പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാനിപ്പത്തില്‍ 2ജി എത്തനോള്‍ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 10 AUG 2022 7:31PM by PIB Thiruvananthpuram

നമസ്‌കാരം!

ഹരിയാന ഗവര്‍ണര്‍ ശ്രീ ബന്ദാരു ദത്താത്രേയ ജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ നരേന്ദ്ര സിംഗ് തോമര്‍ ജി, ഹര്‍ദീപ് സിംഗ് പുരി ജി, രാമേശ്വര്‍ തേലി ജി, എംപിമാര്‍, എംഎല്‍എമാര്‍, പാനിപ്പത്തില്‍ സന്നിഹിതരായ എന്റെ പ്രിയപ്പെട്ട വളരെയധികം കര്‍ഷക സഹോദരീ സഹോദരന്മാര്‍, ഈ പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ മാന്യന്മാരെ; നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക ജൈവ ഇന്ധന ദിനം ആശംസിക്കുന്നു!

ഹരിയാനയിലെ പാനിപ്പത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് ഇന്നത്തെ പരിപാടി വളരെ നിര്‍ണായകമാണ്. ജൈവ ഇന്ധന പ്ലാന്റായി മാറിയ പാനിപ്പത്തിലെ ഈ ആധുനിക എഥനോള്‍ പ്ലാന്റ് ഒരു തുടക്കം മാത്രമാണ്. ഡല്‍ഹി-എന്‍സിആറിലും മുഴുവന്‍ ഹരിയാനയിലും മലിനീകരണം കുറയ്ക്കാനും ഈ പ്ലാന്റ് സഹായിക്കും. ഹരിയാനയിലെ ജനങ്ങളെ, പ്രത്യേകിച്ച് കര്‍ഷക സഹോദരിമാരെയും സഹോദരങ്ങളെ, ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് ഹരിയാന മറ്റൊരു കാരണത്താല്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹരിയാനയുടെ ആണ്‍മക്കളും പെണ്‍മക്കളും മിന്നുന്ന പ്രകടനം നടത്തി രാജ്യത്തിന് അഭിമാനമായി. അവര്‍ രാജ്യത്തേക്കു നിരവധി മെഡലുകള്‍ കൊണ്ടവന്നു. കായികരംഗത്ത് ഹരിയാനയിലെ കളിക്കാര്‍ പ്രകടമാക്കിയ ഊര്‍ജം ഇനി ഹരിയാനയിലെ പാടങ്ങള്‍ ഊര്‍ജോല്‍പാദനത്തിലൂടെ പ്രകടമാക്കും.

