പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്ത് നവ്‌സാരിയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 10 JUN 2022 3:11PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്

മൃദുഭാഷിയും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും നവസാരിയില്‍ നിന്നുള്ള എംപിയുമായ ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് നവ്‌സാരിയെ അഭിമാനം കൊള്ളിച്ച നിങ്ങളുടെ പ്രതിനിധി ശ്രീ സി ആര്‍ പാട്ടീല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ദര്‍ശന ജി, കേന്ദ്ര മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, സംസ്ഥാന മന്ത്രിമാരെ, ഇവിടെ വന്‍തോതില്‍ എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!

ഗുജറാത്ത് ഗൗരവ് അഭിയാനില്‍ ഇന്ന് ഞാന്‍ പ്രത്യേകം അഭിമാനം കൊള്ളുന്നു.കാരണം ഇത്രയും വലിയൊരു പരിപാടി ഞാന്‍ ഇത്രയും വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോഴും ഒരു ആദിവാസി മേഖലയില്‍ ഒരിക്കലും നടക്കില്ലായിരുന്നു. ഞാന്‍ സംസ്ഥാനം വിട്ടതിനുശേഷം ഗുജറാത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍, പ്രത്യേകിച്ച് ഭൂപേന്ദ്രഭായിയും സി.ആറും  ആവേശത്തോടെ പുതിയ ആത്മവിശ്വാസം പകര്‍ന്നുനല്‍കിയതിന്റെ ഫലമായി അഞ്ച് ലക്ഷത്തിലധികം ആളുകള്‍ എന്റെ മുന്നിലുണ്ടെന്നതില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു. എന്റെ ഭരണകാലത്ത് എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്റെ സുഹൃത്തുക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ സ്‌നേഹം തുടര്‍ച്ചയായി വളരുന്നു എന്നതിലും ഞാന്‍ അഭിമാനിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നത്. നവസാരിയുടെ ഈ പുണ്യഭൂമിയില്‍ നിന്ന് ഉനൈ മാതാ ക്ഷേത്രത്തിലേക്ക് നോക്കി ഞാന്‍ തല കുനിക്കുന്നു! ഗോത്രവര്‍ഗ സാധ്യതകളും ദൃഢനിശ്ചയവും അവകാശപ്പെടുന്ന ഈ ഭൂമിയില്‍ ഗുജറാത്ത് ഗൗരവ് അഭിയാന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ദ്രുതഗതിയിലുള്ള വികസനത്തിലും ഈ വികസനത്തിന്റെ ഫലമായുണ്ടായ പുതിയ മോഹങ്ങളിലും ഗുജറാത്ത് അഭിമാനിക്കുന്നു. ഇരട്ട എഞ്ചിനോടുകൂടിയ ഗവണ്‍മെന്റ് ഈ മഹത്തായ പാരമ്പര്യം ആത്മാര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നു.

3000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും തറക്കല്ലിടാനും ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഈ വിശുദ്ധ സേവനത്തിലേക്ക് എന്നെ ക്ഷണിച്ചതിന് ഭൂപേന്ദ്രഭായിയോടും സംസ്ഥാന ഗവണ്‍മെന്റിനോടും ഞാന്‍ നന്ദിയുള്ളവനാണ്. നവസാരി, താപി, സൂറത്ത്, വല്‍സാദ് എന്നിവയുള്‍പ്പെടെ ദക്ഷിണ ഗുജറാത്തിലെ കോടിക്കണക്കിന് സുഹൃത്തുക്കള്‍ക്ക് ഈ പദ്ധതികള്‍ ജീവിതം എളുപ്പമാക്കും. വൈദ്യുതി, വെള്ളം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, എല്ലാ തരത്തിലുമുള്ള കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൊതുവെയും നമ്മുടെ ആദിവാസി മേഖലകളില്‍ പ്രത്യേകിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ വികസന പദ്ധതികള്‍ക്കെല്ലാം ഈ മേഖലയിലെയും ഗുജറാത്തിലെയും എന്റെ എല്ലാ സഹോദരീസഹോദരന്മാരെയും ഇന്ന് ഞാന്‍ അഭിനന്ദിക്കുന്നു.

