പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
''വ്യാപാരം സുഗമാകുന്നതും ജീവിതം സുഗമാകുന്നതും പോലെ, നീതിയും സുഗമമാകേണ്ടത് രാജ്യത്തിന്റെ അമൃത് യാത്രയില്‍ സുപ്രധാനമാണ്''
''രാജ്യത്തിന്റെ നീതിന്യായ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അതിവേഗം നടക്കുന്നുണ്ട്''
''നമ്മുടെ നീതിന്യായ വ്യവസ്ഥ പുരാതന ഇന്ത്യന്‍ നീതിന്യായ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധമായതിനോടൊപ്പം 21-ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ തയാറുമാണ്''
Posted On:
30 JUL 2022 11:20AM by PIB Thiruvananthpuram
പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ശ്രീ. ജസ്റ്റിസ് എന്‍.വി രമണ, സുപ്രീം കോടതി ജഡ്ജിമാരായ ശ്രീ. ജസ്റ്റിസ് യു.യു. ലളിത്, ശ്രീ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്രമന്ത്രിമാരായ ശ്രീ കിരണ്‍ റിജിജു, ശ്രീ എസ് പി സിംഗ് ബാഗേല്‍, മറ്റ് സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ (എസ്.എല്‍.എസ്.എ) എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ (ഡി.എല്‍.എസ്.എ) ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ''സൗജന്യ നിയമസഹായത്തിനുള്ള അവകാശം'' എന്ന സ്മരണിക തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
ഇത് സ്വാതന്ത്ര്യത്തിന്റെ അമൃതകാല വേളായാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള പ്രതിജ്ഞകള്‍ എടുക്കേണ്ട സമയമാണിത്. വ്യാപാരം സുഗമമാക്കുന്നതും, ജീവിതം സുഗമമാക്കുന്നതും പോലെ, നീതിന്യായവും സുഗമമാക്കേണ്ടതിനും രാജ്യത്തിന്റെ ഈ അമൃത് യാത്രയില്‍ തുല്യ പ്രധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ നിയമ സഹായത്തിന്റെ സ്ഥാനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പ്രാധാന്യമാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്മാരുടെ വിശ്വാസത്തില്‍ പ്രതിഫലിക്കുന്നത്. ''ഏതൊരു സമൂഹത്തിനും നീതിന്യായ വ്യവസ്ഥയിലേക്കുള്ള പ്രവേശനം എത്ര പ്രധാനമാണോ, നീതി വിതരണവും അതുപോലെ പ്രധാനമാണ്. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനസൗകര്യത്തിനും ഇതില്‍ പ്രധാന പങ്കുണ്ട്. രാജ്യത്തിന്റെ നീതിന്യായ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അതിവേഗം നടന്നുവരികയാണ്.
നീതിന്യായ നടപടികളില്‍ സാങ്കേതികവിദ്യ കൂടുതല്‍ ശക്തമായി അവതരിപ്പിക്കാന്‍ ഇതിലും നല്ല സമയം ഉണ്ടാകില്ലെന്ന് വിവരസാങ്കേതിക വിദ്യയിലും,ധനസാങ്കേതികവിദ്യയിലും ഇന്ത്യയുടെ നേതൃത്വത്തിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഇ-കോര്‍ട്ട്‌സ് മിഷന്റെ(ഇ-കോടതി ദൗത്യം) കീഴില്‍ രാജ്യത്ത് വെര്‍ച്വല്‍ കോടതികള്‍ ആരംഭിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങളുടെ സൗകര്യാര്‍ത്ഥം കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു കോടിയിലധികം കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേട്ടു. നമ്മുടെ നീതിന്യായ വ്യവസ്ഥ പുരാതന ഇന്ത്യന്‍ നീതിന്യായ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്നും അതേ സമയം 21-ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ തയ്യാറാണെന്നും ഇത് തെളിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞ. ''ഭരണഘടനയിലെ തന്റെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ഒരു സാധാരണ പൗരന്‍ ബോധവാനായിരിക്കണം. തങ്ങളുടെ ഭരണഘടനയെക്കുറിച്ചും ഭരണഘടനാ ഘടനകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും അവര്‍ ബോധവാന്മാരായിരിക്കണം. ഇതിലും സാങ്കേതികവിദ്യയ്ക്കും വലിയ പങ്ക് വഹിക്കാനാകും'' അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
അമൃത് കാലം കടമയുടെ കാലഘട്ടമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇതുവരെ അവഗണിക്കപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. വിചാരണത്തടവുകാരോടുള്ള സംവേദനക്ഷമതയുടെ പ്രശ്‌നം ശ്രീ മോദി വീണ്ടും ഉന്നയിച്ചു. അത്തരം തടവുകാര്‍ക്ക് നിയമസഹായം നല്‍കാനുള്ള ചുമതല ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ക്ക് ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കാന്‍ അണ്ടര്‍ട്രയല്‍ റിവ്യൂ കമ്മിറ്റികളുടെ അദ്ധ്യക്ഷന്മാര്‍ എന്ന നിലയില്‍ ജില്ലാ ജഡ്ജിമാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ഒരു സംഘടിതപ്രവര്‍ത്തനം ഏറ്റെടുത്തതിന് ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ (നാല്‍സ) പ്രധാനമന്ത്രി അഭിനന്ദിച്ചു. കൂടുതല്‍ അഭിഭാഷകരെ ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ബാര്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ (ഡി.എല്‍.എസ്.എ) പ്രഥമ ദേശീയതല യോഗം 2022 ജൂലൈ 30 - 31 തീയതികളില്‍ വിജ്ഞാന്‍ ഭവനില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (നാല്‍സ)യാണ് സംഘടിപ്പിക്കുന്നത്. ഡി.എല്‍.എസ.എകളിലുടനീളം ഏകതാനതയും സമന്വയവും കൊണ്ടുവരുന്നതിനായി ഒരു സംയോജിത നടപടിക്രമം സൃഷ്ടിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
രാജ്യത്തുടനീളമായി 676 ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ (ഡി.എല്‍.എസ്.എകള്‍)ആണുള്ളത്. അതോറിറ്റിയുടെ ചെയര്‍മാനായിട്ടുള്ള ജില്ലാ ജഡ്ജിയാണ് അതിന്റെ തലവന്‍. ഡി.എല്‍.എസ്.എകളിലൂടെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികളിലൂടെയും (എസ്.എല്‍.എസ്.എകള്‍) നാല്‍സ വിവിധ നിയമസഹായം നല്‍കുകയും ബോധവല്‍ക്കരണപരിപാടികള്‍ നടപ്പാക്കുകയും ചെയ്യുന്നു. നാല്‍സ സംഘടിപ്പിക്കുന്ന ലോക്അദാലത്തുകള്‍ നിയന്ത്രിക്കുന്നതിലൂടെ കോടതികളുടെ ഭാരം ലഘൂകരിക്കുന്നതിലും ഡി.എല്‍.എസ്.എ കള്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്.
***
-ND-
(Release ID: 1846466)
Visitor Counter : 223
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada