പരിസ്ഥിതി, വനം മന്ത്രാലയം

വന്യജീവി സംരക്ഷണത്തിനും സുസ്ഥിര ജൈവവൈവിധ്യ വിനിയോഗത്തിനുമുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു


ധാരണാപത്രം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്യജീവി സംരക്ഷണത്തിനും ജൈവവൈവിധ്യം സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നു


ഇന്ത്യയില്‍ ചീറ്റപ്പുലികളെ വീണ്ടും എത്തിക്കുന്ന പദ്ധതി ആഗോള സംരക്ഷണ ശ്രമങ്ങള്‍ക്കു സംഭാവനയേകുന്ന ചരിത്രപരമായ പരിണാമ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനു ലക്ഷ്യമിടുന്നു

Posted On: 20 JUL 2022 12:59PM by PIB Thiruvananthpuram

ഇന്ത്യയില്‍ ചീറ്റപ്പുലികളെ സംരക്ഷിക്കുന്നതിനുള്ള ചരിത്രപരമായ നടപടികളുടെ ഭാഗമായി ഇന്ത്യയും നമീബിയയും വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യ വിനിയോഗവും സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരബഹുമാനം, പരമാധികാരം, സമത്വം എന്നിവ നിലനിര്‍ത്തിക്കൊണ്ടു വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യ വിനിയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രം ഊന്നല്‍ നല്‍കുന്നു.

 

 

 

 

ധാരണാപത്രത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇനിപ്പറയുന്നു:

  • ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച പ്രദേശങ്ങളില്‍ അവയെ തിരികെ കൊണ്ടുവരുന്നതിനു പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ജൈവവൈവിധ്യ സംരക്ഷണം
  • ഇരുരാജ്യങ്ങളിലും ചീറ്റപ്പുലികളെ സംരക്ഷിക്കുന്നതു ലക്ഷ്യമിട്ടുള്ള വൈദഗ്ധ്യവും ശേഷിയും പങ്കുവയ്ക്കല്‍
  • മികച്ച രീതികള്‍ പങ്കുവച്ചുകൊണ്ടു വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യം പ്രയോജനപ്പെടുത്തലും
  • വനമേഖലയില്‍ താമസിക്കുന്നവര്‍ക്കു സാങ്കേതിക സഹായങ്ങളും ഉപജീവനമാര്‍ഗത്തിനുള്ള സഹായങ്ങളും ഉറപ്പുവരുത്തുകയും ജൈവവൈവിധ്യത്തിന്റെ സുസ്ഥിര പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുക
  • കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിസംരക്ഷണം, പരിസ്ഥിതി ആഘാത അവലോകനം, മലിനീകരണ-മാലിന്യനിയന്ത്രണം, മറ്റു യോജിച്ച മേഖലകള്‍ എന്നിവയിലെ സഹകരണം
  • സാങ്കേതികവൈദഗ്ധ്യം പോലുള്ളവ ഉള്‍പ്പെടെ, വന്യജീവിപരിപാലനവുമായി ബന്ധപ്പെട്ട പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വിദഗ്ധരായ വ്യക്തികളെ പരസ്പരം കൈമാറുക.

ദേശീയ പരിസ്ഥിതിപരിപാലന ധാര്‍മികതയും ധര്‍മചിന്തയുമായി ബന്ധപ്പെട്ടു ചീറ്റപ്പുലികള്‍ക്കു വലിയ പ്രാധാന്യമാണുള്ളത്. അതിനാല്‍ ചീറ്റപ്പുലികളെ ഇന്ത്യയിലേക്കു തിരികെ കൊണ്ടുവരിക എന്നതു പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതുപോലെ പ്രധാനമാണ്. ചീറ്റപ്പുലികളെ തിരിച്ചുകൊണ്ടുവരിക എന്നത് അവയുടെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ഇതു ജൈവവൈവിധ്യത്തിന്റെ നാശവും വേഗത്തിലുള്ള നഷ്ടവും തടയും.