സഹോദരീ സഹോദരന്മാരേ,
എട്ട് വര്‍ഷം മുമ്പ് രാജ്യസേവനത്തിനായി നിങ്ങള്‍ എന്നെ ഡല്‍ഹിയിലേക്ക് അയച്ചത് അനുഗ്രഹങ്ങളും പ്രതീക്ഷകളുമായാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍, കോടിക്കണക്കിന് പുതിയ ആളുകളെയും നിരവധി പുതിയ മേഖലകളെയും വികസനത്തിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളുമായി അണിനിരത്തുന്നതില്‍ നാം വിജയിച്ചു. നമ്മുടെ ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാവരും അവരുടെ ജീവിതകാലം മുഴുവന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജീവിത കാലം മുഴുവന്‍ നീക്കിവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഈ നീണ്ട സ്വാതന്ത്ര്യാനന്തര കാലയളവില്‍ പരമാവധി കാലം ഭരിച്ചവര്‍ വികസനത്തിനല്ല മുന്‍ഗണന നല്‍കിയത്. ഈ ജോലി ചെയ്യാന്‍ അല്‍പ്പം കൂടുതല്‍ പരിശ്രമം ആവശ്യമായതിനാല്‍ അവര്‍ അത് ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങള്‍ അഥവാ വിഭാഗങ്ങള്‍ വികസിപ്പിച്ചില്ല. ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും റോഡുകള്‍ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ വീടും വൈദ്യുതിയും കക്കൂസും ഗ്യാസ് കണക്ഷനും ലഭിച്ച പാവപ്പെട്ട കുടുംബങ്ങളില്‍ ഭൂരിഭാഗവും എന്റെ ആദിവാസി, ദളിത്, പിന്നോക്ക സഹോദരങ്ങളായിരുന്നു. നമ്മുടെ ഗ്രാമങ്ങളിലും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും സഹോദരങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം നിഷേധിക്കപ്പെട്ടു. ഗ്രാമങ്ങളിലും ദരിദ്രരും ആദിവാസികളും കഴിയുന്ന മേഖലകളിലും ഏതൊരു വാക്‌സിനേഷന്‍ പ്രചാരണവും ഫലപ്രദമാകാന്‍ വര്‍ഷങ്ങളെടുക്കും. വാക്സിനേഷന്‍ കാമ്പയിന്‍ നഗരങ്ങളില്‍ എത്തിയിരുന്നു. ടിവി ന്യൂസ് ചാനലുകളിലും പത്രങ്ങളിലും അത് കൈയ്യടി നേടിയിരുന്നു. എന്നാല്‍ വിദൂര പ്രദേശങ്ങള്‍ അവഗണിക്കപ്പെട്ടു. ഇനി എന്നോട് പറയൂ, ഗുജറാത്തിലെ എന്റെ സഹോദരങ്ങളെ, നിങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ. എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിച്ചോ ഇല്ലയോ എന്ന് നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി എന്നോട് പറയുക. നിങ്ങള്‍ പണം നല്‍കേണ്ടതുണ്ടോ? ദൂരെയുള്ള വനങ്ങളെക്കുറിച്ചുള്ള ആശങ്ക നമ്മുടെ സംസ്‌കാരത്തിലുണ്ട്.

സുഹൃത്തുക്കളെ,
ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും ബാങ്കിംഗ് സേവനങ്ങളുടെ അഭാവം ഏറ്റവും കൂടുതലാണ്. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രം പിന്‍പറ്റി പാവപ്പെട്ടവരുടെ ക്ഷേമത്തിനും പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കഴിഞ്ഞ 8 വര്‍ഷമായി നമ്മുടെ ഗവണ്‍മെന്റ് പരമാവധി ഊന്നല്‍ നല്‍കി.

സുഹൃത്തുക്കളെ,
ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് ദരിദ്രര്‍ക്കായി 100 ശതമാനം ശാക്തീകരണ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. ഒരു ദരിദ്രനോ ആദിവാസിയോ അവനുവേണ്ടി ഉണ്ടാക്കിയ ഏതെങ്കിലും പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. അതിന്റെ പ്രയോജനം അയാള്‍ക്ക് തീര്‍ച്ചയായും ലഭിക്കണം. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് ഈ ദിശയില്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ പ്രദേശത്തെ ആദിവാസി സഹോദരീസഹോദരന്മാരുടെ ക്ഷേമവും പ്രശ്നങ്ങളും കേട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ ഞാന്‍ ഇവിടെ അല്‍പ്പം വൈകി. ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് അവര്‍ക്ക് എങ്ങനെ പ്രയോജനം ലഭിച്ചുവെന്ന് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. നിങ്ങള്‍ ജനങ്ങളുമായി ബന്ധപ്പെടുമ്പോള്‍ വികസനത്തിനുള്ള പിന്തുണയും വര്‍ദ്ധിക്കും. ഗുജറാത്തിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നൂറു ശതമാനം ശാക്തീകരണത്തിന്റെ പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ്. ഭൂപേന്ദ്രഭായിയെയും സി ആര്‍ പാട്ടീലിനെയും അവരുടെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ചിഖ്‌ലിയില്‍ എത്തിയതിനാല്‍ ഇന്ന് എന്റെ ഓര്‍മ്മകള്‍ക്ക് പുതുമ ലഭിക്കുന്നു. എനിക്ക് നിങ്ങളുമായി ഒരു നീണ്ട ബന്ധമുണ്ട്. അക്കാലത്ത് ശരിയായ യാത്രാമാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തോളില്‍ ബാഗുമായി ഞാന്‍ ബസില്‍ നിന്നിറങ്ങി എത്രയോ ഗ്രാമങ്ങളിലെ കുടുംബങ്ങളെ സന്ദര്‍ശിക്കുമായിരുന്നു. അത്രയും വര്‍ഷം ഞാന്‍ നിങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോള്‍ പട്ടിണി കിടന്നതായി ഓര്‍ക്കുന്നില്ല. ഈ സ്‌നേഹവും അനുഗ്രഹവുമാണ് എന്റെ ശക്തി. ആദിവാസി സഹോദരങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവരില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ആദിവാസി സഹോദരങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യവും ശുചിത്വവും അച്ചടക്കവുമുണ്ട്. നിങ്ങള്‍ ഡാങ്ങിലേക്കോ മറ്റേതെങ്കിലും ആദിവാസി മേഖലയിലേക്കോ പോയാല്‍ രാവിലെയോ വൈകുന്നേരമോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും വരിവരിയായി നടക്കുന്നത് നിങ്ങള്‍ കാണും. അവര്‍ പരസ്പരം പിന്തുടരുന്നു. അതിനു പിന്നില്‍ യുക്തിയുണ്ട്. ഇന്ന് ആദിവാസി സമൂഹം സമൂഹ ജീവിതത്തില്‍ വിശ്വസിക്കുകയും ആദര്‍ശങ്ങള്‍ സ്വാംശീകരിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

3000 കോടി രൂപയുടെ പദ്ധതികളെക്കുറിച്ചാണ് ഇന്ന് എല്ലാവരും പരാമര്‍ശിക്കുന്നത്. ഗുജറാത്തില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തില്‍ ഒരു വാട്ടര്‍ ടാങ്ക് പോലും ഇല്ലായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. സ്ഥാപിച്ച ഹാന്‍ഡ് പമ്പുകള്‍ 12 മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. ഞാന്‍ ഗുജറാത്തില്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ഒരു വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചു. ഗുജറാത്തിലെ ഒരു മുഖ്യമന്ത്രി ജാംനഗറില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ച ഒരു കാലമുണ്ടായിരുന്നു. ഗുജറാത്തിലെ പത്രങ്ങളുടെ ഒന്നാം പേജില്‍ മുഖ്യമന്ത്രി വാട്ടര്‍ ടാങ്ക് ഉദ്ഘാടനം ചെയ്തതിന്റെ കൂറ്റന്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ആ ദിവസങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഇന്ന് ആദിവാസി മേഖലയില്‍ 3000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നവരുണ്ട്. എന്റെ ഭരണകാലത്ത് ഒരു വികസന പ്രവര്‍ത്തനവും നടക്കാത്ത ഒരാഴ്ചയെങ്കിലും കണ്ടെത്താന്‍ ഞാന്‍ ആരെയും വെല്ലുവിളിക്കുന്നു. ഭരണത്തില്‍ എന്റെ 22-23 വര്‍ഷത്തെ കാലയളവിലുടനീളം ഇത്തരമൊരു ആഴ്ച പോലും നിങ്ങള്‍ കണ്ടെത്തുകയില്ല. പക്ഷേ, തെറ്റുകള്‍ മാത്രം കണക്കിലെടുക്കുന്നവര്‍ക്ക് തോന്നുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നാണ്. എന്തുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത് എന്നുവെച്ചാല്‍, 2018-ല്‍ ഈ ആദിവാസി മേഖലയ്ക്ക് വേണ്ടി ഞാന്‍ ഒരു വലിയ ജലപദ്ധതിയുമായി വന്നപ്പോള്‍, 2019-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി ജനങ്ങളോട്  വശീകരിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. അത്തരക്കാര്‍ നുണയന്മാരായി മാറിയതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. ഇന്ന് ഞാന്‍ ഇവിടെ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, അന്നത് ആര്‍ക്കും ദഹിക്കുമായിരുന്നില്ല. സി.ആറിനും ഭൂപേന്ദ്രഭായിക്കും പോലും സംശയമുണ്ടായിരുന്നു. പൊതുവേ, മൂന്നോ നാലോ അടി ചരിവാണ്. പക്ഷേ ഇത് 200 നിലയുള്ള മല കയറുന്നതുപോലെയായിരുന്നു; അടിയില്‍ നിന്ന് വെള്ളം കോരി കുന്നിന്‍ മുകളില്‍ കൊണ്ടുപോകുന്നതിന്! ആരെങ്കിലും തിരഞ്ഞെടുപ്പില്‍ കണ്ണുവെക്കുന്നുണ്ടെങ്കില്‍ വെറും 200-300 വോട്ടിന് വേണ്ടി എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? അവന്‍ തന്റെ ഊര്‍ജ്ജം മറ്റെവിടെയെങ്കിലും ചെലവഴിക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. രാജ്യത്തെ ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു ജയം നേടിത്തരുന്നതു ജനങ്ങളാണ്. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ ഭരണം നടത്തുന്നത്. ആസ്റ്റോള്‍ ജലവിതരണ പദ്ധതി എഞ്ചിനീയറിംഗ് ലോകത്ത് ഒരു അത്ഭുതമാണ്. സുരേന്ദ്രനഗര്‍ ജില്ലയിലെ ധങ്കിയിലെ സമാനമായ പദ്ധതിയാണിത്! കോളേജുകളിലെയും എഞ്ചിനീയറിംഗ് സര്‍വ്വകലാശാലകളിലെയും സാങ്കേതിക വിദ്യാര്‍ത്ഥികളോട് ഞങ്ങള്‍ ഇവിടെ ജലം ഉറപ്പാക്കിയ രീതിയും ധങ്കിയിലെ നര്‍മ്മദാ വെള്ളവും ഉറപ്പാക്കിയ രീതിയും പഠിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രഫസര്‍മാരും ഇവിടം സന്ദര്‍ശിച്ച് തടസ്സങ്ങള്‍ക്കിടയിലും മലമുകളിലേക്ക് വെള്ളം എത്തിക്കുന്നത് എങ്ങനെയെന്നും പമ്പുകള്‍ സ്ഥാപിച്ച് ജലനിരപ്പ് വര്‍ധിപ്പിക്കുന്നതെങ്ങനെയെന്നും കാണണം. അത് ഒരു അത്ഭുതകരമായ നേട്ടമാണ്.

ധരംപൂരിനപ്പുറം സപുതാരയിലും ഞാന്‍ ജീവിച്ചിട്ടുണ്ട്. നല്ല മഴ പെയ്തിട്ടും വെള്ളം ഒഴുകിപ്പോയതിനാല്‍ ഞങ്ങള്‍ക്കു വെള്ളം വിധിച്ചിരുന്നില്ല. വിദൂര പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും വനങ്ങളിലും താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും വലിയ പ്രചാരണം നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണമല്ല. ഞങ്ങള്‍ തറക്കല്ലിട്ട ഒരു പദ്ധതി ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ നിലപാട്. ഇന്ന് ഈ പദ്ധതിയും ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇത് ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്. രാഷ്ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ സമയം കളയുന്നവരല്ല ഞങ്ങള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഭരണത്തില്‍ ഇരിക്കുക എന്നത് ജനങ്ങളെ സേവിക്കാനും അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള അവസരമാണ്.