സുഹൃത്തുക്കളെ,
നമ്മളെപ്പോലെ പ്രകൃതിയെ ആരാധിക്കുന്ന ഒരു രാജ്യത്ത് ജൈവ ഇന്ധനം പ്രകൃതി സംരക്ഷണത്തിന്റെ പര്യായമാണ്. നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ ഇത് നന്നായി മനസ്സിലാക്കുന്നു. നമുക്ക് ജൈവ ഇന്ധനം എന്നാല്‍ ഹരിത ഇന്ധനം അല്ലെങ്കില്‍ പരിസ്ഥിതി സംരക്ഷിക്കുന്ന ഇന്ധനം. കൃഷിക്കായി വിത്ത് വിതയ്ക്കുന്നതു മുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് കൊണ്ടുപോകുന്നതു വരെയുള്ള മുഴുവന്‍ പ്രക്രിയയിലും ഒന്നും പാഴാകാന്‍ നിങ്ങള്‍ അനുവദിക്കാത്തതിനാല്‍ കര്‍ഷക സഹോദരീസഹോദരന്മാര്‍ നൂറ്റാണ്ടുകളായി ഇതിനെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. കൃഷി ചെയ്യുന്നതെല്ലാം കൃഷിയിടങ്ങളില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് കര്‍ഷകര്‍ക്ക് അറിയാം. ആളുകള്‍ക്ക് ഭക്ഷണം വിളയിക്കുന്ന വയലില്‍ മൃഗങ്ങള്‍ക്ക് തീറ്റയും ഉത്പാദിപ്പിക്കുന്നു. വിളവെടുപ്പിനുശേഷം പാടത്ത് ഉപേക്ഷിക്കുന്ന കുറ്റികള്‍ എങ്ങനെ നന്നായി ഉപയോഗിക്കാമെന്ന് നമ്മുടെ മിക്ക കര്‍ഷകര്‍ക്കും അറിയാം. കുറ്റികള്‍ മൃഗങ്ങളുടെ തീറ്റയായി ഉപയോഗിക്കുന്നു, പല ഗ്രാമങ്ങളിലും ഇത് കലങ്ങളാക്കി മാറ്റുന്നു. എന്നാല്‍ നെല്ലും ഗോതമ്പും കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന ഹരിയാന പോലുള്ള പ്രദേശങ്ങളില്‍ കുറ്റികള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും സത്യമാണ്. ഇപ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് കുറ്റികള്‍ ഉപയോഗിക്കാനുള്ള മറ്റൊരു മാര്‍ഗം ലഭിക്കുന്നു, അതാണ് ആധുനിക എഥനോള്‍ പ്ലാന്റ് അല്ലെങ്കില്‍ ജൈവ ഇന്ധന പ്ലാന്റ്. പാനിപ്പറ്റിലെ ജൈവ ഇന്ധന പ്ലാന്റിനും കുറ്റികള്‍ കത്തിക്കാതെ സംസ്‌കരിക്കാനാകും. കൂടാതെ ഒരേസമയം നിരവധി ആനുകൂല്യങ്ങളും ഉണ്ടാകും. ഒന്നാമതായി, മുന്‍പ് വൈക്കോല്‍ കത്തിച്ചതിന്റെ വേദന ഭൂമി മാതാവിന് സഹിക്കേണ്ടതില്ല. ഭൂമി മാതാവ് ആ തീയില്‍ വെന്തുരുകുമായിരുന്നു എന്നാല്‍ ഇപ്പോള്‍ ആ വേദനയില്‍ നിന്ന് അവള്‍ക്ക് മോചനം ലഭിക്കും. കുറ്റികള്‍ ഇപ്പോള്‍ ശരിയായ സ്ഥലത്ത് ഉപയോഗിക്കുമെന്ന വസ്തുത ഭൂമി മാതാവിനും ഇഷ്ടപ്പെടും. രണ്ടാമതായി, പുതിയ സംവിധാനം, പുതിയ യന്ത്രങ്ങള്‍, വിളകളുടെ അവശിഷ്ടങ്ങള്‍ മുറിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി വരുന്ന പുതിയ ഗതാഗത സൗകര്യങ്ങള്‍, ഒപ്പം സ്ഥാപിക്കുന്ന ഈ പുതിയ ജൈവ ഇന്ധന പ്ലാന്റുകള്‍ എന്നിവ ഈ ഗ്രാമങ്ങളിലെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവും. പുതിയ അവസരങ്ങള്‍ ഉടലെടുക്കും. ഹരിത തൊഴില്‍ മേഖല ശക്തിപ്പെടുത്തും. മൂന്നാമതായി, കര്‍ഷകര്‍ക്ക് ഭാരമായിരുന്ന കുറ്റികള്‍ ഇപ്പോള്‍ അവര്‍ക്ക് അധിക വരുമാന മാര്‍ഗ്ഗമായി മാറും. നാലാമതായി, മലിനീകരണം കുറയുകയും പരിസ്ഥിതി സംരക്ഷണത്തില്‍ കര്‍ഷകരുടെ സംഭാവന വര്‍ദ്ധിക്കുകയും ചെയ്യും. അഞ്ചാമത്തെ നേട്ടം രാജ്യത്തിന് ഒരു ബദല്‍ ഇന്ധനം ലഭിക്കും എന്നതാണ്. അതായത്, മുന്‍കാലങ്ങളില്‍ നാശം സൃഷ്ടിച്ചിരുന്ന കുറ്റികള്‍ ഇപ്പോള്‍ ഈ അഞ്ച് അമൃതുകള്‍ ഉത്പാദിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി ജൈവ ഇന്ധന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കുറുക്കുവഴികള്‍ സ്വീകരിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പ്രവണതയുള്ള ആളുകള്‍ക്ക് ഒരിക്കലും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാവില്ല. കുറുക്കുവഴികള്‍ സ്വീകരിക്കുന്നവര്‍ക്ക് അല്‍പ്പനേരത്തേക്ക് അഭിനന്ദനങ്ങളും രാഷ്ട്രീയ നേട്ടങ്ങളും ലഭിച്ചേക്കാം, പക്ഷേ പ്രശ്‌നം ശമിക്കുന്നില്ല. അതുകൊണ്ടാണ് കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിക്കുമെന്ന് ഞാന്‍ പറയുന്നത്. അതിനാല്‍, കുറുക്കുവഴികള്‍ പിന്തുടരുന്നതിനുപകരം, നമ്മുടെ ഗവണ്‍മെന്റ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി വൈക്കോല്‍ കത്തിക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുറുക്കുവഴികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. കുറ്റികള്‍ സംബന്ധിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നാം മനസ്സിലാക്കുന്നു. അതിനാല്‍, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴികളും നാം അവര്‍ക്ക് നല്‍കുന്നു.
നാം കാര്‍ഷികോല്‍പന്ന സംഘടനകള്‍ക്കോ എഫ്പിഒകള്‍ക്കോ വൈക്കോല്‍ നീക്കം ചെയ്യുന്നതിനായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആധുനിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് 80 ശതമാനം വരെ സബ്സിഡിയും നല്‍കി. ഇപ്പോള്‍ പാനിപ്പറ്റിലെ ഈ ജൈവ ഇന്ധന പ്ലാന്റും കുറ്റികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. ഈ ആധുനിക പ്ലാന്റില്‍, നെല്ലും ഗോതമ്പും കൂടാതെ, ചോളം, കരിമ്പ്, ചീഞ്ഞ ധാന്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിള അവശിഷ്ടങ്ങളും എത്തനോള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കും. അതായത്, കര്‍ഷകര്‍ ഈ വലിയ പ്രശ്‌നത്തില്‍ നിന്ന് മുക്തരാകും. നിര്‍ബന്ധിതമായി വൈക്കോല്‍ കത്തിക്കുകയും അതിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ ഭക്ഷ്യ ഉല്‍പാദകര്‍ എത്തനോള്‍ അല്ലെങ്കില്‍ ജൈവ ഇന്ധനത്തിന്റെ ഉല്‍പാദനത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും സഹായിക്കുന്നതില്‍ അഭിമാനിക്കുന്നു. പശുക്കളില്‍ നിന്നും എരുമകളില്‍ നിന്നുമുള്ള ചാണകവും വയലുകളില്‍ നിന്ന് പുറത്തുവരുന്ന മാലിന്യങ്ങളും സംസ്‌കരിക്കാന്‍ ഗോബര്‍ദന്‍ പദ്ധതി എന്ന മറ്റൊരു പദ്ധതി ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാധ്യമമായി ഗോബര്‍ ധന് യോജന മാറുകയാണ്.

സുഹൃത്തുക്കളെ,

വളമോ രാസവസ്തുക്കളോ ഭക്ഷ്യ എണ്ണയോ അസംസ്‌കൃത എണ്ണയോ വാതകമോ ആകട്ടെ, സ്വാതന്ത്ര്യലബ്ധിക്കുശേഷം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ ഉല്‍പന്നങ്ങള്‍ക്കായി നാം വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, ആഗോള സാഹചര്യങ്ങള്‍ കാരണം വിതരണ ശൃംഖല തടസ്സപ്പെട്ടപ്പോള്‍, ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാനായില്ല. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഈ വെല്ലുവിളികള്‍ക്ക് ശാശ്വതമായ പരിഹാരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാജ്യം. രാജ്യത്ത് പുതിയ വളം പ്ലാന്റുകള്‍ സ്ഥാപിക്കുന്നു, നാനോ വളങ്ങള്‍ ഉത്പാദിപ്പിക്കുന്നു, ഭക്ഷ്യ എണ്ണയ്ക്കായി പുതിയ ദൗത്യങ്ങള്‍ ആരംഭിക്കുന്നു. സമീപഭാവിയില്‍, ഈ സംരംഭങ്ങളെല്ലാം ഈ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വതമായ പരിഹാരത്തിലേക്ക് രാജ്യത്തെ നയിക്കും.

സുഹൃത്തുക്കളെ,
'സ്വാതന്ത്ര്യത്തിന്റെ അമൃതകാല'ത്തില്‍ ഒരു സ്വാശ്രയ ഇന്ത്യയുടെ ദൃഢപ്രതിജ്ഞയിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ്. നമ്മുടെ ഗ്രാമങ്ങളും കര്‍ഷകരും സ്വാശ്രയത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. കര്‍ഷകര്‍ക്ക് അവശ്യസാധനങ്ങള്‍ വലിയൊരളവില്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്നു. ഗ്രാമത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥകള്‍ പരസ്പരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാവരും ഒത്തുചേരുന്നതാണ്. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയിലും സമ്പാദ്യ സംസ്‌കാരം ശക്തമായി നിലനില്‍ക്കുന്നതിന്റെ കാരണം ഇതാണ്. ഈ സംസ്‌കാരം നാടിനു സാമ്പത്തിക നേട്ടം നല്‍കുന്നു. പെട്രോളില്‍ എത്തനോള്‍ കലര്‍ത്തിയതിന്റെ ഫലമായി കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ 50,000 കോടി രൂപ രാജ്യത്തുനിന്നു വിദേശത്തേക്ക് പോകുന്നത് ഒഴിവായി. എഥനോള്‍ മിശ്രിതം കാരണം ഏതാണ്ട് അത്ര തന്നെ പണം നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിച്ചു. അതായത് വിദേശത്തേക്ക് പോയിരുന്ന പണം ഒരര്‍ഥത്തില്‍ നമ്മുടെ കര്‍ഷകര്‍ക്ക് ലഭിച്ചു.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യക്കുള്ളില്‍ മറ്റൊരു വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ന് രാജ്യം വലിയ തീരുമാനങ്ങള്‍ എടുക്കുകയും അവ നിറവേറ്റുകയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, പെട്രോളില്‍ 10 ശതമാനം വരെ എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം രാജ്യം നിശ്ചയിച്ചിരുന്നു. നമ്മുടെ കര്‍ഷക സഹോദരങ്ങളുടെ സഹായത്താല്‍ രാജ്യം ഈ ലക്ഷ്യം മുന്‍കൂട്ടി നേടിയിരിക്കുന്നു. എട്ട് വര്‍ഷം മുമ്പ് 40 കോടി ലിറ്റര്‍ മാത്രമായിരുന്നു നമ്മുടെ രാജ്യത്ത് എത്തനോള്‍ ഉത്പാദനം. ഇന്ന് ഏകദേശം 400 കോടി ലിറ്റര്‍ എത്തനോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്രയും വലിയ അളവില്‍ എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതു നമ്മുടെ കര്‍ഷകരുടെ വയലുകളില്‍ നിന്നാണ്. പ്രത്യേകിച്ച് കരിമ്പ് കര്‍ഷകര്‍ക്ക് ഈ സംരംഭം ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.

