മന്ത്രിസഭ
മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പയ്ക്ക് പ്രതിവര്‍ഷം 1.5% പലിശയിളവിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പദ്ധതിക്ക് കീഴില്‍ 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപയുടെ അധിക ബജറ്റ് വിഹിതം
തീരുമാനം കര്‍ഷകന് കാര്‍ഷിക മേഖലയില്‍ മതിയായ വായ്പാ പ്രവാഹം ഉറപ്പാക്കും
Posted On:
17 AUG 2022 3:17PM by PIB Thiruvananthpuram
എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിലൂടെ, 2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് (പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പി.എ.സി.എസ്-പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍) കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് 1.5% പലിശ ഇളവ് നല്‍കും.
പലിശ ഇളവ് നല്‍കുന്നതിനുള്ള ഈ പിന്തുണയിലുണ്ടായിട്ടുള്ള ഈ വര്‍ദ്ധനവിന് പദ്ധതിക്ക് 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപയുടെ അധിക ബജറ്റ് വിഹിതം ആവശ്യമാണ്.
പ്രയോജനങ്ങള്‍:
പലിശ ഇളവിലെ വര്‍ദ്ധനവ് കാര്‍ഷിക മേഖലയിലെ വായ്പാ പ്രവാഹത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ മതിയായ കാര്‍ഷിക വായ്പ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും സാമ്പത്തിക ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുകയും ചെയ്യും.
ബാങ്കുകള്‍ക്ക് ഫണ്ട് ചെലവിലെ വര്‍ദ്ധനവ് ഉള്‍ക്കൊണ്ടുകൊണ്ട് ഹ്രസ്വകാല കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അത് കൂടുതല്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പയുടെ പ്രയോജനം ലഭ്യമാക്കുകയും ചെയ്യും. മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനാല്‍ ഇത് തൊഴില്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കും.
യഥാസമയം വായ്പ തിരിച്ചടയ്ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 4% പലിശ നിരക്കില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പ തുടര്‍ന്നും ലഭിക്കും.
പശ്ചാത്തലം:
കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ തടസ്സരഹിതമായ വായ്പ ലഭ്യത ഉറപ്പാക്കുകയെന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. അതനുസരിച്ച്, കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാര്‍ഷിക ഉല്‍പന്നങ്ങളും സേവനങ്ങളും വായ്പയായി വാങ്ങാന്‍ അവരെ പ്രാപ്തരാക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി അവതരിപ്പിച്ചു. ബാങ്കിന് കര്‍ഷകര്‍ കുറഞ്ഞ പലിശ നിരക്ക് നല്‍കുന്നുവെന്നത് ഉറപ്പാക്കാന്‍, കര്‍ഷകര്‍ക്ക് സബ്ഡിയോടെയുള്ള പലിശനിരക്കില്‍ ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച പലിശയ ഇളവ് പദ്ധതി (ഐ.എസ്.എസ്) ഇപ്പോള്‍ പരിഷ്‌ക്കരിച്ച പലിശ ഇളവ് പദ്ധതി (എം.ഐ.എസ്.എസ്്) എന്ന പുനർ നാമകരണം ചെയ്തു.
ഈ പദ്ധതിക്ക് കീഴില്‍ കൃഷിയിലും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളായ മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, കോഴിവളര്‍ത്തല്‍, മത്സ്യബന്ധവനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 7% നിരക്കില്‍ 3 ലക്ഷം രൂപവരെ ഹ്രസ്വകാല കാര്‍ഷിക വായ്പ ലഭ്യമാണ്. വായ്പകള്‍ കൃത്യമായും സമയബന്ധിതമായും തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് 3% അധിക പലിശ ഇളവും (പ്രോമ്പ്റ്റ് റീപേമെന്റ് ഇന്‍സെന്റീവ് - പി.ആര്‍.ഐ) നല്‍കുന്നു. അതുകൊണ്ട്, ഒരു കര്‍ഷകന്‍ തന്റെ വായ്പ കൃത്യസമയത്ത് തിരിച്ചടച്ചാല്‍, അയാള്‍ക്ക് പ്രതിവര്‍ഷം 4% നിരക്കില്‍ വായ്പ ലഭിക്കും. കര്‍ഷകര്‍ക്ക് ഈ സൗകര്യം പ്രാപ്തമാക്കുന്നതിന്, ഈ പദ്ധതി വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് ഈ പലിശയ ഇളവ് നല്‍കും. നൂറുശതമാനം ധവനസഹായവും കേന്ദ്രമാണ് നല്‍കുന്നത്. ബജറ്റ് വിഹിതവും ഗുണഭോക്താക്കളുടെ പരിധിയും അനുസരിച്ച് കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്റെ രണ്ടാമത്തെ വലിയ പദ്ധതി കൂടിയാണിത്.
അടുത്തിടെ, ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനത്തിന് കീഴില്‍, 2.5 കോടി എന്ന ലക്ഷ്യത്തിന് പകരം 3.13 കോടി കര്‍ഷകര്‍ക്ക് പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വിതരണം ചെയ്തു. പി.എം-കിസാന്‍ പദ്ധതിക്ക് കീഴില്‍ ചേര്‍ന്നിട്ടുള്ള കര്‍ഷകര്‍ക്ക് കെ.സി.സി പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുള്ള യജ്ഞം പോലുള്ള പ്രത്യേക സംരംഭങ്ങള്‍ കെ.സി.സിക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും രേഖകളും ലളിതമാക്കി.
മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്, പ്രത്യേകിച്ച് ധനകാര്യ സ്ഥാപനങ്ങള്‍, അതിലും സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവയുടെ പലിശനിരക്കിലും വായ്പാ നിരക്കിലുമുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത്, ഈ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പലിശ ഇളവുകളുടെ നിരക്ക് ഗവണ്‍മെന്റ് അവലോകനം ചെയ്തിട്ടുണ്ട്. ഇത് കര്‍ഷകന് കാര്‍ഷിക മേഖലയില്‍ മതിയായ വായ്പാ പ്രവാഹം ഉറപ്പാക്കുകയും വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വെല്ലുവിളി നേരിടാന്‍, എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് തീരുമാനിച്ചു.
-ND-
(Release ID: 1852597)
Visitor Counter : 718
Read this release in:
Bengali
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada