷ് പറഞ്ഞു.

ഏറ്റവും താഴേത്തട്ടിലുള്ള നൂതനാശയക്കാര്‍ക്ക് ഐ.പി.ആര്‍ (ബൗദ്ധിക സ്വത്തവകാശം) അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിനുള്ളതാണ് തങ്ങളുടെ ആപ്പ് എന്ന് അസമിലെ ഐഡിയല്‍-ബിറ്റ്‌സ് ടീമിലെ നിതേഷ് പാണ്ഡെ, പ്രധാനമന്ത്രിയോട് പറഞ്ഞു. പേറ്റന്റ് (ബൗദ്ധിക) അപേക്ഷകള്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയ ലളിതമാക്കാന്‍ ആപ്പ് നിര്‍മ്മിത ബുദ്ധിയും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിക്കും. പേറ്റന്റുകളെക്കുറിച്ചും (ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചും) അതിനെ എങ്ങനെ സമീപിക്കാമെന്നതിനെക്കുറിച്ചുമുള്ള അറിവ് ആപ്ലിക്കേഷന്‍ നൂതനാശയക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് ആപ്പ് നൂതനാശയക്കാരെ എങ്ങനെ സഹായിക്കും എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി, നിതീഷ് പറഞ്ഞു. പേറ്റന്റ് ഫയല്‍ ചെയ്യാന്‍ തയ്യാറുള്ള നൂതനാശയക്കാര്‍ക്കായി ഏറ്റവും അവസാനത്തെ പരിഹാരംവരെ ആപ്പ് നല്‍കും. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ആ മേഖലയുമായി ബന്ധപ്പെട്ട വിവിധ ഏജന്റുമാരുമായി ബന്ധപ്പെടാനും ആപ്പ് ഇീ നൂതനാശയക്കാരെ സഹായിക്കുന്നു.

ക്രൈം ഹോട്ട്‌സ്‌പോട്ട് സൃഷ്ടിക്കുന്നതിലും മാപ്പിംഗിലുമുള്ള തങ്ങളുടെ പ്രശ്‌നം ഉത്തര്‍പ്രദേശിലെ ടീം ഐറിസിന്റെ അന്‍ഷിത് ബന്‍സാല്‍ വിവരിച്ചു. ക്രൈം €സ്റ്ററിന്റെ രൂപരേഖ രേഖപ്പെടുത്തുന്നതിനായി മേല്‍നോട്ടമില്ലാത്ത യന്ത്രപഠന അല്‍ഗോരിതങ്ങള്‍ വിന്യസിപ്പിക്കും. മാതൃകയുടെ വഴക്കത്തെയും അതിന്റെ അളവിനെയും വലിപ്പത്തേയും കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. ഈ മാതൃക ഉപയോഗിച്ച് മയക്കുമരുന്ന് വിപത്തിനെ നേരിടാന്‍ കഴിയുമോയെന്നും പ്രധാനമന്ത്രി ആരാഞ്ഞു. ഇതിന് മറുപടിയായി, ഭൂമിശാസ്ത്ര കേന്ദ്രങ്ങളെ ആശ്രയിക്കാതെ ലഭ്യമായിട്ടുള്ള ഒരുക്കിവച്ചിട്ടുള്ള ക്രിമിനല്‍ ഡാറ്റയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ മാതൃകയുടെ അളവും വലിപ്പവും മാറ്റാന്‍ സാധിക്കുന്നതാണെന്ന് അന്‍ഷിത് പറഞ്ഞു.

ആരോഗ്യ ഘടകങ്ങള്‍ നിരീക്ഷിക്കുന്ന ഒരു സ്മാര്‍ട്ട് കൈയുറയെന്ന പദ്ധതിയാണ് എസ്.ഐ.എച്ച് ജൂനിയര്‍ ജേതാവായ പഞ്ചാബില്‍ നിന്നുള്ള മാസ്റ്റര്‍ ഹര്‍മന്‍ജോത് സിംഗ് കാണിച്ചത്. ഇന്റര്‍നെറ്റ് ഓഫ് മെഡിക്കല്‍ തിംഗ്‌സിന്റെ മാതൃകയിലാണ് സ്മാര്‍ട്ട് കൈയുറ പ്രവര്‍ത്തിക്കുന്നത്, മാനസികാരോഗ്യം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്‌സിജന്‍ പൂരക പരിധി, മാനസികാവസ്ഥ കണ്ടെത്തല്‍ (മൂഡ് ഡിറ്റക്ഷന്‍), കൈയിലെ വിറയല്‍, ശരീര താപനില തുടങ്ങിയ സുപ്രധാന ആരോഗ്യ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. എല്ലാ പിന്തുണയ്ക്കും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ അഭിനന്ദിച്ചു.