രാജ്യം എങ്ങനെ പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം എന്റെ കര്‍ഷക സഹോദരങ്ങള്‍ക്ക് നല്‍കട്ടെ. 2014 വരെ രാജ്യത്ത് 14 കോടി എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും, നമ്മുടെ അമ്മമാരും സഹോദരിമാരും, അടുക്കളയിലെ പുകയില്‍ കഷ്ടപ്പെടാന്‍ നിര്‍ബന്ധിതരായി. അവരുടെ ആരോഗ്യത്തിന് ഉണ്ടാകുന്ന ദോഷങ്ങളും സഹോദരിമാരുടെയും പെണ്‍മക്കളുടെയും അസൗകര്യങ്ങളും നേരത്തെ ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഇന്ന് ഉജ്ജ്വല പദ്ധതിയിലൂടെ 9 കോടിയിലധികം ഗ്യാസ് കണക്ഷനുകള്‍ പാവപ്പെട്ട സഹോദരിമാര്‍ക്ക് നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ നാം രാജ്യത്ത് 100% എല്‍പിജി ലഭ്യമാക്കിയിരിക്കുന്നു. രാജ്യത്ത് ഇന്ന് 31 കോടിയോളം ഗ്യാസ് കണക്ഷനുകളാണുള്ളത്. 14 കോടിയില്‍ നിന്നാണ് ഈ വളര്‍ച്ച. ഇത് ദരിദ്ര കുടുംബങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ തോതില്‍ പ്രയോജനം ചെയ്തു.

സുഹൃത്തുക്കളെ,
രാജ്യത്ത് സിഎന്‍ജി ശൃംഖല വിപുലീകരിക്കുന്നതിനും എല്ലാ വീടുകളിലും താങ്ങാവുന്ന വിലയില്‍ പൈപ്പ് ഗ്യാസ് ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 90കളിലാണ് നമ്മുടെ രാജ്യത്ത് സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിച്ചത്. എട്ട് വര്‍ഷം മുമ്പ് വരെ രാജ്യത്ത് എണ്ണൂറില്‍ത്താല്‍ താഴെ സിഎന്‍ജി സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. വീടുകളിലെ പൈപ്പ് ഗ്യാസ് കണക്ഷനുകള്‍ ഏതാനും ലക്ഷങ്ങള്‍ മാത്രമായിരുന്നു. ഇന്ന് രാജ്യത്തുടനീളം 4500-ലധികം സിഎന്‍ജി സ്റ്റേഷനുകളുണ്ട്, പൈപ്പ് ഗ്യാസ് കണക്ഷനുകളുടെ എണ്ണം 1 കോടിയില്‍ എത്തുന്നു. ഇന്ന്, നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, അടുത്ത ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്തെ 75 ശതമാനത്തിലധികം വീടുകളിലും പൈപ്പ് വാതകം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളെ,
നാം സ്ഥാപിക്കുന്ന നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളമുള്ള ഗ്യാസ് പൈപ്പ് ലൈനുകളും ഇന്ന് നാം സ്ഥാപിക്കുന്ന ആധുനിക പ്ലാന്റുകളും ഫാക്ടറികളും നമ്മുടെ യുവതലമുറയ്ക്ക് ഏറ്റവും പ്രയോജനം ചെയ്യും. ഗ്രീന്‍ ജോബിനുള്ള പുതിയ അവസരങ്ങള്‍ രാജ്യത്ത് തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇന്നത്തെ വെല്ലുവിളികള്‍ നമ്മുടെ ഭാവി തലമുറയെ ബുദ്ധിമുട്ടിക്കില്ല. ഇതാണ് യഥാര്‍ത്ഥ വികസനം. ഇതാണ് വികസനത്തോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധത.

സുഹൃത്തുക്കളെ,
രാഷ്ട്രീയത്തില്‍, സ്വാര്‍ത്ഥതയുള്ള ആര്‍ക്കും വന്ന് പെട്രോളും ഡീസലും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കാം. ഇത്തരം നടപടികള്‍ നമ്മുടെ കുട്ടികളില്‍ നിന്ന് അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും രാജ്യം സ്വയം പര്യാപ്തമാകുന്നതിനെ തടയുകയും ചെയ്യും. ഇത്തരം സ്വാര്‍ത്ഥ നയങ്ങള്‍ മൂലം രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെ ഭാരം വര്‍ദ്ധിക്കുകയും ചെയ്യും. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ ഒരിക്കലും പുതിയ സാങ്കേതിക വിദ്യകളില്‍ നിക്ഷേപിക്കില്ല. കര്‍ഷകര്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കും. എന്നാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ എത്തനോള്‍ പ്ലാന്റുകള്‍ പോലെയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കില്ല. അവര്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ആഴമില്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കും. പക്ഷേ അത് തടയാന്‍ ആവശ്യമായ നടപടികളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യും.

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
ഇതൊരു നയമല്ല മറിച്ചു ധിക്കാരമാണ്. ഇതിന് ദേശീയ താല്‍പ്പര്യവുമായി ഒരു ബന്ധവുമില്ല, പക്ഷേ എല്ലാം ദേശീയ താല്‍പ്പര്യത്തെ ഹനിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രാഷ്ട്രനിര്‍മ്മാണമല്ല, രാജ്യത്തെ പിന്നോട്ടടിക്കാനുള്ള ശ്രമമാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ വ്യക്തമായ ഉദ്ദേശവും ആത്മാര്‍ത്ഥതയും നയവും വേണം. ഇതിനായി, കഠിനാധ്വാനം ആവശ്യമാണ്, ഗവണ്‍മെന്റുകള്‍ ധാരാളം പണം മുടക്കണം. ഗവണ്‍മെന്റുകളുടെ പക്കല്‍ പണമില്ലെങ്കില്‍, ഇന്ന് സ്ഥാപിക്കുന്ന എത്തനോള്‍ പ്ലാന്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, വലിയ സോളാര്‍ പ്ലാന്റുകള്‍, ഹൈഡ്രജന്‍ ഗ്യാസ് പ്ലാന്റുകള്‍ എന്നിവയും പൂട്ടിപ്പോകും. നമ്മള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ രാഷ്ട്രം എന്നും നിലനില്‍ക്കുമെന്ന് നാം ഓര്‍ക്കണം. അത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു, നൂറ്റാണ്ടുകളോളം ജീവിക്കും. ഈ നാട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ എപ്പോഴും ഇവിടെയുണ്ടാകും. നമ്മുടെ വരും തലമുറയുടെ ഭാവി നശിപ്പിക്കാന്‍ നമുക്ക് അവകാശമില്ല.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരും ഈ നിത്യ ചൈതന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവരും അവരെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍, സ്വാര്‍ത്ഥരായിരുന്നുവെങ്കില്‍, അവരുടെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. കഷ്ടപ്പാടുകളില്‍ നിന്നും വെടിയുണ്ടകളില്‍ നിന്നും കഴുമരത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെടുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അവരുടെ മക്കള്‍ക്ക്, അതായത് ഇന്ത്യയിലെ ജനങ്ങള്‍ക്ക്, ഇന്ന് 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' ആഘോഷിക്കാന്‍ കഴിയുമായിരുന്നില്ല. ഈ ഓഗസ്റ്റ് മാസം വിപ്ലവത്തിന്റെ മാസമാണ്. അതിനാല്‍, ഒരു രാജ്യമെന്ന നിലയില്‍, അത്തരം പ്രവണതകള്‍ വളരാന്‍ അനുവദിക്കില്ലെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇത് രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളെ,
ഈ 'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ'ത്തില്‍ രാജ്യം ത്രിവര്‍ണ പതാകയുടെയും സ്വാതന്ത്ര്യത്തിന്റെയും നിറങ്ങളില്‍ ചായം പൂശിയപ്പോള്‍ ഒരു സംഭവം മുന്നിലെത്തിയിരിക്കുന്നു. അതിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുണ്യസമയത്തെ അപകീര്‍ത്തിപ്പെടുത്താനും നമ്മുടെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്ത്താനുമാണ് ശ്രമം നടക്കുന്നത്. ഇത്തരക്കാരുടെ മാനസികാവസ്ഥ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നല്ല ഡോക്ടര്‍മാരെ സമീപിച്ചിട്ടും പ്രയോജനം ലഭിക്കാതെ വരുമ്പോള്‍ ചിലപ്പോഴൊക്കെ രോഗി തന്റെ ദീര്‍ഘകാല രോഗത്തിന്റെ ചികിത്സയില്‍ തളരുന്നത് നമുക്കറിയാം. പിന്നെ എത്ര പഠിച്ചവനായാലും അവനില്‍ അന്ധവിശ്വാസം വളരാന്‍ തുടങ്ങും. അവന്‍ മന്ത്രവാദം ഉപയോഗിക്കാന്‍ തുടങ്ങുകയും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുപോലെ നിഷേധാത്മകതയുടെ ചുഴിയില്‍ കുടുങ്ങി നിരാശയില്‍ മുങ്ങിയ ചിലരുണ്ട് നമ്മുടെ നാട്ടില്‍. ഗവണ്‍മെന്റിനെതിരെ നുണക്കൂമ്പാരങ്ങള്‍ നിരത്തിയിട്ടും ഇത്തരക്കാരെ വിശ്വസിക്കാന്‍ പൊതുസമൂഹം തയ്യാറാകുന്നില്ല. അത്തരം നിരാശയില്‍, ഈ ആളുകളും ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ദുര്‍മന്ത്രവാദത്തിലേക്ക് തിരിയുകയാണ്.
ആഗസ്റ്റ് 5 ന് നമ്മള്‍ കണ്ടതാണ് ദുര്‍മന്ത്രവാദം പ്രചരിപ്പിക്കാന്‍ എത്രമാത്രം പരിശ്രമിച്ചെന്ന്. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ നിരാശയുടെ കാലഘട്ടം അവസാനിക്കുമെന്ന് ഇത്തരക്കാര്‍ വിശ്വസിക്കുന്നു. പക്ഷേ, എത്ര മന്ത്രവാദവും അന്ധവിശ്വാസവും പ്രയോഗിച്ചാലും പൊതുജനം ഇനി ഒരിക്കലും അവരെ വിശ്വസിക്കില്ലെന്ന് അവര്‍ക്കറിയില്ല. അത്തരം പ്രവൃത്തികളിലൂടെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തെയോ ത്രിവര്‍ണ്ണ പതാകയെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും ഞാന്‍ പറയുന്നു.

സുഹൃത്തുക്കളെ,
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നമ്മുടെ ഗവണ്‍മെന്റ് 'സബ്കാ സാത്ത്- സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. വികസനത്തെക്കുറിച്ചുള്ള സൃഷ്ടിപരമായ സങ്കല്‍പങ്ങളുടെ ഊര്‍ജം ഇതുപോലെ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി, ഹരിയാനയിലെ കോടിക്കണക്കിന് സുഹൃത്തുക്കള്‍ക്കും കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും അഭിനന്ദനങ്ങള്‍. നാളെ രക്ഷാബന്ധന്‍ എന്ന പവിത്രമായ ഉത്സവമാണ്. ഒരു സഹോദരന്റെയും സഹോദരിയുടെയും വാത്സല്യത്തിന്റെ പ്രതീകമായ ഈ ഉത്സവത്തില്‍, ഓരോ സഹോദരനും തന്റെ കടമ നിര്‍വഹിക്കാനുള്ള ദൃഢനിശ്ചയം പുതുക്കുന്നു. നാളെ ഒരു പൗരനെന്ന നിലയില്‍, രാജ്യത്തോടുള്ള കടമ നിറവേറ്റാനുള്ള നമ്മുടെ ദൃഢനിശ്ചയം നാമും പുതുക്കണം. ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ഒത്തിരി നന്ദി!

 

-ND-


(Release ID: 1852807) Visitor Counter : 158