വലിയ മാംസഭുക്കുകളുടെ കാര്യമെടുത്താല്‍, മനുഷ്യരുമായുള്ള സംഘര്‍ഷസാധ്യത കുറവുള്ളവയാണു ചീറ്റപ്പുലികള്‍. അവ മനുഷ്യര്‍ക്കു ഭീഷണിയല്ല. സാധാരണയായി കന്നുകാലികളെ അവ ആക്രമിക്കുന്നില്ല എന്നതാണ് ഇതിനു പ്രധാന കാരണം. ആവാസവ്യവസ്ഥയിലെ കരുത്തനായ ഇരപിടിയനെ തിരികെ കൊണ്ടുവരുന്നത് ആവാസവ്യവസ്ഥയുടെ വിവിധതലങ്ങളില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനു കാരണമാകുന്നു. ഇതു വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ മെച്ചപ്പെട്ട സന്തുലിതാവസ്ഥയ്ക്കും പുനര്‍നിര്‍മാണത്തിനും (പുല്‍മേടുകള്‍, കുറ്റിച്ചെടികള്‍, തുറന്ന വന ആവാസവ്യവസ്ഥകള്‍) ഇടയാക്കുന്നു. ചീറ്റപ്പുലിയുടെ ഇരയുടെയും പരിണാമത്താല്‍ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുടെയും സംരക്ഷണത്തിനും ഇതു സഹായിക്കുന്നു.

ഇന്ത്യയില്‍ ചീറ്റപ്പുലിയെ തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയുടെ പ്രധാനലക്ഷ്യം വന്യജീവികളിലെ കരുത്തനായ വേട്ടക്കാരനെ അതിന്റെ ജൈവികവും പ്രവര്‍ത്തനപരവുമായ പങ്കു നിര്‍വഹിക്കാന്‍ അനുവദിക്കുന്നതിനുള്ള അംഗസംഖ്യ കൊണ്ടുവരിക എന്നതാണ്. ചീറ്റപ്പുലിയെ അവയുടെ ചരിത്രപരമായ മേഖലയ്ക്കുള്ളില്‍ വികസിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയും അതുവഴി അവയുടെ ആഗോള സംരക്ഷണ ശ്രമങ്ങള്‍ക്കു സംഭാവന നല്‍കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.

ചീറ്റപ്പുലി സംരക്ഷണവുമായി ബന്ധപ്പെട്ട് 2010നും 2012 നും ഇടയില്‍ 10 ഇടങ്ങളില്‍ സര്‍വേ നടത്തി.  ജനസംഖ്യാശാസ്ത്രം, ജനിതകശാസ്ത്രം, സംഘട്ടനത്തിന്റെയും ഉപജീവനത്തിന്റെയും സാമൂഹ്യ-സാമ്പത്തികശാസ്ത്രം എന്നിവ അനുസരിച്ച് സ്പീഷീസുകളുടെ പ്രവര്‍ത്തനക്ഷമത പരിഗണിക്കുന്ന ഐയുസിഎന്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ചീറ്റപ്പുലികളെ തിരികെ കൊണ്ടുവരുന്നതിനുള്ള  സാധ്യതയ്ക്കായി വിലയിരുത്തപ്പെട്ട സ്ഥലങ്ങളില്‍ നിന്ന്, മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. ഇതിനകം ഏഷ്യാറ്റിക് സിംഹങ്ങളെ തിരികെ കൊണ്ടുവരുന്നതിനായി ഈ സംരക്ഷിത പ്രദേശത്തു വളരെയധികം നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ ഇവിടെ ചെലവു കുറഞ്ഞ രീതിയില്‍ ചീറ്റപ്പുലികളെ സംരക്ഷിക്കല്‍ സാധ്യമാണെന്നാണു വിലയിരുത്തല്‍.

ഇന്ത്യയില്‍ തത്തുല്യമായ ഇടം ഒരുക്കുന്നതിന്, ആഫ്രിക്കയുടെ തെക്കന്‍ മേഖലകളില്‍ (ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ) ചീറ്റപ്പുലി സാന്നിധ്യമുള്ള സ്ഥലങ്ങളുടെ പരമാവധി എന്‍ട്രോപ്പി മാതൃകകള്‍ പ്രസക്തമായ പരിസ്ഥിതി-കാലാവസ്ഥാ മാതൃകകള്‍ക്കൊപ്പം ഉപയോഗിച്ചു. കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലിയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ സാധ്യത ഉയര്‍ന്ന നിലയിലാണെന്നു പഠനം വ്യക്തമാക്കുന്നു. തെക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ചീറ്റപ്പുലിയുടെ ആവാസവ്യവസ്ഥ ഇന്ത്യയില്‍ നിലവിലുണ്ടെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

