പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗോവയിലെ പനാജിയില്‍ നടന്ന ഹര്‍ ഖര്‍ ജലോത്സവത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം

Posted On: 19 AUG 2022 1:52PM by PIB Thiruvananthpuram

ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര ജല ശക്തി വകുപ്പു മന്ത്രി ഗജേന്ദ്രസിംങ് ശെഖാവത് ജി, ഗോവ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ, വിശിഷ്ടാതിഥികളെ, മഹതി മഹാന്മാരെ,

ഇന്ന് വളരെ പ്രധാനവും പരിശുദ്ധവുമായ ഒരു ദിനമാണ്.  രാജ്യമെമ്പാടും ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കപ്പെടുകയാണ്. എല്ലാ പൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തര്‍ക്കും എന്റെ അനുമോദനങ്ങള്‍. ജയ് ശ്രീ കൃഷ്ണ.
ഈ പരിപാടി ഗോവയിലാണ് നടക്കുന്നത്. എന്നാല്‍  ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ മൂന്നു വന്‍ നേട്ടങ്ങള്‍ എല്ലാ പൗരന്മാരുമായി പങ്കു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ രാജ്യത്തിനും വേണ്ടിയാണ് ഇത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ഈ നേട്ടത്തെ കുറിച്ച് എന്റെ സഹപൗരന്മാര്‍ അറിയുമ്പോള്‍ അവര്‍ തീര്‍ച്ചയായും അതെ കുറിച്ച് അഭിമാനിക്കും. പ്രത്യേകിച്ച് നമ്മുടെ അമ്മമാരും സഹോദരിമാരും. ഈ അമൃത കാലത്ത്  ആരംഭിച്ച മൂന്നു കര്‍മ പദ്ധതികളുമായി ബന്ധപ്പെട്ട സുപ്രധാന മൂന്നു നാഴിക കല്ലുകള്‍ നാം പിന്നിട്ടിരിക്കുന്നു. ആദ്യ നാഴിക കല്ല് രാജ്യത്തെ 10 കോടി ഗ്രാമീണ വീടുകളില്‍ പൈപ്പുകളില്‍ ശുദ്ധജലം എത്തിയിരിക്കുന്നു. വീടുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രചാരമ പരിപാടിയുടെ വന്‍ വിജയമാണ് ഇത്. എല്ലാവരുടെയും പ്രയത്‌നത്തിന്റെ (സബ്കാ പ്രയാസ്) ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഇത്. എല്ലാ സഹ പൗരന്മാരെയും  പ്രത്യേകിച്ച് അമ്മമാരെയും സഹോദരിമാരെയും ഈ നേട്ടത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
രാജ്യം പ്രത്യേകി്ച്ച്  ഗോവ ഇന്ന് ഒരു നാഴിക്കക്കല്ല് പിന്നിട്ടു. എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിച്ചു കൊണ്ട്  ഗോവ ഇന്ന് ഹര്‍ ഖര്‍ ജല്‍ സാക്ഷ്യപത്രം നേടിയ രാജ്യത്തെ  പ്രഥമ സംസ്ഥാനം എന്ന പദവി  കൈവരിച്ചിരിക്കുന്നു.  ദാദ്ര നഗര്‍ ഹവേലി,  ഡാമന്‍-ഡ്യൂ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനൊപ്പം ഈ സാക്ഷ്യപത്രം നേടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ എല്ലാ പ്രമുഖ ദൗത്യങ്ങളിലും ഗോവ നേതൃപരമായ പങ്ക് വഹിച്ചു വരികയായിരുന്നു. ഇക്കാര്യത്തില്‍ ഗോവയിലെ ജനങ്ങളെയും പ്രമോദ് ജിയെയും  അദ്ദേഹത്തിന്റെ സംഘത്തെയും, ഗോവ ഗവണ്‍മെന്റിനെയും , പ്രാദേശിക ഭരണ കൂടങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.  ഹര്‍ ഖര്‍ ജന ദൗത്യത്തെ നിങ്ങള്‍ മുന്നോട്ടു കൊണ്ടുപോയ രീതി രാജ്യത്തിനു മുഴുവന്‍ മാതൃകയാകാന്‍ പോവുകയാണ്.  വരും മാസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കപ്പെടാന്‍ പോകുന്നു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെ മൂന്നാമത്തെ നേട്ടം സ്വഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ടതാണ്. ഏതാനും വര്‍ഷം മുമ്പ് എല്ലാ സഹ പൗരന്മാരുടെയും പരിശ്രമ ഫലമായി വെളിയിട വിസര്‍ജ്യ വിമുക്ത രാജ്യമായി,  ഇന്ത്യയെ പ്രഖ്യാപിക്കുകയുണ്ടായി. അതിനു ശേഷം നാം ഗ്രാമങ്ങളെ  വെളിയിട വിസര്‍ജ്യ വിമുക്തമെന്നതിനെക്കാള്‍ കൂടുതല്‍ ഒരു പടി കൂടി മുന്നോട്ടു നയിച്ചു. അതായത് അവിടങ്ങളില്‍ സാമൂഹ്യ ശുചി മുറികള്‍, പ്ലാസ്റ്റിക്ക്് മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഗോബഹാര്‍ ധന്‍ പദ്ധതികള്‍ തുടങ്ങിയവ വികസിപ്പിച്ചു വരികയാണ്. ഇക്കാര്യത്തിലും രാജ്യം പ്രധാനപ്പെട്ട നാഴികകല്ലുകള്‍ പിന്നിടുകയാണ്. ഇന്ന് രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഇതിനോടകം വെളിയിട വിമുക്തങ്ങളായി കഴിഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കും,  ഈ നാഴിക കല്ലുകള്‍ പിന്നിട്ട എല്ലാ  സംസ്ഥാനങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍.

പ്രധാന അന്താരാഷ്ട്ര സംഘടനകളും മറ്റും പറയുന്നത് 21 -ാം നൂറ്റാണ്ടില്‍ ലോകം നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ശുദ്ധജല ദൗര്‍ലഭ്യമായിരിക്കും എന്നത്രെ. വികസിത ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധിയും ശുദ്ധ ജലത്തിന്റെ അപര്യാപ്തത ആയിരിക്കും. സാധാരണക്കാര്‍, പാവങ്ങള്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍, വ്യവസായശാലകള്‍ എല്ലാവരും വെള്ളമില്ലെങ്കില്‍ ബുദ്ധിമുട്ടിലാകും. ഈ വലിയ വെല്ലുവിളിയെ നേരിടുന്നതിന്  24 മണിക്കൂറും സേവന തല്‍പരതയോടും  ഉത്തരവാദിത്വ ബോധത്തോടെയും കൂടി നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി നമ്മുടെ ഗവണ്‍മെന്റ് ഈ മനോഭാവത്തോടെ സുരക്ഷിത ജല വിതരണ ജോലികളില്‍ വ്യാപൃതരാണ്. ഒരു ഗവണ്‍മെന്റുണ്ടാക്കാന്‍ കഠിനാധ്വാനം അത്ര ആവശ്യമില്ല, എന്നാല്‍ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനം കൂടിയേ കഴിയൂ. ഇത് എല്ലാവരുടെയും പ്രയത്‌നം കൊേേണ്ട സാധിക്കൂ.  നമ്മള്‍ രാജ്യത്തിന്റെ വികസനത്തിനായി അധ്വാനിക്കുകയാണ്. അതിനാല്‍ വര്‍ത്തമാന കാലത്തിലും  ഭാവിയിലും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ നാം എപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയുമാണ്.  രാജ്യത്തെ കുറിച്ച് കരുതല്‍ ഇല്ലാത്തവര്‍ക്ക് രാജ്യത്തിന്റെ വര്‍ത്തമാനമോ ഭാവിയോ നശിച്ചാല്‍ എന്തു ചേതം.  അത്തരം ആളുകള്‍ക്ക് വെള്ളത്തെ കുറിച്ച് വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ വെള്ളത്തെ കുറിച്ച് അവര്‍ക്ക് ഉല്‍കൃഷ്ടമായ കാഴ്ച്ചപ്പാട് ഉണ്ടാവില്ല.

സുഹൃത്തുക്കളെ,
കഴിഞ്ഞ എട്ടു വര്‍ഷമായി അനുഭവിക്കുന്ന ജല ദൗര്‍ലഭ്യത്തിന് സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. അതിനാല്‍ അത് ഇന്ത്യയുടെ പുരോഗതിക്കു മുന്നില്‍ വലിയ ഒരു വെല്ലുവിളിയും ആയിരുന്നു. മഴവെള്ള കൊയ്ത്താകട്ടെ, അടല്‍ ഭൂജല്‍ യോജനയാകട്ടെ, രാജ്യത്തെ എല്ലാ ജില്ലകളിലും 75 അമൃത സരോവരങ്ങളുടെ നിര്‍മ്മാണമാകട്ടെ, നദീ സംയോജനമാകട്ടെ, ജല ജീവന്‍ മിഷനാകട്ടെ,  ഈ പദ്ധതികളുടെയെല്ലാം ലക്ഷ്യം രാജ്യത്തെ ജനങ്ങള്‍ക്ക് ശുദ്ധജല സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു.  രാജ്യത്തെ റാംസര്‍ ഇടങ്ങള്‍ അതായത് ചതുപ്പുകള്‍ 75 ആയി ഉയര്‍ന്നിരിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നത് നിങ്ങള്‍  ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതില്‍ 50 ഇടങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ടു കൂട്ടി ചേര്‍ക്കപ്പെട്ടവയാണ്. അതായത് ഇന്ത്യ ജല സുരക്ഷയ്ക്കായി സമഗ്രമായ പ്രവര്‍ത്തനങ്ങള്‍  നടത്തുകയും എല്ലാ ദിശകളില്‍ നിന്നും അതിന്റെ സദ്ഫലങ്ങള്‍ നേടുകയും ചെയ്യുന്നു.  

സുഹൃത്തുക്കളെ,
ജലം പരിസ്ഥിതി എന്നിവയോടുള്ള അതെ പ്രതിബദ്ധത തന്നെയാണ്  10 കോടി ജനങ്ങള്‍ക്ക്  പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ജല ജീവന്‍ ദൗത്യം എന്ന നാഴിക കല്ലിലും പ്രതിഫലിച്ചിരിക്കുന്നത്.  ഇത് ആരംഭിക്കാന്‍ അമൃത കാലത്തെക്കാള്‍ മികച്ച ഒരു സമയം ഇല്ലായിരുന്നു. വെറും മൂന്നു വര്‍ഷം കൊണ്ടാണ് ഏഴു കോടി ഗ്രാമീണ ഭവനങ്ങളില്‍ ജല ജീവന്‍ ദൗത്യത്തിനു കീഴില്‍ പൈപ്പ് വെള്ളം എത്തിയത്. ഇത് വെറും സാധാരണ നേട്ടമല്ല.  സ്വാതന്ത്ര്യം നേടി കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യത്തെ മൂന്നു കോടി വീടുകളിലാണ് പൈപ്പിലൂടെ കുടിവെള്ളം എത്തിയത്. രാജ്യത്ത് 16 കോടി ഗ്രാമീണ ഭവനങ്ങള്‍ ഉണ്ട്. ഇവരെല്ലാം കുടിവെള്ളത്തിനായി ബാഹ്യ സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഈ അടിസ്ഥാന ആവശ്യത്തിനായി ഇത്ര വലിയ ഒരു ഗ്രാമീണജനസംഖ്യ ക്ലേശിക്കുന്നത് കാണാന്‍ നമുക്കാവില്ല. രാജ്യ്തതെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും എന്ന് അതുകൊണ്ടാണ് മൂന്നു വര്‍ഷം മുമ്പ് ഞാന്‍ ചെങ്കോട്ടയില്‍ പ്രഖ്യാപിച്ചത്. പുതിയ ഗവണ്‍മെന്റ് രൂപീകരിച്ച ശേഷം  നമ്മള്‍ ജല ശക്തി എന്ന പ്രത്യേക മന്ത്രാലയം തന്നെ സൃഷ്ടിച്ചു. ഈ പ്രചാരണ പരിപാടിക്കു മാത്രമായി ഏകദേശം 3.60 ലക്ഷം കോടി രൂപ ചെലവഴിച്ചു.  എന്നാല്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഉണ്ടായ മഹാമാരി മൂലം സംഭവിച്ച പ്രശ്‌നങ്ങള്‍ക്കിടയിലും ഈ പരിപാടിയ്ക്ക് ഒരു തരത്തിലും മാന്ദ്യം സംഭവിച്ചില്ല. ഫലമോ കഴിഞ്ഞ 70 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഇരട്ടി ജോലികള്‍ രാജ്യം പൂര്‍ത്തിയാക്കി എന്നതാണ്. ഇതാണ് ഇപ്രാവശ്യം ചെങ്കോട്ടയില്‍  വച്ച് ഞാന്‍ സൂചിപ്പിച്ച ജനകേന്ദ്രീകൃത വികസനത്തിന്റെ  ഉദാഹരണം.  എല്ലാ വീടുകളിലും വെള്ളം എത്തുമ്പോള്‍ നമ്മുടെ  സഹോദരിമാര്‍ക്കും ഭാവി തലമുറകള്‍ക്കുമാണ്  അതിന്റെ പ്രയോജനം. മാത്രവുമല്ല പോഷകാഹാര കുറവിനെതിരെയുള്ള നമ്മുടെ പോരാട്ടം കുറെക്കൂടി കൂടുതല്‍ ശക്തമാകുകയും ചെയ്യും.  ജല സംബന്ധിയിയ പ്രശ്‌നങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. അതിനാല്‍ നമ്മുടെ സഹോദരിമാരും പെണ്‍കുട്ടികളുമായിരുന്നു ഈ ദൗത്യത്തിന്റെ നടുക്ക് ഉണ്ടായിരുന്നത്. ശുദ്ധമായ കുടിവെള്ളം വീടുകളില്‍ എത്തിയപ്പോള്‍ നമ്മുടെ സഹോദരിമാരുടെ സമയമാണ് ഏറ്റവും കൂടുതല്‍ സമയം ലാഭിക്കുന്നത്. മലിന ജലം മൂലം വീട്ടില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പകര്‍ച്ച വ്യാധികളും ഇതു മൂലം കുറഞ്ഞു.

സുഹൃത്തുക്കളെ,
ആദരണീയനായ ബാപ്പു സ്വപ്‌നം കണ്ട ഗ്രാമ സ്വരാജിലെ ശരിയായ ജനാധിപത്യത്തിന് ഉത്തമ ഉദാഹരണം കൂടിയാണ് ജല ജീവന്‍ ദൗത്യം. ഞാന്‍ ഓര്‍ക്കുന്നു, ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ കച്ച് ജില്ലയിലെ അമ്മമാരെയും സഹോദരിമാരെയുമാണ് ജല വികസനവുമായി ബന്ധപ്പെട്ട ജോലിയുടെ ചുമതലകള്‍ ഏല്‍പ്പിച്ചത്.  ഈ പരീക്ഷണം വന്‍ വിജയമായിരുന്നു. അന്താരാഷ്ട്ര പുരസ്‌കാരം പോലും ഇതിനു ലഭിച്ചു.  ഇന്നും ഇതെ പരീക്ഷണം തന്നെയാണ് ജല ജീവന്‍ ദൗത്യത്തിന്റെയും പ്രധാന പ്രേരണ. ജല ജീവന്‍ ദൗത്യം ഒരു ഗവണ്‍മെന്റ് പദ്ധതി അല്ല. അത് സമൂഹത്തിനു വേണ്ടി സമൂഹം തന്നെ നടത്തുന്ന ഒരു പദ്ധതിയാണ്.

സുഹൃത്തുക്കളെ,
ജല ജീവന്‍ ദൗത്യത്തിന്റെ വിജയത്തിനു കാരണം അതിന്റെ ശക്തമായ നാലു തൂണുകളാണ്.  ഒന്ന് ജന പങ്കാലിത്തം. രണ്ട് എല്ലാ ഗുണഭോക്താവിന്റെയും പങ്കാളിത്തം. മൂന്ന് രാഷ്ട്രിയ ഇഛാശക്തി. നാല് വിഭവങ്ങളുടെ പരമാവധി ഉപയോഗം.

സഹോദരി സഹോദരന്മാരെ,
പഞ്ചായത്തുകള്‍, ഗ്രാമ സഭകള്‍, നാ്ട്ടുകാര്‍, തുടങ്ങി എല്ലാവരേയും ജല ജീവന്‍ ദൗത്യത്തില്‍ ഉള്‍പ്പെടുത്തുകയും ഓരോ ഉത്തരവാദിത്വങ്ങള്‍ എല്‍പ്പിക്കുകയും ചെയ്തു.  ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല.   എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തച്ചതോടൊപ്പം ഗ്രാമീണരുടെ സഹകരണവും തേടി. ഓരോ ഗ്രാമത്തിന്റെയും ജല സുരക്ഷ ഉറപ്പു വരുത്താന്‍ ഗ്രാമീണര്‍ സ്വയം കര്‍മ്മ പദ്ധതികള്‍ തയാറാക്കുന്നു. വെള്ളക്കരം നിശ്ചയിക്കുന്നതും ഗ്രാമീണര്‍ തന്നെ.  ജല പരിശോധന നടത്തുന്നതും ഗ്രാമത്തിലെ ആളുകള്‍ തന്നെ. ഇതിനായി 10 ലക്ഷം സ്ത്രീകള്‍്ക്ക് പരിശീലനം നല്കി.  കുറഞ്ഞത് 50 ശതമാനം സ്ത്രീകളെങ്കിലും ഓരോ ജല കമ്മിറ്റികളിലും അംഗങ്ങളാണ്. ഗോത്ര സമൂഹ മേഖലകള്‍ക്കു  മുന്‍ ഗണന നല്‍കിയാണ് ജോലികള്‍ നടത്തിയത്. രണ്ടാമത്തെ തൂണ്, ജല ജീവന്‍ ദൗത്യത്തിന്റെ പങ്കാളിത്തമാണ്.  അത് സംസ്ഥാന ഗവണ്‍മെന്റ് ആയാലും പഞ്ചായത്ത് ആയാലും സന്നദ്ധ സംഘടന ആയാലും വിദ്യാഭ്യാസ സ്ഥാപനം ആയാലും വിവിധ ഗവണ്‍മെന്റ് വകുപ്പുകളും മന്ത്രാലയങ്ങളും ആയാലും എല്ലാവരും ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. അതിനാല്‍ അടിസ്ഥാന തലത്തില്‍ നിന്നു തന്നെ വന്‍ പ്രയോജനം ലഭിക്കുന്നു.

സുഹൃത്തുക്കളെ,
ജല ജീവന്‍ ദൗത്യത്തെ വിജയത്തിലെത്തിച്ച മൂന്നാമത്തെ തൂണ് രാഷ്ടിയ ഇഛാശക്തിയാണ്. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് നേടാന്‍ സാധിക്കുമായിരുന്നത് പലതും നമുക്ക് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടി വന്നു. ഇതൊരു ബുദ്ധിമുട്ടുള്ള ലക്ഷ്യമാണ്. എന്നാല്‍, ഒരിക്കല്‍ തീരുമാനിച്ചാല്‍  ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാക്ഷാത്ക്കരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി ഒന്നും ഇല്ല. കേന്ദ്ര ഗവണ്‍മെന്റകള്‍് സംസ്ഥാന ഗവണ്‍മെന്റകള്‍് പഞ്ചായത്തുകള്‍ എല്ലാവരും ഈ ജോല് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്തനില്‍ വ്യാപൃതരായിരുന്നു.ജല ജീവന്‍ ദൗത്യം തുല്യ പ്രാധാന്യം കൊടുക്കുന്നത് വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിലാണ്.  തൊഴിലുറപ്പു പോലുള്ള പദ്ധതികളില്‍ നിന്നും സഹായം തേടി.  അത് ജലജീവന്‍ ദൗത്യത്തിനു വലിയ ഉത്തേജനം  നല്‍കി.  ഇത് ഗ്രാമപ്രദേശങ്ങളില്‍ വന്‍ തോതില്‍  തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ദൗത്യത്തിന്റെ ഒരു പ്രയോജനം എല്ലാ വീടുകളിലു്ം കുടിവെള്ളം എത്തി എന്നതാണ്.

സുഹൃത്തുക്കളെ,
ഈ പ്രചാരണ പരിപാടിയില്‍ പുതിയ ജലസ്രോതസുകള്‍, സംഭരണികള്‍, ജലശുദ്ധീകരണ ശാലകള്‍, പമ്പ് ഹൗസുകള്‍ എല്ലാം അടയാളപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യ അതായത് ഇന്റര്‍നെറ്റ് വഴിയാണ് ജലവിതരണം അതിന്റെ നിലവാരം എന്നിവ നിരീക്ഷിക്കുന്നത്.  മനുഷ്യശേഷിയും സാങ്കേതിക വിദ്യയും ഒന്നിച്ചാണ് ജല ജീവന്‍ ദൗത്യത്തെ ശാക്തീകരിക്കുന്നത്.   എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യം തീര്‍ച്ചായായും സാക്ഷാത്ക്കരിക്കാന്‍ സാധിക്കും എന്ന് എനിക്കു പൂര്‍ണ വിശ്വാസമുണ്ട്.

ഒരിക്കല്‍ കൂടി ഞാന്‍ ഗോവയെ ഇവിടുത്തെ ഗവണ്‍മെന്റിനെ ഇവിടുത്തെ പൗരസമൂഹത്തെ ഈ വലിയ വിജയത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു. മൂന്നു വര്‍ഷം മുമ്പ് ചെങ്കോട്ടയില്‍ ഞാന്‍ കണ്ട സ്വ്പ്‌നം സാക്ഷാത്ക്കരിച്ചത് ഗ്രാമ പഞ്ചായത്തു മുതലുള്ള സ്ഥാപനങ്ങളുടെ സഹായം കൊണ്ടാണ് എന്ന് ഞാന്‍ നിങ്ങളോട് ഉറപ്പു പറയുന്നു. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ആഹ്ലാദകരമായ കൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ നേര്‍ന്നു കൊണ്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു.

എല്ലാവര്‍ക്കും നന്ദി.

--ND--

 


(Release ID: 1853379) Visitor Counter : 158