യന്ത്രപഠനത്തിലൂടെയും ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെയും കപ്പലുകളിലെ തത്സമയ ഇന്ധന നിരീക്ഷണത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രശ്‌നത്തിന്റെ ചുരുക്കിയ വിവരണം പഞ്ചാബിലെ സമിദയില്‍ നിന്നുള്ള ഭാഗ്യശ്രീ സന്‍പാല അവതരിപ്പിച്ചു. ആളില്ലാ സമുദ്ര നിരീക്ഷണ സംവിധാനം കൈവരിക്കാനാണ് സമിദ ലക്ഷ്യമിടുന്നത്. മറ്റ് മേഖലകളിലും ഈ സംവിധാനം ബാധകമാക്കാനാകുമോയെന്ന് പ്രധാനമന്ത്രി ഭാഗ്യശ്രീയോട് ചോദിച്ചു. അതിന് സാധിക്കുമെന്ന് ഭാഗ്യശ്രീയും പറഞ്ഞു.

പൊതുപങ്കാളിത്തത്തിന്റെ പ്രധാന മാര്‍ഗ്ഗമായി എസ്.ഐ.എച്ച് (സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍) മാറിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യുവതലമുറയില്‍ തനിക്ക് സമ്പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷത്തിനുശേഷം നമ്മുടെ രാജ്യം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു വലിയ പ്രതിജ്ഞയില്‍ രാജ്യം പ്രവര്‍ത്തിക്കുകയാണ്. 'ജയ് അനുസന്ധന്‍' എന്ന മുദ്രാവാക്യത്തിന്റെ പതാകവാഹകരായ നിങ്ങളാണ് ഈ പ്രതിജ്ഞകള്‍ സാക്ഷാത്കരിക്കേണ്ടത്'', അദ്ദേഹം പറഞ്ഞു. യുവ നൂതനാശയക്കാരുടെ വിജയത്തിന്റെയും അടുത്ത 25 വര്‍ഷത്തിനുള്ളിലെ രാജ്യത്തിന്റെ വിജയത്തിന്റെയും പങ്കാളിത്ത സഞ്ചാരപഥത്തില്‍ ശ്രീ മോദി അടിവരയിട്ടു. ''നിങ്ങളുടെ നൂതനാശയ ചിന്താഗതി അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഉന്നതിയിലെത്തിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വികസനംകാംക്ഷിക്കുന്ന സമൂഹം വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് വികസനംകാംക്ഷിക്കുന്ന സമൂഹത്തെ സംബന്ധിച്ചുള്ള തന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തെക്കുറിച്ച് ഒരിക്കല്‍ കൂടി പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഈ സമൂഹത്തിന്റെ വികസനകാംക്ഷയും സ്വപ്‌നങ്ങളും വെല്ലുവിളികളും നൂതനാശയങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കും.

കഴിഞ്ഞ 7-8 വര്‍ഷമായി രാജ്യം ഒന്നിനു പുറകെ ഒന്നായ വിപ്ലവങ്ങളിലൂടെ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയില്‍ അടിസ്ഥാന സൗകര്യവിപ്ലവമാണ് ഇന്ന് നടക്കുന്നത്. ആരോഗ്യമേഖലയിലെ വിപ്ലവമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇന്ന് ഡിജിറ്റല്‍ വിപ്ലവം നടക്കുകയാണ്. സാങ്കേതിക വിപ്ലവമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ന് ഇന്ത്യയില്‍ പ്രതിഭാ വിപ്ലവവും നടക്കുകയാണ്'ദ, ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ന് എല്ലാ മേഖലയേയും ആധുനികമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുദിനം പുതിയ മേഖലകളും വെല്ലുവിളികളും നൂതനാശയ പരിഹാരങ്ങള്‍ തേടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം നൂതനാശയക്കാരോട് പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍, 5ജിയുടെ തുടക്കം കുറിയ്ക്കല്‍, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 6ജിയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പ്, ഗെയിമിംഗ് ആവാസവ്യവസ്ഥയുടെ പ്രോത്സാഹനം തുടങ്ങിയവപോലുള്ള സംരംഭങ്ങളെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം യുവ നൂതനാശയക്കാരോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നൂതനാശയങ്ങള്‍ എല്ലായ്‌പ്പോഴും ഏറ്റവും മത്സരാധിഷ്ഠിതവും താങ്ങാനാവുന്നതും സുസ്ഥിരവും സുരക്ഷിതവും വലിയ അളവിലുള്ളതുമായ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ലോകം പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്.

ഇന്ത്യയില്‍ നൂതനാശയ സംസ്‌കാരം വര്‍ദ്ധിപ്പിക്കുന്നതിന്, സാമൂഹിക പിന്തുണ, സ്ഥാപന പിന്തുണ എന്ന രണ്ട് കാര്യങ്ങളില്‍ നാം നിരന്തരം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമൂഹത്തില്‍ ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ നൂതനാശയത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും അത്തരമൊരു സാഹചര്യത്തില്‍ നാം പുതിയ ആശയങ്ങളും മൗലികമായ ചിന്തകളും സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.'' ഗവേഷണവും നൂതനാശയവും ജോലിയുടെ രീതിയില്‍ നിന്ന് ജീവിതരീതിയിലേക്ക് മാറണം,'' പ്രധാനമന്ത്രി പറഞ്ഞു.