ഐയുസിഎന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും സ്ഥലം അവലോകനം ചെയ്തും ഇരകളുടെ സാന്ദ്രതയും കുനോ ദേശീയോദ്യാനത്തിന്റെ നിലവിലെ ചീറ്റ വാഹക ശേഷിയും മറ്റു മാനദണ്ഡങ്ങളും പരിഗണിച്ചും കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളെ സംരക്ഷിക്കുന്നതിനായുള്ള കര്‍മപദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കുനോ ദേശീയോദ്യാനത്തിന്റെ നിലവിലെ വാഹകശേഷി പരമാവധി 21 ചീറ്റപ്പുലികളാണെങ്കിലും ഏകദേശം 36 ചീറ്റപ്പുലികളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ സ്ഥലം വികസിപ്പിക്കാന്‍ കഴിയും. ഇരകളെ തിരിച്ചു കൊണ്ടുവരികവഴി കുനോ വന്യജീവി മേഖലയുടെ (1,280 ചതുരശ്ര കിലോമീറ്റര്‍) അവശേഷിക്കുന്ന ഭാഗംകൂടി ഉള്‍പ്പെടുത്തുന്നതിലൂടെ വാഹകശേഷി വര്‍ധിപ്പിക്കാനാകും.

ഇന്ത്യയില്‍ ചീറ്റകളെ തിരികെ കൊണ്ടുവരുന്ന പദ്ധതിക്കു സാമ്പത്തികവും ഭരണപരവുമായ പിന്തുണ എന്‍ടിസിഎ മുഖേന കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം നല്‍കും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) വഴിയുള്ള ഗവണ്‍മെന്റിന്റെയും കോര്‍പ്പറേറ്റ് ഏജന്‍സികളുടെയും പങ്കാളിത്തം കേന്ദ്ര-സംസ്ഥാന തലത്തില്‍ അധിക ധനസഹായത്തിനായി പ്രോത്സാഹിപ്പിക്കും. ദേശീയ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യുഐഐ), ദേശീയ-അന്തര്‍ദേശീയ മാംസഭുക്ക്/ചീറ്റപ്പുലി വിദഗ്ധര്‍/ഏജന്‍സികള്‍ എന്നിവ പദ്ധതിക്കു സാങ്കേതിക-വൈജ്ഞാനിക പിന്തുണ നല്‍കും.

ആഫ്രിക്കയിലെ ചീറ്റപ്പുലി സംരക്ഷണകേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതികളിലൂടെ ഇന്ത്യയില്‍ ചീറ്റപ്പുലികളെ തിരികെ കൊണ്ടുവരുന്ന പദ്ധതി വിജയകരമാക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം, എന്‍ടിസിഎ, ഡബ്ല്യുഐഐ, സംസ്ഥാന വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ, ആഫ്രിക്കയില്‍ നിന്നുള്ള ചീറ്റപ്പുലി പരിപാലകരേയും ജീവശാസ്ത്രജ്ഞരെയും ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുന്നതിനായി ക്ഷണിക്കും.

ഒരു ചീറ്റപ്പുലി ഗവേഷണസംഘം നിരീക്ഷണത്തിന്റെ ചുമതല നിര്‍വഹിക്കുമ്പോള്‍ ചീറ്റപ്പുലികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള ഉത്തരവാദിത്വം കുനോ ദേശീയോദ്യാനത്തിന്റെ മാനേജ്മെന്റിനായിരിക്കും. അതേസമയം ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ  ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. സര്‍പഞ്ചുകള്‍ (ഗ്രാമത്തലവന്മാര്‍), പ്രാദേശിക നേതാക്കള്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മതനേതാക്കള്‍, എന്‍ജിഒകള്‍ എന്നിവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. വിദ്യാലയങ്ങള്‍, കോളേജുകള്‍, ഗ്രാമങ്ങള്‍ എന്നിവയ്ക്കായി ചീറ്റപ്പുലി സംരക്ഷണത്തെക്കുറിച്ചും വനം വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.  'ചിന്തു ചീറ്റ' എന്നു പേരിട്ട ഭാഗ്യചിഹ്നം ഉപയോഗിച്ചു പ്രദേശവാസികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ നടക്കുന്നു. ചീറ്റയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ കുനോ ദേശീയോദ്യാനത്തിനു ചുറ്റുമുള്ള നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള എല്ലാ സംസ്ഥാന ഉദ്യോഗസ്ഥരോടും സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോടും മധ്യപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

2020ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം, ഇന്ത്യയില്‍ ചീറ്റപ്പുലികളെ തിരികെ കൊണ്ടുവരുന്നതിനു മേല്‍നോട്ടം വഹിക്കുന്നതു ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എന്‍ടിസിഎ), പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം (എംഒഇഎഫ് & സിസി) എന്നിവയാണ്. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവര്‍ക്കു ലഭിക്കും.

Click the link to the brochure Action Plan for Reintroduction of Cheetah” in India

--ND--



(Release ID: 1842991) Visitor Counter : 242