പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ ദാരുണമായ വിയോഗത്തിൽ പ്രധാനമന്ത്രി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി
ആബെ ഷിൻസോയോടുള്ള ആദരസൂചകമായി നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
Posted On:
08 JUL 2022 3:52PM by PIB Thiruvananthpuram
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ ദാരുണമായ വിയോഗത്തിൽ പ്രധാനമന്ത്രി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. അബെയുമായുള്ള തന്റെ ബന്ധവും സൗഹൃദവും ഊന്നിപ്പറയുകയും ഇന്ത്യ-ജപ്പാൻ ബന്ധം ഒരു പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ അദ്ദേഹം നൽകിയ മഹത്തായ സംഭാവനയെ കുറിച്ച് ശ്രീ മോദി പരാമർശിക്കുകയും ചെയ്തു. ആബെ ഷിൻസോയോടുള്ള അഗാധമായ ആദരവിന്റെ അടയാളമായി 2022 ജൂലൈ 9 ന് ശ്രീ മോദി ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ടോക്കിയോയിൽ നടന്ന അവരുടെ ഏറ്റവും പുതിയ കൂടിക്കാഴ്ചയുടെ ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
“എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായ ഷിൻസോ ആബെയുടെ ദാരുണമായ വിയോഗത്തിൽ ഞാൻ വാക്കുകൾക്കതീതമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു മികച്ച ആഗോള രാഷ്ട്രതന്ത്രജ്ഞനും മികച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു. ജപ്പാനെയും ലോകത്തെയും മികച്ച സ്ഥലമാക്കി മാറ്റാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
“ശ്രീ. ആബെയുമായുള്ള എന്റെ ബന്ധം വർഷങ്ങൾ പഴക്കമുള്ളതാണ്. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ പരിചയപ്പെട്ടു, ഞാൻ പ്രധാനമന്ത്രിയായതിന് ശേഷവും ഞങ്ങളുടെ സൗഹൃദം തുടർന്നു. സമ്പദ്‌വ്യവസ്ഥയെയും ആഗോള കാര്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മൂർച്ചയുള്ള ഉൾക്കാഴ്ചകൾ എല്ലായ്പ്പോഴും എന്നിൽ ആഴത്തിലുള്ള മതിപ്പുണ്ടാക്കി.
“അടുത്തിടെ എന്റെ ജപ്പാൻ സന്ദർശന വേളയിൽ, ശ്രീ. ആബെയെ വീണ്ടും കാണാനും പല വിഷയങ്ങൾ ചർച്ച ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം എല്ലായ്പ്പോഴും എന്നപോലെ രസികത്വവും ഉൾക്കാഴ്ചയുമുള്ളയാളായിരുന്നു . ഇത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാകുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാൻ ജനതയ്ക്കും എന്റെ ഹൃദയംഗമമായ അനുശോചനം.
ഇന്ത്യ-ജപ്പാൻ ബന്ധം ഒരു പ്രത്യേക തന്ത്രപരമായ ആഗോള കൂട്ടുകെട്ടിന്റെ തലത്തിലേക്ക് ഉയർത്തുന്നതിൽ ശ്രീ. ആബെ വലിയ സംഭാവന നൽകി. ഇന്ന്, ഇന്ത്യ മുഴുവൻ ജപ്പാനോടൊപ്പം വിലപിക്കുന്നു, ഈ ദുഷ്‌കരമായ വേളയിൽ ഞങ്ങൾ ഞങ്ങളുടെ ജാപ്പനീസ് സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു.
"മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയോടുള്ള ഞങ്ങളുടെ അഗാധമായ ആദരസൂചകമായി, 2022 ജൂലൈ 9 ന് ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കും."
“ടോക്കിയോയിൽ വച്ച് എന്റെ പ്രിയ സുഹൃത്ത് ഷിൻസോ ആബെയുമായി ഞാൻ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ചിത്രം പങ്കിടുന്നു. ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ എപ്പോഴും ആവേശഭരിതനായ അദ്ദേഹം ജപ്പാൻ-ഇന്ത്യ അസോസിയേഷന്റെ ചെയർമാനായി ചുമതലയേറ്റ വേളയിലേതാണ് ഈ ചിത്രം.
ND
(Release ID: 1840145)
Visitor Counter : 148
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada