പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജൂണ്‍ 14ന് മഹാരാഷ്ട്ര സന്ദര്‍ശിക്കും



പൂനെയിലെ ദേഹുവില്‍ ജഗത്ഗുരു ശ്രീസന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


മുംബൈയിലെ രാജ്ഭവനില്‍ ജല്‍ഭൂഷണ്‍ കെട്ടിടവും വിപ്ലവകാരികളുടെ ഗാലറിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


മഹാരാഷ്ട്രയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും സംഭാവനകളുടെ സ്മരണാര്‍ത്ഥം ഇത്തരത്തിലുള്ള ഒരു മ്യൂസിയമായി വികസിപ്പിച്ചെടുത്താണ് വിപ്ലവകാരികളുടെ ഗാലറി


200 വര്‍ഷമായി തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന മുംബൈ സമാചാരിന്റെ ദ്വിശതാബ്ദി മഹോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Posted On: 12 JUN 2022 11:43AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂണ്‍ 14 ന് മഹാരാഷ്ട്ര സന്ദര്‍ശിക്കും. പൂനെയിലെ ദേഹുവിലുള്ള ജഗത്ഗുരു ശ്രീസന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം ഏകദേശം ഉച്ചയ്ക്ക് 1.45ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുംബൈയിലെ രാജ്ഭവനില്‍ ജല്‍ഭൂഷണ്‍ കെട്ടിടവും വിപ്ലവകാരികളുടെ ഗാലറിയും വൈകിട്ട് 4.15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, വൈകുന്നേരം 6 മണിക്ക് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നടക്കുന്ന മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രി പൂനെയില്‍

പൂനെയിലെ ദേഹുവില്‍ ജഗത്ഗുരു ശ്രീസന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരു വാര്‍ക്കാരി സന്യാസിയും കവിയുമായിരുന്നു സന്ത് തുക്കാറാം. അഭംഗ ഭക്തി കവിതകളിലൂടെയും കീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്ന ആത്മീയ ഗാനങ്ങളിലൂടെയും സമൂഹമടിസ്ഥാനമാക്കിയുള്ള ആരാധനയ്ക്കും പ്രശസ്തനാണ് അദ്ദേഹം. ദേഹുവിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ഒരു ശിലാ മന്ദിരം നിര്‍മ്മിച്ചുവെങ്കിലും, അത് ഔപചാരികമായി ഒരു ക്ഷേത്രമായി രൂപപ്പെടുത്തിയിരുന്നില്ല. 36 കൊടുമുടികളുള്ള ശിലാസ്ഥാപനമായി ഇത് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്, കൂടാതെ സന്ത് തുക്കാറാമിന്റെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മുംബൈയില്‍

മുംബൈയിലെ രാജ്ഭവനില്‍ ജല്‍ഭൂഷണ്‍ കെട്ടിടവും വിപ്ലവകാരികളുടെ ഗാലറിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1885 മുതല്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ ഔദ്യോഗിക വസതിയാണ് ജല്‍ഭൂഷണ്‍. അതിന്റെ കാലാവധി പൂര്‍ത്തിയായതോടെ, അത് പൊളിച്ചുമാറ്റി അവിടെ പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ചു. 2019 ഓഗസ്റ്റില്‍ ആദരണീയനായ രാഷ്ട്രപതിയാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. പഴയ കെട്ടിടത്തിന്റെ എല്ലാ സവിശേഷതകളും പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സംരക്ഷിച്ചിട്ടുണ്ട്.

2016ല്‍ അന്നത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശ്രീ വിദ്യാസാഗര്‍ റാവു രാജ്ഭവനില്‍ ഒരു ബങ്കര്‍ കണ്ടെത്തിയിരുന്നു. ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും രഹസ്യ സംഭരണിയായി മുമ്പ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നതാണ് ഇത്. 2019-ല്‍ ബങ്കര്‍ നവീകരിച്ചു. മഹാരാഷ്ട്രയിലെ സ്വാതന്ത്ര്യസമര സേനാനികളുടെയും വിപ്ലവകാരികളുടെയും സംഭാവനകളെ സ്മരിക്കുന്നതിനുവേണ്ടി ഇത്തരത്തിലുള്ള ഒരു മ്യൂസിയമായി ബങ്കറില്‍ ഗാലറി വികസിപ്പിച്ചു. മറ്റുള്ളവയ്‌ക്കൊപ്പം വാസുദേവ് ബല്‍വന്ത് ഫഡ്‌കെ, ചാഫേക്കര്‍ സഹോദരന്മാര്‍, സവര്‍ക്കര്‍ സഹോദരങ്ങള്‍, മാഡം ബികാജി കാമ, വി.ബി ഗോഗട്ടെ, 1946-ലെ നാവിക കലാപം തുടങ്ങിയ സംഭാവനകള്‍ക്കും ഇത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

മുംബൈയിലെ ബാന്ദ്ര കുര്‍ള സമുച്ചയത്തില്‍ നടക്കുന്ന മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 1822 ജൂലൈ 1-ന് ഫര്‍ദുന്‍ജി മര്‍സ്ബാന്‍ജിയാണ് മുംബൈ സമാചാര്‍ ഒരു വാരികയായി അച്ചടിക്കാന്‍ തുടങ്ങിയത്. പിന്നീട് 1832-ല്‍ ഇത് ഒരു ദിനപത്രമായി മാറി. 200 വര്‍ഷം തുടര്‍ച്ചയായി ഈ പത്രം പ്രസിദ്ധീകരിക്കുകയാണ്. ഈ അതുല്യ നേട്ടം അനുസ്മരിച്ചുകൊണ്ട് തപാല്‍ സ്റ്റാമ്പും ഈ അവസരത്തില്‍ പുറത്തിറക്കും.

--ND--



(Release ID: 1833277) Visitor Counter : 150