നൂതനാശയത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടല്‍ തിങ്കറിംഗ് ലാബുകളും ഐ-ക്രിയേറ്റും എല്ലാ തലത്തിലും നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്നത്തെ ഇന്ത്യ യുവാക്കളിലുള്ള പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന്റെ ഫലമായി ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് ഇന്ന് ഉയര്‍ന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ പേറ്റന്റുകളുടെ(ബൗദ്ധിക സ്വത്ത് അവകാശങ്ങളുടെ) എണ്ണം 7 മടങ്ങ് വര്‍ദ്ധിച്ചു. യൂണികോണുകളുടെ എണ്ണം 100 കടന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നത്തിന് വേഗമേറിയതും സമര്‍ത്ഥവുമായ പരിഹാരങ്ങളുമായി ഇന്നത്തെ യുവതലമുറ മുന്നോട്ട് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ഹാക്കത്തോണുകള്‍ക്ക് പിന്നില്‍ ചിന്തിക്കുന്നത്, യുവതലമുറ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതും യുവാക്കളുടെയും ഗവാണ്‍മെന്റിന്റയും സ്വകാര്യ സംഘടനകളുടെയും ഈ സഹകരണ മനോഭാവവുമാണ, അതാണ്് 'സബ്ക പ്രയാസി'ന്റെ മഹത്തായ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.


പശ്ചാത്തലം

രാജ്യത്ത്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ നൂതനാശയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമമാണിത്. ഈ കാഴ്ചപ്പാടോടെ, 2017-ല്‍ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ (എസ്.ഐ.എച്ച്) ആരംഭിച്ചു. സമൂഹത്തിന്റെയും സംഘടനകളുടെയും ഗവണ്‍മെന്റിന്റേയും ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വേദി നല്‍കുന്നതിനുള്ള രാജ്യവ്യാപകമായ ഒരു സംരംഭമാണ് എസ്.ഐ.എച്ച്. വിദ്യാര്‍ത്ഥികളില്‍ ഉല്‍പ്പന്ന നവീകരണ സംസ്‌ക്കാരം, പ്രശ്‌നപരിഹാരം, സ്ഥിരം രീതിക്ക് പുറത്തുള്ള ചിന്തകള്‍ എന്നിവയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
എസ്്‌ഐ.എച്ചിന് രജിസ്റ്റര്‍ ചെയ്ത ടീമുകളുടെ എണ്ണത്തില്‍ നിന്ന് തന്നെ അതിന്റെ വളര്‍ന്നുവരുന്ന ജനപ്രിയത അളക്കാന്‍ കഴിയും, ആദ്യ പതിപ്പില്‍ ഏകദേശം 7500 ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാമത്തെ പതിപ്പില്‍ ഏകദേശം 29,600 ടീമുകളാണ് പങ്കെടുക്കുന്നത്.എസ്.ഐ.എച്ച് 2022 ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം 15,000-ത്തിലധികം വിദ്യാര്‍ത്ഥികളും ഉപദേശകരും 75 നോഡല്‍ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. ഗ്രാന്റ് ഫിനാലേയില്‍ 2900-ലധികം സ്‌കൂളുകളില്‍ നിന്നും 2200 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ 53 കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളായിരിക്കും തയാറാക്കുക. ക്ഷേത്ര ലിഖിതങ്ങളുടെ ഒപ്റ്റിക്കല്‍ സ്വഭാവങ്ങളുടെ തിരിച്ചറിയലും (ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (ഒ.സി.ആര്‍)), ദേവനാഗരി സ്‌ക്രിപ്റ്റുകളിലേക്കുള്ള തര്‍ജ്ജിമചെയ്യല്‍, പെട്ടെന്ന് നശിച്ചുപോകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടി ഐ.ഒ.ടി (ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്) പ്രാപ്തമാക്കിയ ശീതീകരണ വിതരണ ശൃംഖലയിലെ റിസ്‌ക് മോണിറ്ററിംഗ് സിസ്റ്റം. ഭൂപ്രദേശത്തിന്റെ ഉയര്‍ന്ന റെസല്യൂഷന്‍ 3ഡി മാതൃക, ദുരന്തബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകളുടെ അവസ്ഥ മുതലായവ.
ഈ വര്‍ഷം, സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നൂതനാശയത്തിന്റെ ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും പ്രശ്‌നപരിഹാര മനോഭാവം സ്‌കൂള്‍ തലത്തില്‍ തന്നെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ഒരു പൈലറ്റ് പദ്ധതിയായി ആണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ - ജൂനിയര്‍ അവതരിപ്പിച്ചിരിക്കുന്നത്.

--ND--

 


(Release ID: 1854529) Visitor Counter : 169