കോവിഡ് ലോകത്തെ മുഴുവന്‍ വിഴുങ്ങി, എന്നാല്‍ 200 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. സന്ദല്‍പൂര്‍, ഖേര്‍ഗാം, റംല, മാണ്ഡവി എന്നിവിടങ്ങളില്‍ വെള്ളം എത്തുമ്പോള്‍ ഇന്ന് ആളുകള്‍ക്ക് ശക്തി തോന്നുന്നു. 11 ലക്ഷത്തിലധികം ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ക്ക് ഇന്ന് തറക്കല്ലിട്ടു. ഇന്ന് തറക്കല്ലിട്ട കുടിവെള്ള പദ്ധതികള്‍ ജെസിംഗ്പുര, നാരന്‍പുര, സോംഗധ് എന്നിവിടങ്ങളിലെ 14 ലക്ഷത്തിലധികം ആളുകള്‍ക്ക് വെള്ളം ഉറപ്പാക്കും. 20-25 വയസ്സ് പ്രായമുള്ളവര്‍ക്ക് ഇവിടുത്തെ ജലക്ഷാമം അറിയില്ല. അവരുടെ അച്ഛനും മുത്തശ്ശിമാരും ആ കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ പുതിയ തലമുറയ്ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. സന്തോഷം നിറഞ്ഞ പുരോഗമനപരമായ ജീവിതം അവര്‍ക്ക് ഉണ്ടാകണം. മുന്‍കാലങ്ങളില്‍ വെള്ളത്തിന് ആവശ്യമുയരുമ്പോഴെല്ലാം ഒരു എം.എല്‍.എ കൈപ്പമ്പ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്യുമായിരുന്നു. ആറ് മാസത്തിനുള്ളില്‍ കൈപ്പമ്പ് വെള്ളത്തിന് പകരം വായു മാത്രമേ പുറപ്പെടുവിക്കുകയുള്ളൂ. അതല്ലേ നടന്നുകൊണ്ടിരുന്നത്? പമ്പിന്റെ കൈപ്പിടി മുകളിലേക്കും താഴേക്കും ചലിപ്പിച്ച് ഒരാള്‍ ക്ഷീണിക്കും, പക്ഷേ വെള്ളം പുറത്തേക്ക് വരില്ല. ഇന്ന് ഞങ്ങള്‍ ടാപ്പിലൂടെ വെള്ളം നല്‍കുന്നു. ഉമര്‍ഗം മുതല്‍ അംബാജി വരെയുള്ള മുഴുവന്‍ ആദിവാസി മേഖലകള്‍ക്കും ഒരു സയന്‍സ് സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ഓര്‍ക്കുന്നു. ആ പ്രദേശത്ത് ഉപരിവര്‍ഗം, ഒബിസി, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. സയന്‍സ് സ്‌കൂള്‍ ഇല്ലാത്ത മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് കോളേജിനെക്കുറിച്ച് ആരെങ്കിലും പ്രസംഗിച്ചാല്‍ അത് എന്തെങ്കിലും ഗുണം ചെയ്യുമോ? 2001-ല്‍ ഞാന്‍ ആദ്യമായി ചെയ്ത കാര്യമാണിത്. എന്റെ ആദിവാസി കുട്ടികള്‍ക്കും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആവാന്‍ വേണ്ടിയാണ് ഞാന്‍ സയന്‍സ് സ്‌കൂളുകള്‍ നിര്‍മ്മിച്ചത്. സയന്‍സ് സ്‌കൂളുകളായി നമ്മള്‍ ആരംഭിച്ചത് ഇന്ന് മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളായി മാറുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആദിവാസി മേഖലയിലാണ് ഇന്ന് സര്‍വ്വകലാശാലകള്‍ നിര്‍മ്മിക്കപ്പെടുന്നത്- ഗോവിന്ദ്ഗുരു സര്‍വ്വകലാശാല, ഗോത്രമേഖലയിലെ ബിര്‍സ മുണ്ട സര്‍വകലാശാല!

