പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യു.എസ്. പ്രസിഡന്റുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങൾ

പോസ്റ്റഡ് ഓണ്‍: 11 APR 2022 2:20PM by PIB Thiruvananthpuram

 

പ്രസിഡന്റ് ബൈഡന്‍, ആദ്യമായി, താങ്കളുടെ  ഊഷ്മളമായ വാക്കുകള്‍ക്ക് എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന്, നമ്മുടെ പ്രതിരോധ മന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും കുറച്ച് സമയത്തിനുള്ളില്‍ 2 + 2 രീതിയില്‍ കണ്ടുമുട്ടുന്നുണ്ട്. അതിനുമുമ്പ്, അവരുടെ സംഭാഷണത്തിന് ദിശാബോധം നല്‍കുന്നതിന് നമ്മുടെ ഈ കൂടിക്കാഴ്ച പ്രധാനവുമാണ്. താങ്കള്‍ ഈ വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക്  മുന്‍കൈയുമെടുത്തു, അതിന് താങ്കള്‍ക്ക്് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.

ആദരണീയരെ,

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഞാന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് താങ്കള്‍ ഇപ്പോള്‍ സൂചിപ്പിച്ചു, നിരവധി ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന് സംഭാവന നല്‍കാനാകുമെന്നും താങ്കള്‍ പറഞ്ഞു. പൂര്‍ണ്ണമായും ഞാന്‍ താങ്കളോട് യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ സ്വാഭാവിക പങ്കാളികളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ബന്ധങ്ങളില്‍ ഉണ്ടായ പുരോഗതി, സൃഷ്ടിക്കപ്പെട്ട പുതിയ ഗതിവേഗം , എന്നതൊക്കെ ഒരുപക്ഷേ, ഇന്നുതൊട്ട് ഒരു പതിറ്റാണ്ട് മുമ്പ് പോലും സങ്കല്‍പ്പിക്കാന്‍ പ്രയാസമായിരുന്നവയായിരുന്നു.

ആദരണീയരെ,

ഉക്രൈനിലെ സ്ഥിതി വളരെ ആശങ്കാജനകമായി തുടരുന്ന സമയത്താണ് നമ്മുടെ ഇന്നത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 20,000-ത്തിലധികം ഇന്ത്യക്കാര്‍ ഉക്രൈനില്‍ കുടുങ്ങിപ്പോയിരുന്നു. യുവ വിദ്യാര്‍ത്ഥികളായിരുന്നു അവരില്‍ ഭൂരിഭാഗവും. ഒരു വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമായെങ്കിലും വളരെയധികം പരിശ്രമിച്ച് അവരെ അവിടെ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഈ സംഭവവികാസത്തിലുടനീളം, ഞാന്‍ ഉക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി പലതവണ ഫോണില്‍ സംസാരിച്ചു. ഞാന്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുക മാത്രമല്ല ചെയ്തത്, ഉക്രൈന്‍ പ്രസിഡന്റുമായി പ്രസിഡന്റ് പുടിന്‍ നേരിട്ട് ചര്‍ച്ചനടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഞങ്ങളുടെ  പാര്‍ലമെന്റിലും ഉക്രൈന്‍ വിഷയം വളരെ വിശദമായി ചര്‍ച്ച ചെയ്തു.
അടുത്തിടെ ബുച്ച നഗരത്തില്‍ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയെന്ന വാര്‍ത്ത വളരെ ആശങ്കാജനകമാണ്. അതിനെ ഞങ്ങള്‍ ഉടനടി അപലപിക്കുകയും നീതിയുക്തമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റഷ്യയും ഉക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ആദരണീയരെ,

താങ്കള്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഉക്രൈയ്‌നിലെ സാധാരണപൗരന്മാരുടെ സുരക്ഷയ്ക്കും അവര്‍ക്ക് തടസമില്ലാതെ മാനുഷിക സഹായം വിതരണം ചെയ്യണമെന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഉക്രൈനും അതിന്റെ അയല്‍രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ഞങ്ങള്‍ അയച്ചിട്ടുണ്ട്. ഉക്രൈനിന്റെ ആവശ്യപ്രകാരം, ഉടന്‍ തന്നെ ഞങ്ങള്‍ മരുന്നുകളുടെ മറ്റൊരു ശേഖരവും അയയ്ക്കുന്നുണ്ട്.

ആദരണീയരെ,

കാലാവധിയുടെ തുടക്കത്തില്‍ തന്നെ  ജനാധിപത്യങ്ങള്‍ക്ക് സംഭാവനചെയ്യാനാകും എന്ന വളരെ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യം താങ്കള്‍ നല്‍കിരുന്നു . ഈ മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഇന്ത്യയും യു.എസും  തമ്മിലുള്ള പങ്കാളിത്തത്തിലെ വിജയമാണ്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഇന്ത്യ ഈ വര്‍ഷം ആഘോഷിക്കുകയാണ്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികവും നാം ആഘോഷിക്കുകയാണ്. അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ വികസന യാത്രയുടെ അവിഭാജ്യ ഘടകമായി അമേരിക്കയുമായുള്ള സൗഹൃദം നിലനില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് താങ്കള്‍ക്ക് ഒരിക്കല്‍ കൂടി വളരെ നന്ദി.

--ND--


( റിലീസ് ഐ.ഡി: 1849876) സന്ദര്‍ശക കൗണ്ടര്‍ : 99