വികസനത്തിനായി ഒരുപാട് ദൂരം പോകണം. ഞങ്ങള്‍ ഇത് ചെയ്തു. റോഡുകള്‍ നിര്‍മ്മിച്ചാലും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇടുന്നതായാലും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. ഇത്തരം പദ്ധതികള്‍ കാരണം നവസാരി, ഡാങ് ജില്ലകള്‍ക്കാണ് ഇന്ന് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. ഡാങ് ജില്ലയെയും തെക്കന്‍ ഗുജറാത്തിനെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കണം. സ്വാഭാവിക കൃഷി ഏറ്റെടുത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചതിന് ഡാങ് ജില്ലയെ ഞാന്‍ അഭിനന്ദിക്കുന്നു. 500 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രിയും മെഡിക്കല്‍ കോളജും നവസാരിയില്‍ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടാന്‍ പോകുന്നു. നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്കോ ആദിവാസി വിഭാഗക്കാരുടെ മക്കള്‍ക്കോ ഒബിസിക്കാര്‍ക്കോ പിന്നാക്കക്കാര്‍ക്കോ മികച്ച ഭാവി ഉറപ്പാക്കണമെങ്കില്‍ ഇപ്പോള്‍ ഇംഗ്ലീഷ് പഠിക്കേണ്ട ആവശ്യമില്ല. മാതൃഭാഷയില്‍ പഠിച്ച് അവര്‍ ഡോക്ടര്‍മാരാകും. സഹോദരന്മാരേ, ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഞങ്ങള്‍ വന്‍ബന്ധു യോജന ആരംഭിച്ചു. ഇന്ന് വന്‍ബന്ധു കല്യാണ്‍ യോജനയുടെ നാലാം ഘട്ടം നമ്മുടെ ഭൂപേന്ദ്രഭായിയുടെ നേതൃത്വത്തില്‍ നടക്കുന്നു. 14,000 കോടി രൂപയുടെ പാക്കേജ് ഉപയോഗിച്ച് ആദിവാസി മേഖലകളുടെ അതിവേഗ വികസനം എങ്ങനെ ഉറപ്പാക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഭൂപേന്ദ്രഭായി ഗവണ്‍മെന്റിന്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. ഞാന്‍ ഇവിടെ വല്‍സാദിന് സമീപം വാഡി പ്രൊജക്റ്റ് ആരംഭിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ കലാം ജി തന്റെ ഒരു ജന്‍മദിനം മുഴുവന്‍ ചെലവഴിക്കുകയും വാഡി പദ്ധതി ഇവിടെ അവലോകനം ചെയ്യുകയും ചെയ്തു. പദ്ധതി മുഴുവനും അവലോകനം ചെയ്ത അദ്ദേഹം എന്നോട് പറഞ്ഞു, 'മോദി ജി, നിങ്ങള്‍ ശരിക്കും ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം മാറ്റുകയാണ്. ആദിവാസി സഹോദരങ്ങള്‍ക്ക് വളരെ കുറച്ച് ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒന്നും വളരാത്ത അര ഏക്കര്‍ മാത്രം. എന്നാല്‍ വാഡി പദ്ധതിയില്‍ ഇവര്‍ കശുമാവ് കൃഷി നടത്തി. ഇതാണ് ഇവിടെ സംഭവിച്ചത്.

സഹോദരീ സഹോദരന്മാരേ, വികസനം സര്‍വതോന്മുഖവും സാര്‍വത്രികവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഞങ്ങള്‍ ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിന്റെ മണ്ണില്‍ ഇത്തരം നിരവധി പദ്ധതികള്‍ ഇന്ന് നടക്കുന്നുണ്ട്. നിങ്ങള്‍ ഇത്രയധികം പേര്‍ എന്നെ അനുഗ്രഹിക്കാന്‍ വരുമ്പോള്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അതെനിക്ക് ശക്തി നല്‍കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹമാണ് എന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഈ കരുത്തില്‍ ഗുജറാത്തിനെയും ഇന്ത്യയെയും മുന്നോട്ട് കൊണ്ടുപോകണം. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ വളരെയധികം നന്ദി പറയുന്നു. ഇത്തരം പുരോഗമനപരമായ പദ്ധതികള്‍ സമയബന്ധിതമായി ഏറ്റെടുത്ത് സമൂഹത്തിലെ ഓരോ വിഭാഗത്തിലും എത്തിച്ചതിന് സംസ്ഥാന ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്.

--ND--


(Release ID: 1833212) Visitor Counter : 135